“ദേവി വരുന്ന വഴിയാണ്.
ഒരുച്ച നേരം അടുത്താപ്പിന്നെ മനുഷ്യരാരും ഓർക്ക പോലുമില്ലാത്ത എടമാണ്.
ഉച്ച ഒരു മൂന്നരയോടെ അന്തരീക്ഷം ശാന്തമാകും.
വീണ്ടും സന്ധ്യക്ക് പോക്കുണ്ട്. വഴിയിൽ തടസ്സം നിന്നാൽ അപ്പോ അടി കിട്ടും.”
കണ്ണ് തള്ളി ഭീകരതയിൽ അയാള് പറഞ്ഞു നിർത്തി, നടന്ന് പോയി.
കേട്ട് നിന്ന ഞങ്ങൾ പരസ്പരം നോക്കി. അവളുടെ മുഖത്ത് പേടിയുണ്ട്, എൻ്റെയും.
മുന്നോട്ട് ഒരടി വെയ്ക്കാൻ ആകുന്നില്ല. സമയം ഉച്ച തിരിഞ്ഞു സ്കൂൾ കുട്ടികൾ ഒന്ന് രണ്ട് കൂട്ടമായിട്ട് വരുന്നുണ്ട്.
ഞങ്ങളും അവരൂടെ ഒപ്പം കൂടി. കൂട്ടത്തിൽ മിടുക്കനായ ഒരു പയ്യനെ ഞങ്ങൾ കൂടെ കൂട്ടി.
കുറേ സംസാരിച്ചു. ഒടുവിൽ ആ ചോദ്യം അവളിൽ പിറന്നു.

“നീ ദേവിയെ കണ്ടിട്ട് ഉണ്ടോ?”

മറ്റാരും കേട്ടില്ല എന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഞാൻ സ്വയം ഏറ്റെടുത്ത്, ചുറ്റും നോക്കി.
ഇല്ല ആരും കേട്ടില്ല.
പയ്യൻ ഒന്ന് നിന്ന്, കൂടെ ഞങ്ങളും.
എന്നിട്ട് പതിയെ പറഞ്ഞു,

“കണ്ട്! കഴിഞ്ഞ വെള്ളിയാഴ്ച്ച പനി ആയോണ്ട് സ്കൂളിൽ നിന്ന് ഉച്ചയ്ക്ക് വരുന്ന വഴി ഞാങ്ങണ്ട്”

കേട്ട് നിന്ന ഞങ്ങൾ ജാഗരൂകരായി.
എൻ്റെ തൊണ്ട വറ്റി, അവൾക്ക് തലകറക്കം അനുഭവപ്പെടുന്നുണ്ടോ അതോ അഭിനയമാണോ എന്ന് ഞാൻ ഒന്നൂടെ നോക്കി,
അഭിനയമല്ല.

“എന്താ എന്താ നീ കണ്ടേ?”

അവള് ധൈര്യം സംഭരിച്ച് ചോദിച്ച്.
എനിക്ക് അത് കേൾക്കാൻ ഉള്ള ക്ഷമ ഇല്ലായിരുന്നു.
ഉള്ള സമയം കൊണ്ട് ചുവന്ന പട്ട് ഉടുത്ത, കാലിൽ തളയിട്ട..
വേണ്ട എനിക്കത് പറയാൻ പോലും ധൈര്യമില്ലാതെ മനസിൽ സങ്കല്പിച്ച്. മുന്നോട്ട് ഒന്ന് രണ്ടടി വെച്ച്.
“ദേവിയക്ക”
“ഏഹ്! അക്കയോ?”
അവളുടെ ചോദ്യം കേട്ട് ഞാൻ തിരിഞ്ഞു നോക്കി.
“അതെ.
ദേവിയക്കയും സോമൻ മാമനൂം ദേ അവിടെ”
പയ്യൻ കുറച്ച് ദൂരേയ്ക്ക് കൈ ചൂണ്ടി കാണിച്ച്.

“എന്താ എന്താ കണ്ടത്?” എന്ന്ഞാൻ ചോദിച്ചു.
“ദേവിയക്ക”
അവൻ മുഴുമിപ്പിക്കാതെ ഞങ്ങളിൽ നിന്ന് ഓടി പോയി.
“ഇതെന്താ കഥ?
ദേവിയക്ക”
അവള് എൻ്റെ അടുത്ത് വന്ന് ചോദിച്ച്.
“തിരക്കാം, നമുക്ക് ധാരാളം സമയം ഉണ്ടല്ലോ”.
ഞാൻ അവളെ ആശ്വസിപ്പിച്ചു.

