ജീവിതയാത്രയിൽ നമുക്ക് സ്വന്തമായി കാത്ത് സൂക്ഷിക്കാൻ എന്തായിരിക്കും ഉണ്ടായിരിക്കുക.. തേഞ്ഞു മാഞ്ഞു പോകാതെ അടക്കി ഒതുക്കി വെച്ചിരിക്കുന്ന ചില ഓർമ്മകൾ മാത്രമല്ലെ..
കഥയെഴുതുകയോ ഓർമ്മകുറിപ്പുകൾ എഴുതുകയോ ചെയ്യുകയോ അല്ല..കുട്ടിയാവുക മാത്രം..
ഓർമ്മയുടെ അങ്ങേ അറ്റത്ത് നിന്നും രാവിലെ ഉറക്കമുണർന്ന് വരുന്ന ഒരു പെൺകുട്ടി വെറുതെ കോറിവരയ്ക്കുകയാണ്..
ഹൃദയത്തിന്റെ ഒരു കോണിൽ ചെറിയ വിളക്ക് തെളിയിച്ച് കൂടാരം കെട്ടി താമസിക്കുന്ന ചില ഓർമ്മകൾ ഉണ്ട്..
കണ്ടിരിക്കാൻ ടി വിയോ സ്മാർട്ട് ഫോണോ കാർട്ടൂണുകളോ ഇല്ലാതിരുന്ന ഒരു കാലം..വർഷത്തിൽ ഒന്നോ രണ്ടോ സിനിമയോ നാടകമോ മാത്രം അനുവദനീയ
മായഒരു പെൺകുട്ടിക്കാലം…
വീടിനടുത്ത് ആദ്യമായ് സർക്കസ് വന്നപ്പോൾ ഞങ്ങളുടെ സായാഹ്നത്തിനു തന്നെ മറ്റൊരു ചാരുത വന്നുചേർന്നിരുന്നു ..ചുവപ്പും മഞ്ഞയും നിറമുള്ള തുണികൾകാറ്റിലാടി.. രാത്രിയാവുമ്പോൾ മേളത്തിന്റെ ശബ്ദം കേൾക്കും..വർണ്ണ വെളിച്ചങ്ങൾ
ആകാശത്തേക്ക് തിരിഞ്ഞ് ഞങ്ങളുടെ വീട്ടുമുറ്റത്തും എത്തി..
കാറ്റിൽ പറന്നുപോകുന്ന പോസ്റ്ററുകൾ.. മൈക്കിലൂടെ മുഴങ്ങുന്ന ക്ഷണം..കമ്പി കളിലൂടെ അകത്ത് നോക്കാൻ ശ്രമിച്ച കണ്ണുകൾ…ആനയുടെ മണവും പുല്ലിന്റെ ഗന്ധവും ചേർന്ന കാറ്റ്..
വെളിച്ചം നിറഞ്ഞ വലിയ കൂടാരം.. ബലൂണും പഞ്ചസാര മിട്ടായിയും..അവയെല്ലാം കൂടി കുട്ടിക്കാലത്തിന്റെ ഒരു ഹൃദയ ഹൃദയമിടിപ്പുപോലെ..
ചുവപ്പ് ചാന്തു മിനുക്കിയ കുഞ്ഞി വരാന്തയിൽ ഇരുന്ന് ഞാൻ ദൂരേയ്ക്ക് നോക്കിയിരുന്നു ..അത് മറ്റൊരു ലോകത്തിലേക്കുള്ള വാതിലായിരുന്നു..
സർക്കസുകാർ എവിടെയായിരിക്കും ഉറങ്ങുന്നത്..അവർക്ക് പേടിയില്ലേ.. അവർ എന്നും യാത്രയിലാണോ..
എന്റെ ചോദ്യങ്ങൾ അവസാനിച്ചില്ല..
അയൽക്കാരും കൂട്ടുകാരും ചേർന്ന് മതിലുകളും മുള്ളുവേലികളും ഇല്ലാത്ത വഴിത്താരകളിലൂടെ നടന്ന് ആദ്യമായി സർക്കസ് കാണാൻ കൂടാരത്തിൽ കടന്ന നിമിഷം ഞാൻ വിസ്മയത്തോടെ നിശ്ചലമായി.. അതൊരു വല്ലാത്ത മാന്ത്രികലോകമായി തോന്നി..
ആന.. മയിൽ ഒട്ടകം പുലി.. കുതിരകൾ..തീ വളയങ്ങൾ.. മഴവിൽ വസ്ത്രങ്ങൾ..
