കറുത്ത രാത്രി

തുടർച്ച

കോഴിക്കോട് നഗരത്തിൽ നിന്നും വളരെ അകലെയായി മലയോര ഗ്രാമമായ കുറ്റിയാടിയിലെ ‘പീസ് ഫോറസ്റ്റ്’ എന്ന ഫാം ഹൗസ് ഏകദേശം ഇരുപത്തിയഞ്ച് ഏക്കറോളം വരുന്ന ഭൂപ്രദേശത്ത് വനമേഖലയോട് ചേർന്നായിരുന്നു.
ഈ അടുത്തകാലത്താണ് രാഷ്ട്രീയക്കാരുടെ ആത്മീയ ഗുരുവും സമൂഹത്തിലെ മതനേതാക്കളുടെ നേതാവുമായ ആചാര്യ വേദാനന്ദ ആ ഫാംഹൗസ് വിലക്കുവാങ്ങിയത്. തന്റെ രാഷ്ട്രീയ സ്വാധീനവും കഴിവും വെച്ച് വേദാനന്ദ വളരെ കുറഞ്ഞ വിലക്കാണ് അത് തട്ടിയെടുക്കുന്നത്. ഫാം ഹൗസ് അദ്ദേഹത്തിന്റെതാണെങ്കിലും അതിലെ ബിനാമി പാർട്ണർമാരായിരുന്നു ആരോഗ്യ മന്ത്രി വിഘ്‌നേശ്വര നാടാരും അയാളുടെ മകളുടെ ഭർത്താവായ വിമൽ നാടാരും. അതിനുപുറമെ മറ്റെല്ലാ ബിസിനസ്സിലും തുല്യ പങ്കാളികളായിരുന്നു. ആരോഗ്യമന്ത്രിയുടെ മൂത്തമകനായ പ്രവീൺ നാടാരും മരുമകനായ വിമൽ നാടാരും.
സമയം രാത്രി പത്തുമണിയോടടുത്തിരുന്നു.
ആ ഫാംഹൗസിനു മുമ്പിലായി വിലപിടിപ്പുള്ള രണ്ട് വിദേശ കാറുകൾ നിർത്തിയിട്ടിരുന്നു. അതിലൊന്ന് വേദാനന്ദയുടെയും മറ്റേത് അവരുടെയെല്ലാം ബിസിനസ്സ് പാർട്ണറും അണ്ടർ വേൾഡ് കൊട്ടേഷൻ സംഘത്തലവനുമായ ‘നെഞ്ചക്ക് മാർട്ടിൻ’ എന്ന വിളിപ്പേരുള്ള മാർട്ടിൻ പേരേരയെന്ന മട്ടാഞ്ചേരിക്കാരന്റെതായിരുന്നു. ബിസിനസ്സിനെ കുറിച്ചുള്ള ഒരു സുപ്രധാന കാര്യം ചർച്ച ചെയ്യാനാണ് അന്നു രാത്രിതന്നെ ആചാര്യ വേദാനന്ദ എല്ലാവരോടും ഫാം ഹൗസിൽ വരാൻ പറഞ്ഞത്. മാർട്ടിനും വിമലും അവിടെ സന്നിഹിതരായി. അകത്തെ മുറിയിലെ സെറ്റിയിൽ ഇരിക്കുകയായിരുന്നു മാർട്ടിൻ പെരേയും വിമൽ നാടാരും. അവർക്ക് മുമ്പിലായി ഒരു ടീപ്പോയിൽ മദ്യക്കുപ്പിയും സോഡയും ഗ്ലാസുകളും മറ്റുമുണ്ടായിരുന്നു. വിമൽ മദ്യക്കുപ്പിയെടുത്ത് തുറന്നു രണ്ടു ഗ്ലാസുകളിലേക്ക് മദ്യം പകർന്ന് ഒന്ന് മാർട്ടിൻ പെരേരക്ക് നേരെ നീക്കിവെച്ച് തന്റെ ഗ്ലാസെടുത്ത് ഒരുകവിൾ നുണഞ്ഞു. ഫോണിൽ എന്തോ നോക്കിക്കൊണ്ടിരിക്കുകയായിരുന്ന മാർട്ടിൻ പെരേര.
