നവ ജർമ്മൻ ചലച്ചിത്രഭാഷ

മാർഗരത് വോൺ ട്രോട്ട

1942-ൽ ബർലിനിൽ ജനിച്ച മാർഗരത് വോൺ ട്രോട്ടക്ക് ചലച്ചിത്രലോകത്ത് അവകാശപ്പെടാൻ രണ്ട് കാര്യങ്ങളുണ്ട്. നവജർമ്മൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായിക എന്ന ബഹുമതിയാണ് ഒന്നാമത്തേത്. നരേറ്റീവ് സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെമിനിസ്റ്റ് വക്താവ് എന്നതാണ് രണ്ടാമത്തെ വിശേഷം. അഭിനേതാക്കൾക്കുപകരം യഥാർത്ഥ സ്ത്രീകഥാപാത്രങ്ങളെ അഭ്രപാളികളിലേക്ക് കൊണ്ടുവരികയെന്നത് മാർഗരതിന് മാത്രം അവകാശപ്പെടാൻ സാധിക്കുന്ന പരീക്ഷണചിത്രീകരണമാണ്.
ചിത്രകാരനായ ആൽഫ്രഡ് റോളോഫിന് എലിസബത്ത് വോൺ ട്രോട്ടയിൽ ജനിച്ച അവിഹിത സന്തതിയെന്നാണ് മാർഗരതിന്റെ ജനന മേൽവിലാസം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ മാർഗരത് അമ്മയോടൊപ്പം ജർമനിയിലെ ഫാഷൻ നഗരിയായ ഡുസൽഡോർഫിലേക്ക് മാറി. അപ്പന്റെ അസാന്നിദ്ധ്യം മാർഗരതിനെ ‘അമ്മക്കുട്ടി’യാക്കി. അമ്മയുമായുള്ള ബന്ധം സ്ത്രീസൗഹൃദങ്ങളെക്കുറിച്ചുള്ള വ്യക്തവും കൃത്യവുമായുള്ള ധാരണകൾ നല്കി. ഈ ബന്ധത്തിൽനിന്നുൾക്കൊണ്ട സ്ത്രീബന്ധ ധാരണകൾ മാർഗരതിന്റെ ചിത്രങ്ങളുടെ അടിയൊഴുക്കായിതീർന്നു. സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം മാർഗരത് പാരീസിലേക്ക് ഉപരിപഠനത്തിനുപോയി. അവിടെവെച്ചാണ് മാർഗരതിന് സിനിമാമോഹമുദിച്ചത്. ഇംഗ്മർ ബെർഗ്മന്റെ സിനിമകൾ മാർഗരതിന് പുതിയ ദിശാബോധം നൽകി. തന്റെ കലാപ്രവർത്തന മേഖല സിനിമയാണെന്ന് തിരിച്ചറിഞ്ഞ മാർഗരത് ഫാസ്‌ബൈന്ററെപ്പോലുള്ള ചലച്ചിത്രകാരന്മാരുടെ ചിത്രീകരണസംഘങ്ങൾക്കൊപ്പം സഞ്ചരിച്ചു.
