ഇൻഫെർണോ… 5

അദ്ധ്യായം — 5
2012 ജൂലൈ 13, വെള്ളിയാഴ്ച, രാത്രി 9:30—

ജെസ്മണ്ട് റോഡ് എന്ന ആ പരിസരത്തെ മുഴുവനും ശക്തമായ കൊടുങ്കാറ്റ് വിഴുങ്ങി. അനന്തമായ വെള്ളച്ചാട്ടം പോലെ ആഞ്ഞു പെയ്യുന്ന മഴ ജെസ്മണ്ട് റോഡിനെ ഒരു പുഴയാക്കി മാറ്റി.

കാറിനുള്ളിൽ, സലോമി ജേക്കബ് സ്റ്റിയറിംഗ് വീലിൽ മുറുകെ പിടിച്ചു. വൈപ്പർ ബ്ലേഡുകൾ ഭ്രാന്തമായ താളത്തിൽ, മുന്നോട്ടും പിന്നോട്ടും ചലിച്ചു.

നൃത്തം ചെയ്യുന്ന പ്രേതങ്ങളെ പോലെ മഴവെള്ളം നിരത്തിലൂടെ ഒഴുകി.

കൂരിരുട്ടിൽ വെറും ഹെഡ്ലൈറ്റിന്റെ വെളിച്ചത്തിൽ സലോമി കാർ നിയന്ത്രിത വേഗതയിലാണ് ഓടിച്ചത്. സ്റ്റീരിയോയിൽ ‘ഗബ്രിയേൽസ് ഓബോ’ എന്ന വയലിൻ ട്യൂൺ മെല്ലെ ഒഴുകി. അത് അവരുടെ വിവാഹദിനത്തിൽ അവൾ വായിച്ച അതേ ഈണമായിരുന്നു. അറിയാതെ അവൾ അത് മൂളാൻ തുടങ്ങി.

ഏതാനും നിമിഷങ്ങൾക്ക് ശേഷം ഒരു ഫാർമസിക്കും ലൈബ്രറിക്കും ഇടയിലുള്ള ഒരു ചെറിയ ബേക്കറി ദൂരെനിന്ന് തന്നെ ദൃശ്യമായി തുടങ്ങി. “ദി ഡഫി ഡിലൈറ്റ്” എന്നായിരുന്നു ആ ബേക്കറിയുടെ പേര്.

റോഡിലെ ഡിവൈഡർ മുറിച്ച് ഇടതുവശത്തേക്ക് കടക്കാൻ വേണ്ടി കാർ സ്ലോ ചെയ്യവേ, അവൾ അപ്രതീക്ഷിതമായ ഒരു കാഴ്ച കണ്ടു.

റിയർവ്യൂ മിററിൽ, തിളക്കമുള്ള ഒരു ഹെഡ്ലൈറ്റ് പ്രത്യക്ഷപ്പെട്ടു!

സലോമി ഉൾക്കിടിലത്തോടെ തിരിഞ്ഞു നോക്കി. സാമാന്യം അകലം പാലിച്ചുകൊണ്ട് ഒരു മോട്ടോർ സൈക്കിൾ തന്റെ കാറിന്റെ പിറകിൽ നിൽക്കുന്നു!

തന്നെപ്പോലെ ഈ മഴയിൽ കുടുങ്ങിക്കിടക്കുന്ന ഒരാളാവും— അവൾ സ്വയം പറഞ്ഞു.

അവൾ ഇൻഡിക്കേറ്ററിലൂടെ സിഗ്നൽ നൽകി ബേക്കറിക്ക് സമീപം നിർത്താൻ കാറിന്റെ വേഗത കുറച്ചുകൊണ്ട് പതുക്കെ ശ്രദ്ധാപൂർവ്വം ഇടത്തോട്ട് തിരിച്ചു.

മോട്ടോർ സൈക്കിളും വേഗത കുറച്ചു! എന്നാൽ അത് കടന്നുപോയില്ല…

ഇയാൾ എന്താണ് ഓവർടേക്ക് ചെയ്യാത്തത്?

അവളുടെ കാറിന്റെ പിന്നിൽ തന്നെ അൽപ്പം അകലെയായി ബൈക്ക് നിന്നു. അതിന്റെ തുളച്ചുകയറുന്ന വെളിച്ചം ആ കണ്ണാടിയിലേക്ക് മിന്നിമറഞ്ഞു.

സലോമിയുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി. തന്റെ തോന്നൽ ആയിരിക്കും എന്ന് കരുതി സ്വയം ആശ്വസിച്ചുകൊണ്ട് അവൾ കാർ നിർത്തി. ഡോർ തുറന്നു. മഴ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. അവൾ ബേക്കറിയിലേക്ക് ഓടി. മഴയേറ്റ് അവളുടെ ശരീരമാകമാനം നനഞ്ഞു.

അവൾ ബേക്കറിയുടെ വാതിൽ തുറന്നു അകത്തേക്ക് കയറി. ലൈറ്റ് സെൻസറിങ് കാരണം കസ്റ്റമർ അകത്ത് കയറിയ ഉടനെ ഒരു ബെല്ലിന്റെ ശബ്ദമുയർന്നു.

പലവിധ ഫ്ലേവറുകൾ കൊണ്ട് നിറഞ്ഞ, കാണാൻ ആകർഷണമുള്ള കേക്കുകൾ ഉണ്ടാകുന്ന ചില്ലിട്ട ഷെൽഫുകൾ മിക്കതും ശൂന്യമായിരുന്നു. തിരക്കേറിയ ഒരു ദിവസത്തിന്റെ അടയാളങ്ങൾ അവിടെ വ്യക്തമായിരുന്നു. കൗണ്ടറിന് പിന്നിൽ, മാഗ്നസ് എന്ന ചെറുപ്പക്കാരൻ കസേരകൾ ടേബിളിനു മേലെ അടുക്കി വെക്കുകയായിരുന്നു.

ബേക്കറിയുടെ അകത്തെ മുറിയിലായിരുന്നു അവർ താമസിച്ചിരുന്നത്. മാഗ്നസിന്റെ പുറകിലെ ഷെൽഫിൽ ഒരു പ്രൊഫഷണൽ വീഡിയോ ക്യാമറ അതിന്റെ കേസ് ഉൾപ്പെടെ വെച്ചത് കാണാമായിരുന്നു.

ക്യാഷ് കൗണ്ടറിനടുത്ത് വെച്ചിരുന്ന അവന്റെ മൊബൈൽ ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അതിൽ അനബെല്ല കോളിംഗ് എന്ന് കണ്ടതും അവന്റെ ഹൃദയത്തിൽ സങ്കടത്തിന്റെ ഒരു ചഞ്ചലമുണ്ടായി.

അപ്പോഴാണ് മാഗ്നസ് തന്റെ മുന്നിൽ നിൽക്കുന്ന സുന്ദരിയായ, നീലകണ്ണുള്ള ആ സ്ത്രീയെ ശ്രദ്ധിച്ചത്. തന്റെ വസ്ത്രങ്ങളിൽ നിന്നും മഴവെള്ളം കുലുക്കി കളയുന്ന വ്യഗ്രതയോടെ അവിടെ നിൽക്കുന്ന തന്റെ കസ്റ്റമറോട് പ്രൊഫഷണൽ മര്യാദയോടെ അയാൾ കാര്യം തിരക്കി.

“രണ്ടു ദിവസം മുമ്പ് ഞാൻ ഒരു കേക്കിന് ഓർഡർ കൊടുത്തിരുന്നു. ഞാൻ മിസ്സിസ് ജേക്കബ്.”

“യെസ്. മനസ്സിലായി… ആ റെഡ് വെൽവെറ്റ് കേക്ക് അല്ലേ?”

“അതെ. നിങ്ങൾ അല്പം മുമ്പ് മെസ്സേജ് അയച്ചത് കിട്ടിയിരുന്നു. സത്യം പറഞ്ഞാൽ അത് കണ്ടപ്പോഴാണ് എനിക്ക് ഓർമ്മ വന്നത്.” സലോമി മുഖത്തൊരു ചിരി വരുത്തി. പക്ഷേ അവൾക്ക് എന്തോ ഒരു വെപ്രാളം ഉണ്ടെന്ന് അവന് തോന്നി. സംസാരത്തിന് ഇടക്ക് അവൾ ആരെയോ തിരിഞ്ഞു നോക്കുന്നതായി തോന്നി.

ഈ ഇരുട്ടിൽ ഇവർ ആരെയാണ് തിരിഞ്ഞു നോക്കുന്നത്?

“മാഡം, ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ, ഞാനിപ്പോ കൊണ്ടുവരാം,” മാഗ്നസ് പറഞ്ഞു. അത് പറഞ്ഞതും അയാൾ അനബെല്ലയുടെ കോൾ കട്ട് ചെയ്തു. ഫോൺ സൈലന്റ് മോഡിലാക്കി പോക്കറ്റിൽ വെച്ചു.

