ചില ഓർമ്മകൾ ആനന്ദം നൽകുന്നവയാണ്, മറ്റു ചില ഓർമ്മകൾ നോവിക്കുന്നതും. ചില മനുഷ്യർ ഓർമ്മകളിലാണ് ജീവിക്കുന്നതെന്ന് പറയപ്പെടുന്നു. ചരിത്രം, സംസ്കാരം, ജീവിത രീതി, ഇങ്ങനെ മറ്റനേകം കാര്യങ്ങളുമായി ബന്ധപ്പെട്ടും, മനഷ്യ ബന്ധങ്ങളുമായി ഒട്ടിച്ചേരുന്ന എത്രയധികം ഓർമ്മകളുടെ ശേഖരമാണ് വ്യത്യസ്ഥ ജീവിതാവസ്ഥകളുള്ള മനുഷ്യർക്കുള്ളത്. എന്നാൽ ഓർമ്മകളുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യം ഇതാണ്; നിങ്ങൾ മനുഷ്യരെ മറന്നു പോകാറുണ്ടോ?. ഈ ചോദ്യത്തിന് സമ്മിശ്രമായ പ്രതികരണങ്ങൾ നമുക്ക് ലഭിച്ചേക്കാം. മലയാള സാഹിത്യ ലോകത്തെ ഓർമ്മകളിലൂടെ നോക്കി കാണുമ്പോൾ , ഓർമ്മകളിൽ മറഞ്ഞിരിക്കുന്ന പോലെ ചിന്തിച്ചു പോകുന്ന, ദമ്പതികളായ സബീനാ റാഫിയെ, പോഞ്ഞിക്കര റാഫിയെ തേടാൻ, അറിയാൻ, വായിക്കാൻ മറന്നു പോകുന്നവരാണോ നമ്മൾ.
ചില വ്യക്തികൾ ഓർമ്മിക്കപ്പെടുന്നത് സന്തതി പരമ്പരകളിലൂടെ ആയിരിക്കും. മറ്റുചിലർ അവർ സമൂഹത്തിന് നൽകിയ സംഭാവനകൾ കൊണ്ട് ഓർമ്മിക്കപ്പെടുന്നു. പിന്തുടർച്ചയുമായി ബന്ധപ്പെട്ട കാരണത്താൽ റാഫി ദമ്പതികളുടെ വളരെ കുറച്ച് കൃതികളേ ഇന്ന് പുന:പ്രസിദ്ധീകരണം നടക്കുന്നുള്ളു. പുസ്തകങ്ങൾ പുന:പ്രസിദ്ധീകരിക്കാത്തത് മലയാള സാഹിത്യ ലോകത്ത് റാഫി ദമ്പതികളെ മറവിയിലാഴ്ത്തുന്നു എന്നത് സങ്കടകരമാണ്.
1994 വേനലവധിക്കാലത്ത് 17 ആം വയസ്സിലായിരുന്നു ഈ ലേഖകൻ ഒരു ലൈബ്രറി മെമ്പർഷിപ്പ് എടുത്ത് പുസ്തകങ്ങൾ വായിക്കാൻ ആരംഭിച്ചത്. ലൈബ്രറേറിയനുമായുണ്ടായിരുന്ന അടുപ്പം കാരണം മുഴുവൻ പുസ്തകങ്ങളും പരിശോധിക്കാൻ അവസരം ലഭിച്ചിരുന്നു. ആനന്ദ്, ഒ വി വിജയൻ, എം ടി, മാധവിക്കുട്ടി, സി. രാധാകൃഷ്ണൻ, ബഷീർ, എം. മൂകുന്ദൻ തുടങ്ങിയ എഴുത്തുകാരുടെ കൃതികൾ വായിച്ച ഞാൻ സബീന റാഫി, പോഞ്ഞിക്കര റാഫി എന്നീ എഴുത്തുകാരെ കുറിച്ച് കേട്ടിട്ടു പോലും ഇല്ലായിരുന്നു. പിന്നീട് 2025 ൽ മാത്രമാണ് റാഫിയുടെ സ്വർഗ്ഗദൂതൻ മലയാളത്തിലെ ആദ്യത്തെ ബോധ ധാരാ നോവലാണെന്നും, ചവിട്ടുനാടകം ഒരു ചരിത്രപഠനം എന്ന പഠന ഗ്രന്ഥം എഴുതിയത് സബീന റാഫിയാണെന്നും മനസ്സിലായത്.

കുട്ടികളില്ലാത്ത റാഫിദമ്പതിമാരുടെ കൃതികൾ പുന:പ്രസിദ്ധീകരിക്കാത്തത് മലയാള ഭാഷയെ ചേർത്തുപിടിക്കുന്ന നല്ലവരായ വായനക്കാർക്ക് ആ ദമ്പതികളെ തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു. അത് നമ്മുടെ ഭാഷയുടെ വിവിധ സാഹിത്യ രൂപങ്ങളെ അടുത്തറിയുന്നതിന് വലിയ തടസ്സം തന്നെ സൃഷ്ടിക്കുന്നു.
