ദക്ഷക

മേഘങ്ങൾക്ക് ഒരു മണം ഉണ്ടെന്ന് അവൾ ആദ്യം പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല.
തണുത്ത പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് പൊങ്ങിക്കിടക്കുന്ന ആ വെളുപ്പിലേക്ക് അവൾ ജനൽ വഴി കൈ നീട്ടുമായിരുന്നു, തൊടണം എന്ന ആഗ്രഹത്തോടെ. ക്ലാസ് മുറിയിൽ ടീച്ചർ ഭൂപടം ചൂണ്ടിക്കാണിക്കുമ്പോൾ അവളുടെ കണ്ണുകളിലൂടെ അവൾ ആ ഇടങ്ങളിലേക്ക് സഞ്ചരിക്കും. അവിടെ പിന്നെ ഒരു ഭൂപടം ഉണ്ടായിരിക്കില്ല പകരം ഒരു ചക്രവാളം.
വർഷങ്ങൾ കടന്നുപോയി.
ആ കുട്ടി ഹിമാലയൻ കൊടുമുടികൾ ഒന്നൊന്നായി പിന്നിലാക്കി. ചരിത്ര പുസ്തകങ്ങളിൽ പേര് കുറിക്കപ്പെട്ടു. പക്ഷേ ഒരു കൊടുമുടി, ഒരൊറ്റ കൊടുമുടി, അവളെ ഇപ്പോഴും വിളിച്ചുകൊണ്ടിരുന്നു.
ദക്ഷക.
ദക്ഷകയെക്കുറിച്ച് ആദ്യം കേട്ടത് ഒരു വൃദ്ധ ഗൈഡിൽ നിന്നാണ്.
കാഞ്ചൻജംഗ ബേസ് ക്യാമ്പിലേക്കുള്ള വഴിയിൽ, ചൂടുചായ കൈയിൽ പിടിച്ച്, ആ വൃദ്ധ തീയ്ക്കരികിൽ ഇരുന്ന് പറഞ്ഞു.
“ദക്ഷക കൊടുമുടി… കൊടുമുടികളുടെ ഒടുക്കത്തിലാണ്. ആരും പോയിട്ടില്ല. പോയവർ…”
വൃദ്ധ ചായ ഊതി.
“തിരിച്ചുവന്നിട്ടില്ല.”
അവൾ ഒരു നിമിഷം ആലോചിച്ചു.
“അങ്ങോട്ടൊരു വ്യൂ പോയിന്റ് ഇല്ലേ? ദൂരെ നിന്നെങ്കിലും കാണാൻ?”
വൃദ്ധ അവളെ നോക്കി. ആ കണ്ണിൽ ഒരു മുന്നറിയിപ്പ് ഉണ്ടായിരുന്നു.
“ഉണ്ട്. കർശന നിബന്ധനകളോടെ. ദൂരെ നിന്ന് കാണാം.”
ഒരു നിമിഷം നിർത്തി അവർ കൂട്ടിച്ചേർത്തു.
“അത്രമാത്രം.”
അവൾ ചായ കുടിക്കുന്നത് നിർത്തി വൃദ്ധ യെ നോക്കിയിരുന്നു.
ആ ഒരു നിമിഷത്തിൽ ദക്ഷക അവളുടെ ഉള്ളിൽ കടന്നിരുന്നു.
അവനെ അവൾ കണ്ടുമുട്ടിയത് ഒരു ട്രെക്കിംഗ് ക്യാമ്പിലാണ്.
ചളിപ്പുരണ്ട ബൂട്ടും ഒരു തേഞ്ഞ നോട്ടുബുക്കും കൈയിൽ. ഉയരങ്ങളിൽ ഫോട്ടോ എടുക്കാൻ ലോകം ചുറ്റുന്ന ഒരാൾ.
