‘ അയാൾ (അൽഫോൻസ് ) ഗ്ലാസിനു വേണ്ടി കൈ നീട്ടിയില്ല. പാത്രത്തിലേക്ക് തുറിച്ചു നോക്കിയിരിപ്പാണ്.അയാൾ മരിച്ചിരിക്കുന്നു.
അതിന്റെ അർത്ഥം എനിക്കറിയാവുന്നതു പോലെ വേറെയാർക്കും അറിയില്ല. അത്തരം ഘട്ടങ്ങളിൽ
ചെയ്യേണ്ടതെല്ലാം ഞാൻ പെട്ടെന്നു ചെയ്തു തീർത്തു. നിയമം അനുശാസിക്കുന്നതുപോലെ പോലീസിന് ആളയച്ചു. ലീഗൽ മെഡിക്കൽ ഒഫീസറുടെ പരിശോധനയിൽ പോലും വേണമെങ്കിൽ പോസ്റ്റുമാർട്ടം എന്നു തന്നെ പറയാം അയാൾ തന്നിൽ ഒളിപ്പിച്ചു വച്ച കഴിഞ്ഞ കാല രഹസ്യങ്ങൾ പുറത്തുവന്നില്ല.അതു മാത്രമാണല്ലൊ അയാളുടെ സമ്പാദ്യം
അക്‌സൽ മുൻതേ (സാന്റ് മിഷേലിന്റെ കഥ ).
അക്‌സൽ മുന്തെ അൽഫോൻസിന്റെ മരണനിമിഷങ്ങളെ യഥാതഥമായി വിവരിക്കകയാണ്. മാനസികാരോഗ്യകേന്ദ്രത്തിലെ ഒരു കട്ടിലിനു ചുറ്റും തുണി കെട്ടി മറച്ച് കൊട്ടാരമാണെന്ന് കരുതിജീവിക്കുന്ന അൽഫോൻസിന്റെ..ഇതു പോലുള്ള അനേകം അൽഫോൻസുമാരുടെ അനുഭവങ്ങൾ വിവരിക്കപ്പെടുന്ന പുസ്തകം
സാൻ മിഷേലിന്റെ കഥ.. ഏതൊരു ത്രില്ലർ സ്‌റ്റോറിയെക്കാൾ ഉദ്വേഗജനകമായ അനുഭവ വിവരണങ്ങൾ. പ്രഭുക്കൻമാരുടെ,സാധാരണക്കാരുടെ, പുരോഹിതരുടെ, കന്യാസ്ത്രീകളുടെ മനോരോഗികളുടെ ഡോക്ടർമാരുടെ രോഗികളുടെ.. അതിലൊക്കെ ഉപരിയായി കിളികളുടെ , സർവ്വ ചരാചരങ്ങളുടെയും അനുഭവങ്ങളുടെ ക്രിപ്പിക്കുന്ന വിവരണങ്ങൾ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള പുസ്തകം.
‘ ചതിയുടെയും കാപട്യത്തിന്റെയും മനം കെടുത്തുന്ന ലോകത്തു നിന്നും ഞാൻ അകലുകയാണ് വേണ്ടത്. കിഴവിയായ അഞ്ചൽകാരി മരിയയുടെയും,മാസ്‌ത്രോ വിൻസെൻസോയുടെയും, ജിയോ കോൺതായുടെയും അടുത്തേക്ക്‌പോകണം.’ എന്ന വിചാരത്തോടെ കാപ്രി ദ്വീപിലേക്ക് കുടിയേറി അവിടുത്തെ സാധാരണക്കാരുടെ കൂടെ പ്രകൃതിയോട് മല്ലിട്ട് ജീവിക്കാൻ ആഗ്രഹിച്ച… അതിനായുള്ള പണം ഒരുക്കാൻ റോമിലും പാരീസിലും ഉറങ്ങാതെ ജീവിച്ച മുന്തെയുടെ ആത്മനിർവൃതിയുടെ അനുഭവങ്ങളുടെ പ്രതിഫലനം.ഉറക്കമില്ലാതെ മനുഷ്യന് ജീവിക്കാനാവില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നെങ്കിലും അയാൾ മറ്റുള്ളവർക്കായി ഉറങ്ങാതെ ജീവിച്ചു.
