അമ്മയ്ക്ക് പരാതിയാണ്.,
എന്റെ വരികളിൽ
നോവു മണക്കുന്നു, കണ്ണീരിന്റെ
നാനവു പടരുന്നു.,
അറിയാതെയല്ല ഞാനും
എന്റെ കാതിൽ മുഴങ്ങുന്നതത്രയും
തേങ്ങലുകളാണ്….
നിസ്സഹായതയുടെ രോദനങ്ങളാണ്..
കൈ ഉയർത്തി കേഴുന്ന പൂമൊട്ടുകളിൽ
എന്റെ മഷി പടരുമ്പോൾ
അതിൽ പൂക്കളെ കാണുവതെങ്ങനെ.,
പൂവിരിയാത്തോരീയുലകിൽ
നിറവും മണവും സ്‌നേഹവും ചിരിയും
എഴുതി നിറക്കുവതെങ്ങനെ..?
മൊട്ടുകളെന്നറിയാതെ ഒടിച്ചെടുക്കുവാൻ
തുനിഞ്ഞിറങ്ങുന്ന നിഷാദരവർ
ആരുമാവാം
ചോരെയെന്നറിയാതെ,
താതനെന്നോർക്കാ തെ,
കൂടെ ജനിച്ചൊരുയിരെന്നറിയാതെ
ചൂണ്ടയിടാനൊരീര തേടുന്നോരീ
നീച മാനവരവർ., വലിച്ചെറിയുന്നു
തല്ലിക്കെടുത്തുന്നൂ…
കൊലച്ചിരിക്കളുതീർക്കുന്നു,
പിഞ്ചു മുഖങ്ങളിലാണീ ഭുമി തൻ
ആനന്ദമെന്നറിയുമെൻ
വരികളിലെവിടെയമ്മേ, ഇനി
ഞാനൊരിത്തിരി മധുരം നിറച്ചിടെണ്ടൂ !
അലിവിന്റെ പദങ്ങളാൽ
അരുമയായ് ചാരെ നിർത്തി
പറയണമെനിക്ക്….
മാപ്പ് കുരുന്നു മൊട്ടുകളേ മാപ്പ്.,
ഒരായിരം വർണ്ണങ്ങളെൻ
മഷിയിൽ ചേർത്തു.,
നിങ്ങളെ വരയ്ക്കുവാൻ
എന്റെ വിരൽത്തതുമ്പു കൊതിക്കയാണിപ്പോഴും
നിങ്ങൾക്കു വിടരാൻ മാത്രമായ്
നിങ്ങളെയോർത്തു മുറിഞ്ഞൊരെൻ
ഹൃത്തിലായ് ഞാനൊരുക്കിടാമൊരു
മലർവാടി…. വിരിയുക പൂക്കളായ്
ഒരു കുളിർ തെന്നലായ് ചേർന്നിടാം ഞാനും
പിരിയാതെയെന്നും….. എന്നും.

Superb