മൂന്ന്: മുക്കുവൻ പറഞ്ഞ കഥ
നന്ദികെട്ട ഭൂതമേ, നിന്നെപ്പോലൊരു അരസികന്റെ മുന്നിൽ കഥ പറയേണ്ടി വരുന്നത് എന്റെ ദുര്യോഗം തന്നെയാണ്. എന്നാലും എന്റെ നിലപാട് ന്യായീകരിക്കുന്നതിനാണ് ഇതു പറയുന്നത്. കേൾക്കുക:
അറബിരാജ്യം അടക്കിവാണ യുനാൻ രാജാവിനെ ശത്രുക്കൾ പോലും ബഹുമാനിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ പ്രജകൾ ആഹ്ലാദമെന്തെന്ന് അറിഞ്ഞു. അനീതിയും അധർമ്മവും രാജ്യത്തെ തൊട്ടുതീണ്ടിയില്ല. ഉള്ളവർ ഇല്ലാത്തവർക്കു ദാനം ചെയ്ത് അവിടെ സമത്വം ഉറപ്പുവരുത്തി.
അങ്ങനെയിരിക്കെ യൂനാൻ രാജാവ് രോഗബാധിതനായി. ശരീരമാസകലം വ്രണങ്ങൾ പ്രത്യക്ഷപ്പെട്ടു. അവ ക്രമേണ പഴുത്ത് പൊട്ടിയൊലിച്ചു. അസഹ്യമായ വേദനയാൽ അദ്ദേഹത്തിന് അനങ്ങാനാവാത്ത നില വന്നു. ശയ്യാവലംബിയായ താൻ വൈകാതെ മരിച്ചുപോകുമെന്ന് അദ്ദേഹം ഭയന്നു. രാജാവിന്റെ രോഗവിവരമറിഞ്ഞ് രാജ്യത്തെ വൈദ്യൻമാർ കൊട്ടാരത്തിലേക്ക് ഒഴുകിയെത്തി. അവർ ആവുന്നത്ര പരിശോധനകൾ നടത്തിയിട്ടും, പലവിധ ഔഷധങ്ങൾ നൽകിയിട്ടും ഫലമൊന്നുണ്ടായില്ല. പ്രതീക്ഷ നഷ്ടപ്പെട്ട രാജാവ് ദുഃഖാകുലനായി.
ഒരുനാൾ അയൽരാജ്യത്തു നിന്നും ഒരു വൈദ്യൻ കൊട്ടാരത്തിലെത്തി. അയാൾ രാജാവിനെ സസൂക്ഷ്മം നിരീക്ഷിച്ചു. രാജാവിന്റെ ദീനം സമൂലം ഭേദമാക്കാം എന്ന് റയാൻ എന്നു പേരുള്ള ആ വൈദ്യൻ ഉറപ്പു നൽകി. രോഗം ഭേദമായാൽ വൈദ്യന് അളവറ്റ സമ്മാനങ്ങൾ നൽകാമെന്ന് രാജാവ് വാഗ്ദാനം ചെയ്തു.
പിറ്റേന്ന് പുലർച്ചെ മുതൽ ചികിത്സ തുടങ്ങി. മരത്തിന്റെ ഒരു വടിയും പന്തും രാജാവിന് നൽകി റയാൻ പറഞ്ഞു.
”മഹാരാജാവേ, ഗൗരവമുള്ളതാണ് അങ്ങയെ ബാധിച്ച വ്യാധിയെങ്കിലും അത് സുഖപ്പെടുത്താൻ വഴിയുണ്ട്. അതിന് മരുന്നൊന്നും കഴിക്കേണ്ട ആവശ്യമില്ല. ഒരാഴ്ചക്കാലം ചെറിയൊരു വ്യായാമം
മാത്രം ചെയ്താൽ മതിയാവും. ദിവസേന രാവിലെയും വൈകീട്ടും രണ്ടു നാഴിക നേരം അങ്ങ് കൊട്ടാരമുറ്റത്തു വന്ന് ഈ പന്ത് വടി കൊണ്ട് തട്ടണം. അത്ഭുതകരമായ മാറ്റങ്ങൾ
അങ്ങേയ്ക്ക് അനുഭവിക്കാനാവും. വ്യായാമം പൂർത്തിയാൽ നല്ലൊരു നീരാട്ടിനു ശേഷം കുറച്ചു നേരം മയങ്ങുകയും വേണം.”
റയാൻ പറഞ്ഞ ചിട്ടകൾ യൂനാൻ രാജാവ് അതേപടി അനുസരിച്ചു. രണ്ടാം ദിവസം മുതൽ തന്നെ രോഗശാന്തിയുടെ ലക്ഷണങ്ങൾ കാണാനായി. വ്രണങ്ങൾ കരിഞ്ഞു തുടങ്ങി. നഷ്ടപ്പെട്ട പ്രസരിപ്പ് വീണ്ടുകിട്ടി. എട്ടാം നാൾ രാജാവിന്റെ തിരുവുടലിൽ വ്രണങ്ങളുടെ പാടുപോലും കാണാതായി. റയാൻ വൈദ്യനോട് അദ്ദേഹത്തിന് എന്തെന്നില്ലാത്ത മതിപ്പു തോന്നി. വൈദ്യൻ വ്യായാമത്തിനായി രാജാവിനു കൊടുത്ത വടിയുടെയും പന്തിന്റെയും ഉള്ളിൽ അപൂർവ്വമായ പച്ചമരുന്നുകളുടെ സത്ത് അടക്കം ചെയ്തിരുന്നെന്നും അതിന്റെ ശക്തി കൊണ്ടാണ് രോഗശാന്തി വന്നതെന്നു മാത്രം രാജാവറിഞ്ഞില്ല. റയാൻ അക്കാര്യം വിശദീകരിക്കാനും നിന്നില്ല.
