അടുക്കളയിൽ തകൃതിയായ പാചകമാണ്.
ഗ്യാസടുപ്പിൽ ഒന്നിൽ ചിക്കൻ കറിയും മറ്റേതിൽ മീനും പാകമാവുന്നുണ്ട്.
മൂന്നാമത്തെ അടുപ്പിൽ ഫ്രൈഡ് റൈസ് ആണ്. മൂത്ത മകൻ കോളേജവധിക്ക് വീട്ടിലെത്തിയാൽ അടുക്കളയിൽ എപ്പോഴും തിരക്കാണ്. അവന്റെ ഇഷ്ടവിഭവങ്ങൾ ഒരുങ്ങുകയാണ്.
ആരോഗ്യത്തെപ്പറ്റി പ്രത്യേകം ശ്രദ്ധിക്കുന്നവനാണ് കൂടാതെ ജിമ്മിൽ പോകുന്നുമുണ്ട്.
പാചകത്തിനിടയിൽ അമ്മ വിളിച്ചു പറയുന്നത് കേൾക്കാം.
“കുറച്ച് പച്ചക്കറി വാങ്ങിക്കണം, നാളെ എല്ലാം പച്ചക്കറി ആക്കിയാലോ? മൽസ്യമാംസാദികൾ ഈ ചൂടുകാലത്ത് അത്ര നല്ലതല്ല” !
ഇത് കേട്ടതും മക്കളുടെ മുഖം വാടി.
“വേണ്ടമ്മേ നമുക്ക് സ്കൂൾ തുറക്കുന്നത് വരെ നോണ് വെജ് അടിച്ചു പൊളിക്കണം”.
സ്കൂൾ തുറന്നാൽ ഇതൊന്നും നടക്കില്ലല്ലോ ?
“എന്നാലും കുറച്ചു ചേമ്പ് എങ്കിലും വേണം. മോഹനേട്ടന്റെ കടയിലുണ്ടാവും “.
അമ്മ മുഴുമിച്ചില്ല, കുട്ടികൾ രണ്ടുപേരും കോറസ്സായി ചോദിച്ചു .
“ചേമ്പോ ? അതെന്താ സാധനം “ ?
അമ്മ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. അതൊരുതരം കിഴങ്ങു വർഗ്ഗമാണ്. കടക്കാരനോട് ചോദിച്ചാൽ എടുത്തു തരും. മുമ്പ് നമ്മുടെ പറമ്പിൽ നിറയെ ഉണ്ടായിരുന്നു. ചേമ്പ് ചെടിയുടെ ഇലയും തണ്ടും ഒക്കെ കഞ്ഞിക്കുള്ള വിഭവങ്ങൾ ആയിരുന്നു. കലർപ്പില്ലാത്ത പച്ചക്കറികൾ പറമ്പിൽ കിട്ടിയ കാലം…. അമ്മ നെടുവീർപ്പെട്ടു.
അവധിക്കാലം മുഴുവൻ പച്ചക്കറികളും മീൻ വകകളും, ഇറച്ചി വിഭവങ്ങളും തന്നെ തീൻ മേശകളിൽ ഇടംപിടിച്ചു. പച്ചക്കറി അപൂർവമായി. എന്നിരുന്നാലും എന്നും വീട്ടിലേക്കു വാങ്ങി കൊണ്ടുവരുന്ന പച്ചക്കറി സഞ്ചിയിൽ അമ്മ പ്രതീക്ഷയോടെ നോക്കും.
ക്യാരറ്റ്, ബീറ്റ്റൂട്ട്, ബ്രോക്കോലി, ക്യാപ്‌സിക്കം ഇങ്ങനെ വിദേശി പച്ചക്കറികളുടെ ഇടയിൽ ഒരു കഷ്ണം ചേമ്പ് മുട്ടിയേ അമ്മ പ്രതീക്ഷിച്ചുകൊണ്ടേയിരുന്നു ..
ഒടുക്കം ചേമ്പ് കാളൻ ഓർമ്മയിൽ വായിൽ കപ്പലോടിച്ചപ്പോൾ അമ്മയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റാതായി.
സാധനം വാങ്ങാൻ മകൻ കടയിൽ പോകുമ്പോൾ അവനോട് അവിടെ എത്തിയാൽ ഒന്ന് വിളിക്കാൻ പറഞ്ഞേൽപ്പിച്ചു.
അവനവിടുന്നു വിളിച്ചപ്പോൾ രണ്ടു കഷ്ണം ചേമ്പ് വാങ്ങാൻ ഓർമിപ്പിക്കാനാണ്.
അവൻ കടക്കാരനോട് പറഞ്ഞു.ലിസ്റ്റിലുള്ള സാധാനങ്ങൾക്ക് പുറമെ രണ്ട് “ചെമ്പ് “കൂടി വെക്കണം .
പീടികക്കാരന് ചിരി നിൽക്കുന്നില്ല.
“എത്രവലിയ ചെമ്പാടാ നിനക്കു വേണ്ടത് “?
വീട്ടിലിന്ന് സദ്യയാണോ ?
അപ്പോഴാണ് അതൊരു കിഴങ്ങാണെന്ന് അമ്മ പറഞ്ഞകാര്യം ഓർത്തെടുത്തത് .
