പോലീസുകാർക്കിടയിൽ എൻറെ മുഖം കണ്ടപ്പോൾ ടീച്ചറുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ ചിരി.. ആശ്വാസത്തിന്റെ തെളിനീർ എന്നോളം,
മെഗാ വോള്‍ട്ട് ട്യൂബ് ലൈറ്റ് പോലെ പ്രകാശിച്ചു.. ടീച്ചറുടെ വീട്ടിൽ രാത്രി 10 മണിയായിട്ടും ലൈറ്റ് അണച്ച് വാതിൽ തുറന്നിട്ടത് കണ്ടിട്ടാണ്, പോലീസുകാർ ഓപ്പോസിറ്റായു ള്ള ഞങ്ങളുടെ വീട്ടിൽ വന്ന്, അവിടെ അകത്തു കയറി നോക്കാൻ ഒരു സ്ത്രീ വേണമെന്ന് ആവശ്യപ്പെട്ടത്….അപ്പോഴാണ് ഞാൻകൂടെ ചെന്നത്…
ലൈറ്റ് ഇട്ട് അകത്ത് നോക്കിയപ്പോൾ അബോധാവസ്ഥയിലെന്നോളം കിടക്കുന്ന ടീച്ചർ.. വിളിച്ചപ്പോൾ എഴുന്നേറ്റു… എന്താ വാതിൽ അടക്കാത്തത് എന്ന് ചോദിച്ചപ്പോൾ രാത്രിയായോ എന്നുള്ള മറുചോദ്യം….
തലയിൽ അത്യാവശ്യം വലിയ ഹോസ്പിറ്റൽ ബാൻഡേജ്..
വൈകുന്നേരം ഒന്ന് കാര്യമായി വീണിട്ടുണ്ട്.. പകൽ വന്നുപോകുന്ന ജോലിക്കാരി
ഹോസ്പിറ്റലിൽ കൊണ്ടുപോയി തലയിൽ ഡ്രസ്സ് ചെയ്തിരിക്കുന്നു.. അവർക്ക് അത്രയെങ്കിലും തോന്നിയത് ഭാഗ്യം…ഒരു കണ്ണിൻറെ താഴെ കരുവാളിച്ച തുടിപ്പ്..
ഹൊ…. വാർദ്ധക്യം എത്ര നിസഹായാവസ്ഥയിലാണ് മനുഷ്യനെ കൊണ്ടെത്തിക്കുന്നത്..? ആയ കാലത്ത് പേരും പെരുമയും സമ്പാദിച്ച ടീച്ചർ… ശിഷ്യഗണങ്ങൾ ഇഷ്ടം പോലെ…
നല്ല കുടുംബാംഗം.. മികച്ച സാമ്പത്തിക സ്ഥിതി.. നല്ല സ്ഥലത്തുള്ള ഇരുനില വീട്.. ഭർത്താവ് നേരത്തെ മരിച്ചു.. അധ്യാപകനായിരുന്നു.. മക്കളില്ല.. ബന്ധുക്കളുടെ കാര്യം അറിയില്ല.. വന്ന് നിൽക്കാത്തതോ, അതോ അങ്ങോട്ട് പോകാത്തതോ എന്നൊന്നും അറിയില്ല… തീർത്തും ഒറ്റപ്പെട്ടു പോയിരിക്കുന്നു.. തൻപോരിമയുള്ള മക്കളുള്ള എത്രയോ വയോധികരുടെ ഇതിനേക്കാളും കഷ്ടമുള്ള കഥകൾ കേട്ടെടുത്ത് ഇത് അത്ഭുതമില്ല..
എല്ലും തൊലിയുമായ ശരീരം.. എണീച്ചു നിൽക്കാൻ പോലും ത്രാണി ഇല്ല…. പോലീസുകാർ എത്ര സ്നേഹത്തോടെയാണ് ടീച്ചറോട് പെരുമാറിയത്.. ഗുളിക കഴിച്ചോ, ഫുഡ് കഴിച്ചോ തുടങ്ങിയ സ്നേഹാന്വേഷ ങ്ങൾക്കിടയിൽ, അവിടെ കണ്ട ഒരു ഡയറിയിൽ നിന്ന് അത്യാവശ്യ ബന്ധുക്കളുടേത് എന്ന് തോന്നുന്ന ഫോൺനമ്പറുകൾ എഴുതിയെടുത്തു.നാളെ, വേണ്ട നടപടി കൈക്കൊള്ളുമെന്ന ഉറപ്പിൽ വാതിലൊക്കെ അടക്കാൻ സഹായിച്ചു.. ഞങ്ങൾ അവിടെ നിന്ന് പുറത്തിറങ്ങി…
പോലീസിന്റെ കരുതലിൽ മതിപ്പ് തോന്നി…..