എങ്കിലും റാഫിയുടെ സ്വർഗ്ഗദൂതൻ എസ് പി സി എസ്സും, ഒരോനോ പ്രോബിസ് പ്രണത ബുക്സും, സബീന റാഫിയുടെ ‘ചവിട്ടുനാടകം ഒരു ചരിത്ര പഠനം’, പ്രണത ബുക്സും പ്രസിദ്ധീകരികുന്നത് ഗവേഷകർക്കും, സാഹിത്യാന്വേഷികർക്കും ഒരാശ്വാസമാണ്. എങ്കിലും റാഫി ദമ്പതികൾ ഒരുമിച്ചെഴുതിയ, കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കലിയുഗവും, മറ്റു കൃതികളും ഇന്നത്തെ വായനക്കാർക്ക് ഒരു മറഞ്ഞിരിക്കുന്ന നിധിയാണ്. ബഷീറി നൊപ്പം മലയാള സാഹിത്യ ലോകത്ത് നിറഞ്ഞു നിന്ന ഒരു എഴുത്തുകാരനാണ് ഇന്ന് ഓർമ്മകളിൽ മറഞ്ഞിരിക്കുന്നത്. റാഫി ദമ്പതിമാരുമായ് നേരിട്ട് ഇടപഴകിയ ഒരു തലമുറ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അവരിലൂടെയും റാഫി ദമ്പതിമാർ ഓർമ്മിക്കപ്പെടുന്നു. റാഫി ദമ്പതിമാരുടെ അയൽക്കാരനും ഇന്ന് അറിയപ്പെടുന്ന എഴുത്തുകാരനുമായ ശ്രീ. ജോണി മിറാൻഡ പറയുന്നു: “ പോഞ്ഞിക്കര റാഫിയെയും, സബീന റാഫിയെയും കുറിച്ച് ഒരു നോവൽ എഴുതാൻ ഇതുവരെ എനിക്ക് കഴിഞ്ഞില്ലല്ലോ എന്ന് ഞാൻ ചിന്തിച്ചു പോയി”. റാഫി ദമ്പതികളെ ക്കുറിച്ചുള്ള എഴുത്തുകാരുടെ ചിന്തകളുടെ സവിശേഷമായ ഒരു പരിവർത്തനമാണ് ജോണി മിറാൻഡയുടെ വാക്കുകളിൽ ഉള്ളത്.
റാഫി ദമ്പതിമാരെക്കുറിച്ച് കുറിച്ച് പഠിക്കുന്ന അന്വേഷകർക്ക് അവർ രണ്ടുപേരുടേയും ജീവചരിത്രം ഇന്ന് ലഭ്യമാണ്. സബീന റാഫി യുടെ ജീവചരിത്രം, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോഞ്ഞിക്കര റാഫിയുടെ ജീവചരിത്രം വായനപ്പുര ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടു ജീവചരിത്ര ഗ്രന്ഥങ്ങളുടേയും രചയിതാവായ ശ്രീ. സെബാസ്റ്റ്യൻ പള്ളിത്തോടിന്റെ അഭിപ്രായത്തിൽ, “ അപൂർണ്ണമായ ജീവചരിത്രമാണിത്”. പള്ളിത്തോട് സാറിന്റെ ശ്രമം ഇന്ന് പഠിതാക്കൾക്ക് റാഫി ദമ്പതിമാരുടെ ജീവിതത്തിൽ സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തുന്നു.

ഈ വരുന്ന ജൂൺ 22 സബീന റാഫിയുടെ ചരമദിനം അടുത്തു വരുമ്പോൾ, സബീനയിലൂടെ വീണ്ടും അവരെ രണ്ടുപേരെയും മലയാള സാഹിത്യ ലോകം ഓർമ്മിക്കുന്നു. റാഫി ദമ്പതിമാരുടെ ജന്മദിനത്തിലും, ചരമദിനത്തിലും അവരെക്കുറിച്ച് നിരവധി വിവരങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നു. ചില പഠിതാക്കൾ റാഫിക്ക് പ്രാധാന്യം കൊടുക്കുമ്പോൾ മറ്റു ചിലർ സബീന റാഫിക്ക് പ്രാധാന്യം കൊടുക്കുന്നു. പ്രണത ബുക്സ് പ്രസിദ്ധീകരിച്ച ‘ സബീന റാഫി 101 വർഷങ്ങൾ, ( എഡിറ്റർ ടൈറ്റസ് ഗോതുരുത്ത്) എന്ന ഗ്രന്ഥം റാഫി ദമ്പതികളെക്കുറിച്ചും, സബീന ടീച്ചർ നടത്തിയ ചവിട്ടു നാടക പ്രവർത്തനത്തെക്കുറിച്ചും നിരവധി വിവരങ്ങൾ നമുക്ക് നൽകുന്നു.
