ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്

സ്വാതി. ആർ-ന്റെ കഥാലോകം,മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളെയും സ്ത്രീപക്ഷ കാഴ്ച്ചപ്പാടുകളെയും അടയാളപ്പെടുത്തുന്നവയാണ് . ലളിതവും ഹൃദ്യവുമായ ശൈലിയിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങളെ വായനക്കാരിലേക്ക് എത്തിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ‘തിരുനിഴൽ വേല’ എന്ന കഥയിലൂടെ ആചാരങ്ങൾക്കും വിശ്വാസങ്ങൾക്കും പിന്നിലെ മനുഷ്യരുടെ ആന്തരിക സംഘർഷങ്ങളെയും പരസ്പരബന്ധങ്ങളിലെ സങ്കീർണ്ണതകളെയും വിനിമയം ചെയ്യുമ്പോൾ, ‘മാളം’ എന്ന കഥയിലൂടെ വ്യവസ്ഥിതികളുടെ കെട്ടുപാടുകളിൽ ശ്വാസംമുട്ടുന്ന സ്ത്രീയുടെ സ്വത്വത്തെയും അവളുടെ പ്രതിരോധങ്ങളെയും ശക്തമായ സ്ത്രീപക്ഷ കാഴ്ച്ചപ്പാടോടെയാണ് അവർ അവതരിപ്പിക്കുന്നത്. ‘വലിയങ്ങാടിക്കടുത്തൊരു വീട്ടിൽ’ എന്ന കഥയാകട്ടെ, നഗരവൽക്കരണത്തിൻ്റെയും സാമൂഹിക മാറ്റങ്ങളുടെയും പശ്ചാത്തലത്തിൽ മനുഷ്യർക്കിടയിൽ ഉണ്ടാകുന്ന അകൽച്ചകളെയും അതിനിടയിലും നിലനിൽക്കുന്ന ജീവസ്സുറ്റ ബന്ധങ്ങളെയും ലളിതവും ആഴവുമുള്ള ഭാഷയിൽ വരച്ചുകാട്ടുന്നു. ചുറ്റുമുള്ള ജീവിത യാഥാർത്ഥ്യങ്ങളെയും സാധാരണക്കാരായ മനുഷ്യരുടെ നിസ്സഹായാവസ്ഥകളെയും ഭാവനാത്മകമായി കൂട്ടിയിണക്കുന്നതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധതയാണ് ഇക്കഥകളിലൂടെ പങ്കുവെക്കുന്നത്.

വെറും കഥാഖ്യാനങ്ങൾക്കപ്പുറം, മനുഷ്യൻ്റെ ആന്തരിക ലോകത്തെയും സാമൂഹിക വ്യവസ്ഥകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വലിയ ദർശനം ആർ. സ്വാതിയുടെ കഥകളുടെ അന്തർധാരയായി വർത്തിക്കുന്നുണ്ട്. ഈ രചനയും ആ ഗണത്തിൽ ഉൾപ്പെടുന്നു