സ്വന്തം പ്രവൃത്തിയിൽ സന്ദേഹമുള്ളവരാണ് യഥാർത്തത്തിൽ മേന്മയുള്ളവർ എന്ന് പലപ്പോഴും തോന്നാറുണ്ട്. ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായ മേതിൽ രാധാകൃഷ്ണന്റെ ‘എന്റെ ജീവിതം ടോട്ടൽ വേസ്റ്റാണ്’ എന്നതിന്റെ ഭാഷ്യം പോലൊന്ന്.. മുന്തെയും അവശേഷിപ്പിക്കുന്നു. ‘ എന്നെ സംബന്ധിച്ചിടത്തോളം പോരാട്ടം അവസാനിച്ചിരിക്കുന്നു. ഞാൻ തോറ്റു ജീവിത കാലമാകെയുള്ള എന്റെ അധ്വാനത്തിന്റെ ഫലമായ സാൻ മിഷേലിൽ നിന്ന് ഞാൻ പുറത്താക്കപ്പെട്ടിരിക്കുകയാണ്.’ എന്ന് ഈ പുസ്തകത്തിന്റെ അനുബന്ധത്തിൽ മുന്തെ പറയുന്നുണ്ട്. സൃഷ്ടികർമ്മങ്ങൾക്കൊടുവിൽ മനുഷ്യനെയും സൃഷ്ടിച്ച് വിശ്രമിക്കേണ്ട സമയത്ത് ആദ്യമനുഷ്യനെ ഏദൻ തോട്ടത്തിൽ നിന്ന് പുറന്തള്ളേണ്ടി വന്നപ്പോൾ ദൈവത്തിനും ഇതേ വിചാരം വന്നിരിക്കാം.
ഇത്ര ജോലി ചെയ്തിട്ടും എന്താണെനിക്കൊന്നുമില്ലാത്തത്.. സാൻ മിഷേൽ പണിയാൻ, സ്ഥലം വാങ്ങാൻ പണം ഇല്ലാത്തത്. മുന്തെ സന്ദേഹിക്കുന്നുണ്ട്. പണസമ്പാതനത്തിനുള്ള ചികിത്സ പാപഭാരമായി അയാൾക്കു തോന്നി.
ചെയ്യുന്ന ജോലിക്ക് പണം പറ്റുന്നത് പാപമാണോ..? . പണം കൈയിൽ നിലനില്ക്കാത്തത് അത് പാപത്തിന്റെശമ്പളമായതിനാലാണോ? ‘അങ്ങനെയെങ്കിൽ എല്ലാ ഡോക്ടർമാരും നിർദ്ധനരായി മാറുമായിരുന്നു.. ഞാനും എന്റെ സഹപ്രവർത്തകരും മാത്രമല്ല പ്രഫസർമാരും അഭിഭാഷകരുറമാക്കെ ഒരേ വകുപ്പിൽ പെട്ടവരാണ്.’
സാൻവിഷേലിനെ സ്വപ്നം കണ്ട് അയാൾ പ്രഭ്വിയുടെ അപ്പൻഡിസൈറ്റിസ് കോളൈറ്റിസ് ആക്കി. മാർക്വിസ് മദാമ്മയുടെ ബധിരതയും കോളൈറ്റിസ് ആക്കി. ‘ അമിതമായ പണവും രോഗത്തിനു വേണ്ടിയുള ആർത്തിയും എപ്പോഴും ഡോക്ടറെ കാണാനുള്ള കൊതിയുമാണ് അവരുടെ രോഗങ്ങൾ’.
മണ്ണു ചുമന്ന് കയറ്റി പാറപ്പുറത്തു കയറ്റി മുന്തിരിവള്ളി പടർത്താൻ ശ്രമിയ്ക്കുന്ന.. ചെറുപ്പത്തിൽ നേപ്പിൾസ് കടലിടുക്കിൽ മുത്തുവാരിയ അനുഭവങ്ങളിൽ അഭിരമിയ്ക്കുന്ന.. വിശ്രമവേളകളിൽ കടലിലേക്ക് നോക്കിയിരിക്കുന്ന…മരണദിവസം മാത്രം കിടക്കയിൽ കിടന്ന പാക്‌സിയേൽ.
മരണത്തെ മണത്തറിയാൻ കഴിവുള്ള സെമിത്തേരി ഡയറക്ടർ സിഞ് ജോർ കോർണാഷ്യ.
ഗുരുനാഥനും ഹിപ്പ്‌നോട്ട സം വിദഗ്ദ്ധനുമായ പ്രൊഫ. ഷാർക്കോ.
രോഗികളെ നിർഭയം പരീക്ഷണവിധേയരാക്കുന്ന ഡോക്ടർ സഹപ്രവർത്തകൻ…
‘ ഇദ്ദേഹം സിദ്ധ വൈദ്യനാ’ ണെന്ന് കൈപ്പത്തിയിൽ തൊട്ടു നോക്കി അലറിയ ടുറിയും ഭാര്യയും.
