കണ്ണീരാഴങ്ങളിൽ ഒരു ബാല്യം

പലരും എന്നോട് ചോദിക്കാറുണ്ട്…
“നീ എത്ര ഹാപ്പിയാണ്… നിന്റെ ജീവിതം എത്ര മനോഹരമാണ്… ഒരിക്കലും ചിരിയില്ലാതെ കണ്ടിട്ടില്ല…” എന്ന്…

പക്ഷേ അവർ അറിയാത്തൊരു സത്യമുണ്ട്…
ചിലരുടെ ചിരി സന്തോഷത്തിന്റെ ഭാഷയല്ല…
അത് തകർന്നുപോകാതിരിക്കാൻ ആത്മാവ് പഠിച്ച ഒരു അതിജീവനമാണെന്ന്….

ശരിക്കും എന്റെ ജീവിതത്തിൽ സന്തോഷിക്കാൻ എന്താണുണ്ടായിരുന്നത്…?
ചിരിക്കാൻ എന്താണുണ്ടായിരുന്നത്…?
എന്നാലും ഞാൻ ചിരിച്ചു…
കാരണം കരഞ്ഞാലും കേൾക്കാൻ ആരുമില്ലായിരുന്നു…

ബാല്യം…
അതെനിക്ക് കളിപ്പാട്ടങ്ങളോ വർണങ്ങളോ തന്നില്ല…
ഭീകരതയും കണ്ണീരുമാണ് സമ്മാനിച്ചത്…

അച്ഛനും അമ്മയും കൂടപ്പിറപ്പുകളും ബന്ധുക്കളും ഉണ്ടായിരുന്നിട്ടും…
ഞാൻ ജീവിച്ചത് ഒരു അനാഥയെ പോലെ…
അച്ഛനെ “അച്ഛാ…” എന്ന് വിളിക്കാൻ പോലും കഴിയാത്ത ബാല്യം …
അമ്മയാണെങ്കിൽ സ്നേഹത്തിന്റെ തണലല്ല…
ക്രൂരതയുടെ നിറകുടം…

പിന്നീട് ഞാൻ കേട്ട കഥകളിൽ…
എന്നെ പ്രസവിച്ച ഉടനെ ഒരു തുണിയിൽ പൊതിഞ്ഞ് കൊല്ലാൻ വെച്ചിരുന്നുവത്രേ…
ആ കഥ ഞാൻ കേട്ടത് അയൽവാസികളിൽ നിന്നും…
ഇപ്പോൾ എനിക്ക് അമ്മയുടെ കരുതൽ ആദ്യമായി കിട്ടിയ മേബിൾ ചേച്ചിയും തങ്കമ്മ അമ്മായിയിലും നിന്നുമാണ്…

വേനലവധികൾ കുട്ടികൾക്ക് ആഘോഷമായിരുന്നു…
എനിക്ക് അത് ഭയമായിരുന്നു…
കാരണം അവധിക്കാലം എന്നത് കളിയല്ല… ജോലിയായിരുന്നു…

നാലാം ക്ലാസ്സിലെ ഒരു വെക്കേഷൻ…
അമ്മ എന്നെ ഒരു വലിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി…
ഒരു തുണിക്കവറിൽ കുറച്ച് ഉടുപ്പുകൾ മാത്രം…

അവിടെ എന്നെ ആദ്യം വരവേറ്റത് ഒരു ഭീകരനായ നായയായിരുന്നു…
ടീച്ചറമ്മയും കുഞ്ഞച്ചൻ സാറും നാട്ടുകാർതന്നെയാണ് …
സുനിലേട്ടനും സുധകുഞ്ഞേച്ചിയും അവരുടെ മക്കൾ അവിടെയുണ്ടായിരുന്നു…
അവരെല്ലാം എനിക്കാരൊക്കെയോ ആയി…
പക്ഷേ ഞാൻ അവിടെ ഒരു കുട്ടിയല്ലായിരുന്നു…
ഒരു ചെറുപ്രായക്കാരി ജോലിക്കാരി മാത്രമായിരുന്നു…

പുലർച്ചെ നാല് മണിക്ക് എഴുന്നേൽക്കണം…
വലിയ പശുതൊഴുത്തിലെ ചാണകം വാരി വൃത്തിയാക്കണം…
തൊഴുത്ത് കഴുകണം… പശുക്കളെ കുളിപ്പിക്കണം…