”താനാ ഫോണൊന്നു താഴെവെച്ച് അതെടുത്ത് കുടിക്കടോ…” അതുകേട്ട് മാർട്ടിൻ പെരേര ഫോൺ താഴെവെച്ച് വിമലിന് താങ്ക്‌സ് പറഞ്ഞുകൊണ്ട് ഗ്ലാസിലെ മദ്യമെടുത്ത് കഴിച്ചു. ഈ സമയം സിറ്റൗട്ടിൽ നിന്ന് ആരോടോ ഫോണിൽ സംസാരിച്ചു കൊണ്ട് കടന്നു വരുന്ന ആചാര്യ വേദാനന്ദക്കരികിലേക്ക് മാർട്ടിൻ എഴുന്നേറ്റ് ചെന്നു.
”സ്വാമിജീ…. ഒരെണ്ണം ഫിക്‌സ് ചെയ്യട്ടെ…?”
”ഏയ് എനിക്കിപ്പോ വേണ്ട. കാര്യങ്ങൾ സംസാരിച്ച് കഴിഞ്ഞിട്ടാവാം… മന്ത്രിയും മകനും വരുന്നുണ്ട്…. അവർ ഇപ്പോ ഇങ്ങെത്തും…”
കാലിയായ ഗ്ലാസ്സിലേക്ക് മദ്യം നിറച്ചുകൊണ്ട് വിമൽ നാടാർ ചോദിച്ചു.
”അല്ല… സ്വാമിയെന്തിനാ എല്ലാവരെയും അർജ്ജന്റായി കാണണമെന്ന് പറഞ്ഞത്…?”
”താനിങ്ങനെ തിടുക്കം കൂട്ടാതെ വിമലേ… അവരും കൂടി ഇങ്ങ് വന്നോട്ടെ. എന്നിട്ടു വിശദമായിട്ട് പറയാം…”
ചിരിച്ചുകൊണ്ട് വേദാനന്ദ പറഞ്ഞു.
അപ്പോഴേക്കും മന്ത്രി വിഘ്‌നേശ്വര നാടാരുടെ കാർ പുറത്തു വന്നു നിന്നു. അതിൽ നിന്നിറങ്ങി മന്ത്രിയും മകൻ പ്രവീൺ നാടാരും അവിടേക്ക് വന്നു. വേദാനന്ദയെ കണ്ട് അവർ കൈകൂപ്പി. സ്വാമി അവരെ അകത്തേക്ക് ക്ഷണിച്ചു.
”വരൂ… വരൂ…. അങ്ങോട്ടിരിക്ക്..”
‘വെൽക്കം… ഹെൽത്ത് മിനിസ്റ്റർ വിഘ്‌നേശ്വര നാടാർ സാർ….”
മാർട്ടിൻ പെരേര ചിരിച്ചുകൊണ്ട് അവരെ സ്വാഗതം ചെയ്തു. മാർട്ടിന് കൈ കൊടുത്ത് ചിരിച്ചുകൊണ്ട് അയാൾക്കരികെ അവരിരുന്നു. ആകാംക്ഷയോടെ മന്ത്രി നാടാർ ആചാര്യ വേദാനന്ദയോട് ചോദിച്ചു.
‘സ്വാമി.. എന്തിനാ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?”
എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട് വേദാനന്ദ പറഞ്ഞു.
