കൗണ്ട് ഡൗൺ

ഡസ്‌ക്കിന്മേൽ തലവെച്ച് കിടക്കുകയായിരുന്നു അവൾ. പെട്ടെന്നാണ് എവിടെനിന്നോ ഒരു പേന വന്ന് അവളുടെ പുറത്ത് പതിച്ചത്. ഞെട്ടി പിന്തിരിഞ്ഞു നോക്കിയപ്പോൾ അത് സിദ്ധാർത്ഥിന്റെ പണിയായിരുന്നു. ‘ഇയ്യിടെയായി അനക്ക് ദിവാ സ്വപ്‌നം കാണുന്നത് കൊറച്ച് കൂടുതലാ, അതിനെങ്ങനാ ഇനി 11 ദിവസം കൂടിയല്ലേയുള്ളൂ ‘ അവൻ അവളെനോക്കി ഒരു ഇളിഞ്ഞ ചിരിയും പാസാക്കി ചോദിച്ചു. അത് കേട്ടു നിന്നവരും എന്തോ വലിയ തമാശ കേട്ടപോലെ ചിരിച്ചു. അവന്റെ ഉള്ളിൽ അവൾ പോകുന്നതിനുള്ള വിഷമമാണോ, സന്തോഷമാണോ എന്നെനിക്ക് വ്യക്തമായില്ല.
എന്നാൽ അത് കേട്ടതും അവളുടെ മുഖം ഇരുണ്ടു. അവൾ വീണ്ടും ഡിസ്‌കിലേക്ക് മുഖം പൂഴ്ത്തി. ഞാൻ അവളുടെ അടുത്തേയ്ക്ക് ചെന്നിരുന്നു. അവൾ കരയുകയാണോ എന്നോർത്ത് എന്റെ മനസ്സ് വിങ്ങി. ഞാൻ തല കുനിച്ച് ഡസ്‌ക്കിനടിയിലൂടെ അവളെ നോക്കി. അവൾ വിരലുകളിൽ കാര്യമായി എന്തോ കണക്കുകൂട്ടുകയായിരുന്നു. ‘എന്താടോ, ബി. എ ഇംഗ്ലീഷ് ക്ലാസ്സിൽ ഇത്ര കണക്ക് കൂട്ടാൻ ഷേക്‌സ്പിയറിന്റെ പ്രായമാണോ? ഞാൻ അവളുടെ മൂഡ് മാറ്റിഎടുക്കാനായി ചോദിച്ചു. ‘അല്ലെടാ, സിദ്ധു പറഞ്ഞപ്പോഴാണ് ഞാൻ എണ്ണുന്നത് എന്റെ കൗണ്ട് ഡൗണിന് ഇനി വെറും 11 ദിവസം ലെ, ഞാനോർത്തതേ ഇല്ല. അവനൊക്കെ ഇത്ര കൃത്യമായി കണക്ക് വെച്ചിരിക്കുകയാ ലെ ?’
അവൾക്ക് കൊടുക്കാൻ എന്റെ അടുക്കൽ തക്കതായ മറുപടി ഉണ്ടായിരുന്നില്ല.

‘അവനു വട്ടാ ‘ ഞാൻ നിസ്സാരമട്ടിൽ പറഞ്ഞൊഴിഞ്ഞു. അത് പറയുമ്പോൾ എന്റെ ഉള്ളും കത്തുകയായിരുന്നു. അവളില്ലാതെ ഒറ്റക്കാകുന്ന ക്ലാസ്സ്മുറിയെക്കുറിച്ച് ചിന്തിക്കാൻ കൂടി എനിക്കാകുമായിരുന്നില്ല. എനിക്ക് അത്രയും പ്രിയപ്പെട്ടവളായിരുന്നു അവൾ.

