മുല്ലനേഴിയിലെ നിർമ്മലനായ മനുഷ്യൻ

മനുഷ്യന്റെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം ഏതാണ്? നേത്ര പടലത്തിൽ തുടങ്ങി ത്വക്ക്, വൃക്കകൾ, കരൾ, ശ്വാസകോശം എന്തിന് ഹൃദയം വരെ മാറ്റി വയ്ക്കുവാൻ
തക്ക വിധത്തിൽ ആധുനിക വൈദ്യ ശാസ്ത്രം വളർന്നിരിയ്ക്കുന്നു. മുടി ശരീരത്തിൽ ട്രാൻസ്പ്ലാന്റ് ചെയ്യുന്നത് ഒരു കച്ചവടം പോലും ആയിരിയ്ക്കുന്നു. പക്ഷേ മനുഷ്യനെ മനുഷ്യനാക്കുന്ന തല മാറ്റി വയ്ക്കാൻ ശാസ്ത്രത്തിന്
എന്നെങ്കിലും കഴിയുമോ? എന്നിട്ടും അതിന് തക്ക പ്രാധാന്യം നമ്മൾ തലയ്ക്ക് നൽകുന്നുണ്ടോ? ഇപ്പോൾ പിന്നെ ഹെൽമെറ്റ്‌ നിർബന്ധമാക്കിയത് കൊണ്ട് ബൈക്ക് യാത്രക്കാർക്ക് തലയെക്കുറിച്ചു ഓർക്കാതിരിയ്ക്കാൻ സാധിയ്ക്കുകയില്ല. എന്നാൽ തലയുടെ ഓരോ ഭാഗവും വേറിട്ട് ജനങ്ങൾ ശ്രദ്ധിയ്ക്കുന്നു.
സാഹിത്യകാരന്മാരും, കലാകാരന്മാരും,
സാധാരണക്കാരും ഒക്കെ ഇക്കാര്യത്തിൽ ഒരു പോലെയാണ്. ഏറ്റവും പ്രധാനം
മുഖം തന്നെ. മുഖം കൊണ്ടാണല്ലോ നമ്മൾ തിരിച്ചറിയപ്പെടുന്നത്. ഇത്രയ്ക്കധികം നാം ശ്രദ്ധിയ്ക്കുന്ന ഏതുണ്ട്? മുഖ സൗന്ദര്യ സംരക്ഷണത്തിനായി
ഈ ലോകം ചെലവഴിയ്ക്കുന്ന
തുക എത്ര ഭീമമായിരിയ്ക്കും. പിന്നെ കണ്ണുകൾ. ഈ ലോകത്തിന്റ മുഴുവൻ വർണ്ണാഭയും ഒപ്പിയെടുത്തു
നമുക്ക് സമ്മാനിയ്ക്കുന്ന കണ്ണുകൾ. കണ്ണുകളെക്കുറിച്ച് എത്ര എഴുതപ്പെട്ടിരിയ്ക്കുന്നു.
അതിന്റെ ആരോഗ്യ സംരക്ഷണത്തിലും ലോകജനത ഭീമമായ ചെലവഴിയ്ക്കുന്നു. അടുത്തതായി കവിൾത്തടങ്ങൾ. ചില പുരുഷന്മാർ താടി വളർത്തി കവിൾത്തടങ്ങൾ മറയ്ക്കാറുണ്ട്. എങ്കിലും ഷേവിങ്ങ് ഉപകരണങ്ങളുടെ വിൽപ്പനയുടെ വകയിലും ഒരുപാട് ധനം ലോകത്ത് കൈമാറ്റം ചെയപ്പെടുന്നു. മനുഷ്യബന്ധങ്ങളുടെ ആഴങ്ങൾ പോലും അളക്കപ്പെടുന്ന അധരങ്ങൾ. പിന്നെ തലമുടി. കഷണ്ടിയുള്ള പുരുഷന്മാർക്ക് അക്കാര്യം അത്ര ശ്രദ്ധിയ്‌ക്കേണ്ടി വരില്ല. പക്ഷേ സ്‌തീകൾക്ക് അവരുടെ കാർകൂന്തലിനെ ഓമനിയ്ക്കാതിരിക്കാൻ
കഴിയുന്നതെങ്ങനെ?