റെയ്ൻ ഡീയർ തോലുകൊണ്ടുണ്ടാക്കിയ നിലത്തു മുട്ടുന്ന വെള്ളയുടുപ്പും ചുവന്ന രോമത്തൊപ്പിയും ധരിച്ച വഴി കാട്ടിയായ റസ്താൻ.
അങ്ങനെ എത്രയെത്ര അറിയപ്പെടാതെ പോയേക്കാവുന്ന അരികു വൽകൃത ചരിത്രങ്ങൾ ഇതിലുണ്ട്.
ഷാർകോ ഹിപ്‌നോടിസം പരീക്ഷണങ്ങൾക്കായി വലവീശിപ്പിടിച്ചപെൺകുട്ടികളുടെ വിവരണം, സൂചിപ്പിക്കുന്നത് തുറക്കാകെ കിടക്കുന്ന എപ്സ്റ്റീൻ ഫയലുകൾ ചരിത്രാതീത കാലം മുതലേ നിലനിന്നിരുന്നു എന്നാണ്.
ദേശാടനക്കിളികൾക്ക് ഒരു പ്രത്യേകസ്ഥാനമുണ്ട് സാൻ മിഷേലിന്റെ കഥയിൽ..അതുകൊണ്ടാണല്ലൊ ഈ പുസ്തകത്തിന്റെ റോയൽറ്റി കാപ്രിയിലെ പക്ഷിസങ്കേതത്തിനായി മാറ്റിവച്ചിട്ടുള്ളത്.
‘ പക്ഷികൾ അവയെ സ്‌നേഹിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ മനോഹരമായ ഈ ദ്വീപിലുള്ള എന്റെ ജീവിതത്തിൽ ഇത്രയും സന്തോഷം ഉണ്ടാകുമായിരുന്നോ? ഓരോ വസന്തത്തിലും ബഹുസഹസ്രം പറവകൾ വരുന്നതു കാണാൻ ഞാൻ ഇഷ്ടപ്പെട്ടു.എന്നിട്ടും അവ വരെരുതെന്ന് ആഗ്രഹിച്ചു പോയ സമയമുണ്ടായിരുന്നു. അകലെ കടലിനുമീതെ പറന്നകലാൻ വേണ്ടി വടക്കു ദൂരെയുള്ള എന്റെ സ്വന്തം നാടിനു നേരെ ഉയരങ്ങളിലുള്ള കാട്ടരയന്നങ്ങളോടൊപ്പം പറന്നു നീങ്ങാനുള്ള സൂചന കൊടുക്കാൻ കൊതിച്ചിരുന്നു’.. അത്രയ്ക്കും ക്രൂരമായിരുന്നു കിളികളെ വച്ചുള്ള കാപ്രിയിലെ ആചാരഘോഷങ്ങൾ.
‘സർവ്വശക്തനായ ദൈവത്തിന് പക്ഷികളെ ഇഷ്ടമാണെന്ന് എനിക്ക് തീർച്ചയുണ്ട്. അല്ലെങ്കിൽ തന്റെ മാലാഖകൾക്ക് നല്കിയതു പോലെ,അതേ ജോഡി ചിറക്കുകൾ പക്ഷികൾക്ക് നല്കുമായിരുന്നോ.?’ മുന്തേ ചോദിക്കുന്നു.
‘എല്ലാം ( പാരീസിലെ ടൈഫോയിഡ് എപ്പിഡെമിക് ) കെട്ടടങ്ങിയപ്പോൾ, ഇടത്തും വലത്തും നിന്ന് എനിക്ക് അഭിനന്ദനങ്ങൾ വന്നു. ഒരു കൊച്ചു പെൺകുട്ടിയുടെ ശവമടക്കാൻ വന്നവന് കാശുകൊടുക്കാനായി സ്വന്തം ഞായറാഴ്ച ഉടുപ്പുകൾ പോലും വിറ്റിട്ടുള്ള ആർക്കാഞ്ജലോ ഫസ്‌ക്കോവിനോട് (തൂപ്പുകാരൻ) ആരും ഒന്നും പറഞ്ഞില്ല.’
