സ്വപ്നഗ്രാഹി

രാത്രി മൂന്ന് മണിയോടെ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണരുക എന്നത് ഹരിനാരായണന്റെ പതിവായിരുന്നു.

ഉണർന്ന ഉടൻ അയാൾ കിടക്കയ്ക്കരികിലെ പഴയ നോട്ട്ബുക്ക് തുറക്കും.
സ്വപ്നത്തിൽ കണ്ട ദൃശ്യങ്ങൾ മങ്ങിപ്പോകും മുൻപ് വാക്കുകളാക്കി കുറിച്ചുവെക്കും.

ഒരു സ്ത്രീ മഴയിൽ നിൽക്കുന്നു.
തലയില്ലാത്ത ഒരു പ്രതിമ സംസാരിക്കുന്നു.
മരിച്ചവരുടെ ഫോണിലേക്ക് കോളുകൾ പോകുന്ന നഗരം.
കടലിന്റെ അടിയിൽ മുങ്ങിക്കിടക്കുന്ന പള്ളി…

അവയെല്ലാം കഥകളായിരുന്നു.

പക്ഷേ ഹരിനാരായണൻ ഒരിക്കലും അവ എഴുതിത്തീർക്കാറില്ല.

‘സ്വപ്നങ്ങൾക്ക് പൂർണ്ണരൂപം കൊടുത്താൽ അവ മരിക്കും,’
അവൻ സുഹൃത്ത് വിനോദിനോട് പറയുമായിരുന്നു.

ചെറിയ മാസികകളിൽ കവിതകൾ എഴുതുന്ന, നഗരത്തിലെ ഒരു പഴയ ലോഡ്ജിൽ ഒറ്റയ്ക്ക് താമസിക്കുന്ന എഴുത്തുകാരൻ.

അവന്റെ ജീവിതത്തിൽ യാഥാർത്ഥ്യത്തേക്കാൾ സാന്നിധ്യമുണ്ടായിരുന്നത് സ്വപ്നങ്ങൾക്കായിരുന്നു.

ഒരു മഴയുള്ള രാവിലെയാണ് അത് തുടങ്ങിയത്.

ചായക്കടയിൽ ഇരിക്കുമ്പോൾ വിനോദ് ഒരു വാരിക അവന്റെ മുന്നിലേക്ക് നീട്ടി.

‘ഇത് വായിച്ചോ?’

കഥയുടെ പേര്:

‘മഴയിൽ നിൽക്കുന്ന സ്ത്രീ.’

ഹരിനാരായണന്റെ ശരീരത്തിലൂടെ ഒരു തണുപ്പ് പാഞ്ഞു.

ആദ്യ വരി വായിച്ച നിമിഷം തന്നെ കൈകൾ വിറച്ചു.

‘മഴ പെയ്യുമ്പോൾ അവളുടെ മുഖം മാത്രം നനയാറില്ല.’

അത് അവന്റെ വാക്കുകളായിരുന്നു.

രണ്ടാഴ്ച മുൻപ് സ്വപ്നത്തിൽ കണ്ട ദൃശ്യം.
നോട്ട്ബുക്കിൽ കുറിച്ച അതേ വരി.

എഴുത്തുകാരന്റെ പേര്:

‘രഘു റാം ‘

പ്രശസ്തനായ യുവ എഴുത്തുകാരൻ.
പുരസ്‌കാരങ്ങൾ.
അഭിമുഖങ്ങൾ.
സാഹിത്യോത്സവങ്ങൾ.

ഹരിനാരായണൻ കഥ മുഴുവൻ വായിച്ചു.

ഓരോ ദൃശ്യവും തന്റെ സ്വപ്നത്തിൽ നിന്നുള്ളത്.

അവൻ അന്ന് രാത്രി ലോഡ്ജിലെ മുറി അടച്ച് എല്ലാ നോട്ട്ബുക്കുകളും തിരഞ്ഞു.

തീയതികൾ ശരിയായിരുന്നു.

കഥ പ്രസിദ്ധീകരിക്കപ്പെടുന്നതിന് ആഴ്ചകൾ മുമ്പ് തന്നെ അവൻ അത് എഴുതിയിരുന്നു.

പക്ഷേ എങ്ങനെ?

അടുത്ത മാസങ്ങളിൽ അത് ആവർത്തിച്ചു.