അയാൾ തിരിഞ്ഞു അകത്തേക്ക് നോക്കി വിളിച്ചു, “ഡാഡി, ജേക്കബിന്റെ ഓർഡർ!”

ക്ഷണനേരം കൊണ്ട് ഏകദേശം അൻപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ, അവന്റെ അച്ഛൻ, അകത്ത് നിന്ന് ഒരു വലിയ വെളുത്ത കേക്ക്പെട്ടി എടുത്തുകൊണ്ട് വന്നു. അയാൾ അത് ശ്രദ്ധാപൂർവ്വം മാഗ്നസിന് നൽകി, തുടർന്ന് അവൻ അത് ആ സ്ത്രീക്ക് കൈമാറി.

“ഈ കാലാവസ്ഥയിൽ വരാൻ ബുദ്ധിമുട്ടുള്ളത് ഞങ്ങൾക്കറിയാം. പക്ഷേ ഞങ്ങൾ നാളെ ഇവിടെ ഉണ്ടാവില്ല. അതാണ് മെസ്സേജ് അയച്ചത്.” ഒരു ക്ഷമാപണം പോലെ മാഗ്നസ് പറഞ്ഞു.

“അത് കുഴപ്പമില്ല. താങ്ക്സ്. നാളെയാണ് ഞങ്ങളുടെ ആനിവേഴ്സറി. അതാ ഈ രാത്രി തന്നെ തിടുക്കപ്പെട്ടു വന്നത്.” സലോമി പുഞ്ചിരിച്ചു.

“ശ്രദ്ധിച്ചു പോണേ… ഇവിടെ രാത്രി ഡ്രൈവിംഗ് അത്ര നല്ലതല്ല. ഈയിടെയായി കുറച്ച് അപകടങ്ങൾ ഒക്കെ നടന്നിട്ടുണ്ട്. ന്യൂസിലൊക്കെ കേട്ടതല്ലേ? ഇവിടെ സുരക്ഷിതത്വം കുറവാ.” ഒരച്ഛന്റെ കരുതലോടെ അയാൾ പറഞ്ഞു.

സലോമി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. “ഞാൻ ശ്രദ്ധിച്ചോളാം. വളരെ നന്ദിയുണ്ട്.” അവൾ തന്റെ ക്രെഡിറ്റ് കാർഡ് അയാൾക്ക് നേരെ നീട്ടി. ഇരുപത്താറ് പൗണ്ട് ആയിരുന്നു കേക്കിന്റെ വില. സ്വൈപ് ആയതിനു ശേഷം കാർഡ് തിരിച്ച് വാങ്ങി പേഴ്സിൽ വെച്ചു.

തുടർന്ന് അവൾ തന്റെ ജാക്കറ്റ് കൊണ്ട് തലയെ മറച്ച്, കോരിച്ചൊരിയുന്ന മഴയിലൂടെ കാറിന്റെ അടുക്കലേക്ക് ഓടി.


കാർ സ്റ്റാർട്ട് ചെയ്ത് അകന്ന് പോകുന്നത് നോക്കി നിൽക്കുമ്പോഴാണ് മാഗ്നസിന് ഒരു കാര്യം ഓർമ്മ വന്നത്.

അനബെല്ലയുടെ കോൾ കട്ട് ചെയ്തുവല്ലോ… ഈ അസമയത്ത് അവൾ വിളിക്കാനുള്ള കാരണം എന്തായിരിക്കും? ഏതായാലും താൻ ഇത്രയ്ക്ക് ഹാർഷ് ആവാൻ പാടില്ലായിരുന്നു—അവൻ ചിന്തിച്ചു.

അവൻ പോക്കറ്റിൽ നിന്ന് ഫോണെടുത്ത് ധൃതിയിൽ അവൾക്ക് ഒരു മെസ്സേജ് ടൈപ്പ് ചെയ്തു.

“I’m sorry, I was busy with a customer. Please call me back.”

ആ മെസ്സേജ് അയച്ചതിന് ശേഷം “Delivered to the sender” എന്നൊരു മെസ്സേജ് വന്നു. അടുത്ത ക്ഷണം തന്നെ അയാളുടെ ഫോണിലേക്ക് അവളുടെ കോൾ വന്നു.

“മാഗ്നസ്?” അത് അനബെല്ല ആയിരുന്നു. അവളുടെ ശബ്ദം വളരെ നേർത്തതായിരുന്നു.

