കഴിഞ്ഞ മൂന്ന് ദിവസം നൈറ്റ് ഡ്യൂട്ടി ആയിരുന്നു. ഒരാൾ മാത്രമേ നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ടാവാറുള്ളൂ. ഫാർമസിയുടെ തൊട്ടടുത്ത് തന്നെയാണ് മോർച്ചറി ഉള്ളത്..
എന്റെ മൂന്നാമത്തെ നൈറ്റിന്റെ അന്ന് വെകിട്ട് മരണപ്പെട്ട പ്രായമായ ഒരമ്മ മോർച്ചറിയിൽ ഉണ്ടായിരുന്നു..
ഫാർമസിക്ക് മുൻവശത്ത് കാവൽ ജോലിക്കായി നാലഞ്ചു പട്ടികൾ ഉണ്ട്.. സ്ഥിരമായി ഉള്ളതാണ്.. ശല്യക്കാരല്ല…
അവർ ഭാര്യയും ഭർത്താവും മക്കളും അടങ്ങുന്ന ഒരു കുടുംബം ആണെന്ന് തോന്നുന്നു.. യാതൊരു വിധ ആവലാതികളും ഇല്ലാതെ മറ്റൊരാളും ശ്രദ്ധിക്കുന്നുണ്ടെന്ന ബോധം ഇല്ലാതെ കഴിച്ചും കളിച്ചും രസിച്ചും ഉല്ലസിച്ചും ജീവിക്കുന്ന ഒരു പ്രത്യേക തരം കൂട്ടർ.. ഞാൻ കുറേ സമയം എന്റെ കണ്ണുകൾ ആ കുടുംബത്തിന് ദാനം ചെയ്യും.. അവരുടെ എല്ലാവിധ കലാപരിപാടികളും നോക്കി നിൽക്കും..
അങ്ങനെയുള്ള സമയത്താണ് ഒരു ഭാര്യയും ഭർത്താവും മരുന്നിന് വരുന്നത്.. പത്ത് മണിയൊക്കെ ആയിട്ടുണ്ടാവും.. വയറ് വേദനയാണ്.. ഞാൻ മരുന്നൊക്കെ പൊതിഞ്ഞ് കയ്യിൽ കൊടുത്തു..
‘അല്ല സിസ്റ്ററേ… ഈന്റെ ബേക്കിലല്ലേ മോർച്ചറി?’
‘അതേലോ..’
‘ഞങ്ങളെ നാട്ടിലെ ഒരമ്മ മരിച്ചത് ഇവിടല്ലേ ഉള്ളത്..?’
‘അവിടെ ഒരു ബോഡി ഉണ്ടെന്നറിയാം.. ആരാണെന്നറിയില്ല..’
‘തൊട്ട് പുറകില് മരിച്ച ആളുണ്ടാവുമ്പോ ഇങ്ങക്ക് പേടിയാവൂലേ..?’
‘എന്തിന്..?’
‘അല്ല.. മരിച്ചതല്ലേ..’
‘ഇവിടെ പേടിക്കാൻ ജീവിച്ചിരിക്കുന്നവര് ഇഷ്ടം പോലെ ഉള്ളപ്പോ എന്തിനാണീ മരിച്ചവരെ പേടിക്കുന്നത്..’
‘അല്ല അതും ശരിയാണ്.. കുറേ സ്വത്തൊക്കെ ഉള്ള അമ്മയാ. എനിക്കറിയാം. മക്കളൊക്കെ പുറത്താ… വീടും സ്ഥലവും കൊടുക്ക്ന്നുണ്ടോളീ..’
അത് വരെ മിണ്ടാതിരുന്ന ഭാര്യ അന്നേരം അയാളുടെ വേദനയുള്ള വയറിന് ഒരു കുത്ത് കൊടുത്തു..
മൂപ്പര് നിർത്തിയില്ല..
‘ഞ്ഞി കഴിഞ്ഞ ആഴ്ച്ച എന്റച്ചനോട് ചോദിച്ചില്ലേ.. ഈ സ്വത്തെല്ലാം ഇങ്ങള് മരിക്കുമ്പോ കൂടെ കൊണ്ടോവൂലല്ലോന്ന്.. അങ്ങനെ കൊണ്ടോവാത്ത സ്വത്ത് വിൽക്കോന്ന് ചിന്തിച്ചതില് ന്താ തെറ്റ്.. ലേ സിസ്റ്ററേ..’
ഞാനൊന്ന് ചിരിച്ചു.. പൊന്തക്കാട്ടിലേക്ക് കാല് പൊക്കി മൂത്രമൊഴിച്ച നായയെ നോക്കി..
മരിച്ചാൽ കൊണ്ടോവാൻ പറ്റാത്ത സ്വത്തിനും വേണ്ടി ഈ ഭൂമിയിൽ എന്തെല്ലാം നായാട്ടാണ് നടക്കുന്നത്..
