ഏകാന്തതയുടെ ഹൃദയം….

ഒരിക്കൽ ഈ വീടിന്റെ
ഹൃദയമിടിപ്പായിരുന്നു അവൾ
ഇന്നോ,
നിശ്ശബ്ദതയുടെ ചുവരുകൾക്കുള്ളിൽ
ഓർമ്മകളെ താലോലിച്ചിരിക്കുന്നു.

ഒന്നുറങ്ങാൻ മടിച്ച രാത്രികളിൽ
മക്കൾക്കൊരു താരാട്ടായിരുന്നു അവൾ.
ഇന്നവളുടെ ഉറക്കം കെടുത്തുന്നത്
ആരുടെയെങ്കിലും
ഒരു വിളിക്കായുള്ള
കാത്തിരിപ്പുകളാണ്…

വിശപ്പിനെ മറന്ന്
മക്കൾക്ക് അന്നം വിളമ്പിയ കൈകൾ
ഇന്നൊരു പിടി മരുന്നുമായി
വിറച്ചുകൊണ്ടിരിക്കുന്നു.

മുറ്റത്തെ വഴിയിലേക്ക്
ഇന്നും കണ്ണുനട്ടിരിക്കുന്നു
ആരോ വരുമെന്ന പ്രതീക്ഷയിൽ.
ആരുമില്ലെന്ന തിരിച്ചറിവിലും
വാതിൽ ചാരാതെ വെച്ചിരിക്കുന്നു.
അവൾക്കിന്ന് ആഗ്രഹങ്ങളൊന്നുമില്ല…
വലിയ മോഹങ്ങളോ
വിലപിടിപ്പുള്ള സമ്മാനങ്ങളോ വേണ്ട.
തിരക്കുകൾക്കിടയിൽ
മാറ്റിവെച്ചിരുന്ന
ആ പഴയ സ്നേഹത്തിൽ നിന്ന്
ഒരിത്തിരി നേരം മാത്രം.
ഒന്നടുത്തിരുന്ന്
കുശലം ചോദിക്കാൻ
ഒരു സാന്നിധ്യം മാത്രം..

ഒരിക്കൽ ചേർത്തുപിടിച്ച മക്കൾ
ഇന്നവളെ ചേർത്തുപിടിക്കാൻ
മറന്നുപോയോ?

അവൾക്കൊരു പരാതിയുമില്ല
പരിഭവങ്ങളുമില്ല…
മക്കൾ സന്തോഷമായിരിക്കട്ടെ
എന്ന പ്രാർത്ഥന മാത്രം.

എന്നിട്ടും,
രാത്രിയുടെ
ഏതോ യാമങ്ങളിൽ
തലയിണ നനയുമ്പോൾ
അവളുടെ ഹൃദയം ചോദിക്കുന്നുണ്ടാവാം…

“എന്റെ ലോകമായിരുന്നവർക്ക്
ഞാനിന്ന് വെറുമൊരു ഓർമ്മ മാത്രമായോ?”

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added