“അതേ, മാഗ്നസാണ്. തന്റെ കോൾ അറ്റൻഡ് ചെയ്യേണ്ടതില്ല എന്ന് വിചാരിച്ചിരുന്നു… പക്ഷേ എന്തോ… എനിക്ക് തിരിച്ചു വിളിക്കാൻ തോന്നി.” അവൻ പറഞ്ഞു.

“അപ്പൊ പിന്നെ കസ്റ്റമർ ഉണ്ടെന്നു പറഞ്ഞത്?” അനബെല്ല തിരക്കി.

“നുണയല്ല, സത്യം തന്നെയാണ്. തന്നോട് സംസാരിക്കണ്ട എന്ന് ആദ്യം തീരുമാനിച്ചതും സത്യമാണ്. കസ്റ്റമർ ഇല്ലായിരുന്നെങ്കിലും ഞാൻ കട്ട് ചെയ്തേനെ.” മാഗ്നസ് പറഞ്ഞു. അവൻ മുൻവശത്തെ വാതിൽ അടച്ചു തഴുതിട്ടു.

“പിന്നെന്തിനാ ഇപ്പൊ വിളിച്ചത്?” സോഫയിൽ നിന്ന് എഴുന്നേറ്റ്, ടേബിളിൽ നിന്ന് ചൂട് വെള്ളം ഗ്ലാസ്സിലേക്ക് ഒഴിച്ചു കൊണ്ട് അനബെല്ല ചോദിച്ചു.

“നീയല്ലേ വിളിച്ചത്?” ബേക്കറിയുടെ അകത്തേ മുറിയിലേക്ക് കടന്ന് മാഗ്നസ് ചോദിച്ചു.

“മെസ്സേജ് കണ്ടതു കൊണ്ട് വിളിച്ചു. എന്തേ അങ്ങനെ ഒരു മെസ്സേജ് ഇടാൻ കാരണം?” ചോദിച്ചതും അവൾ ഒറ്റ വലിക്ക് വെള്ളം അകത്താക്കി. വീണ്ടും ജഗിൽ നിന്ന് വെള്ളം ഒഴിച്ചു.

“പെട്ടെന്ന് എനിക്ക് തോന്നി, ഈ സമയത്ത് നീ എന്നെ വിളിക്കണമെങ്കിൽ എന്തെങ്കിലുമൊരു കാരണം കാണുമെന്ന്. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രം സംസാരിച്ചാൽ മതി. എനിക്ക് നേരമ്പോക്ക് കേൾക്കാൻ താല്പര്യം ഇല്ല.” മാഗ്നസ് പറഞ്ഞു.

അറുത്തുമുറിച്ചാണ് സംസാരിച്ചതെങ്കിലും അവന്റെ വാക്കുകളിൽ വേദനയുണ്ടെന്ന് അവൾ മനസ്സിലാക്കി.

“സീ മാഗ്നസ്, ഞാൻ തന്നെ ഹർട്ട് ചെയ്തു എന്നെനിക്കറിയാം. പക്ഷേ ഈ രാത്രി എനിക്ക് വിളിക്കാൻ വേറെ ആരും ഇല്ലാത്തതു കൊണ്ടാണ്. മാഗ്നസ്, ഞാൻ… ഞാൻ വറീഡാണ്. ഞാനിവിടെ ഒറ്റക്കാണ്… ഈ മഴയും കാലാവസ്ഥയും ഒക്കെ കാണുമ്പോൾ എനിക്ക് പേടിയാവുന്നു…” അവൾ പറഞ്ഞു.

അവളുടെ സംസാരത്തിലെ വിറയൽ അയാൾ ഫോണിലൂടെ വ്യക്തമായി കേട്ടു, അവളുടെ വിരലുകൾ ഫോണിൽ മുറുകിപ്പിടിച്ചു, മിന്നലിൽ അവൾ ജനാലയിലേക്ക് ഞെട്ടിത്തിരിഞ്ഞു.

“മാഗ്നസ്, നീ അറിയണം. പാർക്കിൽ വച്ച് ഞാൻ നിന്നോട് സംസാരിച്ചത് നിനക്ക് ഫീൽ ആയി എങ്കിൽ, അയാം സോറി ഫോർ ദാറ്റ്‌. ഞാൻ അങ്ങനെ പറഞ്ഞത് നിന്നോടുള്ള ഇഷ്ടക്കുറവോ, ദേഷ്യമോ, ഒന്നും കൊണ്ടല്ല. എന്റെ അവസ്ഥയെക്കുറിച്ച് ഞാൻ പറഞ്ഞു എന്നേയുള്ളു. എനിക്കെന്താ മാഗ്നസ്, അങ്ങനെ പറഞ്ഞുകൂടെ?”