ഈ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച, ആർ. സ്വാതിയുടെ ‘ഭയപ്പെടേണ്ട, ഞാൻ നിന്നോടു കൂടെയുണ്ട്’ സങ്കീർണ്ണവും പലതലങ്ങളിലായി വായിക്കേണ്ടതുമായ മികച്ച കഥാഖ്യാനമാണ്. പുറത്ത് നിന്നു നോക്കുമ്പോൾ കഥ ഒരാത്മഹത്യയെ ചുറ്റിപ്പറ്റിയുള്ള ഗ്രാമീണ കൗതുകത്തിന്റെയോ പ്രതികാരത്തിന്റെയോ കഥയായി തോന്നാമെങ്കിലും, ആഴങ്ങളിലേക്ക് ഇറങങ്ങിയാൽ സ്ത്രീശരീരത്തെയും അവളുടെ സ്വകാര്യതയെയും ചുറ്റിപ്പറ്റിയുള്ള സാമൂഹിക ഭീകരതയുടെയും കപടസദാചാരത്തിന്റെയും കൃത്യമായ വിചാരണയായി മാറുന്നു. ത്രേസ്യ എന്ന ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയുടെ മരണവും അതിനെത്തുടർന്ന് വെളിപ്പെടുന്ന നാട്ടുമ്പുറത്തെ ഗോസിപ്പുകളും ആസക്തികളും ഭയവും ക്രോധവുമെല്ലാം ഈ കഥയിൽ ഉള്ളടങ്ങിയിട്ടുണ്ട്. ആഖ്യാന ഘടനയും പ്രധാന മാണ്. തേഡ് പേഴ്സൺ ആഖ്യാനത്തിലൂടെയാണ് കഥ പറയുന്നതെങ്കിലും, പതിനാറുകാരനായ ശ്രീരാഗിന്റെ കാഴ്ചയിലൂടെ മാത്രം കാര്യങ്ങൾ വെളിപ്പെടുന്നതിനാൽ അവിശ്വാസനീയത വായനക്കാരിൽ ഉണ്ടാക്കുന്നുണ്ട്. കൗമാരത്തിന്റെ ലൈംഗിക-വൈകാരിക ഉണർവ്, കുറ്റബോധം, ആരാധന, ദേഷ്യം എന്നിവയാൽ നിറഞ്ഞ ഒരു പ്രത്യേക ഫിൽട്ടറിലൂടെയാണ് നമ്മെ ത്രേസ്യയെ നമ്മെ കാണി ക്കുന്നത്. ആദ്യം മരണം സംഭവിക്കുകയും പിന്നീട് ജീവിതത്തിലേക്കും ഒടുവിൽ ക്ലൈമാക്സിലെ അക്രമത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ഈ രേഖീയമല്ലാത്ത ആഖ്യാനശൈലി അസ്വസ്ഥമായ സവിശേഷ ആത്മബന്ധം വായനക്കാരനുമായി സ്ഥാപിക്കുന്നുണ്ട്.

ത്രേസ്യയുടെ ജീവിതത്തെഘട്ടംഘട്ടമായി വെളിപ്പെടുത്തുന്നതിലൂടെ വായനക്കാരെയും ഗ്രാമീണ നിരീക്ഷണങ്ങളുടെ ഭാഗമാക്കാൻ കഥാകൃത്തിന് കഴിയുന്നു.

ഈ ആഖ്യാനത്തിന് കരുത്തുപകരുന്നത് അതിസൂക്ഷ്മവും തൊട്ടറിയാവുന്നതുമായ (Haptic )ഭാഷാപ്രയോഗങ്ങളാണ്. മണങ്ങൾ, ശബ്ദങ്ങൾ, lശരീരഭാവങ്ങൾ എന്നിവയിലൂടെ ഗ്രാമീണ യാഥാർത്ഥ്യത്തെ ഭൗതികമായി അവതരിപ്പിക്കാൻ എഴുത്തുകാരിക്ക് കഴിഞ്ഞിട്ടുണ്ട്. ‘ഗൾഫ് പെർഫ്യൂമിന്റെ മണം’ എന്ന ആധുനിക ഉപഭോക്തൃ സംസ്കാരത്തെ ‘പട്ടിണിയിൽ തൂങ്ങി ഉണങ്ങിയ വാഴയില’ എന്ന ക്രൂരമായ ദാരിദ്ര്യത്തോട് ചേർത്തുവെക്കുന്നതും, സ്ത്രീശരീരത്തെ ഒരു കമ്മോഡിറ്റിയാക്കുന്ന പുരുഷഭാഷയുടെ നഗ്നരൂപമായ ‘ആറടി ഐറ്റം’ എന്ന പ്രയോഗവുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. പോർക്ക്, കൂർക്ക, ചാണകം, മൂത്രം എന്നിവയുടെ ആവർത്തനത്തിലൂടെ ശരീരത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളെയും ത്രേസ്യയുടെ ബിസിനസ്സ് ലോകത്തെയും കഥാകൃത്ത് അടയാളപ്പെടുത്തുന്നു.