പ്രണയത്തിന്റെ കൊടുമുടി അവർ ഒരുമിച്ച് കയറി. ഇന്ന് അവർ അതിർവരമ്പുകളില്ലാത്ത സ്വപ്നങ്ങളിലേക്ക് ഒപ്പം സഞ്ചരിക്കുന്നു.
ഒരു രാത്രി ക്യാമ്പ്ഫയറിനരികിൽ ഇരിക്കുമ്പോൾ അവൾ അവനോട് ദക്ഷകയെക്കുറിച്ച് പറഞ്ഞു.
അവൻ ഒരക്ഷരം മിണ്ടിയില്ല.
ശ്രദ്ധിച്ചു കേട്ടു.
ഒടുവിൽ ചോദിച്ചു.
“ആരെങ്കിലും ശ്രമിച്ചിട്ടുണ്ടോ കയറാൻ?”
“ഉണ്ട്. ആരും തിരിച്ചുവന്നിട്ടില്ല.”
“എന്നിട്ടും പോകണം?”
“എന്നിട്ടും.”
അവൾ തീയിലേക്ക് നോക്കി.
“ആ ഉച്ചിയിൽ ഒന്ന് നിൽക്കണം. ഒരിക്കലെങ്കിലും.”
അവൻ ചിരിച്ചു.
ആ ചിരിയിൽ പരിഹാസം ഉണ്ടായിരുന്നില്ല.
“ഇനി ആ ഭ്രാന്ത് നിന്റെ മാത്രം അല്ലല്ലോ.”
അടുത്ത ദിവസം രാത്രി അവൾ ചോദിച്ചു.
“ദക്ഷക വ്യൂ പോയിന്റ് വരെ പോകാം?”
അവൻ ഒരു നിമിഷം പോലും ആലോചിച്ചില്ല.
“വ്യൂ പോയിന്റ് മാത്രം പോരാ. ദക്ഷക കൊടുമുടിയിലേക്ക് തന്നെ പോകും.”
“അത് അപകടമാണ്.”
അവൾ ചിരിച്ചു.
ആ ചിരിയുടെ ഉള്ളിൽ ഒരു ഭാരം ഉണ്ടായിരുന്നെന്ന് അവൻ അന്ന് അറിഞ്ഞില്ല.
ദക്ഷക ആദ്യമായി കണ്ണിൽ പെട്ട സമയം അവൾക്ക് തോന്നിയത്, ആകാശത്ത് നിന്ന് ചാടി ഇറങ്ങി നിൽക്കുന്ന ഒരു ഭ്രാന്തൻ ഉയരം കണ്ടുവെന്നായിരുന്നു.
ദൂരെ ആണെങ്കിലും, അത് ആ അന്തരീക്ഷം മുഴുവൻ നിറഞ്ഞുനിൽക്കുന്നു.
“ഒരിക്കൽ ഇതിന്റെ മുകളിൽ നിൽക്കണം.”
അവൾ പറഞ്ഞു.
ഒരു ആഗ്രഹമല്ല.
ഒരു നിശ്ചയം.
“നിൽക്കും.”
അവൻ അവളുടെ തോളിൽ കൈ വെച്ചു.
അപ്പോഴാണ് ആകാശം ഇരുണ്ടത്.
പെരുമഴ.
ഒരു ചെറുകുന്ന് ഒലിച്ചുപോകുന്ന ശബ്ദം കേട്ടു.
അവർ നിൽക്കുന്ന പാറമുനമ്പ് മാത്രം ഇളകിയില്ല.
ഒരടി മുന്നോട്ടോ പിന്നോട്ടോ വയ്ക്കാൻ കഴിയാതെ അവർ അവിടെ കുടുങ്ങി.
ഇരുട്ട് ഇടതൂർന്നു.
ടോർച്ചും ഫോണും ബാറ്ററിയും ഒക്കെ ക്രമേണ അർഥശൂന്യമായി.
ആ ഇരുട്ടിൽ അവർ ചുരുണ്ടിരുന്നു.
അപ്പോഴാണ് അവൾ കണ്ടത്.
