ഉറക്കെ, ജീവിതം
ഭയന്നു ഞാനെന്റെ
മരിച്ച ജീവിതം
തുടർന്നു പോകവേ…
വിടർന്ന കണ്ണുകൾ
ഞെരിച്ചടച്ചു കൊ-
ണ്ടടുത്ത കാഴ്ചകൾ
അടർത്തി മാറ്റവേ..
ചെവിക്കുള്ളിൽ വിരൽ
അടിച്ചിറക്കിയാ
ക്ഷണിക സ്‌ഫോടനം
വിഴുങ്ങി നില്ക്കവേ..
വരുമൊരാൾ സ്വർഗ്ഗം
പിളർന്നു ഭൂമിയിൽ
ഇരുമ്പു തൂണുകൾ
പിളർത്തി ദേവകൾ
വരും വരും എന്നു
നിനച്ചിരിക്കവേ..
കരിങ്കല്ലുകെട്ടി
പടുത്ത കോട്ടയിൽ
തപസ്സിരുന്ന പോ-
ലവരുറഞ്ഞിരിക്കവേ..
മരിച്ച ഭൂവതിൽ
തികച്ചുമേകനായ്
മുഖം മറച്ചു ഞാൻ
തളർന്നിരിക്കവേ..
ഉറക്കെയോതിഞാൻ
വിളിച്ചു കൂവി ഞാൻ
വിവശതയിലെന്റെ
കൊഴിഞ്ഞ വാരിയെൽ,
തടത്തിലൊന്നു ഞാൻ
തടവി നോക്കവേ ….
ഉറക്കെ യൊക്കെയും
ഉറഞ്ഞിടം മൃതം.
ഒരിക്കലീ വഴി, പുഴ –
യാഴി..തുള്ളി
മരം, മരം, മരം..
മണക്കാനൊരു പൂ..
കൊതിച്ചു പോയി ഞാൻ.
നിശ്ശബ്ദത വിത –
ച്ചൊരുങ്ങി ഭൂമിയിൽ..
വിളവിനായ് സ്വയം
മറന്നിരിക്കവേ…
ഉറക്കെയൊക്കെയും
മരിച്ചു പോയതിൽ,
പതുക്കെയായി ഞാൻ
പകച്ചു പോയ ഞാൻ….
ഉറക്കെയായി ഞാൻ
ഉറക്കെയോതി ഞാൻ
അണുക്കളും പുഴു
തരുക്കളും, മരിച്ച്
ഉയർക്കുവാനുള്ള
തപസ്സിലെ ജപം,
ഉറക്കെയോതവേ….