“ബെല്ല… നിന്റെ ചോയ്സിനെ ഞാൻ ബഹുമാനിക്കുന്നു… ഞാൻ അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ? പക്ഷേ താൻ എന്നെക്കുറിച്ച് ഒന്ന് ചിന്തിച്ചു നോക്ക്…”

“മാഗ്നസിനെ കുറിച്ച് ഞാൻ എന്താണ് മനസ്സിലാക്കേണ്ടത്?”

“ലൈഫിനെ കുറിച്ച് എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്, ബെല്ല. എന്റെ ഫ്യൂച്ചർ ഞാൻ തന്നെ നോക്കേണ്ടതല്ലേ? ഫ്രണ്ട്സ് ആണെങ്കിലും ആ അടുപ്പം കുറക്കുന്നതല്ലേ ഞാൻ ചെയ്യേണ്ട മര്യാദ? അങ്ങനെയാവുമ്പോൾ എന്നെ ഇടയ്ക്ക് വിളിക്കുന്നത് നിനക്ക് ഒഴിവാക്കി കൂടെ?” മാഗ്നസ് ചോദിച്ചു.

“അപ്പോ നമ്മുടെ ഫ്രണ്ട്ഷിപ്പിനൊക്കെ അത്രയേ വിലയുള്ളൂ അല്ലേ?” അനബെല്ല ചോദിച്ചു.

“ഈയൊരു കാര്യത്തിൽ എന്റെ ചോയ്സിനെ ബഹുമാനിക്കാൻ നീയും ശ്രമിക്കണം. നിനക്ക് ഒരു സ്പേസ് ഉള്ളതു പോലെ എനിക്കും ഒരു സ്പേസ് വേണം. അവിടെ ആരൊക്കെ ഉണ്ടാവണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്. എനിക്കും നിന്നോട് ദേഷ്യം ഒന്നും ഇല്ല, ബെല്ല, ഞാനും എന്റെ കാര്യം പറഞ്ഞെന്നേയുള്ളൂ.” അവൻ തലയണ കട്ടിലിൽ ചാരിവെച്ചു.

“ആശ്വാസം… പിണങ്ങി പോവുകയല്ലല്ലോ…” അനബെല്ല പറഞ്ഞു.

‘പ്രിൻസസ് ഡയറീസ് സീസൺ 2’ എന്ന സിനിമ അനബെല്ലയുടെ മുറിയിലെ ടിവി സ്ക്രീനിൽ തെളിഞ്ഞു.

മാഗ്നസ് പറഞ്ഞു : “പഴയതു പോലെ ഈ സൗഹൃദം തുടർന്നു കൊണ്ട് പോയാൽ എനിക്ക് അത് വെറുമൊരു ഫ്രണ്ട്ഷിപ്പ് ആയി എടുക്കാൻ പറ്റിയില്ലെന്നു വരും. അതു കൊണ്ടാണ് ഞാൻ നിന്നോട് അകൽച്ച കാണിക്കുന്നത്.” മാഗ്നസ് പറഞ്ഞു.

“മാഗ്നസ് എനിക്ക് വേണ്ടി വെയിറ്റ് ചെയ്യും എന്ന് പറഞ്ഞല്ലോ. ഒരു നീണ്ട കാലയളവിലുള്ള കാത്തിരിപ്പ് വേണ്ട എന്ന് മാത്രമേ ഞാൻ ഉദ്ദേശിച്ചുള്ളൂ. മാഗ്നസിന്റെ നല്ല സ്വഭാവം വെച്ച്, നല്ല രീതിയിലുള്ള റിലേഷൻഷിപ്പ് ഒക്കെ കിട്ടും. ഞാൻ കാരണം അതൊന്നും വേണ്ട എന്ന് വെക്കേണ്ടതില്ല, എന്ന് പറഞ്ഞത്, തന്നോടുള്ള ഇഷ്ടം കൊണ്ട് തന്നെയാടോ…” അനബെല്ലയുടെ ശബ്ദം ഇടറി.

അവളുടെ വാക്കുകളിലെ ആത്മാർത്ഥത അവൻ മനസ്സിലാക്കി. അവൻ തിരിച്ചൊന്നും പറഞ്ഞില്ല. മറുവശത്ത് ഒരു നീണ്ട ഇടവേള…

“മാഗ്നസ് എന്തു പറയുന്നു… ഇപ്പോഴും എന്നോട് സംസാരിക്കാൻ താല്പര്യം ഇല്ലേ? അവളുടെ ശബ്ദം ദുർബലമായിരുന്നു.

