സീൻ: ഒന്ന്
പകൽ
ഭാനുമതിയുടെ വീട് (ഉമ്മറം)
ഭാനുമതി ഉമ്മറത്തെ തിണ്ണക്കു മുകളിൽ തൂണിനോടു ചാരിയിരുന്ന് മുറത്തിൽ അരി ചേറുകയാണ്.
മുറ്റത്തെ വേലി കെട്ടിനു പുറത്ത് വെളിയിലൂടെ കടന്നു പോകുന്ന ഒരു ചെറുപ്പക്കാരൻ (ഹരി).
അയാൾ പൊടുന്നനെ ഭാനുമതിയെ കാണുന്നു.
അയാളുടെ കണ്ണുകൾ മുണ്ടും ബ്ലൗസും മാത്രമിട്ട ഭാനുമതിയിലേക്ക്.
തിണ്ണയിലിരുന്ന് അരി ചേറുന്ന ഭാനുമതി ഹരിയെ കാണുന്നു ഇരുവരുടെയും നോട്ടങ്ങൾ പരസ്പരം ഇടയുന്നു.
തന്റെ ശരീരത്തിൽ ഉടനീളം അയാളുടെ കണ്ണുകൾ പരതുന്നതായി അവൾക്കു തോന്നുന്നു.
ഭാനുമതി വശ്യമായി പുഞ്ചിരിക്കുന്നു.
ഹരിയും ചിരിച്ചു.
പിന്നെ അയാൾ മുൾവേലി കൊണ്ടുണ്ടാക്കിയ ഗേറ്റ് പതിയെ തുറന്ന് ഉമ്മറത്തേക്ക് നടക്കുന്നു . പുറത്ത് ഈ കാഴ്ച കണ്ടു നടന്നുപോകുന്ന നാട്ടുകാർ.
അവരുടെ പരിഹാസം കലർന്ന ശബ്ദങ്ങൾ ഹരിയുടെ കാതുകളിൽ ഓവർലാപ്പ് ചെയ്യുന്നു.
“ഉം…. നടക്കട്ടെ നടക്കട്ടെ . “
മറ്റൊരാളുടെ ശബ്ദം: ഓളെ പറഞ്ഞിട്ട് കാര്യല്ല്യാ… കല്യാണം കഴിക്കാത്തോളല്ലേ…. ഓക്കുംകാണൂലേ…. “
അവരുടെ പരിഹാസം കലർന്ന ചിരി ഹരിയുടെ കാതുകളിൽ .
ഹരി ഭാനുമതിയെ നോക്കി മുറ്റത്തു വന്നു നിൽക്കുന്നു.
വശ്യം നിറഞ്ഞ മനോഭാവത്തോടെ മുറം തിണ്ണക്കു മുകളിൽവെച്ച് അവൾ ഹരിയെ നോക്കി.
ഉമ്മറത്തെ ചവിട്ടുപടിയിലേക്ക് നടന്നു നിന്നുകൊണ്ട് അവൾ നാലുപാടും നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തി പതിഞ്ഞ ശബ്ദത്തിൽ.
“പേടിക്കേണ്ട ആരുല്ല്യാ… അകത്തേക്ക് പോന്നോളൂ…”
മുഖത്തേക്ക് ഉതിർന്നുവീണ ചെമ്പൻമുടി ധൃതിയിൽ മാടി കെട്ടി ഭാനുമതി അകത്തേക്ക് നടക്കവേ, ഹരി ഉമ്മറത്തെ ചവിട്ടുപടികൾ കയറി.
ഭാനുമതി അകത്തേക്ക് നടക്കുന്നതിനിടയിൽ ഒന്ന് തിരിഞ്ഞു നിന്നു വശ്യം കലർന്ന സ്വരത്തിൽ പതിയെ .
“അകത്തെ കട്ടിലിൽ ഇരുന്നോളൂ….”
അതിനു മറുപടി എന്നോളം.
ഹരി: അകത്തു വേണ്ട… മേശപ്പുറത്ത് മതി….
മനസ്സിലാകാതെ ഹരിയുടെ മുഖത്ത് നോക്കുന്ന ഭാനുമതി.
ഹരി: പിടിച്ചുനിക്കാൻ പറ്റാത്തോണ്ടാ….
ഉമ്മറത്തെ ഒരു മൂലയിൽ കാണുന്ന മേശയിലേക്ക് നോക്കി.
ഹരി: മേശപ്പുറത്തുണ്ടല്ലോ എല്ലാം അത്രയ്ക്ക് വിശക്കുന്നതോണ്ടാ വന്നത് നിങ്ങൾ വേണോന്നില്ല്യ… ഞാനെടുത്ത് ഒറ്റക്ക് കഴിച്ചോളും.
ആർത്തിയോടെ മേശക്കരികിലേക്ക് നടക്കുന്ന ഹരി. മേശപ്പുറത്ത് മൂടി വെച്ച പാത്രം തുറന്ന് എന്തൊക്കയോ ആർത്തിയോടെ തിനുന്നു.
അതു കണ്ട് നിശ്ചലം നിന്നു പോയ ഭാനുമതി.
അവളുടെ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന, കണ്ണുനീരിലേക്ക് അടുക്കുന്ന ദൃശ്യം.
....കട്ട്.....