ത്രേസ്യയെ വായിക്കുമ്പോൾ വ്യവസ്ഥിതിയോട് കലഹിക്കുന്ന ഒരു റാഡിക്കൽ രൂപമായി തോന്നിപ്പിക്കും . സാമ്പത്തിക സ്വാതന്ത്ര്യവും ശാരീരിക സ്വയംപര്യാപ്തതയും മതപരമായ വ്യത്യസ്തതയുമുള്ള ത്രേസ്യ ഒരു ക്ലാസിക് അൺഹീറോയിൻ ആണ്. “ഇടങ്കൈ കൊണ്ട് എപ്പോഴും മച്ചിൽ തൊടും” എന്ന വിവരണം അവളുടെ ശരീരവലിപ്പം മാത്രമല്ല കാണിക്കുന്നത്, മറിച്ച് സമൂഹം സ്ത്രീകൾക്കായി നിർമ്മിച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകൾക്കും മുറികൾക്കും ഒതുങ്ങാത്ത അവളുടെ ആന്തരിക സ്വാതന്ത്ര്യത്തിന്റെ ഉയരം കൂടിയാണ്. സമൂഹം അവളെ എപ്പോഴും ഒരു അന്യയായോ സംശയവസ്തുവായോ ആണ് കണ്ടത്. സ്ത്രീയെ എപ്പോഴും ഒരു മറ്റൊന്ന് (Other) ആയി നിർമ്മിക്കുന്ന പുരുഷാധിപത്യം അവളുടെ ഏകാന്തതയെയും സാമ്പത്തികസ്വാതന്ത്ര്യത്തേയും ഭീഷണിയായി കാണുന്നു.

അതുകൊണ്ടുതന്നെ അവളുടെ മരുന്നുകൾ പരിശോധിക്കുന്നതും കത്തുകൾ വായിക്കുന്നതുമെല്ലാം ഫെമിനിസ്റ്റ് ദൃഷ്ടിയിൽ അവളുടെ പ്രൈവസിക്ക് മേലുള്ള ഒരുതരം ‘എപ്പിസ്റ്റമിക് വയലൻസ്’ ആണ്( ശാരീരികമായ അക്രമമല്ല, അറിവ്, ചിന്താഗതി, സംസ്‌കാരം എന്നിവയിലൂടെ ഒരു ജനവിഭാഗത്തെ അടിച്ചമർത്തുന്ന രീതി )ജീവിച്ചിരുന്നപ്പോൾ അവളുടെ ശരീരം പുരുഷദൃഷ്ടിയുടെ ഇരയായിരുന്നുവെങ്കിൽ മരണശേഷവും അതിന് മാറ്റമില്ല. മരിച്ചുകിടക്കുന്ന സ്ത്രീയുടെ നഗ്നതയെക്കുറിച്ച് ചിന്തിക്കുന്ന ദിനേശന്റെ അവസാന സീൻ പുരുഷാധിപത്യത്തിന്റെ നഗ്നമായ നെക്രോഫിലിക് ആസക്തിയെയാണ് തുറന്നുകാട്ടുന്നുണ്ട് . ഈ പശ്ചാത്തലത്തിൽ ഹോർലിക്സ് കുപ്പിയിൽ അവൾ അവശേഷിപ്പിച്ചുപോയ കത്തിലെ‘എനിക്ക് പൊറുതി തരാത്ത ഒരാളും വീട്ടിലുള്ളവരേം കെട്ടിപ്പിടി ച്ച് സുഖായി ഉറങ്ങാമെന്ന് വിചാരി ക്കേണ്ട. എല്ലാത്തിനും കണക്കുണ്ട്’എന്ന വരികൾ മരണശേഷവും അവൾ,അവസാനത്മായി നടത്തുന്ന ശക്തമായ പ്രതിരോധമായി മാറുന്നു.