ദക്ഷകയുടെ ഉച്ചിയിൽ ഒരു വെളിച്ചം.
ഇരുട്ടിനെ തുളച്ച് നിൽക്കുന്ന ഒരു ഏകാന്ത പ്രകാശം.
“അവിടെ നോക്കൂ…”
അവൾ പതുക്കെ പറഞ്ഞു.
“ദക്ഷകയുടെ മുകളിൽ ഒരു വെളിച്ചം.”
അവരോടൊപ്പമുണ്ടായിരുന്ന ഒറ്റയാൻ യാത്രക്കാരൻ ക്ഷീണത്തോടെ മൂളി.
“ഉറങ്ങൂ. കാലാവസ്ഥ തെളിയട്ടെ. ഭ്രമമാണ്. ഭയം ആളെക്കൊണ്ട് എന്തും കാണിക്കും.”
അവൻ മാത്രം ഒന്നും പറഞ്ഞില്ല.
അവളുടെ കണ്ണുകളിലേക്ക് നോക്കി.
ആ ഇരുട്ടിൽ അവളുടെ കൃഷ്ണമണിയിൽ എന്തോ ഒന്ന് തിളങ്ങുന്നുണ്ടായിരുന്നു.
ഭ്രമമല്ല.
ദർശനം.
അവൻ അവളുടെ കൈ മുറുകെ പിടിച്ചു.
അവനറിയാമായിരുന്നു.
അവൾ ആ വെളിച്ചം കാണുന്നുണ്ടെന്ന്.
ആകാശം തെളിഞ്ഞു.
അവർ മൗനത്തോടെ ഇറങ്ങി.
അവൾ വഴിനീളെ ഒന്നും പറഞ്ഞില്ല.
ഇടയ്ക്ക് ദക്ഷകയ്ക്ക് നേർക്ക് തിരിഞ്ഞുനോക്കും.
പിന്നെ നടക്കും.
അവൻ കാത്തിരുന്നു. ഒന്നും
ചോദിക്കാതെ.
ഒരു രാത്രി ടെന്റിൽ, ഉറക്കം ഒഴിഞ്ഞ ഒരു നിശ്ശബ്ദതയിൽ, അവൾ പതുക്കെ പറഞ്ഞു.
“ഞാൻ ദക്ഷക കയറും.”
“അറിയാം.”
“ഒറ്റയ്ക്ക്.”
ടെന്റിന് പുറത്ത് കാറ്റ് മൂളി.
അവൻ കൂരിരുട്ടിലേക്ക് നോക്കിക്കിടന്നു.
“ഇത് എന്റെ വഴിയാണ്. ഒറ്റയ്ക്ക് നടക്കേണ്ട വഴി. നിനക്ക് അത് മനസ്സിലാകും, അല്ലേ?”
അവൻ മറുപടി പറഞ്ഞില്ല.
കാരണം അവൾ പറഞ്ഞത് ശരിയാണെന്ന് അവന് അറിയാമായിരുന്നു.
അവൾ അവന്റെ നെഞ്ചിൽ മുഖം ചേർത്തു.
ഒരക്ഷരം പറഞ്ഞില്ല.
രണ്ടാഴ്ച കഴിഞ്ഞ് ഒരു പ്രഭാതത്തിൽ അവൻ ഉറങ്ങി കിടക്കുമ്പോൾ അവൾ യാത്ര തിരിച്ചു.
ബാഗ് ചുമലിൽ.
ഒരു ചെറിയ ടോർച്ച് കൈയിൽ.
ദക്ഷകയ്ക്ക് നേർക്ക്.
വനം ഇരുൾ കൊള്ളുന്നതും ഉണരുന്നതും അവൾ അറിഞ്ഞു.
ആദ്യ ആഴ്ചകൾ ഭൂപടത്തിൽ ഇല്ലാത്ത വഴികൾ.
പക്ഷികൾ ചിലയ്ക്കാത്ത ഇടങ്ങൾ.
