നാരികൾ… നാരികൾ… വിശ്വ വിപത്തിന്റെ നാരായ വേരുകൾ…
നാരകീയാഗ്‌നികൾ പറയുന്നത് സാക്ഷാൽ ചങ്ങമ്പുഴ കൃഷ്ണപിള്ളയാണ്. മലയാള സാഹിത്യം കണ്ട ഏറ്റവും അനശ്വരനായ
കവി.. വേറെയും ചങ്ങമ്പുഴയുടെ പ്രശസ്തമായ വരികൾ വനിതകളെ
ക്കുറിച്ചുണ്ട്. അങ്കുശമില്ലാത്ത ചാപല്യമേ, മന്നിലംഗനയെന്നു
വിളിയ്ക്കുന്നു നിന്നെ ഞാൻ ‘. യാതൊരു പരിധിയും ഇല്ലാത്ത വെറും ചപലയാണ് സ്ത്രീ എന്നാണ് ചങ്ങമ്പുഴ പറഞ്ഞു വയ്ക്കുന്നത്. ശ്രീ. എം. ടി. വാസുദേവൻ നായർ സ്ത്രീകളെക്കുറിച്ച് അതിനപ്പുറത്തേയ്ക്കും പറഞ്ഞു വച്ചിട്ടുണ്ട്.
സ്ത്രീകൾക്ക് അനുകൂലമായും ധാരാളം സാഹിത്യ സംഭാവനകൾ ഉണ്ട്. മലയാളത്തിന്റെ ഏറ്റവും അനശ്വരനായ ഗാന രചിയിതാവ് ശ്രീ. വയലാർ രാമവർമ്മ കണ്ണുനീർ തുള്ളിയെ സ്ത്രീയോട് ഉപമിച്ച കാവ്യ ഭാവനയ്ക്ക് ( അതാരുടേതാണെന്ന് വയലാർ കൃത്യമായി പറയുന്നില്ലെങ്കിലും ) അഭിനന്ദനങ്ങൾ അർപ്പിച്ചു എഴുതിയ ഗാനവും പ്രസിദ്ധമാണ്. ഒരു സംഗീത വിശാരദനായ എം. എസ്. വിശ്വനാഥൻ അദ്ദേഹത്തിന്റെ മുഴുങ്ങുന്ന സ്വരത്തിൽ ആലപിച്ചിട്ടുള്ള ആ ഗാനത്തിലെ പല വരികളും ആരുടേയും മനസ്സിൽ നിന്നും വിട്ടു പോകുവാൻ വഴിയില്ല. വിഷാദ സാഗരം ഉള്ളിൽ ഇരമ്പും
തുഷാര ഗൽഗദ ബിന്ദു, സ്ത്രീയൊരു വികാര വൈഡൂര്യ ബിന്ദു എന്ന് വയലാർ പറയുമ്പോൾ സ്ത്രീകളുടെ വ്യക്തിത്വത്തിന്റെ ഒരു പ്രധാന വശമാണ് വയലാർ എടുത്ത് കാട്ടുന്നത് എന്ന് തോന്നുന്നു. അത് കൊണ്ട് സ്ത്രീ ചിപ്പിയിൽ വീണാൽ വൈഡൂര്യമാകുന്നതും പൂവിൽ വീണാൽ പരാഗമാകുന്നതാണെന്നും വയലാർ വിലയിരുത്തുന്നു. അതിനെ ആവശ്യമില്ലാതെ തൊടരുതെന്നും എടുത്തറിയരുതെന്നും അദ്ദേഹം വിലക്കുന്നുണ്ട്.പ്രപഞ്ച സൗന്ദര്യമുള്ളിൽ വിടർത്തും പ്രകാശ ബുൽബുദ ബിന്ദു, സ്ത്രീയൊരു പ്രഭാത നക്ഷത്ര ബിന്ദു ആണെന്നും ആ നീർക്കുമിളയിലേയ്ക്ക് നോക്കി നിന്നാൽ പ്രപഞ്ചം മുഴുവനും
പ്രതിഫലിയ്ക്കുന്നത് കാണമെന്നും കൂടി പറയുമ്പോൾ ഏത് അളവുകോൽ വച്ചാലും അദ്ദേഹം ഏതാണ്ടൊക്കെ അളന്നു കഴിഞ്ഞു എന്നാണ് എനിയ്ക്ക്
തോന്നിയിട്ടുള്ളത്.