ആദ്യമായി പശുവിനെ അടുത്ത് കണ്ടപ്പോൾ ഞാൻ വിറച്ചുപോയിരുന്നു…
ആ വലിയ തൂമ്പ എടുത്ത് ചാണകം വാരാൻ ശ്രമിക്കുമ്പോൾ പലതവണ കൈ വഴുതി വീണിട്ടുണ്ട്…
ആ കുഞ്ഞിക്കൈകൾക്ക് അത്ര ഭാരം താങ്ങാനായിരുന്നില്ല…

ശേഷം പാൽ കുപ്പികൾ തോളിൽ തൂക്കി വീടുവീടായി കയറണം…
ആ ഭാരം കൊണ്ട് ചെറുശരീരം കുനിഞ്ഞുപോയ ദിവസങ്ങൾ…
തിരികെ എത്തിയാൽ ടീച്ചറമ്മ സ്നേഹത്തോടെ തരുന്ന ആഹാരം…
അതായിരുന്നു ആ ദിവസങ്ങളിലെ ഏക ആശ്വാസം…

പിന്നീട് അതെല്ലാം പതിവായി മാറി…
കൂട്ടുകാർ അവധിക്കാല വിശേഷങ്ങൾ പറയുമ്പോൾ…
ഞാൻ കേട്ടിരുന്നത് കഥകൾ പോലെ…
കാരണം അങ്ങനെയൊരു ബാല്യം എനിക്ക് ഉണ്ടായിരുന്നില്ല…

അങ്ങനെ ഒരവധിക്കാലത്ത്…
അമ്മ എന്നെ കേരളത്തിന്റെ പുറത്തേക്ക് അയച്ചു…
അത് ഒരു യാത്രയാണെന്ന് ഞാൻ കരുതി…
പക്ഷേ അത്… തിരിച്ചു വരവില്ലാത്തൊരു വഴിയായിരുന്നു…

നാട്ടിൽ നിന്ന് പരിചയക്കാരായ ചില ചേച്ചിമാരുമുണ്ടായിരുന്നു കൂടെ…
ആ യാത്ര അവസാനിച്ചത് ഹൊണ്ണാവറിലെ “പ്രിയ ഫുഡ്സ്” എന്ന സീഫുഡ് കമ്പനിയുടെ മുന്നിലായിരുന്നു…

ഒരു പന്ത്രണ്ടുകാരിക്ക് അത് മറ്റൊരു ലോകം പോലെയായിരുന്നു…
ആകെ ഉണ്ടായിരുന്ന പ്രതീക്ഷ…
“സ്കൂൾ തുറക്കുമ്പോൾ നാട്ടിലേക്ക് മടങ്ങാമല്ലോ…” എന്നത് മാത്രം…

പല ഭാഷകൾ സംസാരിക്കുന്ന മനുഷ്യർ…
പരിചിതമല്ലാത്ത സ്ഥലം…
കരയാൻ കണ്ണീർ പോലും വരാത്തൊരു മരവിപ്പ്…
അത് അനുഭവിച്ച ആ പന്ത്രണ്ടുകാരിക്കേ മനസ്സിലാകൂ…

പിന്നീടുള്ള ദിവസങ്ങൾ എഴുതാനോ വിവരിക്കാനോ കഴിയുന്നതിലും ഭീകരമായിരുന്നു…

പുലർച്ചെ മൂന്ന് മണിക്ക് അലാറം മുഴങ്ങും…
ഉറക്കമിഴികൾ പോലും തുറക്കാതെ ജോലിക്കിറങ്ങണം…

കമ്പനിക്കുള്ളിൽ ഖോരമായ തണുപ്പ്…
ചെമ്മീൻ കൂമ്പാരങ്ങൾ… കൂന്തൽ… കട്ടിൽഫിഷ്…
ആ കാഴ്ചകൾ കണ്ടാൽ തന്നെ പേടിയായിരുന്നു…

വാലൊന്നും പൊട്ടാതെ സൂക്ഷിച്ചു വൃത്തിയാക്കണം…
മുള്ളുകൾ കൈയിൽ കയറുമ്പോൾ അറിയാതെ കണ്ണീർ വരും…