“എനിക്ക് താൽപര്യമില്ല എന്നല്ല. എനിക്ക് കഴിയില്ല എന്നതായിരുന്നു കാര്യം,” അവൻ വിശദീകരിച്ചു. “നീ പറഞ്ഞോളൂ.

“സോറി മാഗ്നസ്. ഞാൻ ഒരു കാര്യം മാത്രം പറഞ്ഞു നിർത്താം. ഇനി ഒരിക്കലും മാഗ്നസിനെ ഞാൻ ഡിസ്റ്റർബ് ചെയ്യില്ല.” അവൾ പറഞ്ഞു. ആ വാക്കുകളിൽ ദൃഢത ഉണ്ടായിരുന്നു.

“അങ്ങനെയൊന്നും പറയണ്ട. നീ എന്നെ എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ. സ്വന്തം ഫീലിംഗ്സ് ഷെയർ ചെയ്യാൻ ആരുമില്ലെങ്കിൽ നിന്റെ മനസ്സിൽ അത് വലുതായി വലുതായി നിന്റെ മനോനില തെറ്റുകയേ ഉണ്ടാവുള്ളൂ. നീ കാര്യം പറ.”

അത് ശരിയാണെന്ന് അവൾക്കും തോന്നി. എത്ര നിയന്ത്രിച്ചിട്ടും മാഗ്നസിനെ വിളിക്കാതിരിക്കാൻ തനിക്ക് കഴിഞ്ഞില്ലല്ലോ… താൻ അറിയാതെ പോലും ഇവന്റെ സാമീപ്യം ഇപ്പോഴും കൊതിക്കുന്നു. അതൊരു യാഥാർത്ഥ്യം തന്നെയാണ്!

“മാഗ്നസ്… എന്റെ പപ്പ പുറത്തു പോയിരിക്കുകയാണ്. ഒരു സൈക്കോപാത്തിനെയും തിരക്കി… എനിക്ക് പേടിയാവുന്നു… നേരം ഇത്രയും ആയിട്ടും പപ്പ തിരിച്ചെത്തിയില്ല. ഒരു ഫോൺകോൾ പോലും ചെയ്തിട്ടില്ല.” അവൾ പറഞ്ഞു.

“ഓ, മനസ്സിലായി. ന്യൂസിൽ കണ്ടിരുന്നു. അത് നിന്റെ പപ്പയുടെ പേഷ്യന്റ് ആണോ?”

“അറിയില്ല. ചാടി പോയതാണ് എന്നാണ് അറിയാൻ പറ്റിയത്. അപകടകാരി ആണെന്നും… പപ്പയാണെങ്കിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നത് പോലുമില്ല.”

“ഫോൺ സ്വിച്ച് ഓഫോ മറ്റോ ആയിരിക്കുമെന്നേ… നീ എന്തിനാ പേടിക്കുന്നത്?” മാഗ്നസ് ചോദിച്ചു.

“പപ്പയുടെ പക്കൽ പവർ ബാങ്ക് ഉണ്ട്.. കോഡ് വയർ ഉണ്ട്… ഇവിടുന്ന് പോകുമ്പോൾ മൊബൈൽ ചാർജിന് വെച്ചിരുന്നു. സ്വിച്ച് ഓഫ് ആകില്ല. ഒരു മെസ്സേജ് അയക്കാലോ… ഞാനിവിടെ തനിച്ചാണെന്ന് അറിയാമല്ലോ…” അനബെല്ലയുടെ ശബ്ദത്തിൽ പരിഭവം ഉണ്ടായിരുന്നു.

മാഗ്നസിന് അവളോട് സഹതാപം തോന്നി. അവൻ പറഞ്ഞു:

“നിന്റെ പപ്പ നല്ല ശ്രദ്ധയുള്ള ഒരാളാണ്. ചിലപ്പോൾ സിഗ്നൽ ഒന്നും കിട്ടാത്ത ഒരു സ്ഥലത്തായിരിക്കും. പുള്ളിക്കാരൻ ഡ്യൂട്ടിയിലല്ലേ? നമ്മൾ ഡിസ്റ്റർബ് ചെയ്യാതിരിക്കുന്നതല്ലേ നല്ലത്?”

അവൾ വിറയ്ക്കുന്ന ശ്വാസം എടുക്കുന്നത് അയാൾ കേട്ടു.

“മാഗ്നസ് ശരിക്കും അങ്ങനെ കരുതുന്നുണ്ടോ?”