മറ്റെന്തിലും ഉള്ളത് പോലെ സ്ത്രീകളും ഏറ്റവും അപ്പുറത്തും ഇപ്പുറത്തും നിൽക്കുന്നുണ്ടാവും. രണ്ടറ്റവും അനന്തമായി നീണ്ടു കിടക്കുന്നത് കാണാൻ കഴിയും. ചരിത്രത്തിൽ വീര പരിവേഷമുള്ള ജാൻസി റാണിയും ഉണ്ണിയാർച്ചയും
ലലനകളാണ്. പുരാണത്തിലെ ആയിരം ആനകളുടെ ശക്തിയുണ്ടായിരുന്നു എന്ന് വിവരിയ്ക്കപ്പെടുന്ന താടകയും പിന്നെ ശ്രീകൃഷ്ണനെ അപായപ്പെടുത്താൻ സുന്ദര രൂപമെടുത്തതെങ്കിലും പൂതനയും ഭീകര രൂപികളായ ലലനകൾ തന്നെ. കൊടും ക്രിമിനലുകൾ കേരളത്തിലെ സ്ത്രീകളിൽ തന്നെയുണ്ട്. ഉദാഹരണത്തിന് കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ്. .അധോലോക നേതാക്കളും ഉണ്ടല്ലോ. ഉദാഹരണം തന്ത്രികേസിലും മറ്റും ഉൾപ്പെട്ട ശോഭ. കൊല്ലത്തെ ഹയറുന്നീസ കുപ്രസിദ്ധയായത് വ്യാജ മദ്യം വിറ്റ കേസിൽ ആണല്ലോ. അപ്പോൾ സ്ത്രീകളുടെ സാന്നിധ്യം അസാധ്യമായ മാനസിക നില ആവശ്യമായ കാര്യങ്ങളിലും ഉണ്ട്. നീചയും വഞ്ചിയ്ക്കുന്നവളും വിശ്വസിയ്ക്കാൻ കൊള്ളാത്തവരുമെന്നും സ്ത്രീകളെ ചിത്രീകരിയ്ക്കുന്നവർ ഉണ്ട്. എന്നാൽ ഭൂരിഭാഗം സ്ത്രീകളും ഇതിനോട് ശക്തമായി വിയോജിയ്ക്കുന്നവർ ആകും.
അതും കടന്നു പുരുഷന്മാരും സ്ത്രീകളും തുല്യരാണെന്നും അത് കൊണ്ട് തന്നെ തങ്ങളിൽ തിന്മയുണ്ടെങ്കിൽ തന്നെ ആ കാര്യത്തിലെങ്കിലും സ്ത്രീ പുരുഷനോട് തുല്യതയിൽ എത്തുകയില്ല എന്ന് വാദിയ്ക്കുന്നവർ ഉണ്ട്.
ശരിയാണ്. സ്ത്രീകൾക്ക് പല ഭാവങ്ങളും ഉണ്ട്. ഏറ്റവും ശക്തമായ ഭാവം അമ്മയുടേത് തന്നെയാണ്. അക്കാര്യത്തിൽ തർക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത് കൊണ്ടാവാം സ്ത്രീകൾ പലപ്പോഴും അബലകളായി ചിത്രീകരിയ്ക്കപ്പെടുന്നത്. എന്തായാലും
വംശം നില നിൽക്കണമെങ്കിൽ സ്ത്രീ അനിവാര്യയാണ്. അത് കൊണ്ട് സ്ത്രീയുടെ അമ്മയെന്ന ഭാവത്തിന്റെ ഗുണഫലം ആസ്വദിച്ചിട്ടുള്ളവർ ആണ് എല്ലാവരും.ഈശ്വരനിൽ വിശ്വാസമില്ലാതിരുന്ന വയലാറിനോട് എന്തിന് ഭക്തിഗാനങ്ങൾ എഴുതുന്നു എന്ന ചോദ്യമുണ്ടായി. ഞാൻ ഈശ്വരനിൽ വിശ്വസിയ്ക്കുന്നില്ലെങ്കിലും, തന്റെ അമ്മ ഈശ്വര വിശ്വാസി
ആണെന്നും ഈ ഗാനങ്ങൾ കേൾക്കുമ്പോൾ അമ്മ സന്തോഷിയ്ക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വയലാറിന് തന്റെ അമ്മയോടുണ്ടായിരുന്ന ആത്മ ബന്ധം പ്രസിദ്ധമാണല്ലോ. ഒരു പക്ഷേ അമ്മ എന്ന പേരിൽ ആയിരിയ്ക്കും ലോകത്തിൽ ഏറ്റവും കൂടുതൽ
ശീർഷകങ്ങൾ എഴുതപ്പെട്ടിട്ടുണ്ടാവുക.കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധവും വ്യത്യസ്തവുമായത് മാക്‌സിം
ഗോർക്കിയുടെ അമ്മ എന്ന നോവൽ ആണ് . ഇവിടെ ഒരമ്മയ്ക്ക്
മകനോടുള്ള സ്‌നേഹം ഏതളവ്
വരെ വളരാമെന്ന് മാക്‌സിം ഗോർക്കി കാണിച്ചു തരുന്നുണ്ട്.