രാത്രിയിൽ കിടന്നിട്ട് ഞങ്ങൾ രണ്ടാൾക്കും ഉറക്കം വന്നില്ല.
“നാളെ ഒരു ഉച്ച സമയത്ത് അവിടെ പോയി ഒന്ന് നിന്നാലോ?”
ചോദ്യം അവളുടെത് തന്നെ.
എനിക്ക് ദേഷ്യം വന്നു.
“ലോകരു മുഴുവൻ പേടിക്കുന്ന ഒരിടത്ത് പോകരുതെന്ന് പറയുന്ന സമയത്ത് തന്നെ പോകണല്ലേ നിനക്ക്”?.

“എടി ആളുകൾ പറയുന്നത് അല്ലെ, ദേവി മാറി ദേവിയക്ക വരെ ആയില്ലേ? ഇനി
സത്യം അറിഞ്ഞിട്ട് മാത്രേ ഞാൻ ഇനി ഈ നാട് വിടുള്ളൂ”
അവള് ഉറപ്പിച്ച മട്ടാണ്.

നേരം വെളുത്ത്.
ഞങ്ങൾ രണ്ടാളും വീട്ടിൽ ആരോടും ഒന്നും പറഞ്ഞില്ല.
“എന്താണ് ഇച്ഛയ്യേ..യ് മോളും കൂട്ടുകാരിയും കൂടെ ദേവിയെ പിടിക്കാൻ നടക്കുവാന്നു കേട്ടല്ലോ?”
ശങ്കരൻ കൊച്ചേട്ടൻ മുറ്റത്ത് മീൻ വെട്ടികൊണ്ട് ഇരുന്ന അമ്മച്ചിയോട് ഉറക്കെ വിളിച്ച് ചോദിക്കുന്നത് കേട്ടാണ് ഞാനും അവളും കിടക്കയിൽ നിന്ന് എണീറ്റത്.
അമ്മച്ചി അയാൾക്ക് മറുപടി പറയാതെ അകത്തേയ്ക്ക് കയറി വന്നു.
“ടി കുരുത്തം കെട്ടവളെ,
നാട്ടുകാരെ കൊണ്ട് അതും ഇതും പറയിപ്പിച്ചേ അടങ്ങു അല്ലെ?പേരുദോഷം കേൾപ്പിക്കാതെ ഇറങ്ങി പോകണം എന്നില്ല, ഇനി ഒരു നല്ല കൂട്ടര് വരുവ്വോ?”
അമ്മച്ചി ബഹളം കൂട്ടി.

രാവിലെ കിട്ടിയത് വാങ്ങി നിറഞ്ഞ്, ഞാനും അവളും ഉച്ചയ്ക്ക് മുന്നേ പേരേൽ കേറണമെന്ന കർശന നിർദേശം ഉൾകൊണ്ട് തോട്ടിലേക്ക് തുണിയലക്കാൻ പോയി.

“കൊച്ചെട്ടോ കേട്ട കരേ പുതിയ രണ്ട് സി ഐഡി കള് ഇറങ്ങിയിട്ട് ഉണ്ട്, ദേവിക്ക് വിശ്രമം ഇല്ല പിന്നെ നമ്മടെ കാര്യം പറയണോ?”
എന്നുള്ള ചോദ്യം കേട്ടാണ് ഞങ്ങൾ തിരിഞ്ഞു നോക്കിയത്.
പരദൂഷണം പുരുഷൻ വഴിയിൽ കണ്ട രാഘവനോട് പറഞ്ഞു.
ഞങ്ങള് വേഗം നടന്നു നീങ്ങി.
ആ വഴി ഞങ്ങൾക്ക് വേറെ ചില ഉദ്ദേശങ്ങൾ ഉണ്ടായിരുന്നു.

ഉച്ച സമയത്ത് അവിടെ പോകുക, എന്താണ് ദേവിയുടെ വരവിൻ്റെ സത്യം തിരിച്ചറിയുക,
ദേവിയക്ക കഥ എന്താണ്?
ഇതൊക്കെ മനസ്സിൽ കണക്ക് കൂട്ടി, ഒരു ബക്കറ്റ് തുണി രണ്ട് മണിക്കൂർ എടുത്ത് കഴുകി ഞങ്ങൾ കരയ്ക്ക് കയറി.
ഉദ്ദേശ സ്ഥലത്ത് എത്തി, കുറച്ച് നേരം അവിടെ നിന്ന് ചുട്ടു പൊള്ളുന്ന വെയിൽ തലയ്‌ലേയ്ക്ക് ഇരച്ചു കയറി, അവളുടെ കണ്ണ് ചുവന്നു, വെയിലേറ്റ് കൈ ചൊറിഞ്ഞു പൊങ്ങി.
നേരം കുറെ പോയി, ആ വഴിയാരും വന്നില്ല.
ഞങ്ങൾ തിരികെ തിരികെ നിരാശയോടെ തിരികെ വീട്ടിലേക്ക് പോരുന്നു.
രാത്രിയേറായി ഉറങ്ങാതെ കിടന്നു, അവള് മിണ്ടുന്നെയില്ല.
ഞാനും ഒന്നും പുതിയതായി ചോദിക്കാൻ പോയില്ല.