കേരളീയ പൊതുസമൂഹത്തിന്റെ കപട സദാചാരത്തെയും മൂലധന രാഷ്ട്രീയത്തേയും കഥ ശക്തമായി വിചാരണ ചെയ്യുന്നുണ്ട്. പകൽസമയത്ത് ദാനധർമ്മങ്ങൾ നടത്തി സമൂഹത്തിന് മുന്നിൽ ഉദാരമനസ്കനായി നടക്കുകയും രാത്രിയിൽ കാമഭ്രാന്ത് കാട്ടുകയും ചെയ്യുന്ന ദിനേശൻ മലയാള പുരുഷന്റെ ഇരട്ടത്താപ്പിന്റെ പ്രതീകമാണ്. അതുപോലെ, ത്രേസ്യയുടെ പന്നിയിറച്ചി വ്യാപാരത്തെ അശുദ്ധമായി കാണുന്ന മോഹനന്റെ അമ്മയുടെ നിലപാടുകൾ ശുദ്ധി-അശുദ്ധി എന്ന സനാതന സങ്കൽപ്പങ്ങളെയും, ‘ക്രിസ്ത്യാനിയാണ്, കയ്യിൽ പൈസയുണ്ടാകും’എന്ന ദിനേശന്റെ വാക്കുകൾ നമ്മുടെ നവ-വർഗീയ ജാതീചിന്തകളെയും അടയാളപ്പെടുത്തുന്നു. ത്രേസ്യ മരിച്ചയുടൻ തന്നെ അവളുടെ സാധനങ്ങൾ തൊഴുത്തിലേക്ക് എറിഞ്ഞ് വീട് മറ്റൊരാൾക്കായി ഒരുക്കുന്ന ഉടമസ്ഥൻ മുതലാളിത്തത്തിന്റെ കരുണയില്ലായ്മയെ കാണിക്കുന്നു. ഒരു നന്ദിയുമില്ലാതെ എത്ര പെട്ടെന്നാണ് ഒരു വീട് മറ്റൊരാൾക്ക് വഴങ്ങിക്കൊടുക്കുന്നത് എന്ന ശ്രീരാഗിന്റെ നിരീക്ഷണം സ്ത്രീയുടെ അസ്തിത്വത്തിന്റെ അസ്ഥിരതയെക്കൂടിയാണ് വ്യക്തമാക്കുന്നത്.

കഥയിലെ കഥാപാത്രങ്ങൾ വ്യത്യസ്തമായ മാനസികാവസ്ഥകളെ പ്രതിഫലിപ്പിക്കുന്നുണ്ട്. ത്രേസ്യ ക്ലിനിക്കൽ ഡിപ്രഷന്റെയും ഏകാന്തതയുടെയും ട്രോമയുടെയും ഇരയാണ്. ചിതലരിച്ച മരസാമാനങ്ങളും വെള്ളക്കഴുത്തുള്ള കിളികളുമുള്ള അവളുടെ തിരുവല്ലയിലെ ഭൂതകാലം ഒരു വ്യക്തിചരിത്രത്തിന്റെ അടയാളപ്പെടുത്തലാണ്. അലമാര നിറയെ പുസ്തകങ്ങൾ ഉണ്ടായിരുന്നിട്ടും അതിൽ തൊടാൻ അവൾ ആരെയും അനുവദിക്കാത്തത് സമൂഹത്തിന് അപ്രാപ്യമായ അവളുടെ ആന്തരിക ലോകത്തിന്റെ പ്രതീകമാണ്. അതേസമയം ശ്രീരാഗ് എന്ന പതിനാറുകാരന്റെ മനസ്സ് ആരാധനയും കുറ്റബോധവും നിറഞ്ഞതാണ്. അവന് ത്രേസ്യ ഒരേസമയം മാതൃരൂപവും ഒരു ഡിസയർ ഒബ്ജക്റ്റുമായിരുന്നു. ത്രേസ്യയുടെ മരണശേഷം അവനുണ്ടാകുന്ന ‘അകാലവാർദ്ധക്യം’ മനുഷ്യരുടെ ഉള്ളിലെ മൃഗീയത കണ്ടറിഞ്ഞ ഒരു കൗമാരക്കാരന്റെ മാനസിക ക്ഷീണമാണ്. ഒടുവിൽ ദിനേശന് നേരെ അവൻ നടത്തുന്ന അക്രമം ത്രേസ്യയെ രക്ഷിക്കാൻ കഴിയാത്തതിന്റെ കുറ്റബോധത്തിൽ നിന്നും ദിനേശന്റെ അശ്ലീലതയോടുള്ള കടുത്ത അറപ്പിൽ നിന്നും ഉണ്ടായ ഒരു തരം ഡിസ്പ്ലേസ്ഡ് അഗ്രഷനാണ് (നമ്മെ ദേഷ്യം പിടിപ്പിച്ച യഥാർത്ഥ വ്യക്തിയോടോ സാഹചര്യത്തോടോ അത് പ്രകടിപ്പിക്കാൻ കഴിയാതെ വരുമ്പോൾ, ആ ദേഷ്യം താരതമ്യേന ദുർബലനായ അല്ലെങ്കിൽ നിരപരാധിയായ മറ്റൊരു വ്യക്തിയുടെയോ വസ്തുവിന്റെയോ മേൽ തീർക്കുന്ന പ്രവണത )

