വ്യാപ്തി കുറഞ്ഞ ചിന്തകൾക്കുള്ളിൽ മനസ്സിൽ വെറുതെ പെയ്യുന്ന സ്വപ്നങ്ങളുണ്ട് ….
നമ്മൾ തോറ്റുപോയിടത്തെല്ലാം മക്കൾ ജയിക്കണം …. ആ സ്‌പ്‌നങ്ങൾക്കു പിന്നിൽ നമ്മൾ ജീവിതത്തിൽ മത്സരിക്കുമ്പോൾ വിയർപ്പും, രക്തവും വറ്റിവരളും…….
നമ്മൾ കൊതിച്ച , അർപ്പിക്കാൻ ആഗ്രഹിച്ച പല സ്വപ്നങ്ങളും മറന്നു കളയേണ്ടതായി വരും… തളർച്ചയിലും താഴ്ച്ചയിലും നമുക്ക് പരിഭവമില്ല …..എല്ലാം മക്കൾക്കു വേണ്ടിയാണല്ലോ …..അവർ പതിയെ വളർന്നു …. ആകാശത്തോളം ……. അവരുടെ ഒരോ വളർച്ചയിലും കിതച്ച് തളർന്ന നമ്മുടെ മനസ്സ് ചിരിച്ചു. നമ്മൾ തോറ്റിടത്താണ് അവർ ജയിക്കുന്നത് … കാതുകളിൽ ആരോ പലവട്ടം പറയും പോലെ … ഇതിൽ കൂടുതൽ നമ്മൾക്കെന്താണ് വേണ്ടത് …. മക്കൾ വളരുന്നു …. അവരുടെ ചിന്തകളും …. നമ്മുടെ ഉൾകാഴ്ചക്കപ്പുറം വേഗത്തിൽ അവർ സഞ്ചരിക്കുന്നു ….പഴയതിൽ നിന്നും വ്യത്യസ്ഥമായി എന്തെക്കെയോ അവർ നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തെ കുറിച്ചും അല്ലാതെയും… കുട്ടികൾ മിടുക്കരാണ് …. നമ്മൾ സംശയമില്ലാതെ തലകുലുക്കുന്നു …. നമ്മുടെ അരികിൽ നിന്നും വിജയഗാഥയുടെ തലങ്ങൾ തേടി അവർ എവിടേക്കോ …. ദൂരം സൃഷ്ടിച്ച് അകലുന്നു … ഇനി ഒരു സത്യം പറയട്ടെ …….. മകൾ അമേരിക്കയിലാണ് …. അവിടുത്തെ പരിഷ്കാരങ്ങളോട് എനിക്ക് പൊരുതാൻ ബുദ്ധിമുട്ടാകും എന്നതുകൊണ്ട് ചേർത്തു നിർത്തിയില്ല. ഒരുപാട് കാലം ഞാൻ പോറ്റിവളർത്തിയതല്ലേ …. നേരിൽ കണ്ടിട്ട് എത്രയോ വർഷങ്ങളാകുന്നു … ഒന്ന് സംസാരിക്കാൻ ആഗ്രഹമുണ്ട് ….ഞാൻ അവളുടെ അച്ഛനല്ലേ….അവളുടെ മൊബൈലിലേക്ക് വിളിച്ചു. മറുതലയക്കിൽ അവൾ പലവട്ടം ഫോൺ കട്ട് ചെയ്തു. രണ്ടൂസം കഴിഞ്ഞപ്പോൾ വീണ്ടും ഞാൻ വിളിച്ചു. അവൾ ഫോണെടുത്തു. ” അച്ചാ… തിരക്കാണ് ….ഞാൻ തിരിച്ചു വിളിച്ചോളാം…”
പലതും ചോദിക്കാനുണ്ടായിരുന്നു. അച്ഛനെന്ന ബന്ധത്തിനപ്പുറം ആകാംക്ഷയുടെ, പ്രതീക്ഷകളുടെ ചില വർണ്ണനിനവുകൾ …. അവൾ ഫോൺ താഴെ വെക്കുമ്പോൾ മറ്റാരോ ചോദിക്കുന്നതു കേട്ടു. ” അച്ചനാണോ ?”
അതെ … ബാക്കി വാചകങ്ങൾ കൂടി മോൾ മുഴുവിപ്പിക്കുന്നു. “പേടിച്ചിട്ടാ …. ആള് പഴഞ്ചനല്ലേ …..” അപ്പോൾ
അവളുടെ അരികെയുള്ള ആൺ ശബ്ദത്തിന്റെ പൊട്ടിച്ചിരിയോടുകൂടിയുള്ള പരിഹാസ സ്വരം.
“തന്ത വൈബ് “
അതു കേട്ട് ഫോൺ കട്ട് ചെയ്ത് കട്ടിലേക്ക് ചായുമ്പോൾ എനിക്കു ദുഃഖം തോന്നിയില്ല … എത്ര അർത്ഥവത്തായ പദങ്ങളാണ് ഉപയോഗിച്ചത്. അവളുടെ ഭാഗത്തു നിന്നും ചിന്തിക്കുമ്പോൾ ….
ഞാൻ അൽപ നേരം ഒന്ന് മയങ്ങിപ്പോയി എഴുനേറ്റപ്പോൾ കിടന്ന തലയിണയിൽ ചെറിയൊരു നനവ്.
” ഞാൻ …. കരഞ്ഞോ…” ഏയ് …. മനസ്സ് കരഞ്ഞിട്ടുണ്ടാവും …..”