അഭിനേത്രിയായാണ് മാർഗരതിന്റെ സിനിമയിലുള്ള തുടക്കം. റെയ്‌നർ വെർണർ ഫാസ്‌ബൈന്ററുടേയും വോൾക്കർ ഭോണ്ടോർഫിന്റേയും ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുവാനുള്ള അവസരം മാർഗരറ്റിനു ലഭിച്ചു. സിനിമയിലെ അടുപ്പം പ്രണയമായി വളർന്നതോടെയാണ് 1971 ൽ മാർഗരത് വോൾക്കർ ഷോണോർഫിനെ വിവാഹം ചെയ്തത്. (1964 ൽ മാർഗരത് ജാർഗൻ റോളർ എന്നയാളെ വിവാഹം കഴിച്ചിരുന്നൂവെങ്കിലും 1968 ൽ ആ ബന്ധം അവസാനിപ്പിച്ചിരുന്നു. പ്രശസ്ത ഡോക്യുമെന്റരി നിർമ്മാതാവായ ഫെലിക്‌സ് റോളർ ആ ബന്ധത്തിൽ മാർഗരതിനുണ്ടായ മകനാണ്.) വിവാഹശേഷം മാർഗരത് വോൾക്കറിനൊപ്പം തിരക്കഥയെഴുത്തിൽ പങ്കാളിയായി. 1971 ൽനിർമ്മിച്ച ദി സഡൻ വെൽത്ത് ഓഫ് ദി പുവർ പീപ്പിൾ ഓഫ് കൊബായ് (The Sudden Wealth of the Poor People of Komboeh) എന്ന ചിത്രത്തിന്റെ തിരക്കഥയെഴുത്തിൽ മാർഗരത് വോൾക്കറിനൊപ്പം ചേർന്നു. 1974-ൽ നിർമ്മിച്ച കൂ ദി ഗ്രേസ് (Coup de grace) എന്ന വോൾക്കർ ഷോണ്ടോർഫ് ചിത്രത്തിൽ പ്രധാന വേഷത്തിൽ മാർഗരത് അഭിനയിച്ചു. 1975 ൽ ഷോണ്ടോർഫ് സംവിധാനം ചെയ്ത ദി ലോസ്റ്റ് ഹോണർ ഓഫ് കാതറീന ബ്ലൂം (Die Verlorene Ehre der Katherina Blum) എന്ന ചിത്രത്തിന്റെ സഹസംവിധായികയായിരുന്നു മാർഗരത്. ഒരിക്കൽമാത്രം കണ്ടു പരിചയപ്പെട്ട ഒരാളുമായി പ്രണയത്തിലകപ്പെടുന്ന പെൺകുട്ടിയുടെ – ആ പുരുഷൻ ഒരു ഭീകരനാണെന്ന് പിന്നീടവൾ തിരിച്ചറിയുന്നു – കഥയാണീ ചിത്രത്തിന്റെ പ്രമേയം.
മാർഗരത് വോൺട്രോട്ടയുടെ ആദ്യ ചിത്രമാണ് ദി സെക്കന്റ് എവേക്കനിങ്ങ് ഓഫ് ക്രിസ്റ്റ ക്ലേജസ് (Die Verlorene Ehre der Katherina Blum). 1977-ൽ പൂർത്തിയായ ഈ ചിത്രത്തിലെ പല ഘടകങ്ങളും പിന്നീടുള്ള മാർഗരത് ചിത്രങ്ങളിൽ പ്രകടമാണ്. സ്‌ത്രൈണബന്ധങ്ങളുടെ സങ്കീർണ്ണതകളും അക്രമത്തിന്റെ പ്രത്യാഘാതങ്ങളുമാണ് അതിൽ വിശേഷശ്രദ്ധയാകർഷിക്കുന്ന ഘടകങ്ങൾ. മ്യൂണിക്കിലെ ഒരു കിന്റർ ഗാർട്ടൻ അദ്ധ്യാപികയുടെ ജീവിതത്തിൽ ഉണ്ടായ ഒരു യഥാർത്ഥസംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം. ടിന ഏംഗൽ എന്ന അഭിനേത്രിയാണ് ഇതിൽ കിന്റർഗാർട്ടൻ അദ്ധ്യാപികയുടെ വേഷം അവതരിപ്പിക്കുന്നത്. താൻ സ്വകാര്യമായി നടത്തുന്ന ഡേ കെയർ സെന്ററിന്റെ നടത്തിപ്പിനുവേണ്ട പണം കണ്ടെത്തുന്നതിനായി ആ യുവതി ബാങ്ക് കവർച്ച നടത്തുന്നു. അപ്രതീക്ഷിതമായ സംഭവങ്ങൾ അമ്പരിപ്പിക്കുന്ന തരത്തിലുള്ള ഫ്രെയിമുകളുപയോഗിച്ചുകൊണ്ടാണ് വോൺ ട്രോട്ട അവതരിപ്പിക്കുന്നത്. പ്രതിഭാശാലിയായ ഒരു ‘ഫിലിം മേക്കറുടെ’ സൂചനകൾ ഈ ആദ്യ ചിത്രത്തിലൂടെ മാർഗരത് വോൺ ട്രോട്ട പ്രേക്ഷകർക്ക് നൽകുന്നു.