അവര് പോയിക്കഴിഞ്ഞപ്പോ ഞാൻ മരിച്ച് പോയ ആ അമ്മയെക്കുറിച്ചോർത്തു.. അവർക്ക് വേണ്ടി കരഞ്ഞ് കാവലിരിക്കുന്ന മക്കളെക്കുറിച്ചോർത്തു. ആ സമയത്ത് എനിക്കൊരു കവിത എഴുതാൻ വല്ലാതെ തിക്ക് മുട്ടി..
വശമില്ലാത്തതാണ്.. എങ്കിലും മരുന്നിന്റെ കാലിപ്പെട്ടി ചീന്തിയെടുത്ത് മറുവശത്ത് കവിതക്കുള്ള തലക്കെട്ട് എഴുതി..
“കട്ടിൽ..“
എഴുത്ത് തുടങ്ങി..
‘തണുത്തുറഞ്ഞൊരാ
ഇരുമ്പിൻ കട്ടിലിൽ
നടുവോടിത്തളർന്നൊരമ്മ
കിടക്കുന്നു
നാടില്ല, നാട്ടുകാരില്ല,,
നട്ട് മുളപ്പിക്കാനൊരിഞ്ച് മണ്ണുമില്ല..
നടുവിൽ കിടന്നവരെ കാണാനില്ല
നാക്കിലയിൽ വിളമ്പാനാവതില്ല..’
സങ്കടക്കവിത ആണേലും വയലാർ എഴുതുമോ ഇതുപോലെ ഒന്ന് എന്ന് സ്വയം തോളിൽ തട്ടി ഞാൻ എന്നെ തന്നെ അനുമോദിച്ചു.
പൂർത്തിയാക്കിയ കവിത വായിക്കാനിരുന്നപ്പോ എന്റെ ഫോൺ ബെല്ലടിച്ചു..
ഉമ്മയാണ്..
ചില ദിവസങ്ങളിൽ ഉമ്മാക്ക് വിളിക്കാൻ നേരവും കാലവും ഒന്നുമില്ല…
‘എന്ത്മ്മാ ഈ നേരത്ത്..?’
‘ഞ്ഞി ഒറങ്ങിയോ..?’
‘നൈറ്റല്ലേ..ഉറങ്ങൂലാലോ..’
‘ഞാൻ വിളിച്ചതേ കട്ടിലിന്റെ കാര്യം ചോയ്ക്കാനാ.. ചെലോല് പറയുന്ന് മൊത്തത്തില് ഇന്റീരിയർ ചെയ്യിച്ചാ മതീന്ന്.. ആശാരിനെ കൊണ്ട് മരത്തിന്റെ ഐക്കട്ടിൽ ഇണ്ടാക്കിക്കുന്നതല്ലേ അതിലും നല്ലത്…’
ഒന്നോ രണ്ടോ മാസം കൊണ്ട് കേറിക്കൂടാനാവുന്ന പുതിയ വീട്ടിലേക്കുള്ള കട്ടിലിനെ കുറിച്ചാണ് ഉമ്മ ചോദിക്കുന്നത്..
ഞാനെന്റെ വായിക്കാത്ത കവിത കയ്യിലെടുത്തു..
കട്ടിൽ…
‘ഇരുമ്പിന്റെ കട്ടില് പോരെ മ്മാ..?’
‘ പൊയ്ക്കാട്ന്ന്…ന്നിട്ട് വേണം തണുത്ത് വിറച്ച് നടുവേദന വന്ന് പണ്ടാറടങ്ങാൻ…’
ഞാനെന്റെ കവിത ഒന്നൂടെ വായിച്ചു..
‘തണുത്ത കട്ടിലിൽ
നടുവോടിത്തളർന്ന
അമ്മ കിടക്കുന്നു..’
അല്ലേലും മുഹമ്മദ് നബിക്ക് പണ്ട് കിട്ടിയ വഹ്യ്‌ന്റെ ചെറിയൊരു വകഭേദം ലോകത്തിലെ എല്ലാ മാതാക്കൾക്കും കിട്ടിയിട്ടുണ്ട്..
മക്കളുടെ മനസ് സന്ദർഭം നോക്കി അറിയാനും മനസിലാക്കാനും സാധിക്കുന്ന എന്തോ ഒന്ന്…
നായ ഫാമിലി അപ്പോഴും അവരുടെ സന്തോഷ ലോകത്താണ്. എവിടുന്നോ കിട്ടിയ ഒരു എല്ലിൻ കഷ്ണം അവരുടെ അത്താഴം ആയി മാറിയിരിക്കുന്നു.
അപ്പുറം,
മേലെ ആകാശം,
താഴെ ഭൂമി,
തണുത്തുറഞ്ഞ കട്ടിലിൽ മരവിച്ച ഒരു അമ്മ ഹൃദയവും…