“എങ്ങനെ?”

“പപ്പ എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കും എന്ന്… അപകടം ഒന്നുമല്ലാതെ സേഫ് ആയിട്ട് ഒരിടത്ത് പപ്പ ഉണ്ടെന്ന്?”

“എന്താ സംശയം?”

“ഒന്നുമില്ല. മാഗ്നസ് അങ്ങനെ പറഞ്ഞു കേൾക്കുന്നത് തന്നെയാണ് എനിക്കിഷ്ടം. താനത് പറയുമ്പോൾ ഞാൻ ഒറ്റക്കല്ലല്ലോ എന്ന് തോന്നൽ… എനിക്കിപ്പോൾ സന്തോഷത്തോടെ ഉറങ്ങാൻ പറ്റും, മാഗ്നസ്…”

എത്ര പെട്ടെന്നാണ് ഒറ്റവാക്ക് കൊണ്ട് ഒരാളുടെ മനസ്സിലെ പേടി അകന്നു പോകുന്നത്! മാഗ്നസ് ഓർത്തു.

“ഗുഡ് നൈറ്റ്, ബെല്ല,” മാഗ്നസ് പറഞ്ഞു.

“ഗുഡ് നൈറ്റ്,” അനബെല്ല പറഞ്ഞു. കോൾ കട്ട് ചെയ്തു.

അവൾ ടിവിയുടെ വോളിയം കൂട്ടി. സിനിമ തുടങ്ങിക്കഴിഞ്ഞു.

മാഗ്നസ് ഫോൺ ടേബിളിൽ വച്ച് ഒരു വശത്തേക്ക് തിരിഞ്ഞ് കിടന്നുറങ്ങാൻ തുടങ്ങി. അപ്പോൾ, തളം കെട്ടിയ ആ നിശബ്ദതയെ ഭേദിച്ച് ഡോർബെൽ മുഴങ്ങി. അവൻ എഴുന്നേറ്റ് ലൈറ്റ് ഇട്ടു. വീണ്ടും ഡോർബൽ മുഴങ്ങിയതോടെ അവൻ പുറത്തേക്ക് നടന്നു.

ഇതാരാണാവോ ഈ സമയത്ത്?

അപ്പോഴേക്കും മാഗ്നസിന്റെ അച്ഛൻ, ഓസ്ലർ, വാതിൽ തുറന്നിരുന്നു. മുമ്പിൽ നനഞ്ഞു കുതിർന്ന, ഇരുണ്ട കോട്ടിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന ഒരു മനുഷ്യൻ വാതിൽക്കൽ നിൽക്കുന്നത് അയാൾ കണ്ടു.

മെലിഞ്ഞ ശരീരം. കുഴിഞ്ഞു വീണ കണ്ണുകൾ. എവിടെയോ ഒഴുകിനിൽക്കുന്ന നോട്ടം. അവൻ നിശ്ചലനായി നിന്നു, മഴ അവന്റെ കോട്ടിൽ തുടർച്ചയായി അടിച്ചുകൊണ്ടിരുന്നു.

“ക്ഷമിക്കണം, ഞങ്ങൾ കട അടച്ചിരിക്കുന്നു,” മാഗ്നസിന്റെ അച്ഛൻ പറഞ്ഞു. ഒരു നിമിഷം അയാൾ നിശ്ചലനായി നിന്ന് അപരിചിതനെ നോക്കി.

“എനിക്കറിയാം,” ആ മനുഷ്യൻ താഴ്ന്ന, ഏകദേശം മന്ത്രിക്കുന്ന ശബ്ദത്തിൽ പറഞ്ഞു. “എന്റെ ഫോൺ പ്രവർത്തനരഹിതമാണ്.”

“അതിന്?”

“നിങ്ങളുടെ പേഫോൺ എനിക്ക് ഉപയോഗിക്കാമോ?” കടയുടെ പിൻഭാഗത്തുള്ള മങ്ങിയ വെളിച്ചമുള്ള മൂലയിൽ, ഫോൺ ബൂത്തിലേക്ക് അയാൾ ആംഗ്യം കാണിച്ചു.

മാഗ്നസിന്റെ അച്ഛൻ ഒന്ന് മടിച്ചു. നിശബ്ദമായ എന്തോ ഒരു മുന്നറിയിപ്പോടെ അയാൾ മാഗ്നസിനെ നോക്കി.

“അത് ലോക്ക് ചെയ്തിരിക്കുകയാണ്. നിൽക്കൂ, ഞാൻ താക്കോൽ തരാം.” മാഗ്നസ് പറഞ്ഞു.