”ഞാൻ പറയുന്നത്… എല്ലാവരും ശ്രദ്ധിച്ചു കേൾക്കണം… കഴിഞ്ഞ ആഴ്ച ഞാൻ ചിക്കാഗോയിലെ അമൃതസ്വരൂപിണിയുടെ ആശ്രമത്തിൽ പോയിരുന്നു. അവിടെവെച്ച് എന്റെ സുഹൃത്തും ഡോക്ടറും ശാസ്ത്രജ്ഞനുമായ അലക്‌സ് എഡ്വേർഡിനെ കാണാനിടയായി. അറിയാലോ ലോകാരോഗ്യ സംഘടനയിലെ ഒരു മുതിർന്ന അംഗം കൂടിയാണ് അദ്ദേഹം. അവിടെ വെച്ച് ഒരു പുതിയ വാക്‌സിൻ പരീക്ഷിണത്തെക്കുറിച്ച് അയാൾ പറയുകയുണ്ടായി…”
ഗ്ലാസിലെ മദ്യം വലിച്ചു കുടിച്ച് ഇടക്ക് കയറി മാർട്ടിൻ പെരേര ചോദിച്ചു.
”അതെന്ത്…. വാക്‌സിനാണ് സ്വാമി…?”
”പറയാം… പ്രമേഹരോഗത്തെ പ്രതിരോധിക്കാനുള്ള… ഒരു പുതിയ വാക്‌സിനാണ്.. ഈ വാക്‌സിൻ ഒരുതവണ ഉപയോഗിച്ചാൽ പ്രമേഹ രോഗികൾക്ക് അവരുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ്… എന്നെന്നേക്കുമായി പിടിച്ച് നിർത്താൻ കഴിയും.. മാത്രമല്ല ഈ പരീക്ഷണം എഴുപത് ശതമാനവും വിജയമാണെന്നാണ് കേൾക്കുന്നത്. ഇതിന്റെ രസമിതൊന്നുമല്ല. മലയാളി ആയ ഒരു യുവ ഡോക്ടറാണ് ഇത് കണ്ടുപിടിച്ചിട്ടുള്ളത് എന്നാണ്. അടുത്ത വർഷം ആദ്യം വാക്‌സിൻ വിപണിയിലെത്തിക്കാനാണ് അവരുടെ പ്ലാൻ. അതിന് മുന്നോടിയായി… അടുത്തഘട്ടം പരീക്ഷണം ഇവിടെ ഇന്ത്യയിലാണ് നടത്താൻ പോകുന്നത്…’
വേദാനന്ദ വളരെ ഗൗരവത്തോടെയാണ് അത് പറഞ്ഞത്. അത് കേട്ട് പരിഹാസത്തോടെ ചിരിച്ച് കൊണ്ടു വിമൽ വേദാനന്ദയോട് ചോദിച്ചു.
”ഇതു വല്ലതും നടപ്പുള്ളതാണോ സ്വാമീ…”
‘എടോ… ആധുനിക വൈദ്യശാസ്ത്രം ഒരുപാട് മുമ്പോട്ട് പൊയ്ക്കഴിഞ്ഞു. താനിതുവരെ അതൊന്നുമറിഞ്ഞിട്ടില്ലേ… ഇപ്പോൾ ലോകത്ത് ഒരു രോഗം പുതുതായി കണ്ടെത്തി കഴിഞ്ഞാൽ… അതിനെ പ്രതിരോധിക്കാനുള്ള മരുന്ന് ആറുമാസത്തിനകം.. വിപണിയിലെത്തും….”
വിമലിന്റെ അതിര് കടന്നുള്ള സംസാരം വേദാനന്ദക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.
‘അങ്ങ് പറഞ്ഞു വരുന്നത് ശരിയാണെങ്കിൽ… കോടികൾ മുടക്കി നമ്മൾ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യയിലൊന്നാകെ വിറ്റഴിക്കപ്പെടുന്ന മരുന്നുകളെല്ലാം വെറുതെ ആവില്ലേ…?”
ആരോഗ്യമന്ത്രി നാടാർ വല്ലാത്ത ഒരു ടെൻഷനിലേക്ക് വഴുതി. അയാൾ ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് കഴിച്ചു. അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് മാർട്ടിൻ പെരേര ചോദിച്ചു.
‘അതേ സ്വാമി… ഒന്നും രണ്ടുമല്ല… അറുന്നൂറ് കോടിയാ നമ്മൾ ഇതിനുവേണ്ടി ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. പ്രമേഹ രോഗത്തിന് പെട്ടെന്ന് ശമനമുണ്ടാക്കുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ.. പരസ്യത്തിന് കോടികൾ വേറെയും… ആറുമാസംകൊണ്ട് അഞ്ചിരട്ടി ലാഭം കൊയ്യാമെന്ന് കരുതിയാ ഞാനിതിന് ഇറങ്ങിയത്..”