ഈ ചിത്രത്തെ പിന്തുടർന്ന് മൂന്നു ചിത്രങ്ങളുടെ ഒരു പരമ്പര (Trilogy) യാണ് വോൺട്രോട്ട നിർമ്മിച്ചത്. സിസ്റ്റേഴ്‌സ് ഓർ ദി ബാലൻസ് ഓഫ് ഹാപ്പിനസ് (Sisters or the Balance of Happiness – Schwersterm Order die Balance des Glucks) ആണ് ഈ പരമ്പരയിലെ ഒന്നാമത്തെ ചിത്രം. വോൺ ട്രോട്ടയുടെ ഏറ്റവും വ്യക്തിനിഷ്ഠമായ ചിത്രമാണിത്. ഇംഗമർ ബെർഗ്മാന്റെ പെഴ്‌സോന എന്ന ചിത്രത്തിനോട് പല ഘട്ടങ്ങളിലും ചേർന്നുനില്ക്കുന്ന ചിത്രമാണിെതന്ന് നിരൂപകനായ ബെൻ അൻഡകിനെപ്പോലുള്ളവർ നിരീക്ഷിച്ചിട്ടുണ്ട്.കഥാസാരം ഇങ്ങനെ:
മരിയ മിടുക്കിയായ എക്‌സിക്യൂട്ടീവ് സെക്രട്ടറിയാണ്. അനിയത്തി അന്നയോടൊപ്പം ജീവിക്കുന്ന അവൾ ബയോളജി ബിരുദധാരിയായ സഹോദരിയെ നല്ലപോലെ സഹായിക്കുന്നു. രണ്ടുപേരും വിഭിന്ന ധ്രുവങ്ങളിലൂടെ ചിന്തിക്കുന്നവരാണ്. മരിയ പ്രായോഗികമതിയും ജോലിയോട് കടുത്ത പ്രതിബദ്ധതയുള്ളവളും അന്ന കിനാവുകണ്ടു ജീവിക്കുന്നവളുമാണ്. അന്നയുടെ പ്രണയമോഹങ്ങൾക്ക് ഭംഗമുണ്ടാകുമ്പോൾ അവൾ ആത്മഹത്യ ചെയ്യുന്നു. ജീവിതത്തിലാദ്യമായി മരിയ പ്രണയബന്ധത്തിലകപ്പെടുന്നു.
മരിയയോടൊപ്പം ജോലിചെയ്യുന്ന സ്വതന്ത്രചിന്താഗതിക്കാരിയാണ് മിറിയം. മരിയയുടെ അടുത്ത കൂട്ടുകാരിയായ മിറിയത്തോടൊപ്പം അവൾ ഒരുമിച്ചു താമസിക്കുന്നു. ആകസ്മികമായ ഒരു ദിനം മരിയയുടെ ഡയറി വായിക്കാനിടയായ മിറിയം അന്നയുമായുള്ള മരിയയുടെ അസാധാരണമായ ബന്ധത്തെക്കുറിച്ചറിയുന്നു. ഇതിനെ തുടർന്ന് മിറിയം മരിയെയ ഉപേക്ഷിച്ചുപോകുന്നു. ഈ മൂന്നു സ്ത്രീകളെക്കുറിച്ചുള്ള മാർഗരത് വോൺ ട്രോട്ടയുടെ പഠനമാണ് ഈ ചിത്രം. മനഃശ്ശാസ്ത്രപരമായ നിരീക്ഷണങ്ങളിലൂടെയാണ് മാർഗരത് ഈ മൂന്ന് സ്ത്രീജനജീവിതസന്ധികൾ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിലെ സഹോദരിമാർ ആയിടെ വിധവയായ അമ്മ ധരിക്കുന്നതുപോലെ കറുത്ത ഉടയാടകൾ ധരിക്കുവാൻ തുടങ്ങുന്നു. പ്രകാശഭരിതമായ പശ്ചാത്തലത്തിന് വിരുദ്ധമായി കറുത്ത വസ്ത്രങ്ങളിലൂടെ മനഃശ്ശാസ്ത്രപരമായ വിശ്ലേഷണണം നടാത്തുവാനാണ് വോൺ ട്രോട്ട ശ്രമിക്കുന്നത്.