ദിവസങ്ങളോരോന്നായി കടന്നു പൊയ്‌കൊണ്ടിരുന്നു. അവളാകട്ടെ ഇപ്പോഴും ഇരുണ്ടുമൂടി കാണപ്പെട്ടു. ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു ‘നിനക്ക് ഈ കല്ല്യാണത്തിന് സമ്മതമല്ലായിരുന്നേൽ അത് വീട്ടിൽ തുറന്നു പറഞ്ഞൂടായിരുന്നോ ?എനിക്ക് തോന്നുന്നില്ല നിന്റെ വാപ്പിച്ചി നിന്റെ സമ്മതമില്ലാതെ ഒരു കല്യാണം നടത്തുമെന്ന്.
‘ശരിയാ, ഇപ്പോൾ എനിക്കും തോന്നാ സമ്മതിക്കേണ്ടിയിരുന്നില്ല എന്ന്.’
‘ഇനിയിപ്പോ ഈ അവസാന നിമിഷം പറഞ്ഞിട്ടെന്താ കാര്യം, വൈകിപ്പോയില്ലേ …?’
എന്റെ ശബ്ദം അറിയാതെ ഉയർന്നു.
‘മടുത്തിട്ടാണെടി സമ്മതം മൂളിയത്.’
‘എന്ത് മടുത്തിട്ട് ?’
‘ദെവസോമുള്ള ചായ കൊടുക്കലും, കെട്ടിയൊരുങ്ങി നിൽക്കലും’
‘നിയെന്നതാണീ പറയുന്നത്?’
‘അതെ ഡാ … വാപ്പിച്ചി ദെവസോം പൊറത്ത് പോയി വരുമ്പോൾ ആരെങ്കിലുമൊക്കെ ഉണ്ടാകും കൂടെ എന്നെ പെണ്ണുകാണിക്കാൻ. ഞാൻ ഒരു പ്രദർശന വസ്തു കണക്കേ നിന്നും, ചായകൊടുത്തും മടുത്തു. ഏതിനേലും ഞാൻ സമ്മതം പറഞ്ഞാൽ തീരുമല്ലോ ഇത്. അങ്ങനെ സഹികെട്ട് പറഞ്ഞു പോയതാ.
പക്ഷെ..പക്ഷെ..എടീ ഇത് എനിക്കിപ്പോൾ പേടിയാകുന്നു. ‘ അവളെന്റെ കൈകളിൽ അമർത്തിപ്പിടിച്ചു. അവളുടെ ഉള്ളകയുടെ തണുപ്പ് ഞാനറിഞ്ഞു.
അന്നൊരു ശനിയാഴ്ചയായിരുന്നു. അവളുടെ കോൾ വന്നു. ‘ എടീ ഞാനിനി ചൊവ്വാഴ്ച വരെ വരുള്ളൂ ക്ലാസ്സിൽ, എന്നോട് വീട്ടിൽ നിന്ന് ലീവാക്കാൻ പറഞ്ഞു.
‘ഉം’ ഞാനൊന്ന് മൂളുക മാത്രം ചെയ്തു.
അന്ന് തൊട്ട് അവൾക്ക് സമ്മാനിക്കാനായി ഞാൻ എന്തെല്ലാമാണ് വാങ്ങിക്കൂട്ടിയതെന്നോ, ചെയ്ത് കൂട്ടിയതെന്നോ… കാരണം, എത്ര കൊടുത്താലും മതിയാവില്ലായിരുന്നു എനിക്ക്. അങ്ങനെ ഒരു ദിവസം ഞാൻ അവളോട് നിനക്ക് എന്താ വേണ്ടതെന്ന് ചോദിച്ചു.
‘എനിക്ക് നീ പുസ്തകം തന്നാൽ മതി. അവിടെ അമ്മായിയമ്മയുടെ മുഖം നോക്കി ഇരിക്കണ്ടല്ലോ’ അതും പറഞ്ഞവൾ ചിരിക്കാൻ ശ്രമിച്ചെങ്കിലും എന്റെ മുന്നിലായതുകൊണ്ട് ദയനീയമായി പരാജയപ്പെട്ടു. കെ. ആർ മിരയും, പൗലോ കൊയിലോയുമായിരുന്നു അവളുടെ പ്രിയപ്പെട്ട എഴുത്തുകാർ.
പൗലോ കൊയ്‌ലോയുടെ ‘”By the river Piadra I sat down and wept” അവളുടെ ഫേവറേറ്റ് പുസ്തകം ആയിരുന്നു.
സിദ്ധു പറഞ്ഞപോലെ അവളുടെ കൗണ്ട് ഡൗൺ ദിവസം വന്നു. ഞങ്ങളെല്ലാവരും അവളെ സ്‌നേഹ സമ്മാനങ്ങൾ കൊണ്ട് മൂടി. ആർക്കൊക്കെയോ വേണ്ടിയവൾ ചിരിയണിഞ്ഞു. ഭക്ഷണം കഴിച്ച് ഞങ്ങൾ അവളോട് യാത്ര പറയാനായി ചെന്നു. ‘ഞാൻ പോട്ടെടി ‘ എന്ന് ഞാൻ പറഞ്ഞതും അവളെന്നെ കെട്ടിപ്പിടിച്ചു. ‘ഒരുമ്മ താടി എനിയ്ക്ക് എന്നും പറഞ്ഞ് ഞാനത് ചോദിച്ചു വാങ്ങി. പെട്ടെന്നവൾ കരയാൻ തുടങ്ങി. ഇത്ര ദിവസം പിടിച്ചു വെച്ച കണ്ണീർ അണപൊട്ടിയൊഴുകി. ഒരു നിമിഷം അവളുടെ
കണ്ണീരിന് അവളുടെ ആ കുഞ്ഞു നാടിനെ മുക്കി കളയാൻ ശേഷി ഉണ്ടെന്നെനിക്ക് തോന്നി.
അവളുടെ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഞാൻ അവളുടെ വീട്ടിലേക്ക് വിളിച്ച് അവളുടെ ഹസ്ബന്റിന്റെ നമ്പർ വാങ്ങി. എനിക്കവളുടെ ശബ്ദം പോലും വല്ലാതെ മിസ് ചെയ്തിരുന്നു. ഞാൻ വിളിച്ചപ്പോൾ അവൾ നല്ല തിരക്കിലായിരുന്നു. അതോ തിരക്ക് അഭിനയിച്ചതാണോ എന്നറിയില്ല. നാളെ വിളിക്കാം എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു.
ഒരു ദിവസം ഞാൻ ഫ്രണ്ട് സുമൊത്ത് മാനാഞ്ചിറയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഫോൺ റിങ് ചെയ്തത്. അവളുടെ പേര് കണ്ടതും എന്റെ കണ്ണ് തെളിഞ്ഞു.
‘ആ പറയെടി ‘
ഫോൺ എടുത്തതും മറു തലക്കൽ മൂളക്കം മാത്രം.
‘ഉം.കോളേജിൽ എന്തുണ്ട് വിശേഷം’
‘പ്രത്യേകിച്ചൊന്നുമില്ല നിന്നെ എല്ലാരും അന്വേഷിക്കുന്നുണ്ട്. ടീച്ചേഴ്‌സും ചോദിച്ചു. നീ ഡിഗ്രി കംപ്ലീറ്റ് ആക്കില്ലേ എന്ന്.’
‘ഹാ…എല്ലാരോടും എന്റെ അന്വേഷണം പറ.’
‘അതൊക്കെ പറയാം, നീ ഇനി വരില്ലേ കോളേജിലേക്ക്’
‘ഹലോ…ഹലോ…നീ അവിടെയുണ്ടോ ‘
‘ഉം ‘