‘ബ്രിട്ടീഷ് സൈന്യത്തിൽ വിക്ടോറിയ ക്രോസ് ലഭിച്ചവരുടെ എണ്ണം കുറയാൻ കാരണമെന്താണെന്ന് അറിയാമോ? ഉയർന്ന തലത്തിലുള്ള ധീരതയ്ക്ക് ഒരിക്കലും വിക്ടോറിയ ക്രോസ് കിട്ടില്ല.കാരണം ഭാഗ്യം പിന്തുണയ്ക്കാത്ത ധീരത ചോരയൊലിക്കുന്ന മരണത്തിലേക്കാണ് വഴിയൊരുക്കുക’
അരികുജീവിതങ്ങളെ ഒഴിവാക്കിയുള്ള ചരിത്രമെഴുത്തിന്റെ വ്യർത്ഥത അനേകം ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു, മുന്തെ.
‘തങ്ങളുടെ പ്രാരാബ്ധങ്ങൾ വിവരിക്കാൻ വായതുറക്കുന്നതിനു മുമ്പെ തന്നെ രോഗികൾ കാശ് മേശപ്പുറത്തു വയ്ക്കണം.ശസ്ത്രക്രിയ നടക്കുന്നതിനു മുമ്പ് പാതിസംഖ്യ മുൻകൂറായി കൊടുക്കണമെന്ന പതിവുമുണ്ട് ചിലേടത്ത്. രോഗി കൊടുത്ത ചെക്കിന്റെ നിജസ്ഥിതി അറിയുന്നതിനു വേണ്ടി രോഗിയെ മയക്കത്തിൽ നിന്നുണർത്തുകയും ശസ്ത്രക്രിയ നീട്ടിവയ്ക്കുകയും ചെയ്ത സംഭവംഎനിക്കറിയാം..’ താനുൾപ്പെടുന്ന സമൂഹത്തെ നിശിതമായി വിവർശിക്കുന്നുണ്ട് മുന്തെ..
രോഗികളോടു ണ്ടായിരിക്കേണ്ട പ്രതിപത്തി ആമുഖത്തിലെ പറയുന്നുണ്ട്. ‘ ഒരു ഭിഷഗ്വരന് ഉല്ലാസത്തിനു വേണ്ടി സ്വയം പരിഹസിക്കാനുള്ള അവകാശം തീർച്ചയായും ഉണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ സഹപ്രവർത്തകരെപ്പോലും കളിയാക്കാം. എന്നാൽ തന്റെ രോഗികളെ പരിഹസിക്കാൻ അയാൾക്ക് അധികാരമില്ല. അവരോടൊപ്പം കണ്ണീരൊഴുക്കുന്നത് അതിലും മോശമാണ്. വിതുമ്പുന്ന ഡോക്ടർ ഒരു ചീത്ത ഡോക്ടറാണ്. വൃദ്ധനായ ഒരു വൈദ്യൻ തന്റെ ചാരുകസേരയിൽ ഇരുന്ന് ഓർമ്മക്കുറിപ്പുകൾ എഴുതാൻ തുടങ്ങുന്നതിനു മുമ്പ് രണ്ടു വട്ടമെങ്കിലും സ്വയം ആലോചിക്കണം’..
വായിച്ച പുസ്തകങ്ങളിൽ അതിശയിപ്പിച്ച ഒന്ന്….
മാതൃഭൂമി ബുക്‌സ് പ്രസിസീകരിച്ച സാൻ മിഷേലിന്റെ കഥയുടെ ആറാം പതിപ്പാണ് ഞാൻ വായിച്ചത്.
ആദ്യ പ്രതി വന്നിട്ട് ഒരു നൂറ്റാണ്ടിൽ അധികമായി.. ആക്‌സൽ മാർട്ടിൻ ഫ്രഡറിക് മുന്തെ (1857 1949) മരിച്ചു. മലയാളവിവർത്തകൻ എൻ.പി.അബ്ദുൾ നാസറും കടന്നുപോയി.. പുസ്തകം ഇന്നും തലയുയർത്തി നില്ക്കുന്നു. ഗരിമയോടെ, ദേശാടനക്കിളികളുടെ ആകാശത്തു നിന്നുള്ള കാഴ്ചയിലും… കണ്ണു കുത്തിപ്പൊട്ടിക്കപ്പെട്ട കിളികളുടെ കളകളാരവങ്ങളിലും.
വെറുതെയല്ല, മലയാളത്തിന്റെ പെരുന്തച്ചൻ, സാക്ഷാൽ എം ടി. പറഞ്ഞത് ‘ജീവിതത്തിൽ വിശ്വാസം വളർത്തുന്ന ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളുടെ പട്ടിക വളരെ ചെറുതായിരിക്കും. അതിൽ പെടുന്നു ആക്‌സൽ മുന്തെയുടെ സാൻ മിഷേലിന്റെ കഥ എന്ന്.