ചെടികൾക്ക് ഇലകളില്ലാത്ത ആഴത്തിലുള്ള ഇരുണ്ട പ്രദേശങ്ങൾ.
ഉയരം കൂടിക്കൂടി വന്നപ്പോൾ ശ്വാസം നിലയ്ക്കാറായി.
ഓക്സിജൻ സിലിണ്ടർ അവളുടെ തുണയായി.
ഒരു ദിവസം ആ വഴിയിൽ, ആദ്യമായി അവൾ ജനവാസം കണ്ടു.
മഞ്ഞിൽ തീക്കുണ്ഡം.
അതിന്റെ ഊഷ്മളതയിൽ ആളുകൾ ഇരിക്കുന്നു.
ഓക്സിജൻ ഇല്ലാതെ.
ഭക്ഷണം ഇല്ലാതെ.
മരണവുമില്ലാതെ.
അവൾ ശ്വാസംമുട്ടി ഓക്സിജൻ സിലിണ്ടർ തുറക്കാൻ ശ്രമിച്ചു.
കണ്ണ് ഇരുണ്ടു.
ബോധം തിരിച്ചുവന്നത് ഒരു മഞ്ഞുകൂടാരത്തിൽ.
ഒരു സ്ത്രീ അടുത്ത് ഇരിക്കുന്നു.
പ്രായം പറയാനാകില്ല.
കണ്ണുകൾ പകുതി അടഞ്ഞ്.
“ഓക്സിജൻ…”
അവൾ ചുണ്ടനക്കി.
സ്ത്രീ ചിരിച്ചു.
“ഇവിടെ ശ്വാസം ഇല്ല. ഇവിടെ ആർക്കും അത് വേണ്ടതുമില്ല.”
ആ സ്വരം ഒരു ശബ്ദം പോലെ തോന്നിയില്ല.
ഒരു സ്പർശം പോലെ.
കാരണം അവർക്ക് ആശയവിനിമയത്തിന് ഭാഷ ആവശ്യമില്ലായിരുന്നു.
ആരോ അവളുടെ തലയിൽ കൈ വെച്ചു.
ഒരു കുളിർ.
ഒരു ദീർഘ നിശ്വാസം.
പെട്ടെന്ന് അവൾ സ്വതന്ത്രയായി.
ശ്വാസം എളുപ്പമായി.
അവൾ ചുറ്റും നോക്കി.
ആ മഞ്ഞുകൂടാരത്തിൽ ഇരുന്ന ആളുകൾ പകുതി ഉണർന്നും പകുതി ഉറങ്ങിയും ജീവിക്കുന്നു.
ഭൂമിക്കും ആകാശത്തിനും ഇടയിൽ.
മരണം ഇവരെ സ്പർശിക്കുന്നില്ല.
ജീവിതം ഇവരെ ഭ്രമിപ്പിക്കുന്നില്ല.
“ദക്ഷക ഇനിയും ദൂരെ ഉണ്ടോ?”
അവൾ ചോദിച്ചു.
ഉത്തരം ഒരു വിരൽചൂണ്ടൽ മാത്രം.
മുന്നോട്ട്.
“നിന്റെ വഴി നേരത്തെ എഴുതപ്പെട്ടിരിക്കുന്നു. ആർക്കും അത് മാറ്റാൻ കഴിയില്ല. ഞങ്ങൾക്കും.”
ഒരു ചെറിയ വെളിച്ചം അവളുടെ കൈയിൽ കൊടുത്തു.
അവൾ ആ വെളിച്ചവുമായി ദിനങ്ങളോളം നടന്നു.
ഒരു പ്രഭാതത്തിൽ കണ്ണ് തുറന്നപ്പോൾ അത് അവളുടെ മുന്നിലുണ്ടായിരുന്നു.
ദക്ഷക.
ഉച്ചിയിലെ അവസാന മുനമ്പ്.
ദൂരെ നിന്ന് ചെറുതായി കണ്ടത്, ഇവിടെ അതേ വലിപ്പത്തിൽ.