ഞാൻ കവി മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരിയെ
ആദ്യമായി കാണുന്നത് പ്രീ ഡിഗ്രിക്ക് പഠിയ്ക്കുമ്പോൾ ഒരു കവിയരങ്ങിൽ സാഹിത്യ അക്കാദമി ഹാളിൽ വച്ചാണ്. മുല്ലനേഴി എന്ന് ചുരുക്കി അറിയപ്പെട്ടിരുന്ന അദ്ദേഹം അന്ന് കേരളത്തിലെ ഒരു മുൻ നിര കവിയാണ്. മുല്ലൻ എന്ന് ഒന്നുകൂടി ചുരുക്കി അടുപ്പമുള്ളവർ അദ്ദേഹത്തിനെ വിളിയ്ക്കാറുണ്ട്. തലസ്ഥാനം എന്ന ഒരു ആക്ഷേപ ഹാസ്യ ഗദ്യ കവിത
ആയിരുന്നു അന്ന് അദ്ദേഹം അവതരിപ്പിച്ചത്. അതിന്റെ തുടക്കം ഇപ്പോളും ഞാൻ ഓർക്കുന്നു – തലസ്ഥാനത്തുള്ളവരൊന്നും
‘തല’ സ്ഥാനത്തുള്ളവരല്ല.
പിന്നെയോ തല കാലിൽ ആണെന്ന് ചിലർ പറയുന്നു. കാര്യം നടക്കാൻ ആരുടെ കാലും പിടിയ്ക്കുന്നവരെ അദ്ദേഹം പരിഹസിയ്ക്കുയാണ്.
അങ്ങനെ വേറെ പല വരികളും അദ്ദേഹം അവിടെ ചൊല്ലി. അതൊന്നും ഇപ്പോൾ ഓർത്തെടുക്കാൻ കഴിയുന്നില്ല.
ചിലതൊക്കെ ഇവിടെ തുറന്നു
എഴുതാൻ പറ്റാത്തതുമാണ്.
എന്നാൽ വെറുമൊരു കവി
മാത്രമായിരുന്നില്ല അദ്ദേഹം. നടൻ, നാടക പ്രവർത്തകൻ,
ചലച്ചിത്ര ഗാനരചയിതാവ് എന്നീ നിലകളിൽ ഒക്കെ അദ്ദേഹം വ്യക്തിമുദ്ര
പതിപ്പിച്ചിട്ടുണ്ട്. കൂടാതെ സർക്കാർ ഹൈസ്‌ക്കൂളിൽ കലാ അധ്യാപകനും ആയിരുന്നു. അന്ന്
ആകാശവാണിയ്ക്ക് എതിർ
വശത്തുള്ള രാമവർമ്മപുരം ഹൈസ്കൂളിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് കിട്ടുന്നതിന് വളരെ മുൻപ് തന്നെ നാടക രചനയ്ക്കുള്ള സാഹിത്യ അക്കാദമി അവാർഡ്
ലഭിച്ചിട്ടുള്ള എഴുത്തുകാരൻ ആയിരുന്നു അദ്ദേഹം. ഇതുപോലെ രണ്ടു അവാർഡും ഒരുമിച്ച് വേറെ ആർക്കെങ്കിലും
ലഭിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. അന്നൊക്കെ പ്രധാന മേഖലകളിൽ കേരള സാഹിത്യ
അക്കാദമി അവാർഡുകൾ
നേടുന്നത് വലിയ കാര്യം ആയിരുന്നു. കേരള സംഗീത അക്കാദമി നിർവാഹക സമിതി അംഗം ആയി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട് എന്നത് തന്നെ അദ്ദേഹത്തിലെ ബഹുമുഖ പ്രതിഭയെ വെളിവാക്കുന്നതാണ്. അദ്ദേഹം
വയലിനിൽ കവി ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോന്റെ നിർദ്ദേശാനുസരണം വിദ്വാൻ പരീക്ഷ വിജയിച്ചിട്ടുണ്ട്.