എന്തായാലും യുനാൻ രാജാവ് വാക്കുപാലിച്ചു. തന്റെ രോഗം ഭേദമാക്കിയ വൈദ്യന് അദ്ദേഹം കൈനിറയെ സമ്മാനങ്ങൾ നൽകി. കൊട്ടാരം വൈദ്യന്മാരെയെല്ലാം പുറത്താക്കി റയാനെ ആസ്ഥാന വൈദ്യനായി നിയമിക്കാനും രാജാവ് മടിച്ചില്ല. ദിവസങ്ങൾക്കകം തന്നെ രാജാവിന് ഏറ്റവും പ്രിയങ്കരനും വിശ്വസ്തനുമായി റയാൻ മാറി. റയാനുമായി ചർച്ച ചെയ്ത ശേഷം മാത്രം ഏതു കാര്യത്തിലും തീരുമാനമെടുക്കാനും തുടങ്ങി.
നാളതുവരെ രാജാവിന്റെ വിശ്വസ്തനായിരുന്ന മന്ത്രിക്ക് പക്ഷേ, ഈ മാറ്റങ്ങൾ ഒട്ടും രസിച്ചില്ല. ഇങ്ങനെ പോയാൽ തന്റെ മന്ത്രിസ്ഥാനം കൂടി വൈദ്യൻ തട്ടിയെടുക്കുമെന്നും താൻ പെരുവഴിയിലാവുമെന്നും അയാൾ ഭയന്നു. എങ്ങനെയും രാജാവിനെയും വൈദ്യനെയും തമ്മിലകറ്റണമെന്നു തീരുമാനിച്ച മന്ത്രി, അതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. വൈദ്യൻ അടുത്തില്ലാതിരുന്ന ഒരു ദിവസം മന്ത്രി രാജാവിനെ മുഖം കാണിച്ചു പറഞ്ഞു.
”മഹാരാജാവേ,്യൂഞാൻ പറയുന്നത് അധികപ്രസംഗമാണെങ്കിൽ പൊറുക്കുക. അങ്ങ് അല്പം കൂടി ജാഗ്രത പുലർത്തേണ്ടതുണ്ട്. വിശ്വസ്തനായി നടിച്ച് കൊട്ടാരം വൈദ്യൻ അങ്ങയെ ചതിക്കാനുള്ള ഒരുക്കത്തിലാണ്. ഔഷധമെന്ന് തെറ്റിദ്ധരിപ്പിച്ച് വിഷസസ്യങ്ങളുടെ സത്തു കുടിപ്പിച്ച് അങ്ങയെ ഇല്ലാതാക്കുകയാണ് അയാളുടെ ലക്ഷ്യം”
മന്ത്രിയുടെ വാക്കുകൾ മുഖവിലയ്‌ക്കെടുക്കാൻ യുനാൻ രാജാവ് തയ്യാറായില്ല. വിശ്വസ്തനായ വൈദ്യനെക്കുറിച്ച് ഇല്ലാ
വചനം പറയാൻ മന്ത്രി തയ്യാറായത് കടുത്ത അസൂയ
കൊണ്ടാണെന്ന് രാജാവിന് മനസ്സിലായി. തെല്ല് പരുഷ
സ്വരത്തിൽ അദ്ദേഹം പറഞ്ഞു.
‘മന്ത്രി, നിങ്ങളുടെ അപക്വവചനങ്ങൾ തൽക്കാലം ക്ഷമിച്ചിരിക്കുന്നു. കുശുമ്പിനും കുന്നായ്മക്കും മരുന്നില്ലെന്നറിയുക. മഹത്തുക്കളെ കണ്ടറിഞ്ഞ് ആദരിക്കാനാണ്; മറിച്ച് അവരെ ഇകഴ്ത്താനല്ല നാം ശ്രമിക്കേണ്ടത്. നിങ്ങളുടെ കാമ്പില്ലാത്ത അപവാദങ്ങൾക്കു ചെവി കൊടുത്ത് നിരപരാധിയായ വൈദ്യനെ വധിക്കുന്ന പക്ഷം എനിക്ക് സിന്ദ്ബാദ് രാജാവിനെപ്പോലെ പശ്ചാത്തപിക്കേണ്ടി വരും.”
‘സിന്ദ്ബാദ് രാജാവോ? ഞാൻ കേട്ടിട്ടേയില്ല. അദ്ദേഹത്തെപ്പറ്റി’
മന്ത്രി പറഞ്ഞു.
”എങ്കിൽ നിശ്ചയമായും ആ കഥ കേൾക്കണം.’
യുനാൻ രാജാവ്, മന്ത്രിയുടെ കണ്ണു തുറപ്പിക്കാനായി സിന്ദ്ബാദ് രാജാവിന്റെ കഥ തുടങ്ങി.
തുടരും