ഒരു ചെറിയ കല്ലുകുടിൽ.
ഒരു കല്ല് വാതിൽ.
അകത്ത് ആരുമില്ല.
ഒരു ജനൽ മാത്രം.
ആ ജനലിലൂടെ ഭൂമി ഒരു ഗോളം പോലെ കാണാം.
ഒരിക്കൽ ജനൽ വഴി കൈ നീട്ടി മേഘം തൊടാൻ ആഗ്രഹിച്ച കുട്ടി
ഇപ്പോൾ ഒരു ജനൽ വഴി കൈ നീട്ടിയാൽ ഭൂമിയെ തൊടാമെന്ന തോന്നൽ.
അവൾ കൈയിലുണ്ടായിരുന്ന വെളിച്ചം ഉയർത്തി.
ജനലരികിൽ വെച്ചു.
പുറത്തേക്ക് നോക്കി.
സമുദ്രങ്ങളും മലകളും രാജ്യങ്ങളും യുദ്ധങ്ങളും പ്രണയങ്ങളും
എല്ലാം ആ നീല ഗോളത്തിനുള്ളിൽ ചെറുതായി കറങ്ങുന്നു.
അവൾ കണ്ണുകൾ അടച്ചു.
അപ്പോഴാണ് അവൾക്ക് മനസ്സിലായത്.
ദക്ഷക ഒരു കൊടുമുടിയല്ല.
ഒരു സ്ഥലം പോലും അല്ല.
ചിലർക്ക് ജീവിതത്തിൽ ഒരിക്കൽ മാത്രം കേൾക്കുന്ന ഒരു ഉൾവിളിയാണ്.
അതുകേൾക്കുന്നവർക്ക് പഴയ മനുഷ്യരായി തുടരാൻ കഴിയില്ല.
ദൂരെ.
വ്യൂ പോയിന്റിൽ.
ഒരു കണ്ണ് ആ കൊടുമുടി നോക്കിനോക്കി ഉറങ്ങിക്കൊണ്ടിരിക്കുകയായിരുന്നു.
ആ കണ്ണ് ഇപ്പോൾ ഒരു വെളിച്ചം കണ്ടു.
അതേ ഇരുട്ടിൽ.
അതേ ഏകാന്ത പ്രകാശം.
അവൻ ദീർഘമായി ഒരു ശ്വാസം എടുത്തു.
എഴുന്നേറ്റു.
ബാഗ് ചുമലിലേറ്റി.
ഒരു നിമിഷം ദക്ഷകയ്ക്ക് നേർക്ക് നോക്കി.
പിന്നെ നിശ്ചയത്തോടെ നടന്നു തുടങ്ങി.
ദക്ഷക ഇന്നും ഒരു ഭൂപടത്തിലും രേഖപ്പെടുത്തിയിട്ടില്ല.
എന്നാൽ ചില രാത്രികളിൽ, കൊടുമുടികൾക്കിടയിൽ വഴിതെറ്റിയ യാത്രക്കാർ ദൂരെയൊരു വെളിച്ചം കാണാറുണ്ടെന്ന് പറയുന്നു.
ചിലർ അത് ഭ്രമമാണെന്ന് പറഞ് ചിരിക്കും.
ചിലർ കെട്ട് കഥയാണെന്ന് പറയും.
പക്ഷേ ആ വെളിച്ചം കണ്ടവർക്ക് മാത്രം അറിയാം
ഓരോ മനുഷ്യന്റെയും ഉള്ളിൽ ഒരു ദക്ഷകയുണ്ട്.
ലോകം മുഴുവൻ “അവിടെ പോകരുത്” എന്ന് പറയുന്നിടത്ത് നിന്നാണ് ചില യാത്രകൾ ആരംഭിക്കുന്നത്.
അവിടെ,
ഇന്നും വെളിച്ചം മിന്നിമായാറുണ്ട്

Share this:
About Author

Recently added