ഭയത്തെ ചുറ്റി പായുന്ന മരണക്കിണർ..
ഒരു വശം സ്വപ്നങ്ങൾ.. മറുവശം ഭയങ്ങൾ..കാലാകാരൻമാർ ബാലൻസ് ചെയ്ത് കൊണ്ടുപോകുന്ന ഞാണിൻമേൽ കളി..കണ്ണീർ മഴ നനഞ്ഞു കൊണ്ട് നമ്മെ ചിരിപ്പിക്കുന്നവർ…

വലിയ കൂടാരത്തിന് മുകളിൽ രണ്ട് വലിയ കയറുകൾ കാറ്റിൽ പതുക്കെ ആടികൊണ്ടിരുന്നു…എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് ട്രിപ്പീസ് കളിക്കാരിയായിരുന്നു
വെളിച്ചത്തിനിടയിൽ ചിരിച്ച മുഖത്തോടെ ഒരു പെൺകുട്ടി പ്രത്യക്ഷപ്പെട്ടു.. മുടി പോണി ടെയിൽ കെട്ടി..വൈഡൂര്യം പതിച്ച കടും ചുവപ്പ് ഉടുപ്പ് അണിഞ്ഞ അവൾ ഊഞ്ഞാലിൽ
പിടിച്ചു പതുക്കെ മുന്നോട്ടു നീങ്ങി…ആകാശത്ത് പറക്കുന്ന പക്ഷിയെ പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് ചാടി.താഴെയിരുന്ന് എന്റെ ബാല്യം ശ്വാസം പോലും മറന്ന് അവളെ നോക്കിയിരുന്നു അമ്മമാർ കണ്ണുകളടച്ചു..
പക്ഷെ അവൾ ചിരിച്ചു.. അവസാന ചാട്ടത്തിനായി സംഗീതം ഉച്ചത്തിൽ മുഴങ്ങി
അവൾ ഏറ്റവും ഉയരത്തിൽനിന്ന് ചാടി..ഒരു നിമിഷം അവൾ വായുവിൽ മാത്രം.. അടുത്ത ഊഞ്ഞാൽ അവളുടെ കൈകളിൽ എത്തി..
കൂടാരം മുഴുവൻ കയ്യടികളാൽ നിറഞ്ഞു അവൾ ഊഞ്ഞാലിൽ ചുറ്റുമ്പോൾ കൈകാലുകളിൽ ബന്ധിച്ച സാറ്റിൻ റിബ്ബൺ കാറ്റിൽ പറന്ന് ഒരു ചിത്രശലഭത്തിനെ പോൽ തോന്നിപ്പിച്ചു…
ചുവപ്പിൽ ധൈര്യം കാണാം..മജന്തയിൽ സ്വപ്ന ലോകം.. നീലയിൽ നിശബ്ദത.. സ്വർണ്ണവർണ്ണങ്ങൾ വന്നാൽ അവൾ വേദിയിൽ രാജകുമാരി ആവും…
സർക്കസ് കഴിഞ്ഞ് ഒരു സ്വപ്നാടത്തിലെന്നപോലെ ഞാൻ വീട്ടിൽ തിരിച്ചെത്തി.. ഇതിനകം തന്നെ അവളെന്റെ ആരാധനാ മൂർത്തിയായി കഴിഞ്ഞിരുന്നു അതിന്റെ ഒരു ഭാഗമാവാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ കൊതിച്ചു..
അന്ന് രാത്രി ജനലിലൂടെ ആകാശം നോക്കി കിടക്കെ സ്വപ്നങ്ങൾക്ക് ചിറക് കെട്ടിയ പോലെ ഒരു പെൺകുട്ടി നക്ഷത്രങ്ങൾക്കിടയിലൂടെ ഇറങ്ങി വന്ന് ഉയരങ്ങളിൽ തൂങ്ങിയാടി മേഘങ്ങൾക്കിടയിലൂടെ എനിക്ക് ഒരു ഊഞ്ഞാൽ എറിഞ്ഞു തരികയും ചെയ്തു..
സ്വപ്നത്തിലേക്ക് പാഞ്ഞ് ചെല്ലാൻ എളുപ്പത്തിനായി ഞാൻ ഇതിനോടകം
തന്നെ എന്റെ നീളൻ മുടി റബ്ബർ ബാൻഡ് ഇട്ട് മൂന്നാല് പ്രാവശ്യം ചുറ്റി ഉറപ്പിച്ച് പോണി ടെയിൽ കെട്ടാൻ പഠിച്ചു കഴിഞ്ഞിരുന്നു..