നേരം രണ്ട് മണിയോടെ അടുത്തപ്പോൾ അവള് വേഗം ഞെട്ടിയുണർന്നു, ശ്വാസം കിട്ടാതെ നെഞ്ചിൽ കൈ വെച്ചിരിക്കുന്നവളെ കണ്ടാണ് ഞാൻ ഉണർന്നത്.
വേഗം പുറം തിരുമി കൊടുത്തു ,കുറച്ച് ആശ്വാസം ആയി അവള് വെള്ളം ചോദിച്ചു ,കൊടുത്ത്.
“എന്ത് പറ്റി?”
ഞാൻ ചോദിച്ചു
“ഒന്നുമില്ല”.
അവള് മുഖത്ത് നോക്കാതെ അതും പറഞ്ഞു കിടന്ന്.

രാത്രി വൈകി
ഒന്ന് രണ്ട് തവണ ചുമച്ച് അവള് എണീറ്റിരുന്നു, ഞാനും.

“എന്നാ കൊച്ചേ?”
അപ്പുറത്തെ മുറിയിൽ നിന്ന് അമ്മച്ചി വിളിച്ച് ചോദിച്ചു.
“ഒന്നുല്ല.
ഇവക്ക് ചുമ”
ഞാൻ ഉറക്കെ പറഞ്ഞു.

“നീ ഊരുതെണ്ടി നടക്ക്. വെല്ല വീട്ടിലെയും പെമ്പിള്ളേരെയും കൊണ്ട് വന്ന് അവള് സർക്കീട്ട് പോയതല്ലേ?”

അപ്പുറത്തെ മുറിയിൽ നിന്ന് മുറുമുറുപ്പ് വന്നു.

‘ഒന്ന് മിണ്ടതിരിയമ്മച്ചി..”

ചൂട് വെള്ളം എടുക്കാൻ വേണ്ടി അടുക്കളിയേക്ക് പോകുന്ന വഴി ഞാൻ അവരുടെ മുറിയുടെ മുന്നിൽ ചെന്ന് പറഞ്ഞു.
വെള്ളവുമായി തിരികെ വന്നപ്പോൾ നിലത്ത് നീണ്ടു നിവർന്നു ശ്വാസം കിട്ടാതെ കണ്ണ് തള്ളി കിടക്കുന്ന അവളെ കണ്ട് ഞാനൊന്നു പകച്ചു.

“അമ്മച്ചീ..!”

വിളി കേട്ട് അവരോടി വന്നു.
കാഴ്ച കണ്ട് അന്തിച്ചു നിന്ന്.
വേഗം അമ്മ ഒരു പാത്രത്തിൽ മഞ്ഞൾ പൊടിയെടുത്ത്, പച്ചവെള്ളം ചേർത്ത് കലക്കി അവളുടെ ഇരുകാലിൻ്റെയും വെള്ളയിൽ തേച്ചു പിടിപ്പിച്ചു
കുറച്ച് നേരം കഴിഞ്ഞു,
അവൾക്ക് ശ്വാസം എടുക്കാൻ ഉള്ള ബുദ്ധിമുട്ട് മാറി .
മുഖം തുടച്ച് നേരെ ഇരുന്നു.
വെള്ളം കുടിച്ചു.
രംഗം സമാധാനപൂർണമായി.

“ദേവി കൂടിയൊരാരും സ്വസ്ഥതയ്ക്ക് ഒറങ്ങിട്ടില്ല”

പാത്രവുമായി അമ്മച്ചി തിരികെ പോയ വഴിക്ക് പറഞ്ഞു.
ഞങ്ങള് പരസ്പരം നോക്കി .
എനിക്ക് പേടി ഉണ്ടായിരുന്നു.

രാത്രി ഞങ്ങൾ രണ്ട് പേരും മിണ്ടാതെ ഉറക്കത്തിന് അവധി കൊടുത്ത് കിടന്നു.
ഇടയ്ക്ക് മയങ്ങി പോയ ഞാൻ മുറ്റത്ത് തളയുടെ ഒച്ച കേട്ട് അടുത്ത് കിടന്ന അവളെ തിരഞ്ഞു.
അവൾ അവിടെ ഇല്ലായിരുന്നു.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added