എന്നാൽ …കുറെ വർഷങ്ങൾക്കു മുമ്പ് എൻറെ മനസ്സിനെ ഇപ്പോഴും നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ്മയുണ്ട്… ആത്മാവിനെ കീറിമുറിച്ച ഒരു 10 വയസ്സ്കാരിയുടെ നിലവിളി… അന്ന് ഞങ്ങളുടെ വീടിൻറെ മുന്നിലുള്ള ബിൽഡിങ്ങിന്റെ പ്രാരംഭ പണി നടക്കുകയായിരുന്നു.. തൂണും വാർപ്പും മാത്രമുള്ള കെട്ടിടം … അവിടെ ഒരു സന്ധ്യാനേരത്ത് നൂറോളം നാടോടി അഭയാർത്ഥികൾ വന്നു തമ്പടിച്ചു.. മുക്കാൽ ഭാഗവും സ്ത്രീകളും കുട്ടികളും ആയിരുന്നു.. റെയിൽവേ സ്റ്റേഷൻ റോഡ് ആയതുകൊണ്ട് ട്രെയിൻ ഇറങ്ങി വന്നതായിരിക്കും.
അവർ വന്നപ്പോൾ തന്നെ പരിസരം ഒരു ദുർഗന്ധം അനുഭവപ്പെട്ടു. കൂടാതെ ബഹളവും, തമ്മിൽ കലഹവും.. അതിനിടയിൽ അവർ വെപ്പും കുടിക്കും ഒക്കെ വട്ടം കൂട്ടുന്ന തിരക്കിലുമായി….. കുളിയും നനയും ഒന്നും പിന്നെ അവർക്ക് പറഞ്ഞിട്ടില്ലല്ലോ..
പക്ഷേ പെട്ടെന്ന് പരിസരവാസികളിൽ ആരോ ഫോൺ വിളിച്ചു പറഞ്ഞതു കൊണ്ടായിരിക്കും ഒരു പോലീസ്ജീപ്പ് വന്നു നിന്നു.. തുരുതുരെ പോലീസ് ചാടി ഇറങ്ങി.. അവരെ ഓടിക്കാൻ ലാത്തി വീശി.. അവർ എങ്ങോട്ടെന്നില്ലാതെ ചിതറിയോടി… ആകെ ബഹളമയം..
അതിനിടയിൽ അവരിൽ പെട്ട ഒരു 10 വയസ്സുകാരി ഒരു ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞനിയനെ എടുത്ത് റോഡരികിലൂടെ ഓടുന്നത് കണ്ടു.. പക്ഷേ അബദ്ധത്തിൽ കുഞ്ഞ് ഓടയിൽ വീണുപോയി. അപ്പോൾ ആ പത്ത് വയസ്സുകാരി കരഞ്ഞ കരച്ചിൽ…… ദിഗന്ധം പൊട്ടുമാറുച്ചത്തിലൊന്നും ആയിരുന്നില്ല….
പക്ഷേ ആത്മാവി
നെ കീറി മുറിക്കുന്നത് ആയിരുന്നു… ആ മോളുടെ നിസ്സഹായവസ്ഥ മുഴുവനും ആ കരച്ചിലിൽ ഉണ്ടായിരുന്നു…
ആ കുഞ്ഞിനെ എടുത്തു കൊടുക്കാന്‍ സഹായിച്ചാലോ എന്ന് ഞാൻ ഒരു വേള കരുതുമ്പോഴേക്കും അതിൽ പെട്ട ഒരാൾ തന്നെ കുഞ്ഞിനെ എടുത്തു കൊടുത്തു. ആ കുഞ്ഞ് അതിനെയും എടുത്ത് പിന്നെയും ഓടുന്നത് കണ്ടു.. അതിനു ഭാരമേ ഇല്ല.. ഭാരമുള്ളതല്ലേ ഭാരമാകൂ …രാത്രി ആയതുകൊണ്ട് കാഴ്ചകൾ മറഞ്ഞു … അന്ന് സ്റ്റ്രീറ്റ് ലൈറ്റുകൾ ഒന്നും ഇല്ലായിരുന്നു…. ആ വീണ കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്ന് പോലും ആരും അന്വേഷിച്ചില്ല.. അവരുടെ കൂട്ടത്തിൽ ഉള്ളവരും അല്ലാത്തവരും…. ആരും….
പോലീസിന്റെ ഭാഗത്തുനിന്ന് എന്ത് ക്രൂരതയാണ് ഉണ്ടായത്… തെരുവിന്റെ മക്കളാണെങ്കിലും അനാഥരാണെങ്കിലും അവരും മനുഷ്യരല്ലേ? ജീവനുള്ളവരല്ലേ? ആ രണ്ടു കുഞ്ഞുങ്ങളും എന്ത് തെറ്റ് ചെയ്തിട്ടാണ്? ശ്രദ്ധിക്കാൻ അവരുടെ അച്ഛനും അമ്മയും പോലുമില്ലേ…
ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ രക്ഷാധികാരി 10 വയസ്സുള്ള മറ്റൊരു കുഞ്ഞ്…
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇന്നും മനസ്സിൽ കിടന്ന് വിങ്ങുന്നു..