‘എനിക്ക് സർക്കസ്സിൽ ചേരണം..’ ഞാൻ അമ്മയോട് കാര്യം തുറന്നു പറഞ്ഞു..അമ്മ ചിരിച്ചു..
അതിലെ വർണ്ണ വിസ്മയങ്ങൾ താത്കാലികം മാത്രമാണെന്നും അണി യറയിലെ ജീവിതം വളരെ ദയനീയമാണെന്നും അമ്മ എന്നെ പറഞ്ഞു മനസ്സിലാക്കി..അതിന്
വലിയ ധൈര്യവും ശരീര സമത്വവും കഠിനാദ്ധ്വാനവും വേണം.. പരിശീലനത്തിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നും അമ്മ കൂട്ടിച്ചേർത്തു… അമ്മയെ പിരിഞ്ഞിരിക്കാൻ എനിക്ക് വയ്യായിരുന്നു..അമ്മയുടെ വിളികേൾക്കാത്ത പ്രഭാതങ്ങൾ എനിക്ക് ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല.
കുട്ടിക്കാലം മുതലേ അതി വൈകാരികതയുടെ കൂടാരമായിരുന്ന ഞാൻ
വലിയ വേദനയോടെ എന്റെ ആഗ്രഹം റദ്ധാക്കി..
സർക്കസ് പിരിഞ്ഞുപോയ ശേഷം മഴ പെയ്‌തൊഴിഞ്ഞ മൈതാനിയിൽ കാറ്റ് മാത്രം
ബാക്കിയായി..
ഉറക്കത്തിനും ഉണർവിനുമിടയിൽ ഞാനിപ്പോഴും കാണാറുണ്ട് മേഘങ്ങൾക്കിടയിൽ നിന്നും പതുങ്ങി ഇറങ്ങിവരുന്ന ഒരു സർക്കസ്സ് ഊഞ്ഞാലിനെ..അതിൽ തൂങ്ങിയാടുന്നത് എന്റെ ഓർമ്മകളാണ്..
ചില ഓർമ്മകൾക്ക് വേദനയുടെ സുരക്ഷാ
വലപോലുമില്ല.. വീഴുമ്പോൾ നേരെ ഹൃദയത്തിലേക്കാണ് പതിക്കുന്നത്..
നമ്മളെ വിട്ടുപോയവർ അത്ര എളുപ്പത്തിൽ പോകുന്നില്ല..കൈവിട്ടുപോയവരെ ഇന്നും വായുവിൽ തിരയുന്നു..
ചില പാട്ടുകളായി…ചില വഴികളായി… ചില മഴകളായി… മണങ്ങളായി അവർ തിരികെ വരും..
താഴെ മരണക്കിണറിന്റെ മുഴക്കവും മുകളിൽ ട്രിപ്പീസിന്റെ നിശ്ശബ്ദ പറക്കലും..
വീഴ്ചയിൽ താങ്ങാൻ ഒരു കരുതൽവല പോലുമില്ലാത്ത ജീവിതവും
ചിലപ്പോൾ ഒരു ഞാണിൻമേൽ കളി പോലെയാണെന്ന് തോന്നാറുണ്ട്.. ഉയരത്തിൽ പറത്തിയും അടുത്ത നിമിഷത്തിൽ ഒറ്റപ്പെടുത്തലിന്റെ ആഴത്തിലേക്ക് തള്ളിയും മനസ്സിനെ കളിപ്പിക്കുന്ന ഒരു ക്രൂരമായ കല..
എങ്കിലും പഴയ മുറിവുകളിലേക്ക് മാത്രം നോക്കിയിരുന്നാൽ നമ്മൾക്ക് മുന്നോട്ട് പോകാൻ പറ്റില്ല..
ജീവിതം നമ്മെ പഠിപ്പിക്കുന്നത് വീഴരുത് എന്നല്ല.. വീണാലും വീണ്ടും എഴുന്നേറ്റ് കയറിന്മേൽ നടക്കാൻ പഠിക്കണമെന്നാണ്..
സർക്കസിലെ കലാകാരന്മാരെ പോലെ നമ്മളും ദിവസവും അഭിനയിക്കുന്നു
വേദന മറച്ചു ചിരിക്കുന്നു.. ഭയം ഒളിപ്പിച്ച് മുന്നോട്ടുപോകുന്നു..
കാരണം നമ്മുടെ വിജയം കാത്തിരിക്കുന്ന ചില കണ്ണുകളെങ്കിലും ഭൂമിയിൽ ഉണ്ടല്ലോ..