1981 ൽ മരിയന്നെ ആന്റ് ജൂലിയന്നെ എന്ന ചിത്രത്തിലൂടെ മാർഗരത് വോൺ ട്രോട്ട അന്താരാഷ്ട്ര ചലച്ചിത്രരംഗത്ത് തന്റെ കരിയർ ഗ്രാഫ് കുത്തനെ ഉയർത്തി. ദി ജർമ്മൻ സിസ്റ്റേഴ്‌സ് (Die Blaerine Zeit) എന്നു ഈ ചിത്രം അറിയപ്പെടുന്നു. 1938 ൽ ലെനി റീഫൻസ്റ്റാൾ ഒളിമ്പിയ എന്ന ചിത്രത്തിലൂടെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടിയതിനുശേഷം നാല്പത്തിമൂന്ന് വർഷത്തിനുശേഷമാണ് മാർഗരതിലൂടെ ഒരു സംവിധായിക വെനിസീൽ ഗോൾഡൻ ലയൻ പുരസ്‌കാരം നേടുന്നത്. ഈ ബഹുമതി നേടുന്ന രണ്ടാമത്തെ ജർമ്മൻ സംവിധായികയെന്ന അപൂർവ്വ ബഹുമതിയും മാർഗരതിനുള്ളതാണ്.
ജർമ്മനി പശ്ചാത്തലമാക്കിയുള്ളതാണ് ഈ പ്രമേയം. ഒരു പാതിരിയുടെ പെൺമക്കളായ മരിയന്നെയും ജൂലിയാനെയും സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുവാനുള്ള കഠിനശ്രമത്തിലാണ്. ഇതിനായി അവർ തെരഞ്ഞെടുത്ത മാർഗ്ഗങ്ങൾ കൊടുംവിരുദ്ധമാണ്. ജൂലിയന്നെ ഒരു റിപ്പോർട്ടറുടെ ജോലിയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ മരിയാന്നെ ഒരു ഭീകരവാദിയുടെ മാർഗ്ഗമാണ് കൈയാളിയത്. ഭീകരപ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മരിയന്നെയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജൂലിയാനെ മാത്രമായിരുന്നു അവളുടെ ശേഷിച്ച ബന്ധം. ഫാസ്‌ബൈന്ററുടെ ജർമ്മനി ഇൻ ഓട്ടം (Germany in Autumn) എന്ന ചിത്രത്തിലേതിനു സമാനമായി ജർമ്മനിയുടെ ഭൂതകാലത്തെ വർത്തമാനകാലവുമായി സങ്കലനം ചെയ്യുന്നു. യുദ്ധാനന്തരമുണ്ടായ അടിച്ചമർത്തലും അധിനിവേശവുമാണ് രാഷ്ട്രീതീവ്രവാദത്തിനും വിദ്യാർത്ഥി പ്രക്ഷോഭത്തിനും കാരണമെന്നു സ്ഥാപിക്കുവാൻ വോൺ േേട്രാട്ട ശ്രമിക്കുന്നു. തീവ്രവാദം ജർമ്മൻ സമൂഹത്തെ സ്വാധീനിക്കുന്ന കാര്യമല്ലെന്ന് ചിത്രം പ്രതിഫലിപ്പിക്കുന്നു; കാര്യങ്ങൾ മാറ്റിമറിക്കുവാൻ പോന്നവിധം സംയുക്തമായ ശ്രമം ഒരുപക്ഷത്തുനിന്നും ഉണ്ടാകുന്നില്ലായെന്നും ഈ ചിത്രം നിരീക്ഷിക്കുന്നു.