താക്കോൽ മേടിച്ച് അയാൾ നീങ്ങുമ്പോൾ ആ മനുഷ്യനിൽ നിന്ന് കണ്ണുകൾ എടുക്കാതെ മാഗ്നസിന്റെ അച്ഛൻ സംശയത്തോടെ അയാളെ തന്നെ നോക്കി അൽപ്പനേരം നിന്നു.

ആ മനുഷ്യൻ ബൂത്തിലേക്ക് നടന്നു, അവന്റെ നനഞ്ഞ ഷൂസ്, ടൈൽസിൽ ഞെരുങ്ങുന്ന ശബ്ദം ഇരുവരും കേട്ടു.

ബൂത്തിന്റെ വാതിൽ അടഞ്ഞു, പക്ഷേ ആ മനുഷ്യൻ ഫോൺ എടുത്തില്ല; അവൻ നിന്നു, പിന്നെ മെല്ലെ തിരിഞ്ഞ് മാഗ്നസിനെ നോക്കി.

°°°

സലോമി ശ്രദ്ധാപൂർവ്വം തന്റെ കാർ റോഡിലേക്ക് എടുത്തു. അവളുടെ പ്രണയത്തിന്റെ മധുര പ്രതീകമായ ചുവന്ന വെൽവെറ്റ് കേക്ക്, അവളുടെ അരികിൽ സുരക്ഷിതമായി വെച്ചിരുന്നു.

°°°

അപകടകരമായ ഒരു വ്യക്തിയെ ഇരുട്ടിൽ തിരഞ്ഞു കൊണ്ട് മഴ പെയ്യുന്ന അതേ റോഡിലൂടെ, ഡോ. വില്യംസ് വണ്ടിയോടിച്ചു. ജെസ്മണ്ട് റോഡിലെ ബേക്കറിയിൽ നിന്ന് യാത്ര പുറപ്പെട്ട സലോമി സഞ്ചരിക്കുന്ന വഴിയിലൂടെ ആയിരുന്നു അയാളുടെ വണ്ടി തിരിഞ്ഞത്.

°°°

മൈലുകൾ അകലെ, അനബെല്ല തന്റെ ഫോൺ അവളുടെ നെഞ്ചിലേക്ക് പിടിച്ചു. അവൾക്ക് ആശ്വാസവും പുതിയൊരു ഏകാന്തതയും അനുഭവപ്പെട്ടു. ഭയരഹിതമായ, ശുഭാപ്തി വിശ്വാസമുള്ള ഒരു പ്രതീക്ഷ.

സിനിമയിൽ പ്രത്യേകിച്ച് ഒരു താല്പര്യവും തോന്നാത്തത് കൊണ്ട് അവൾ ടിവി ഓഫ് ചെയ്തു. വെറുതെ തന്റെ പുസ്തകം മറിച്ച് നോക്കുമ്പോൾ അതിലെ ഒരു വാചകത്തിലൂടെ അവൾ വീണ്ടും വീണ്ടും കണ്ണോടിച്ചു.

The inferno of their lost love started fading away…

INFERNO… എന്താണ് ആ വാക്കിന്റെ അർത്ഥം?

അവൾ ഗൂഗിളിൽ തിരക്കി— അഗ്നിജ്വാലകൾ. പുസ്തകത്തിൽ എഴുതിയത് പോലെ തന്റെ ജീവിതത്തിലും അത് സത്യമാണെന്ന് അവൾക്ക് തോന്നി.

പരാജയത്തിന്റെ വക്കിലെത്തിയ അവരുടെ പ്രണയം തീക്കനലുകളായി അണയാൻ നിൽക്കവേ, അതിന്റെ മങ്ങിയ വെളിച്ചത്തിൽ, പൊള്ളലേൽക്കാതെ, പരസ്പരം അടുത്തിരിക്കാൻ അവൾ പഠിക്കുകയായിരുന്നു.

മാഗ്നസ് തന്നെ കൈവിടില്ല—അവൾ ഓർത്തു. അവന്റെ ഒപ്പം തനിക്കൊരു ജീവിതമുണ്ട്… ജീവിതത്തിന്റെ എല്ലാ പ്രതിസന്ധികളിലും വിഷമങ്ങളിലും അവന്റെ സാമീപ്യം അവൾ അറിയാതെ കൊതിക്കുന്നുണ്ട്, എന്ന് അവൾക്ക് തോന്നിത്തുടങ്ങി…

(തുടരും)

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added