ഇരുപത്തി അഞ്ച് സിനിമകൾക്ക് വേണ്ടി എഴുപതിൽ പരം ഗാനങ്ങൾ
അദ്ദേഹം രചിച്ചിട്ടുണ്ട്. ദേവരാജൻ, എം. ബി. ശ്രീനിവാസൻ, രവീന്ദ്രൻ,
A. T. ഉമ്മർ, ജോൺസൻ, ജെറി അമൽദേവ്, കെ. രാഘവൻ, വിദ്യാധരൻ തുടങ്ങിയ മലയാളത്തിലെ എണ്ണപ്പെട്ട സംഗീത സംവിധായകരുടെ കൂടെയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. ഞാവൽ പഴങ്ങൾ, മമ്മൂട്ടിയ്ക്ക്
ആദ്യമായി സിനിമയിൽ ശ്രദ്ധേയമായ വേഷം ലഭിച്ച മേള, രചന, നടൻ ദേവൻ നിർമ്മിച്ച വെള്ളം, സന്മനസ്സുള്ളവർക്ക്‌ സമാധാനം തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ചിത്രങ്ങളിൽ ഗാനങ്ങൾ അദ്ദേഹം ആയിരുന്നു എഴുതിയത്. അദ്ദേഹത്തിന്റെ പുറത്തു വന്ന ആദ്യത്തെ ഗാനം മലയാളികൾക്ക് മറക്കുവാൻ പറ്റുമെന്ന് തോന്നുന്നില്ല – കറുകറുത്തൊരു പെണ്ണാണെ,
കടഞ്ഞെടുത്തതൊരു മെയ്യാണേ.’ ഒരിയ്ക്കൽ മുല്ലനേഴി തലശ്ശേരിയിലെ ഒരു
വനിതാ കോളേജിൽ ആർട്സ്
ക്ലബ് ഉദ്ഘാടനം ചെയ്ത ശേഷം തിരിച്ച് പോകുമ്പോൾ ഒരു പെൺകുട്ടി അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് താൻ കറുത്ത
നിറമായതു കൊണ്ട് വലിയ
ദുഖത്തിൽ ആയിരുന്നെന്നും മുല്ലനേഴിയുടെ ഈ വരികൾ ആയിരുന്നു ആ കുട്ടിയെ
ജീവിതത്തിലേയ്ക്ക് മടക്കി
കൊണ്ട് വന്നതെന്നും പറഞ്ഞു.
ദേവാംഗനെ നീയി ഭൂമിയിൽ,
ആകാശനീലിമ
മിഴികളിലെഴുതും അനുപമ
സൗന്ദര്യമേ, സൗരയൂഥ
പഥത്തിലെങ്ങോ സംഗമപ്പൂ
വിരിഞ്ഞൂ, പവിഴമല്ലി പൂത്തുലഞ്ഞ നീല വാനം, കണ്ണിനു പൊണ്മണി, കറുത്ത രാവിന്റെ കന്നിക്കിടാവോരു
വെളുത്ത മുത്ത്,സ്വപ്നം കൊണ്ടൊരു തുലാഭാരം നേർന്നപ്പോൾ, അമ്പിളിക്കൊമ്പത്തേ പൊന്നൂഞ്ഞാലിൽ, മനസ്സൊരു
മാന്ത്രികക്കുതിരയായ്‌ പായുന്നു തുടങ്ങിയ സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ രചിച്ചത് അദ്ദേഹമായിരുന്നു
കൂടാതെ സിനിമകളിൽ
ശ്രദ്ധേയമായ പല വേഷങ്ങളും
അദ്ദേഹം ചെയ്തിട്ടുണ്ട്. ഉപ്പ്, പിറവി, കഴകം, നീലത്താമര, പുലി ജന്മം, ഭൂമിഗീതം, ഈ പുഴയും കടന്ന്, ഭക്ത ജനങ്ങളുടെ ശ്രദ്ധയ്ക്ക്, വാനപ്രസ്ഥം, സൂഫി പറഞ്ഞ കഥ, കഥ തുടരുന്നു തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ അദ്ദേഹം വേഷമിട്ടു. കൂടാതെ ശ്രീ. മാടമ്പ് കുഞ്ഞിക്കുട്ടന്റെ അഗ്രഗാമി തിയറ്റേഴ്‌സുമായി
ബന്ധപ്പെട്ട് നാടക മേഖലയിലും അദ്ദേഹം പ്രവർത്തിച്ചു.