തലയില്ലാത്ത പ്രതിമയെക്കുറിച്ചുള്ള സ്വപ്നം — രഘുറാ മിന്റെ പുതിയ കഥയായി വന്നു.

മരിച്ചവരുടെ നമ്പറിലേക്ക് കോളുകൾ പോകുന്ന നഗരം — നോവലായി പുറത്തിറങ്ങി.

ഓരോ തവണയും ഹരിനാരായണന്റെ ഉള്ളിൽ എന്തോ തകർന്നു.

അവൻ ഉറങ്ങാൻ പേടിച്ചു തുടങ്ങി.

കാരണം ഓരോ സ്വപ്നവും മറ്റൊരാളുടെ പ്രശസ്തിയാകുകയായിരുന്നു.

ഒരു രാത്രി അവൻ സ്വപ്നം കണ്ടു.

ഒരു ഇരുണ്ട മുറി.

മേശപ്പുറത്ത് തന്റെ നോട്ട്ബുക്കുകൾ.

അതിന്റെ മുന്നിൽ ഇരുന്ന് എഴുതുന്നത് രഘു റാം.

അവൻ തല ഉയർത്തി ചിരിച്ചു.

‘നീ സ്വപ്നം കാണൂ.
എഴുതുന്നത് ഞാൻ.’

ഹരിനാരായണൻ ഞെട്ടിയുണർന്നു.

ശരീരം മുഴുവൻ വിയർപ്പ്.

അടുത്ത ദിവസം അവൻ നേരെ രഘു റാ മിന്റെ വീട്ടിലെത്തി.

നഗരത്തിന്റെ മധ്യത്തിൽ വലിയ അപ്പാർട്ട്‌മെന്റ്.

വാതിൽ തുറന്നപ്പോൾ രഘു ആദ്യം ചിരിച്ചു.

പിന്നെ ഹരിനാരായണന്റെ പേര് കേട്ട നിമിഷം മുഖം മങ്ങി.

‘എനിക്ക് നിങ്ങളോട് സംസാരിക്കണം.’

രഘു മിണ്ടാതെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

മുറിയിൽ പുസ്തകങ്ങളും പുരസ്‌കാരങ്ങളും നിറഞ്ഞിരുന്നു.

ഹരിനാരായണൻ നേരെ ചോദിച്ചു.

‘എന്റെ സ്വപ്നങ്ങൾ നിങ്ങൾ എങ്ങനെ മോഷ്ടിക്കുന്നു?’

നീണ്ട നിശ്ശബ്ദം.

പിന്നെ രഘു പതുക്കെ ചിരിച്ചു.

‘അവസാനം നീ എത്തി.’

ഹരിനാരായണന്റെ ഉള്ളിൽ കോപം കത്തി.

‘എന്താണ് അർത്ഥം?’

രഘു ജനലരികിലേക്ക് നടന്നു.

‘ഏഴ് വർഷം മുമ്പ് ഞാൻ ഒരു അപകടത്തിൽ പെട്ടു.
അതിനുശേഷം എനിക്ക് കഥകൾ കാണാതായി.’

അവൻ സിഗരറ്റ് കത്തിച്ചു.

‘ഒരു രാത്രി ഞാൻ ഒരു സ്വപ്നം കണ്ടു.
ഒരു പഴയ ലോഡ്ജിൽ ഒരാൾ ഉറക്കത്തിൽ എഴുന്നേറ്റ് എന്തോ എഴുതുന്നു.’

ഹരിനാരായണന്റെ ശ്വാസം പതുങ്ങി.

‘അടുത്ത ദിവസം രാവിലെ…
ആ കഥ എന്റെ തലയിൽ പൂർണ്ണമായി ഉണ്ടായിരുന്നു.’

‘കള്ളം.’

‘അല്ല.’

രഘു തിരിഞ്ഞുനോക്കി.

‘നീ കാണുന്നത് സ്വപ്നങ്ങളല്ല ഹരി.
കഥകളാണ്.
അവ ലോകത്ത് വരാൻ ഒരാളെ തേടുന്നു.’

ഹരിനാരായണൻ ചിരിച്ചു.

‘അപ്പോൾ ഞാൻ എന്താണ്?’

‘ഒരു വാതിൽ.’

മഴ പുറത്തു ശക്തമായി.

രഘു മേശയിൽ നിന്ന് പഴയ ഒരു ഫയൽ എടുത്തു.

അതിൽ പത്രക്കട്ടിങ്ങുകൾ.

