ചെലവൂർ വേണു – ഓർമ്മയുടെ കടലാഴം

എത്രയെത്ര ഓർമ്മകളുടെ വഴികളിലൂടെയാണ് ഒരു മനുഷ്യൻ തൻ്റെ കാൽപ്പാടുകൾ പതിപ്പിച്ചത് എന്നോർക്കാൻ എളുപ്പമല്ല. സിനിമ എന്ന മാധ്യമത്തിൻ്റെ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാൻ കാണിച്ച മനസ്സിൻ്റെ വലിപ്പമാണ് ചെലവൂർ വേണു എന്ന മനുഷ്യനിലൂടെ കാലം സാധിച്ചെടുത്തത്.

അശ്വിനി ഫിലിം സൊസൈറ്റി എന്ന പ്രസ്ഥാനത്തിൻ്റെ ആജീവനാന്ത സെക്രട്ടറി എന്ന നിലയ്ക്ക് അദ്ദേഹം കോഴിക്കോട്ടെ ജനങ്ങളെ നല്ല സിനിമകൾ കാണാൻ പഠിപ്പിച്ചു. സിനിമകൾ കാണാൻ ഉള്ള പ്രേരണയായി അദ്ദേഹത്തിൻ്റെ വലിയ സൗഹൃദലോകം എക്കാലത്തും കൂടെയുണ്ടായിരുന്നു. സത്യജിത് റായ് മുതൽ സിനിമയെ അടുത്തറിഞ്ഞ ആളുകളുടെ ശ്രദ്ധയിൽ അദ്ദേഹം സ്ഥാനം പിടിച്ചു എന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

അന്താരാഷ്ട്ര സിനിമകൾ കാണിക്കുവാൻ തുടങ്ങുമ്പോൾ പിണങ്ങുന്ന തൻ്റെ പ്രൊജക്റ്ററിനെ ശരിയാക്കിയെടുത്ത് സിനിമ കാണിച്ചു തുടങ്ങിയാൽ ഹാളിൽ നിന്ന് പുറത്തിറങ്ങി വിയർപ്പിൽ മുങ്ങിയ വേണുവേട്ടനെ എത്ര തവണ കണ്ടിരിക്കുന്നു. അന്നേരം അദ്ദേഹം അനുഭവിക്കുന്ന ആത്മസുഖം കുറച്ചേറെ പുകച്ചുരുളുകളിലൂടെ ലോകത്തിലേക്ക് പടരുന്നുണ്ടാവുമായിരുന്നു.

സിനിമയും കടന്ന് അദ്ദേഹം കൈവച്ച മേഖലകൾ പലതാണ്. സ്വന്തമായി പ്രസിദ്ധീകരണം നടത്തിയ സൈക്കോ, രൂപകല, സെർച്ച്ലൈറ്റ്, സ്റ്റേഡിയം തുടങ്ങിയ പ്രസിദ്ധീകരണങ്ങൾ അതിൻ്റെ പ്രതാപകാലത്ത് തിളങ്ങിനിന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് 30 പൈസ ഉണ്ടായിരുന്ന കാലത്ത് സൈക്കോ വിറ്റുപോയിരുന്നത് 50 പൈസക്ക് ആയിരുന്നു എന്ന് അദ്ദേഹം പലപ്പോഴും ഓർത്തെടുക്കാറുണ്ടായിരുന്നു.

പ്രപഞ്ചം പബ്ലിക്കേഷൻസ് എന്ന അദ്ദേഹത്തിൻ്റെ പുസ്തകപ്രസിദ്ധീകരണസംരംഭം ആയിരുന്നു കടമ്മനിട്ട രാമകൃഷ്ണൻ്റെ കവിതകൾ രണ്ട് ഭാഗമായി ഇറക്കിയത്. 1980ൽ ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചു. കട്ടിയുള്ള പുറംചട്ടയും അതിനൊരു കവറും ചേർത്ത് മനോഹരമാക്കി ഇറങ്ങിയത് അക്കാലത്ത് ഒരു കൗതുകം ആയിരുന്നു. കവറിലെ സി എൻ കരുണാകരൻ്റെ വര ആ പുസ്തകത്തെ കൂടുതൽ മനോഹരമാക്കി. ആ പുസ്തകം ഒരു നിധിപോലെ ഈ ലേഖകനെപ്പോലെ പലരും സൂക്ഷിച്ചു വെച്ചിട്ടുണ്ട് എന്ന് പറയാതെവയ്യ.