‘പറ പെണ്ണേ വരില്ലേ?’
‘അതൊന്നും അത്ര എളുപ്പമല്ലേടി ‘
‘നി നിന്റെ കെട്യോനോട് പറഞ്ഞില്ലേ ?’
‘ഹലോ, നീ എന്താ മിണ്ടാത്തത് ?’
പിന്നെ ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ഒരു ഏങ്ങൽ കേട്ടു. അവളുടെ ശ്വാസഗതി ഉയർന്നും താഴ്ന്നും പോകുന്നത് എന്റെ ചെവിലടിച്ചു.
‘നീ കരയാണോ…..അയ്യേ.. എന്റെ മോള് ഹാപ്പി അല്ലേ..’ ഞാൻ വിഷയം മാറ്റാനായി ചോദിച്ചു.
‘ഉം..’ വീണ്ടും ഒരു മൂളൽ
‘പിന്നെന്താ പറ, അവിടെ ഒരുപാട് ജോലിയുണ്ടോ ? അതോ അമ്മായിയമ്മ വില്ലത്തിയാണോ ?
‘ഏയ് അതൊന്നുമല്ല.’
‘പിന്നെന്താ ഡീ….?’
‘ഒന്നുമില്ലെടി..ഞാൻ ഹാപ്പി ആണ് പോരെ…
‘ഹ..എനിക്ക് അത് മാത്രം കേട്ടാൽ മതി.’ ഞാൻ ആശ്വസിച്ചു.’
‘പിന്നേ ഡീ’
‘പറ കുരിപ്പേ’
‘നീ ഒരിക്കലും കല്യാണം കഴിക്കരുത് ട്ടോ. നിന്റെ സ്വപ്‌നവും, ആഗ്രഹവും ആർക്ക് മുന്നിലും അടിയറവ് വെയ്ക്കരുത്. നീ നീയായിട്ട് ജീവിച്ചാൽ മതി.
അത്രേം ഒരു ശ്വാസത്തിന് പറഞ്ഞൊപ്പിച്ച് അവൾ ഫോൺ കട്ട് ചെയ്തു. എന്റെ ചെവിയിൽ അവളുടെ അടക്കിപ്പിടിച്ച ഏങ്ങൽ മുഴങ്ങുന്നുണ്ടായിരുന്നു.

വര : ഷബാന ഹനീഫ്

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added