കടയിലുള്ളയാൾ സീരിയസ്സായി. “കുഞ്ഞേ ഈ ചേമ്പോക്കെ കഴിക്കണം. നിങ്ങടെ ജിം ട്രൈനെർമാർ തരുന്ന ലിസ്റ്റിൽ ഇതൊന്നും കാണില്ല” .
“പ്രോടീൻ ആണ് വേണ്ടത്. ഇതിൽ പ്രോടീൻ ഉണ്ടോ.”
അവൻ ജിമ്‌ട്രൈനെർ പറഞ്ഞത് ഓർത്ത് പറഞ്ഞു.
“എപ്പോഴും പല നാട്ടിൽ നിന്നു കൊണ്ടുവരുന്ന രാസവസ്തുക്കളടങ്ങിയ പച്ചക്കറികൾ മാത്രം കഴിച്ചാൽ പോരാ. നാടൻ ഇനങ്ങൾകൂടി കഴിക്കണം“.
ഈ ചേമ്പ് കറിയൊന്നും ഒരു ഹോട്ടലിലും കിട്ടില്ല മോനെ..”
മനസ്സില്ലാ മനസ്സോടെ തലയാട്ടി അവൻ സാധനങ്ങൾ എടുത്തു വീട്ടിലെത്തി.
“അമ്മയുടെ ഒരു ചേമ്പ്…!“
സഞ്ചി അടുക്കളയിൽ. വയ്ക്കുമ്പോൾ അവൻ പിറുപിറുത്തു.
കടയിലുള്ളവർ കളിയാക്കിയതിന്റെ ചമ്മൽ ഇപ്പോഴു മാറിയിട്ടില്ല.
ചേമ്പ് മുട്ടികളെ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് നിലാവുദിക്കുന്നത് കാണാമായിരുന്നു.
അതു കഴുകി വൃത്തിയാക്കി. മോരൊഴിച് പെട്ടന്ന് കാളൻ കറി വച്ചു.
ഉണ്ണാനിരുന്നപ്പോൾ മക്കളുടെ മുഖത്ത് വലിയ തെളിച്ചമില്ല.
പ്ലേറ്റിലേക്ക് കാളൻ ഒഴിക്കാൻ തുടങ്ങുമ്പോൾ ചെറിയയാൾ തീർത്തു പറഞ്ഞു .
എനിക്ക് വേണ്ട !
“അങ്ങിനെ പറ്റില്ലല്ലോ” ചെറിയവന് ചോറ് വാരി ഉരുളകളാക്കി ചേമ്പ് കാളൻ ഉടച്ചു കുഴച്ചു കൊടുത്തു. എല്ലാവരും കഴിച്ചു എഴുന്നേറ്റപ്പോൾ അമ്മ ചൂടുള്ള ചോറും കൂട്ടി മനസ്സ് നിറയും വരെ ഒറ്റക്കിരുന്നു കഴിച്ചു കൊണ്ടിരിന്നു.

ഇന്നൊരു നൊസ്റ്റാൾജിയക്ക് ഉണ്ടാക്കിയ ചേമ്പ് കാളൻ അടുപ്പിൽ നിന്നിറക്കിവേക്കുമ്പോൾ അവൾക്ക് കൂട്ടിക്കാലത്തെ വീടിന്റെ ഓർമ്മകൾ തീരയടിച്ചു വരുന്നുണ്ടായിരുന്നു.
ഒപ്പം അമ്മമ്മയുടെ കൈപ്പുണ്യം നിറഞ്ഞ ചേമ്പ് കാളന്റെ ഗന്ധവും.
അടുക്കളയിൽ ഞാൻ ഒറ്റക്കല്ല, രുചിക്കൂട്ടുകൾ കാലാകാലങ്ങളായി
കൈമാറി ഈ അടുക്കളയിലുണ്ട് എന്നു മനസ്സ് മന്ത്രിച്ചു. !

കഥ വായിച്ചപ്പോൾ കുട്ടികാലത്ത് അമ്മൂമ്മയും അമ്മയും ഉണ്ടാക്കിയ ചേമ്പ് കാളൻ ഓർമ്മ വന്നു. അന്ന് പറമ്പിൽ ചേമ്പ്, ചേന, കൊള്ളി കിഴങ്ങ്, മധുര കിഴങ്ങ്, കുണ്ടു കിഴങ്ങ് മുതലായവ ഉണ്ടായിരുന്നു.
ചേമ്പും ചേനയും ഇന്നും പറമ്പിൽ ഉണ്ട്. കാളൻ വെക്കാറുമുണ്ട്. എങ്കിലും ആ പഴയ കാലത്തെ കാള ന്റെ രുചി കിട്ടുന്നില്ല.
ഓർമ്മകളെ കുറേ കാലം പിറകോട്ടു നയിച്ച ഈ സംഭവ കഥ വളരെ നന്നായിട്ടുണ്ട്.
ആശംസകൾ ഭാവുകങ്ങൾ അനുമോദനങ്ങൾ അഭിനന്ദനങ്ങൾ നേരുന്നു സീന മോളേ 🙏❤️.