ഈ ചലച്ചിത്രത്തിനുശേഷം മറ്റൊരുജീവചരിത്ര സിനിമ (ബയോ പിക്ക് Bio-Pic) ലേക്കായിരുന്നു വോൺ ട്രോട്ടയുടെ യാത്ര. ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ അനിവാര്യ വ്യക്തിത്വമായ റോസ ലക്‌സംബർഗിന്റെ ജീവിതത്തെ ആസ്പദമാക്കി 1986 ൽ റോസ ലക്‌സംബർഗ് എന്ന ചിത്രം സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ റോസ ലക്‌സംബർഗിന്റെ ജീവിതം അവിസ്മരണീയമായ അനുഭവമാക്കിയ ബാർബറ സുക്കോവ 1986-ലെ കാൻ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച അഭിനേത്രിക്കുള്ള പുരസ്‌കാരം നേടി. റോസ ലക്‌സംബർഗിന്റെ സംഭാഷണങ്ങളേയും കത്തുകളേയും അടിസ്ഥാനമാക്കിയാണ് വോൺട്രോട്ട ഈ ജീവിതചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
1988 മുതൽ 1994 വരെ ഇറ്റലിയിലേക്ക് മാറി താമസിച്ച വോൺ ട്രോട്ട ചെറുതും വലുതുമായ ഇറ്റാലിയൻ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. 1993 എൽ ലുങ്ങോ സൈലൻസിയോ (Il Lungo Silenzio) എന്ന ചിത്രമാണ് ഇതിൽ ശ്രദ്ധേയമായത്. 1994 ൽ ജർമ്മനിയിൽ മടങ്ങിയെത്തിയ മാർഗരറ്റ് വോൺ ട്രോട്ട ബെർലിന്റെ വിഭജനകാലത്ത് നടന്ന ഒരു പ്രണയകഥ പ്രമേയമാക്കി ദി പ്രോമിസ് (Das versprechen) എന്ന ചിത്രം സംവിധാനം ചെയ്തു. വോൺ ഗ്രോട്ടയുടെ ഏറ്റവും വിജയകരമായ വാണിജ്യസിനിമയെന്നാണ് ജർമ്മൻ നിരൂപകർ ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. സോഫി എന്ന യുവതിയും കോൺറാഡ് എന്ന യുവാവും തമ്മിലുള്ള പ്രണയബന്ധവും അത് ജർമ്മൻ വിഭജനത്തിന്റെ പേരിൽ ശിഥിലമാകുന്നതുമാണ് ഈ ചിത്രത്തിന്റെ പ്രമേയം. 1961 ൽ കിഴക്കൻ ജർമ്മനി കമ്മ്യൂണിസ്റ്റ് ചേരിയിലെത്തിപ്പെടുന്നതോടെ ജർമ്മനിയും ബെർലിനും വിഭജിക്കപ്പെടുന്നു. വലിയൊരു മതിൽ ബർലിൻ നഗരത്തെ മുറിവേല്പിച്ചുകൊണ്ട് ഉയരുന്നു. ഈ മതിലിന്റെ സ്ഥാപനത്തോടെ സോഫിയും കോൺറാഡും രണ്ട് പ്രദേശങ്ങളിലായിപ്പോകുന്നു. തന്റെ സർഗ്ഗാത്മക നിരീക്ഷണവും ചലച്ചിത്രാധിഷ്ഠിത താളബോധവും ഉപയോഗിച്ചുകൊണ്ടാണ് വോൺ ട്രോട്ട ബെർലിൻ നഗരത്തിന്റെ രാഷ്ട്രീയവും ചരിത്രപരവുമായ കാഴ്ചകളിലേക്ക് സാധാരണ മനുഷ്യരുടെ കണ്ണുകളിലൂടെ സഞ്ചരിക്കുന്നത്. മനസ്സിനെ സ്പർശിക്കുന്ന പ്രണയകഥക്കൊപ്പം ഒരു നഗരത്തിന്റെ രാഷ്ട്രീയ ബോധ്യങ്ങളിലേക്കും കാണികളെ കൂട്ടിക്കൊണ്ടുപോകുകയാണ് വോൺട്രോട്ട.
1997-ൽ വോൺട്രോട്ട ജർമ്മനിയിലെ ജന്മസ്ഥലത്തെത്തി. വിന്റർകിന്റ് എന്ന ടെലിവിഷൻ സിനിമ ചിത്രീകരിച്ചു. ഡങ്കിൻ ടേബ് (1999) ജോഹർ സ്റ്റേജ് (2000)എന്നീ ടെലിവിഷൻ ചിത്രങ്ങളും വോൺ ഗ്രോട്ട നിർമ്മിച്ചു. ഈ ചിത്രങ്ങളെല്ലാം ശ്രദ്ധേയമായി. ജോഹർ സ്റ്റേജിന് നാഷണൽ ടെലിവിഷൻ അവാർഡ് ലഭിച്ചു.