കഥയിലെ പ്രതീകങ്ങൾക്കെല്ലാം രാഷ്ട്രീയ അർത്ഥകല്പന കളുണ്ട്. ത്രേസ്യയുടെ ജീവനോപാധിയായ പശുക്കളിൽ ഒരെണ്ണം ചാടിപ്പോകുന്നത് വ്യവസ്ഥിതിയുടെ കെട്ടുപാടുകളിൽ നിന്നും രക്ഷപ്പെടുന്ന ത്രേസ്യയുടെ ആത്മാവിനെ ഓർമ്മിപ്പിക്കുന്നു. അവളുടെ അടുക്കളയിലെ പൂത്ത ബ്രെഡും പല്ലികുടുംബവും പുറമേക്ക് കാട്ടിയ കരുത്തിനപ്പുറം അവൾ ഉള്ളിലനുഭവിച്ച ദാരിദ്ര്യത്തിന്റെ നേർച്ചിത്രമാണ്. കഥയുടെ ഏറ്റവും ഒടുവിൽ വരുന്ന ‘ഇവ്വണ്ണത്തിലൊരു പാമ്പ്’എന്ന പ്രയോഗം കേവലം ദിനേശനെ മാത്രം ഉദ്ദേശിച്ചുള്ളതല്ല; സ്ത്രീയെ വെറും ശരീരമായി മാത്രം കാണുന്ന പുരുഷാധിപത്യത്തിന്റെ വിഷലിപ്തമായ ലൈംഗിക വൈകൃതങ്ങളുടെ പ്രതീകം കൂടിയാണത്.

ചരിത്രപരമായി, മധ്യതിരുവിതാംകൂറിൽ നിന്നും മലബാറിലെ മുതുവാനിക്കുന്നിലേക്ക് കുടിയേറിയ ഒരു സ്ത്രീയുടെ അതിജീവനശ്രമങ്ങളെയും, കേരളീയ മോഡേണിറ്റിയുടെ ഇരുണ്ട വശങ്ങളെയും ഈ കഥ പ്രതിഫലിപ്പിക്കുന്നുണ്ട്. ത്രേസ്യ കയറിൽ തൂങ്ങി മരിച്ചതാണെങ്കിലും അവളെ കൊന്നത് യഥാർത്ഥത്തിൽ ഗ്രാമത്തിന്റെ സദാചാരനോട്ടവും നിരന്തരമായ നിരീക്ഷണവും ഏകാന്തതയെ കുറ്റമാക്കുന്ന സാമൂഹിക മനോഭാവവുമാണ്. അതിനാൽ ഇതൊരു ആത്മഹത്യയല്ല, മറിച്ച് ഒരു സാമൂഹിക കൊലപാതകമാണ്. ദിനേശനെ ഷട്ടറിനുള്ളിലാക്കി പൂട്ടിക്കൊണ്ട് ശ്രീരാഗ് നടത്തുന്ന പ്രതികാരം സ്ത്രീശരീരത്തെ വിഴുങ്ങാൻ ശ്രമിക്കുന്ന പുരുഷനോട്ടത്തിനെതിരായ അക്രമാത്മകമായ ഒരു പ്രതിരോധമായി മാറുന്നു. മലയാള സാഹിത്യത്തിലെ മികച്ച ഫെമിനിസ്റ്റ്-റിയലിസ്റ്റ് രചനകളോട് ചേർത്തുനിൽക്കാവുന്ന ഈ കഥ, വായനക്കാരെ അസ്വസ്ഥമാക്കുകയും സ്വയം പരിശോധനയ്ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന മികച്ച കഥ തന്നെ.

Share this:

Recently added