സാറിസ്റ്റ് ഭരണകൂടത്തിനെതിരെ
പോരടിയ്ക്കുന്ന മകനോടുള്ള സ്‌നേഹം വളർന്നു ആ നിലയിൽ പ്രവർത്തിയ്ക്കുന്നവരോട് മുഴുവനും ആയുള്ള മാതൃസ്‌നേഹം ആയി വളരുന്നത് സ്ത്രീ എന്നത് ഏത് സ്‌നേഹവും ഏറ്റെടുക്കുവാൻ കഴിയുന്ന അക്ഷയപാത്രമാണ് എന്ന വസ്തുത അടിവരയിട്ട്
കാണിയ്ക്കുന്നു.
പക്ഷേ സ്ത്രീ ഏറ്റവും കൂടുതൽ വർണ്ണിയ്ക്കപ്പെടുന്നത്
പ്രണയിനി എന്ന ഭാവത്തിൽ ആണെന്നുള്ളതിൽ തർക്കമൊന്നുമുണ്ടാവില്ലെന്ന്
തോന്നുന്നു. അത് ഭാഷ, വർഗ്ഗം, സാംസ്‌കാരം, മതം, പ്രദേശം തുടങ്ങിയ പരിധികൾ ഒന്നും തന്നെ അനുസരിയ്ക്കുന്നില്ല. ലോകത്തിൽ സർവ്വ വ്യാപിയാണ് ആ ഭാവം. അതിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ മാധുര്യമാണ്. ഏങ്കിലും അത് പലപ്പോഴും രൂപ മാറ്റം സംഭവിച്ചു വിരഹവും വേർപിരിയലും അതിൽ നിന്നുളവാകുന്ന തീവ്രമായ
വേദനയും ആയിത്തീരുന്നത്
ലോകവ്യാപകമായ സത്യമാണ്. പൂവ് പോലെ മൃദുലമായ ഹൃദയം ഉള്ളവരാണ് സ്ത്രീകൾ എന്ന് ഏറ്റവും
കൂടുതൽ തോന്നിപ്പോകുന്നത് ഇത്തരം ബന്ധങ്ങളിൽ ആണ്. പ്രണയം മനോഹരമായ ഒരു വികാരമാണ്.പ്രണയം കൊടുക്കുവാനും അത് സ്വീകരിയ്ക്കുവാനും കഴിയുന്നത്
പലപ്പോഴും ഒരു ജന്മ സാഫല്യമാണ്.വസന്തത്തിന്റെ
ചാരുതയും വേദനയുടെ കടുത്ത വിങ്ങലും ഈ നാണയത്തിന്റെ
രണ്ട് വശങ്ങൾ ആണെന്ന് മാത്രം.
പിന്നെ സഹോദരി, കുടുംബിനി, മറ്റു വിവിധങ്ങളായ മനുഷ്യ ബന്ധങ്ങൾ, സുഹൃത്ത്, സഹപ്രവർത്തക, അധ്യാപിക, ആരോഗ്യ പ്രവർത്തക, സാമൂഹ്യ
കാര്യങ്ങളുടെ നായിക, സന്ന്യാസിനി, സന്നദ്ധ പ്രവർത്തക
ഇങ്ങനെ ഈ ഭൂമുഖത്തുള്ള എല്ലാ
തുറകളും സ്ത്രീയിൽ നിന്ന് പുറപ്പെടുവകയും വളരുകയും പുഷ്പിയ്ക്കുകയും തളരുകയും
ചെയ്യുന്നത് മനുഷ്യ ജീവിതത്തിന്റെ മഹത്തായ മുഖമാണ്.
പുരുഷനാണോ സ്ത്രീയാണോ മുകളിൽ എന്ന ചോദ്യം എല്ലാ കാലത്തും ഉയർന്നു വന്നിട്ടുണ്ട്. ഏങ്കിലും
പുരുഷാധിപത്യം തന്നെയാണ് ഇത് വരെ ലോകത്ത് മുന്നിട്ട്
നിന്നിട്ടുള്ളത്. അതല്ല പുരുഷന് തുല്യമാണ് സ്ത്രീകൾ എന്നു വാദിയ്ക്കുന്നവരാണ് സ്ത്രീകളിൽ കൂടുതലും. സത്യത്തിൽ ഇങ്ങനെയൊരു
താരതമ്യത്തിന്റെ ആവശ്യമുണ്ടോ? അത്തരം ഒരു
മത്സരബുദ്ധി പ്രകൃതിയുടെ
നീതിയ്ക്ക് നിരക്കുന്നതാണോ!