വർഷങ്ങൾ പഴക്കമുള്ളവ.

ഓരോ കാലത്തും പ്രശസ്തരായ എഴുത്തുകാർ.

അവരിൽ ചിലർ പെട്ടെന്ന് എഴുതൽ നിർത്തിയവർ.
ചിലർ ഭ്രാന്തായവർ.
ചിലർ ആത്മഹത്യ ചെയ്തവർ.

‘ഇവർക്കെല്ലാം ഒരേ പ്രശ്‌നം ഉണ്ടായിരുന്നു,’ രഘു പറഞ്ഞു.
‘കഥകൾ അവരുടെ ഉറക്കത്തിൽ വന്നു.’

ഹരിനാരായണൻ പതുക്കെ പിന്നോട്ടടിഞ്ഞു.

‘നിങ്ങൾ ഭ്രാന്തനാണ്.’

‘ആകാം.
പക്ഷേ ഇന്നലെ രാത്രി നീ എന്ത് സ്വപ്നം കണ്ടു?’

ഹരിനാരായണന്റെ മുഖം വെണ്മയായി.

രഘു മന്ദഹസിച്ചു.

‘കടലിന്റെ അടിയിൽ കത്തുന്ന ലൈബ്രറി.
ശരിയല്ലേ?’

അതെ.

അത് അവൻ ആരോടും പറഞ്ഞിരുന്നില്ല.

‘അത് അടുത്ത മാസം എന്റെ നോവലാണ്.’

ഹരിനാരായണൻ വാതിൽ തുറന്ന് പുറത്തേക്ക് ഓടി.

ആ രാത്രി അവൻ ആദ്യമായി ഉറങ്ങാതിരിക്കാൻ ശ്രമിച്ചു.

കാപ്പി കുടിച്ചു.
ലൈറ്റ് ഓഫ് ചെയ്തില്ല.
ജനലരികിൽ ഇരുന്നു.

പക്ഷേ പുലർച്ചെ എപ്പോഴോ ഉറങ്ങിപ്പോയി.

സ്വപ്നത്തിൽ അവൻ ഒരു വലിയ ലൈബ്രറി കണ്ടു.

ചുമരുകൾ മുഴുവൻ പുസ്തകങ്ങൾ.

ഓരോ പുസ്തകത്തിന്മേലും ഒരു പേര്.

ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എഴുത്തുകാർ.

ലൈബ്രറിയുടെ നടുവിൽ ഒരു വൃദ്ധൻ ഇരിക്കുന്നു.

‘ഇവ ആരുടെ കഥകളാണ്?’ ഹരിനാരായണൻ ചോദിച്ചു.

വൃദ്ധൻ ചിരിച്ചു.

‘കഥകൾക്ക് ഉടമകളില്ല.’

‘പക്ഷേ ഞാൻ അവ കാണുന്നു.’

‘അതെ.
മറ്റൊരാൾ അവ എഴുതുന്നു.’

‘എന്തിന്?’

വൃദ്ധൻ ഒരു പുസ്തകം തുറന്നു.

അതിനുള്ളിൽ ശൂന്യമായ പേജുകൾ.

‘സ്വപ്നം കാണുന്നവർക്ക് എല്ലായ്‌പ്പോഴും എഴുതാൻ കഴിയില്ല.
എഴുതുന്നവർക്ക് എല്ലായ്‌പ്പോഴും സ്വപ്നം കാണാനും കഴിയില്ല.’

ഹരിനാരായണൻ ഞെട്ടിയുണർന്നു.

രാവിലെ വാതിലിനടിയിൽ ഒരു പുതിയ മാസിക കിടക്കുന്നു.

മുഖചിത്രത്തിൽ രഘു റാമിന്റെ പുതിയ നോവൽ.

‘കടലിനടിയിലെ ലൈബ്രറി.’

ഹരിനാരായണൻ മാസിക എടുത്തില്ല.

ജനലരികിൽ പോയി ഇരുന്നു.

ആ രാത്രി വീണ്ടും അവൻ ഉറങ്ങി.

കാരണം ആദ്യമായി അവൻ മനസ്സിലാക്കിയിരുന്നു —
ചില കഥകൾ മനുഷ്യരെ തിരഞ്ഞെടുക്കും.
ചിലർക്ക് അവ ജീവിക്കാനേ കഴിയൂ.
ചിലർക്ക് എഴുതാനേ കഴിയൂ.

Share this:

Recently added