അതു പറഞ്ഞ് അയാൾ കുപ്പിയിൽ നിന്നുംഗ്ലാസിലേക്ക് മദ്യം പകർന്നു. സോഡപോലും ഒഴിക്കാതെ ഒറ്റവലിക്ക് അകത്താക്കി. പെരേരയെ ഒന്നു തറപ്പിച്ചുനോക്കിയശേഷം വേദാനന്ദ കസേരയിൽ നിന്നും എഴുന്നേറ്റ് കൂട്ടിലിട്ട വെരുകിനെപ്പോലെ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു. തെല്ല് നേരത്തേക്ക് അവർക്കിടയിൽ നിശബ്ദത കനത്ത് നിന്നു. അതുവരെ ഒന്നും പറയാതിരുന്ന പ്രവീൺ നാടാർ വിഷമത്തോടെ വേദാനന്ദയോട് ചോദിച്ചു.
”എന്തെങ്കിലും ഒരു പോംവഴി പറ സ്വാമി.. ഫുൾ ക്യാഷ് അഡ്വാൻസ് കൊടുത്താ നമ്മള് മരുന്നിന് ഓഡർ കൊടുത്തിരുന്നത്. അതുകൊണ്ട് ക്യാൻസൽ ചെയ്യാനും കഴിയില്ല…”
”നിങ്ങൾ വിഷമിക്കാതിരിക്ക്. ഇതിലും വലിയ പ്രതിസന്ധികൾ നാം തരണം ചെയ്തിട്ടില്ലേ… ഡോണ്ട് വറി മാൻ”
അവരെ സമാധാനിപ്പിക്കാനായി വേദാനന്ദ പറഞ്ഞു.
‘അതുപോലെ ആണോ ഇത്… ഇത്രയും വലിയ ഒരു ഹ്യൂജ് എമൗണ്ട് ആദ്യമായിട്ടല്ലേ…?”
മന:സമാധാനം തകർന്ന മട്ടിലായിരുന്നു നാടാരുടെ ചോദ്യം.
”വല്ല ലാന്റിലോ ബിൽഡിംഗ്‌സിലോ… ഇൻവെസ്റ്റ് ചെയ്താൽ മതിയായിരുന്നു. അതാവുമ്പോൾ ഷുവർ ബെറ്റായിരുന്നു.”
‘എടോ… വിമലേ… പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളുടെ മരുന്നുകളാ… ഇന്ന് ഇന്ത്യയിൽ എറ്റവും കൂടുതൽ വിൽക്കപ്പെടുന്നത്. പ്രത്യേകിച്ച് കേരളത്തിൽ.. മലയാളികൾ ഭക്ഷണത്തേക്കാൾ കൂടുതൽ കഴിക്കുന്നത് മരുന്നുകളാ.. രാജ്യത്തെ ജനങ്ങളെല്ലാം മരുന്നിന് അടിമകളായി മാറിയിരിക്കുന്നു. ങ്ഹാ… പ്രോഫിറ്റ് കൂടുമ്പോ അതിന് റിസ്‌ക്കും കൂടുതലായിരിക്കും… എന്ത് വില കൊടുത്തും നമ്മളാ പരീക്ഷണം തടയണം… ലോകം മുഴുവൻ അറിഞ്ഞാൽ അതിനെ തടയാൻ നമുക്ക് കഴിഞ്ഞെന്നു വരില്ല… പക്ഷേ ഇന്ത്യയിൽ മൂന്ന് വർഷത്തെക്കെങ്കിലും ആ പരീക്ഷണം തടഞ്ഞേതീരൂ…’
വേദാനന്ദയുടെ വളഞ്ഞ ബുദ്ധി പ്രവർത്തിക്കാൻ തുടങ്ങി.
”അതിനിനി നമ്മൾ എന്താ ചെയ്യേണ്ടത്. സ്വാമി…?”