ഇങ്ങനെയൊക്കെ ആണെങ്കിലും നാട്യങ്ങൾ എന്തെന്നറിയാത്ത ഒരു പച്ച
മനുഷ്യനായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ പ്രതിഭയോട് നീതി
പുലർത്തുവാൻ അദ്ദേഹം ശ്രദ്‌ധിച്ചിരുന്നില്ല. ഇക്കാര്യം പലരും അദ്ദേഹത്തോട്
തുറന്ന് പറഞ്ഞിട്ടുണ്ട്. ആ തലമുറയിലെ പല കലാകാരന്മാർക്കും ഉള്ളത് പോലെ അദ്ദേഹത്തിനും കടുത്ത മദ്യപാനാസക്തി
ഉണ്ടായിരുന്നതാണ് കാരണം എന്നാണ് തോന്നിയിട്ടുള്ളത്. മദ്യപിച്ച് വഴിയിൽ വീണു കിടക്കുന്നത് പോലും ഒരു കുറച്ചിലായി അദ്ദേഹത്തിന് തോന്നിയില്ല. യാതൊരു കണക്കുകൂട്ടലുകളും ഇല്ലാതെ
വരുന്നതെങ്ങനയോ അങ്ങനെ അദ്ദേഹം ജീവിച്ചു.ഇത്‌ പോലെ ഞങ്ങളുടെ നാട്ടിൽ ഒരു അതുല്യനായ ഒരു നടൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് പറഞ്ഞാൽ നിങ്ങൾ ഒരു പക്ഷേ തിരിച്ചറിഞ്ഞു എന്ന് വരില്ല. ശ്രീ. ലോഹിതദാസിന്റെ
വാത്സല്യം എന്ന പ്രശസ്ത ചിത്രത്തിൽ അദ്ദേഹം പ്രമുഖ വേഷം ചെയ്തിട്ടുണ്ട്. പിന്നെയും
ഉണ്ട്. അദ്ദേഹത്തിന്റെ ഒരു മകൻ ഈയിടെ ഹൃദയാഘാതം വന്നു ദാരുണമായി അന്തരിച്ചു –
കലാഭവൻ നവാസ്. അദ്ദേഹത്തിന്റെ ജ്യേഷ്ഠ സഹോദരൻ നിയാസ് ബക്കർ മനോരമ വിഷനിലെ മറിമായം എന്ന ജനമനസ്സുകൾ കീഴടക്കിയ ഹാസ്യ
പരിപാടിയിൽ പ്രമുഖ വേഷം ചെയ്തു വരുന്നു. അവരുടെ പിതാവിന്റെ പേര് അബൂബക്കർ. അന്തരിച്ചിട്ട്
വർഷങ്ങൾ ആയി. ഒരു പക്ഷേ
മലയാള സിനിമ കണ്ടിട്ടുള്ള ഏറ്റവും മികച്ച നടൻ. മദ്യപാനാസക്തി തന്നെയായിരുന്നു അദ്ദേഹത്തിന്റെയും പ്രശ്നം. അദ്ദേഹം
അന്തരിച്ചപ്പോൾ ശ്രീ. ലോഹിതദാസ് മലയാള മനോരമ പത്രത്തിൽ ഇങ്ങനെ
എഴുതി – അബൂബക്കറിന്റെ കൈവശം ഒരു വലിയ നിധി ഉണ്ടായിരുന്നു. അഭിനയ കലയുടെ അനഘമായ നിധി. അത് അദ്ദേഹം ആരെയും കാണിയ്ക്കാതെ മൂടി വച്ചു. എന്നിട്ട് അത് ഭദ്രമായി തിരികെ
കൊണ്ട് പോയി. അബൂബക്കറിനോളം വരില്ലെങ്കിലും, കയ്യിലുള്ള നിധിയിലെ പല രത്നങ്ങളും മുല്ലനേഴിയും പുറത്തെടുത്തില്ല. ഒരു മദ്യ പാന
സദസ്സിൽ വച്ച് പുറകോട്ട് നടന്നു
അമ്പത്തി ഒന്നാമത്തെ വയസ്സിൽ കെട്ടിടത്തിൽ നിന്നും
താഴെ വീണു മരിച്ച സംവിധായകൻ ജോൺ എബ്രഹാമിനും മുല്ലനേഴിയ്ക്കും
ഇടയിൽ വലിയ ദൂരമൊന്നുമില്ല.കൂടെ മദ്യവും കൂട്ടായി ഒരാളും ഉണ്ടെങ്കിൽ
അതായിരുന്നുമുല്ലനേഴിയ്ക്ക് സ്വർഗ്ഗം.