1943-ൽ നടന്ന റോസൻ നാട്രാസ് പ്രക്ഷോഭത്തെ ആസ്പദമാക്കി ഒരു കഥാചിത്രം വോൺ ട്രോട്ട സംവിധാനംചെയ്തു. 2003 സെപ്തംബറിലാണ് ചിത്രം പുറത്തിറങ്ങിയത്.
ഭർത്താവിന്റെ മരണത്തിന്റെ ഓർമ്മദിനമാചരിക്കുന്ന ഭാര്യ വീട്ടിലെ ടെലിവിഷൻ സെറ്റും കണ്ണാടികളും തുണികൊണ്ട് മറയ്ക്കുന്നു. അവരുടെ മക്കൾ ഇതുകണ്ട് സ്തബ്ധരാകുന്നു. അമ്മ പൊടുന്നനെ യാഥാസ്ഥിതിക യഹൂദരെപ്പോലെ പെരുമാറുന്നത് അവരെ അമ്പരപ്പിക്കുന്നു. പക്ഷേ അമ്മ അവരുടെ ഭൂതകാലം മക്കൾക്കു മുന്നിൽ അനാവരണം ചെയ്യാൻ തയ്യാറാകുന്നില്ല. പക്ഷേ അമ്മയുടെ ജീവിതത്തിലെ യഥാർത്ഥ പ്രശ്‌നമെന്താണെന്നറിയുവാൻ മകൾ ആഗ്രഹിക്കുന്നു. യുദ്ധകാലത്ത് അമ്മയെ രക്ഷപ്പെടുത്തിയ ലെന എന്ന സ്ത്രീയെ കണ്ടെത്തി അവരിൽനിന്ന് ആ കഥ മുഴുവൻ അറിയുവാൻ അവൾ ജർമ്മനിയിലേക്ക് പോകുന്നു.
മകൾ ലെന എന്ന സ്ത്രീയെ കണ്ടുമുട്ടുന്നു. ലെന യുദ്ധകാല സ്ഥിതികൾ പങ്കിടുന്നു. അമ്മയുടെ കുട്ടിക്കാലത്തെക്കുറിച്ചും യഹൂദർക്ക് യുദ്ധം നല്കിയ അനുഭവങ്ങളെക്കുറിച്ചും പറയുന്നു. ലെന ഒരു ജർമ്മൻ വനിതയാണ്. അവരുടെ ഭർത്താവ് യഹൂദനായിരുന്നു. അയാളെ നാസിപ്പടയാളികൾ പീഡിപ്പിച്ചു കൊന്നു. ഇതേ സമയത്താണ് ഇപ്പോൾ മാനസിക വിക്ഷോഭമനുഭവിക്കുന്ന അമ്മക്ക് (ലെനയെ അന്വേഷിച്ചെത്തിയ സ്ത്രീയുടെ അമ്മ) സ്വന്തം അമ്മയെ നാസികളുടെ കോൺസൺട്രേഷൻ ക്യാമ്പിൽവെച്ച് നഷ്ടപ്പെടുന്നത്. ജർമ്മൻ-യഹൂദ വിവാഹത്തിലേർപ്പെട്ടവർ അനുഭവിക്കേണ്ടി വന്ന യാതനകളിലൂടെയാണ് ഈ ചിത്രത്തിന്റെ യാത്ര. റോസൻ സ്ട്രാസിലെ നാസി ജയിലിനു പുറത്ത് ഏഴു രാവും പകലും ജർമ്മൻ സ്ത്രീകൾ യഹൂദരായ അവരുടെ ഭർത്താക്കന്മാർക്കുവേണ്ടി പ്രതിഷേധിച്ചതാണ് ഈ ചിത്രം അടിസ്ഥാനപ്പെടുത്തുന്ന ചരിത്രസംഭവം.
വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന് യുനിസെഫ് അവാർഡ് ലഭിച്ചു. ഏറ്റവും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരവും (ബവേറിയൻ ഫിലിം അവാർഡ്) ഈ ചിത്രത്തിനു ലഭിക്കുകയുണ്ടായി.