നിസ്സഹായതയോടെ മന്ത്രി വിഘ്‌നേശ്വര നാടാർ ചോദിച്ചു.
”മരുന്ന് കണ്ടുപിടിച്ചത് മലയാളി ആണെന്നറിഞ്ഞപ്പോൾ… ആ യൂണിവേഴ്‌സിറ്റിയിൽ നിന്നും എന്റെ കണക്ഷൻ വെച്ച് ആളുടെ ഡീറ്റേൽസ് ഞാൻ തപ്പിയെടുത്തു. ആള് തന്റെ നാട്ടുകാരനാ വിഘ്‌നേശ്വരാ… താനറിയും. പാരമ്പര്യ വൈദ്യത്തിന് പേരുകേട്ട നെട്ടൂർ തറവാട്ടിലെ അംഗമാ… വിശ്വനാഥ വാര്യരുടെ മകൻ നന്ദകുമാർ വാര്യർ… അയാളിപ്പോൾ നാട്ടിലുണ്ട്. വരുന്ന വഴിക്ക് തന്നെ അവനെ അങ്ങ് തീർത്തേക്കാൻ പ്ലാനിട്ടിരുന്നതാ ഞാൻ… പക്ഷേ, അവൻ അതിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു…”
വേദാനന്ദ പറഞ്ഞത് കേട്ട് ജിജ്ഞാസയോടെ വിഘ്‌നേശ്വര നാടാർ ചോദിച്ചു.
”അങ്ങ് പറഞ്ഞുവരുന്നത് നെട്ടൂരെ വിശ്വനാഥന്റെ മകനെക്കുറിച്ചാണോ…?”
”അതെ… ആ നെട്ടൂരാന്റെ മോൻ തന്നെ…”
വേദാനന്ദയുടെ മറുപടികേട്ട് രോഷത്തോടെ മാർട്ടിൻ പെരേര പൊട്ടിത്തെറിച്ചു.
”നെട്ടൂരായാലും… കോട്ടൂരായാലും… അവനിനി ഈ ഭൂമുഖത്ത് വേണ്ട… എന്താ എല്ലാവരുടെ തീരുമാനവും അതുതന്നെയല്ലേ…”
”അത് മാർട്ടിൻ പെരേര നിങ്ങള് വിചാരിക്കുംപോലെ അത്ര എളുപ്പമല്ല… അത് അന്നത്തെ ദൗത്യം പരാജയപ്പെട്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി. അവനെ സംരക്ഷിക്കുവാൻ അവന്റെ കൂടെ ചില അദൃശ്യ ശക്തികളുടെ സാന്നിദ്ധ്യം എപ്പോഴുമുണ്ട്. അങ്ങനെ ഉള്ള ഒരാളെ ഇല്ലാതാക്കണമെന്നുവെച്ചാൽ.. അത് വളരെ ശ്രമകരമാണ്. ഏത് ശക്തികളാണ് അവനെ സംരക്ഷിക്കുന്നതെന്ന് ആദ്യം അറിഞ്ഞിരിക്കണം. എന്തായാലും ദുർദേവതകളല്ല…. സൽദേവതകളാണെങ്കിൽ അതിനു വേണ്ടി നമുക്ക് കുറച്ചു വിയർക്കേണ്ടിവരും…”
ആചാര്യ വേദാനന്ദയുടെ സംസാരം ശ്രദ്ധിച്ച അവരെല്ലാവരും ഭയത്തോടെ അദ്ദേഹത്തെ തന്നെ നോക്കി നിന്നു. വേദാനന്ദയുടെ മനസ്സിൽ ഡോ: നന്ദകുമാറിനെ ഇല്ലാതാക്കാനുള്ള ചിന്തകൾ പുകഞ്ഞു കൊണ്ടിരുന്നു. അയാളുടെ കൈവിരലുകൾ സ്വർണ്ണം കെട്ടിയ തന്റെ രൂദ്രാക്ഷമാലയിൽ ഉഴറി നീങ്ങി.

Share this:

Recently added