വിവാഹ ശേഷമുള്ള റാഫിയുടെ കൃതികൾക്ക്പിന്നിൽ സബീന ടീച്ചറുടെ അക്കാഡമിക് അറിവുകൾ ഗുണകരമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അനുമാനിക്കാം. റാഫിയുടെ ഒരോ നോപ്രോബിസ് എന്ന നോവലിൽ പോലും പശ്ചാത്തലമാകുന പതിനേഴാം നൂറ്റാണ്ടു മുതലുള്ള കൊച്ചിയുടെ ചരിത്ര വസ്തുത കളും, കഥാപാത്രങ്ങളുടെ തമിഴ് സംഭാഷണങ്ങളും ( മലയാം തമിഴ്) തയ്യാറാക്കുന്നതിൽ ടീച്ചറുടെ സംഭാവനകൾ ആർക്കും നിഷേധിക്കാൻ കഴിയില്ല.( ടീച്ചർ മദ്രാസിൽ MA പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്തിട്ടുണ്ട് ).
മൺമറഞ്ഞ സാഹിത്യകാരമാരെ / എഴുത്തുകാരികളെ ഓർമ്മിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ ഇന്ന് മലയാള ഭാഷാ സ്നേഹികൾ നടത്തുന്നുണ്ട്. എങ്കിലും പോഞ്ഞിക്കര റാഫിയുടെ പേരിൽ പ്രണത ബുക്സ് ഏർപ്പെടുത്തിയ പുരസ്കാരം മാത്രമാണ്. റാഫിയുടെ പേരിൽ ഉള്ളത്.
ചവിട്ടു നാടകത്തിന്റെ ഈണവും താളവും ഉള്ളിൽ നിറഞ്ഞ് ഗോതുരുത്തിൽ നിന്നും പഠിച്ചു വളർന്ന സബീന രചിച്ച ഗ്രന്ഥമാണ് ഇന്നും ചവിട്ടു നാടകത്തെക്കുറിച്ചുള്ള ആധികാരികമായ രേഖ. തന്റെ യവ്വനത്തിൽ വ്യക്തിപരമായ ജീവിതത്തെക്കാളും മുൻഗണന കലയ്ക്കും, എഴുത്തിനും, ഗവേഷണങ്ങൾക്കും സമർപ്പിച്ച സബീനയെപ്പോലെ മറ്റൊരു സ്ത്രീയെ നമുക്ക് ചരിത്രത്തിൽ കാണുക അപൂർവ്വമായിരിക്കും. ചരിത്രകാരനായ ശ്രീ ജോയി ഗോതുരുത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത് 1950 ൽ ആണ് സബീന ടീച്ചർ ചവിട്ടു നാടകവുമായി ബന്ധപ്പെട്ട പ്രവർത്തനം ആരംഭിക്കുന്നത് എന്നാണ് ( (1952 ൽ ടീച്ചർ മദ്രാസിൽ നിന്നും MA പഠനം പൂർത്തിയാക്കി ഗോതുരുത്തിൽ തിരികെ എത്തി ) റാഫിയുമായുള്ള വിവാഹേ ശേഷമാണ് കലിയുഗവും, ശുക്രദശയുടെ ചരിത്രവും ഇതൾ വിരിഞ്ഞത്. ഈ സൃഷ്ടികളുടെ സഹരചയിതാവായിരുന്നു സബീന ടീച്ചർ. റാഫി ദമ്പതികൾ ഒരു ജീവിതം കൊണ്ട് മലയാളഭാഷയ്ക്ക് നിധിപോലെ ഭാവനയുടേയും, വസ്തുതകളുടേയും വിലമതിക്കാനാകാത്ത കൃതികൾ സമ്മാനിച്ചു.
ആ നിധികൾ, അഥവാ കൃതികൾ ഉപയോഗിക്കാൻ, വായിച്ച് ആസ്വദിക്കാൻ അവ മുഴുവനും നമുക്ക് ലഭ്യമാകുമോ? അവരുടെ കൃതികൾ വായനശാലകളിൽ തിരഞ്ഞ് വായനക്കാർ നിരാശിതരാകുന്നത് തുടരുമോ?
നമുക്കറിയത്ത മനുഷ്യരെ നാം ഓർമ്മിക്കില്ല. മലയാള സാഹിത്യ ലോകത്തെ ഒരിക്കൽ ചലിപ്പിച്ച റാഫി ദമ്പതികൾ നമ്മുടെ ഓർമ്മകളിൽ മറഞ്ഞിരിക്കേണ്ടവരല്ല മറിച്ച് അവരുടെ കൃതികളിലൂടെ, അവർ വായനക്കാരിൽ നിറയേണ്ടവരാണ്.

(വിവരങ്ങൾക്ക് കടപ്പാട്: പോഞ്ഞിക്കര റാഫി കലിയുഗത്തിലെ ശുക്രനക്ഷത്രം, സെബാസ്റ്റ്യൻ പള്ളിത്തോട്, വായനപുര ബുക്സ് )