ഞങ്ങൾ വടക്കാഞ്ചേരിയിൽ
ഒരു സാംസ്കാരിക സംഘടന
നടത്തിയിരുന്നു. അതിൽ ഒരു കവി സമ്മേളനത്തിലേയ്ക്ക്
ക്ഷണിയ്ക്കാൻ തൃശ്ശൂർ ഒല്ലൂരിനു അടുത്തുള്ള
അവിണിശ്ശേരിയിലെ അദ്ദേഹത്തിന്റെ മുല്ലനേഴി മനയിൽ ഒരിയ്ക്കൽ പോയിരുന്നു. ഒല്ലൂരിൽ എല്ലാവർക്കും അദ്ദേഹത്തിനെ അറിയാം. ഒല്ലൂരിൽ നിന്നും ഓട്ടോ റിക്ഷയിൽ കയറി
അദ്ദേഹത്തിനെ ക്ഷണിയ്ക്കാൻ പോകുമ്പോൾ
കേരളം മുഴുവൻ അറിയപ്പെടുന്ന കവിയും, ചലച്ചിത്ര ഗാന രചയിതാവും ചലച്ചിത്ര നടനും പിന്നെ ഒരു
ഗവൺമെന്റ് അധ്യാപകനും ആയ ഒരാളുടെ ഗരിമ
വിളിച്ചോതുന്ന പുരാതനമായ
ഉയരം കൂടിയ മതിലിനാൽ
ചുറ്റപ്പെട്ട ഒരു വലിയ മനയുടെ
ചിത്രമായിരുന്നു മനസ്സ് നിറയെ.
എന്നാൽ ഞങ്ങൾ ചെന്ന്‌ കയറിയത് മുൻവശത്ത് ഒരു ചെറിയ ചായ്‌പ്പും അതിന്റെ പിന്നിലായി ഒരു ചെറിയ മുറിയും അടുക്കളയും മാത്രമുള്ള ഒരു ചെറിയ ഒരു വരി വീട്ടിനു മുന്നിലായിരുന്നു. തലേ ദിവസം വൈകി മാത്രം എത്തിയതിന്റെ
ഉറക്കച്ചടവുണ്ടായിരുന്നു മുല്ലനേഴിയുടെ മുഖത്ത്.
ആ കവിസമ്മേളനത്തിൽ ശ്രീ. ഒ. എൻ. വി. കുറുപ്പ്,
ശ്രീ. കടമ്മനിട്ട രാമകൃഷ്ണൻ, ശ്രീ. വി.മധുസൂദനൻ നായർ എന്നിവരൊക്കെ ഉണ്ടായിരുന്നു. അവരൊക്കെ തലേ ദിവസം പുറപ്പെട്ട് കാലത്ത് തന്നെ വടക്കാഞ്ചേരിയിൽ എത്തിച്ചേർന്നിരുന്നു. തൃശൂരിലും പരിസരത്തുമുള്ള കവികളെ കാറിൽ സമ്മേളന വേദിയിൽ എത്തിയ്ക്കേണ്ട ചുമതല എനിയ്ക്കായിരുന്നു അങ്ങനെ മുല്ലനേഴി, വിധവയെ വിവാഹം കഴിച്ച്
നമ്പൂതിരി സമുദായത്തിൽ
ഭൂകമ്പം സൃഷ്ടിച്ച എം. ആർ. ബി
( എം. ആർ. ഭട്ടതിരിപ്പാട് ),
ഹിരണ്യൻഎന്നിവരൊക്കെ ഉണ്ടായിരുന്നു. യാത്രാ മദ്ധ്യേ
വന്ദ്യ വയോധികനായ
എം. ആർ. ബി. ഒരു കടലാസ്സ്
മുല്ലനേഴിയ്ക്കു കൊടുത്തു.
അദ്ദേഹം എഴുതിയ കവിത
ആയിരുന്നു അത്. എന്നിട്ട് വേദിയിൽ വച്ച് അത്
ചൊല്ലുവാനുള്ള ആരോഗ്യമൊന്നും തനിയ്ക്ക് ഇല്ലെന്നും, അത് കൊണ്ട് മുല്ലൻ ആ കവിത അദ്ദേഹത്തിന് വേണ്ടി ചൊല്ലണമെന്നും പറഞ്ഞു. ഉടൻ മുല്ലനേഴി വണ്ടിയിലിരുന്ന് ഉറക്കെ ആ കവിത വായിച്ചു. എന്നിട്ട് ‘കൊള്ളാം ; നല്ല ഭാവിയുണ്ട്’ എന്ന് പറഞ്ഞു ഗൗരവ പ്രകൃതിക്കാരാനായിരുന്ന
എം.ആർ.ബി. പോലും പൊട്ടിച്ചിരിച്ചു പോയി…
അദ്ദേഹം എല്ലാവരുടേയും മനസ്സിൽ പടർന്നു പന്തലിച്ച് സ്‌നേഹസുഗന്ധം പരത്തിയ ഒരു സ്‌നേഹമുല്ലയായിരുന്നു.

Share this:

Recently added