ആറു വർഷങ്ങൾക്കുശേഷം 2009-ലാണ് വോൺട്രോട്ട വിഷൻ എന്ന ചിത്രം സംവിധാനം ചെയ്തത്. ഹിദേഗാർഡ് വോൺ ബിൻഗെൻ എന്ന കന്യാസ്ത്രീയുടെ സ്വാതന്ത്ര്യവാഞ്ചയെ ആസ്പദമാക്കിയാണ് വോൺട്രോട്ട ഈ ചിത്രത്തിന്റെ പ്രമേയവും തിരക്കഥയും രൂപപ്പെടുത്തിയത്. കന്യാസ്ത്രീകൾക്ക് കുടുംബം വേണമെന്ന ആവശ്യമാണ് വോൺ ബിൻഗെൻ ഉയർത്തിയത്. വോൺ ട്രോട്ടയുടെ മുൻകാലചിത്രങ്ങളിൽ കണ്ടതുപോലെ രണ്ടുസ്ത്രീകൾ തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തെയും സവിശേഷമാക്കുന്നത്. ഹിമിദ ഗാർഡ് വോൺ ബിൻഗെൻ എന്ന കന്യാസ്ത്രീയും റിച്ചാർഡിസ് എന്ന യുവകന്യാസ്ത്രീയും തമ്മിലുള്ള അടുപ്പം. ഇത് ലെസ്ബിയൻ ബന്ധമല്ലെന്ന് വോൺ ഗ്രോട്ട ഒരു അഭിമുഖത്തിൽ സാധൂകരിക്കുകയുണ്ടായി. ഹിദെയാർഡും റിച്ചാർഡിസും പരസ്പരം അമ്മയും മകളുമാണ്. രണ്ടുപേരും കുട്ടികളില്ലാത്തതിനാൽ അവർക്കങ്ങനെ ആകാൻ കഴിയുമെന്നാണ് വോൺ ട്രോട്ടയുടെ നിരീക്ഷണം.
ഹിദെഗാർഡ് ബിൻഗെനെ ഒരു പുണ്യവതിയായല്ല മറിച്ച്എല്ലാ ആഗ്രഹങ്ങളും വെച്ചുപുലർത്തുന്ന ഒരു സ്ത്രീയായാണ് വോൺ ട്രോട്ട പരിഗണിക്കുന്നത്.
ജർമ്മനിയിൽ ജനിച്ച് അമേരിക്കയിലേക്ക് കുടിയേറിയ, രാഷ്ട്രീയ ദാർശനിക നിരീക്ഷണങ്ങൾകൊണ്ട് സമ്പന്നമായ അനേകം ഗ്രന്ഥങ്ങളെഴുതിയ ഹന്ന അരെന്റ് (Hannah Arundt) എന്ന മഹതിയുടെ ജീവിതത്തെക്കുറിച്ചൊരു ചലച്ചിത്രം നിർമ്മിക്കുവാൻ വോൺ ട്രോട്ട നിശ്ചയിച്ചു. പ്രശസ്ത നടി ബാർബറ സുക്കോവയാണ് ഈ ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത്. നോവലിസ്റ്റ് മേരി മകാർത്തിയും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നുണ്ട്. ഹന്നയുടെ ജീവിതത്തിലെ ഒരു പ്രധാന സന്ദർഭത്തെ കേന്ദ്രീകരിച്ചുകൊണ്ട് മുന്നേറുന്ന ഈ ചിത്രത്തിൽ മേരി മകാർത്തിക്കു പുറമെ ദാർശനികനായ മാർട്ടിൻ ഹിദെഗറും ന്യൂയോർക്കറിന്റെ പത്രാധിപരായ വില്യം ഷോണും (William Shawn) കഥാപാത്രങ്ങളാകുന്നുണ്ട്. റോസ ലക്‌സംബർഗ്, ഹിദെഗാർഡ് ബിൻഗെൻ എന്നിവരുടെ ജീവിതാവിഷ്‌കാരം പോലെ വോൺ ട്രോട്ട മറ്റൊരു മഹതിയുടെ, തന്റെ രാഷ്ട്രീയ നിലപാടുകൾക്കൊപ്പം സഞ്ചരിക്കുന്ന ഹന്നാ അരെന്റിന്റെ മഹനീയ ജീവിതത്തിൽനിന്നൊരു താൾ കൂടി തന്റെ ചലച്ചിത്രത്തിലൂടെ ചരിത്രത്തിലേക്കുള്ള നീക്കിയിരിപ്പായി നല്കുന്നു.

Share this:

Recently added