പുലർച്ചെ മുതൽ വൈകുന്നേരം വരെ ജോലി…
ഐസിൽ കുതിർന്ന് കൈകൾ മുഴുവൻ മുറിവായി…
ആ നീറ്റലിൽ ഭക്ഷണമോ ദാഹമോ ഇല്ലാതെ ഇരുന്ന് കരഞ്ഞ ദിവസങ്ങൾ…

ചോറിൽ കൈ മുക്കുമ്പോൾ പോലും അസഹനീയമായ നീറ്റൽ…
അപ്പോൾ ആരൊക്കയോ ചേച്ചിമാർ വാരി തന്നിട്ടുണ്ട്…
അപരിചിതരായ ചിലർ ചിലപ്പോൾ സ്വന്തം ആളുകളേക്കാൾ കരുതൽ തന്നിട്ടുണ്ട്…

പിന്നീട് സ്കൂൾ തുറക്കാറായപ്പോഴാണ് ഞാൻ അറിയുന്നത്…
അമ്മ ആറുമാസത്തെ ശമ്പളം മുൻകൂർ വാങ്ങിയിരിക്കുന്നു എന്ന്…

സ്വന്തം സ്കൂളിൽ ഏറ്റവും നന്നായി പഠിച്ചിരുന്ന ഒരു കുട്ടിക്ക്…
അത് ലോകം അവസാനിച്ചതുപോലെ തോന്നി…

പിന്നീട് ആ പന്ത്രണ്ടുകാരി അതിനോടൊക്കെ പൊരുത്തപ്പെട്ടു…
വേദനയോടും ഭയത്തോടും നിശബ്ദതയോടും…

ഒരു രാത്രി…
കൈകളിലെയും കാലുകളിലെയും മുറിവുകളുടെ വേദനയിൽ ഉറങ്ങാനാകാതെ കിടന്ന ഞാൻ…
പാതിരാത്രിയിൽ എപ്പോഴോ ഒന്ന് ഉറങ്ങി പോയി…

അപ്പോൾ എന്റെ ദേഹത്ത് ഒരു കൈ…
ആ കൈ എന്റെ മാറിനടുത്തായി എത്തിയ നിമിഷം ഞാൻ ഞെട്ടി എഴുന്നേറ്റു…
വിറച്ച് നോക്കുമ്പോൾ എനിക്കൊപ്പമുണ്ടായിരുന്ന ഒരു ചേച്ചി…

“പേടിക്കണ്ട… കിടന്നോളു…” അവർ പറഞ്ഞു…
പക്ഷേ ആ രാത്രിക്ക് ശേഷം ഉറക്കം എന്നെ വിട്ടുപോയി…

പുലർച്ചെ മറ്റുള്ളവരോട് പറഞ്ഞപ്പോൾ…
അവിടെയാണ് ഞാൻ ആദ്യമായി ഒരു വാക്ക് കേൾക്കുന്നത്… “ദോസ്ത്”…

രണ്ട് സ്ത്രീകൾ തമ്മിലുള്ള ആ ബന്ധത്തിന്റെ അർത്ഥം മനസ്സിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടിവന്നു…
അന്ന് അത് ഭയമായിരുന്നു…
മനസ്സിലാകാത്തൊരു ലോകം…

എപ്പോഴും കമ്പനിയുടെ കായൽക്കരയിൽ ഒറ്റക്ക് പോയി…
ദൂരെയായി നീണ്ടുകിടക്കുന്ന ഹൊണ്ണാവർ പാലവും കൊങ്കൺ റെയിൽവേയും നോക്കി നിൽക്കും ഞാൻ…
അവിടെ നിന്ന് ഓടി രക്ഷപ്പെടണമെന്ന് മാത്രം തോന്നും…

അങ്ങനെ ഒരു ദിവസം തകഴിക്കാരിയായ അജി അക്ക എന്നോട് സംസാരിച്ചു…
“നാട്ടിൽ പോണം… പഠിക്കണം…” എന്ന് ഞാൻ പറഞ്ഞപ്പോൾ…