കോഴിക്കോട് നഗരത്തിൽ പലയിടങ്ങളിലായി സ്വന്തമായി ഓഫീസ് ഉണ്ടാകുമായിരുന്നു അദ്ദേഹത്തിന്. അതെല്ലാം കോഴിക്കോട് നഗരത്തിൻ്റെ സാംസ്കാരിക തലസ്ഥാനം ആയി മാറിയിരുന്നു. കോഴിക്കോട് വരുന്ന ഒട്ടുമിക്ക കലാ-സാഹിത്യ- സാംസ്കാരിക-സാമൂഹ്യ-സിനിമാപ്രവർത്തകരും നേതാക്കളും ആ ഓഫീസിലെ സന്ദർശകരോ അതിഥികളോ ആതിഥേയരോ ആയി മാറുമായിരുന്നു. ഒ വി വിജയൻ, മലയാറ്റൂർ, കാക്കനാടൻ, വികെഎൻ, കടമ്മനിട്ട രാമകൃഷ്ണൻ അരവിന്ദൻ, പവിത്രൻ, പി എ ബക്കർ, തുടങ്ങിയവർ പലവട്ടം അന്തിയുറങ്ങിയ അലങ്കാർ ലോഡ്ജിലെ മുറി എക്കാലത്തും വലിയൊരു സംഗമസ്ഥാനമാണ്. ഇന്ന് ആ സ്ഥലം ഒരു ഭക്ഷണശാലയുടെ പാർക്കിങ് ഗ്രൗണ്ട് ആയി രൂപാന്തരം പ്രാപിച്ചു.

ചെലവൂർ വേണു, കൊടമന വേണു, യു. ഫൽഗുണൻ, ചിന്ത രവീന്ദ്രൻ

പിന്നീട് ചെറൂട്ടി റോഡിലും കൊട്ടാരം റോഡിലും അദ്ദേഹത്തിന് ഓഫീസ് ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുൻപ് ചെറൂട്ടി റോഡിലെ ഓഫീസിൽ ഇരുന്ന് കോഴിക്കോട്ട് നടന്ന ഒരു അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സോവനീർ ഒരുക്കുന്ന വേണുവേട്ടൻ മറ്റൊരോർമ്മ.

സൈക്കോ വീണ്ടും തുടങ്ങണം എന്നും പ്രപഞ്ചം പബ്ലിക്കേഷൻ പുനരാരംഭിക്കണം എന്നും മറ്റുമുള്ള ആഗ്രഹങ്ങൾ മനസ്സിലിട്ട് നടക്കുന്നതിനിടയിൽ ആണ് അദ്ദേഹം ശാരീരിക അവശതകളിൽ പെട്ടത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും അദ്ദേഹം ചികിത്സ തേടി. പക്ഷെ കാലം അദ്ദേഹത്തെ മെല്ലെ തിരിച്ചുവിളിക്കുകയായിരുന്നു എന്ന് മനസിലായത് 2024 ജൂൺ 3 പ്രഭാതത്തിൽ ആയിരുന്നു.

തൻ്റെ ആഗ്രഹപ്രകാരം ഔദ്യോഗിക ബഹുമതികളോ ഒരു പുഷ്പചക്രമോ പൊതുദർശനമോ ഇല്ലാതെ തൻ്റെ ജീവിതം പോലെ ആർക്കും ഒരു ബുദ്ധിമുട്ടും കൊടുക്കാതെ ചാറ്റൽമഴയുടെ കൂടെ അഗ്നിയിൽ ചേർന്നലിഞ്ഞു, എന്നെന്നേയ്ക്കുമായി.

കോഴിക്കോട് നഗരത്തിൻ്റെ പുത്രന് വേണ്ടത്ര പരിഗണന ഇതുവരെ കൊടുക്കാൻ പറ്റിയിട്ടില്ല എന്നത് ഒരു സത്യമാണ്. അത്തരം പരിഗണനകൾ അദ്ദേഹം താൽപര്യപ്പെട്ടിരുന്നില്ല എന്നത് ഒരു കാരണമായി പറയാം എങ്കിലും അദ്ദേഹത്തിന് നഗരം ചിരസ്മാരകം ഒരുക്കണം എന്ന ആവശ്യം ഉന്നയിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. അത് ഏത് രീതിയിൽ വേണമെന്ന് കോഴിക്കോടൻ സാംസ്കാരികനേതൃത്വം ആലോചിച്ച് തീരുമാനിക്കണം. തലമുറകൾ മനസിലാക്കേണ്ട മനുഷ്യനെ മറവിയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് നമുക്ക് സ്വയമെങ്കിലും ഉറപ്പിക്കാനാവണം.

Share this:

Recently added