ആദിയിൽ എങ്ങനെ മനുഷ്യൻ ഉണ്ടായി എന്നുള്ളത് മനുഷ്യരിൽ എന്നും കൗതുകം
നിറച്ചിട്ടുള്ള ചോദ്യമാണ്. ഇസ്ലാം, ക്രിസ്ത്യൻ, ജൈന മത വിശ്വാസം
അനുസരിച്ച് ആദിയിൽ ദൈവം
ആദത്തെ സൃഷ്ടിച്ചു എന്നാണ്.സർവ്വ സൗകര്യങ്ങളും ഉള്ള പറുദീസയിൽ
ആദം ജീവിച്ചു. അങ്ങനെ ഒറ്റയ്ക്ക് സകല സുഖ സൗകര്യങ്ങളുടെ നടുവിൽ
ജീവിച്ച് ആദത്തിന് മടുപ്പുണ്ടായപ്പോൾ അവനെ ഉറക്കിക്കിടത്തി അവന്റെ ഇടത്തെ വാരിയെല്ലുപയോഗിച്ച് അവന്റെ കൂട്ടിനായി ഹവ്വ ( eve ) എന്ന സ്ത്രീയെ സൃഷ്ടിച്ചു.ഇതിൽ മനോമയം ആയ ചില ആശയങ്ങൾ സമഞ്ജസമായി വിളക്കി ചേർത്തിട്ടുണ്ട്. ഒന്ന് she shall be called a woman for she has taken out of man. ഈ ആശയം മനോഹരമാണെന്ന് വനിതകൾ
സമ്മതിച്ചു തരും എന്ന് തോന്നുന്നില്ല. പിന്നെ വരുന്നത് തലയിൽ നിന്നല്ല എടുത്തത് എന്നത് കൊണ്ട് സ്ത്രീയ്ക്ക് പുരുഷനേക്കാളും ഉയർന്നു പോവാൻ പറ്റില്ലെന്നതാണ്.പിന്നെയുള്ള സങ്കല്പങ്ങൾ
കാൽപ്പനികമാണ്.കാലിൽ നിന്നും അല്ല എടുത്തിരിയ്ക്കുന്നത് എന്നത് കൊണ്ട് അവളെ ചവുട്ടി
മെതിയ്ക്കാൻ പാടില്ല . ഇനി വരുന്നതെല്ലാം കൂടുതൽ കാൽപ്പനികമാണ്. അവന്റെ ഒരു വശത്ത് നിന്നാണ് അവളെ എടുത്തിരിയ്ക്കുന്നത് എന്നത് കൊണ്ട് അവളെ തുല്യ നിലയിൽ കാണണം. കയ്യിന്റെ താഴെ നിന്നുമാണ് എടുത്തിരിയ്ക്കുന്നത് എന്നത് കൊണ്ട് അവളെ സ്വന്തം കൈകൾ കൊണ്ട് ചേർത്തു പിടിച്ച് സംരക്ഷിയ്ക്കണം. ഹൃദയത്തിന്റെ അടുത്ത് നിന്നുമാണ് എടുത്തിരിയ്ക്കുന്നത് എന്നത് കൊണ്ട് അവളെ ഹൃദയത്തോട് അടുത്ത് പിടിയ്ക്കണം. കേവലം ഒരു വാരിയെല്ലിൽ നിന്നുമാണ് സ്ത്രീയെ സൃഷ്ടിച്ചിരിക്കുന്നത്കൊണ്ട് സ്ത്രീകളോട് അലിവോടെയും അനുകമ്പയോടെയും ഇടപെടണം. ഇവിടെ പറഞ്ഞതിനോട് വിയോജിപ്പുള്ളവർ ഉണ്ടാവാം. ഏങ്കിലും എനിയ്ക്ക് എന്നും തോന്നിയിട്ടുള്ളത് സ്ത്രീയും പുരുഷനും പരസ്പരപൂരകം ആണെന്നാണ്. പുരുഷനില്ലെങ്കിൽ സ്ത്രീയ്‌ക്കോ സ്ത്രീ ഇല്ലെങ്കിൽ പുരുഷനോ നില നിൽപ്പില്ല എന്നതാണല്ലോ പ്രധാനം. ഈ ലോകത്ത് മനുഷ്യ ജീവിതത്തെ സമതുലിതമായി മുന്നോട്ട് പോകുന്നതിൽ നിർണ്ണായക പങ്കു വഹിയ്ക്കാനുള്ളത് സ്ത്രീകൾക്കാണ്. ലോകത്തിൽ ഇത് വരെ ജനിച്ചതും ഇനി ജനിയ്ക്കാനിരിയ്ക്കുന്നതുമായ എല്ലാ സ്ത്രീകളുടെ മുൻപിലും ഈ അവസരത്തിൽ ശിരസ്സ് നമിയ്ക്കുന്നു