കുറച്ചു നേരം മിണ്ടാതിരുന്ന അക്ക പിന്നെ പറഞ്ഞു…

“മോനെ… ഇതൊരു ലോകമാ…
ഇവിടുന്ന് പോകാൻ സമയമെടുക്കും…
പക്ഷേ ഒരിക്കൽ പോകാം…
നമുക്ക് പഠിക്കാം…
മോൻ അക്കയുടെ കൂടെ പോരെ…”

ആ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആദ്യമായി സുരക്ഷിതത്വം എന്താണെന്ന് അറിഞ്ഞു…
രാത്രികൾക്ക് പേടിയായിരുന്നു…
പക്ഷേ അക്കയുടെ അടുത്ത് കിടന്നുറങ്ങുമ്പോൾ…
ആ ഭയം കുറയുമായിരുന്നു…

വർഷം ഒന്ന് പിന്നിട്ടു…

ഒരു ദിവസം ബാത്ത്റൂമിൽ കയറിയ ഞാൻ ഒച്ചത്തിൽ കരഞ്ഞു…
ആരോ ഓടിവന്ന് നോക്കുമ്പോൾ ഞാൻ തളർന്നു വീഴാൻ പോകുന്ന അവസ്ഥ…

“പേടിക്കണ്ട… നീ പ്രായപൂർത്തിയായ പെൺകുട്ടിയായി…” അവർ പറഞ്ഞു…

അതിന്റെ അർത്ഥം മനസ്സിലാക്കാൻ പോലും അന്ന് എനിക്ക് അറിവുണ്ടായിരുന്നില്ല…
പറഞ്ഞുതരാൻ ആരുമില്ലായിരുന്നു…

രണ്ട് വർഷങ്ങൾക്ക് ശേഷം ഞാൻ നാട്ടിലേക്ക് മടങ്ങി…
വീട്… പഠനം… പഴയ ജീവിതം…
എല്ലാം തിരികെ കിട്ടുമെന്നു കരുതി…

പക്ഷേ ജീവിതം വീണ്ടും എന്നെ നോക്കി കൊഞ്ഞനം കുത്തി…

ഉള്ളിൽ ഇന്നും ഒരായിരം കനലുകൾ ഉണ്ട്…
പിന്നീട് ഒരു ജീവിതം ഉണ്ടായപ്പോൾ കരുതി…
“ഇനിയെങ്കിലും സമാധാനം ഉണ്ടാവും…” എന്ന്…
പക്ഷേ വേദന വഴിമാറിയില്ല…

ജീവിതത്തിൽ കരയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ട്…
ചിരിക്കാൻ വളരെ കുറച്ചു മാത്രം…

എന്നിട്ടും ഞാൻ ഇന്നും ചിരിക്കുന്നുണ്ടെങ്കിൽ…
അത് തോൽവി സമ്മതിക്കാൻ മനസ്സില്ലാത്ത ഒരാളുടെ ചിരിയാണ്…

ഈ അനുഭവങ്ങളെക്കാൾ കൂടുതൽ വേദനിപ്പിച്ചത്…
“ബന്ധുക്കൾ” എന്ന് വിളിക്കപ്പെടുന്ന ചില മനുഷ്യരാണ്…

അന്നും അവർ അറിയപ്പെടുന്നവരായിരുന്നു…
പേരും പെരുമയും ഉണ്ടായിരുന്നവർ…
പക്ഷേ അന്ന് തിരിഞ്ഞു നോക്കാത്തവർ…
പിന്നീട് ബന്ധം പറഞ്ഞ് വന്നവർ…

ചിലർ ബാല്യത്തിൽ ചെയ്ത ദ്രോഹങ്ങൾ ഓർക്കുമ്പോൾ ഇന്നും അവജ്ഞ തോന്നും…

എന്നിട്ടും ഞാൻ ജീവിക്കുന്നുണ്ട്…
ചിരിക്കുന്നുണ്ട്…

നെഞ്ചിനുള്ളിൽ ഒരു നേരിപ്പോട് ചുമന്നുകൊണ്ട്…

കരച്ചിൽ തൊണ്ടയിൽ കുരുങ്ങി ശ്വാസം മുട്ടാറുണ്ട് ചിലപ്പോൾ…. എങ്കിലും പൊരുതും ഈ ജീവിതത്തോട് അവസാന ശ്വാസം വരെയും

Share this:

Recently added