ടീ രംഭ മോസം — ഊട്ടിയിലെ ഭാഷാവിപ്ലവം!

യാത്രയെന്നാൽ കാഴ്ചകൾ കാണലും പടപടാന്ന് ഫോട്ടോ എടുക്കലും മാത്രമല്ലല്ലോ! പുതിയ നാടുകൾ, പുതിയ മനുഷ്യർ, അപരിചിതമായ ഭാഷകൾ… അങ്ങനെ ഓരോ യാത്രയും ഓരോ പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുക. എന്നാൽ നമ്മുടെ കൊടിഞ്ഞി MEC 7 സംഘത്തിന്റെ ഊട്ടി യാത്രയ്ക്ക് ഒരു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു — ഭാഷാപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക!
തമിഴ്‌നാട്ടിലേക്ക് പോകുമ്പോൾ തമിഴ് അറിയണം എന്നൊന്നും നിർബന്ധമില്ലെന്നാണ് നമ്മുടെ സംഘത്തിന്റെ കണ്ടെത്തൽ. അറിയാവുന്ന മലയാളം അൽപ്പം വളച്ചൊടിച്ച് ആത്മവിശ്വാസത്തോടെ പറഞ്ഞാൽ മതി! കാരണം, നമ്മുടെ ഗ്രൂപ്പിന്റെ സാർവത്രിക ഭാഷാശാസ്ത്ര തത്വം ഇതാണ്: “തമിഴ് അങ്ങോട്ട് പറഞ്ഞാൽ ആർക്കും മനസ്സിലാകും; പക്ഷേ അറിയാത്തവൻ പറഞ്ഞാൽ അത് അസ്സൽ മലയാളമാകും!”
ഈ മഹത്തായ ഭാഷാപരീക്ഷണത്തിന് ഊട്ടിയേക്കാൾ നല്ലൊരു ലബോറട്ടറി വേറെയില്ലല്ലോ! അങ്ങനെ പ്രകൃതിഭംഗിയും കോടമഞ്ഞും തണുപ്പും ആസ്വദിച്ച്, ഭാഷാപരമായ വിപ്ലവത്തിന് തുടക്കമിടാൻ പറ്റിയ ഒരു അവസരവും കാത്ത് നമ്മുടെ സംഘം മുന്നോട്ടു നീങ്ങുന്നതിനിടയിലാണ് ആ ചരിത്രസംഭവം അരങ്ങേറിയത്!
ടൂറിന്റെ ഭാഗമായി ഒരു തേയില ഫാക്ടറിയിലെത്തി. അവിടെയാകട്ടെ, സന്ദർശകർക്ക് സൗജന്യമായി ചൂടുചായയും വിതരണം ചെയ്യുന്നുണ്ട്. കിട്ടിയ ചായ ഒരു തുള്ളി പോലും ബാക്കിവെക്കാതെ നൊട്ടിയും നക്കിയും കുടിച്ചുതീർത്തതോടെ നമ്മുടെ വാഹിദിന്റെ കണ്ണുകൾ ബൾബ് കത്തിയതുപോലെ തിളങ്ങി. അപ്പോഴാണ് അകത്തുകിടന്ന ഭാഷാവിദഗ്ധൻ പുറത്തുചാടിയത്…
ഒരു ചായ തന്ന അവിടുത്തെ തമിഴ് ചേച്ചി ചെല്ലമ്മാളിനോട് വാഹിദ് ഒരൊറ്റ വരവ് വരച്ചു:
ടീ രംഭ മോ സം!
​ഇതു കേൾക്കേണ്ട താമസം, തമിഴിലെ സകല അക്ഷരങ്ങളും തലകീഴായി ഉപയോഗിച്ച്, പോരാത്തതിന് തെലുങ്കിലെ ചില സ്പെഷ്യൽ വെടിക്കെട്ട് പ്രയോഗങ്ങളും കൂട്ടിയിണക്കി ചെല്ലമ്മാൾ കളം നിറഞ്ഞു കളിച്ചു! ഒറ്റശ്വാസത്തിലുള്ള ആ പച്ചത്തെറി പ്രവാഹം ഏറ്റുവാങ്ങി അന്തം വിട്ടുപോയ വാഹിദിന് ആകെയുണ്ടായിരുന്ന കൈമുതൽ, പാണ്ഡ്യനും മുരുകനുമൊപ്പം പറമ്പിൽ പണി ചെയ്യുമ്പോൾ പഠിച്ച ചില വർത്തമാനങ്ങൾ മാത്രമായിരുന്നു. അതായത്, തെങ്ങിന് തടം എടുക്കാനും, പുല്ല് ചെത്തി കോരാനും, മതില് നനക്കാനും മാത്രം ഉപയോഗിക്കുന്ന ചില പച്ചത്തമിഴ് പ്രയോഗങ്ങൾ!
​മറ്റൊന്നും ആലോചിക്കാതെ വാഹിദ് തനിക്കറിയാവുന്ന ആ പണിസ്ഥലത്തെ തമിഴ് വാക്കുകൾ മുഴുവൻ ചെല്ലമ്മാളിന് നേരെ തിരിച്ചു പ്രയോഗിച്ചു.
​”നീ എന്നാ സൊൽറാ എനിക്ക് പുരിയാത്” എന്ന് ചെല്ലമ്മാളും തിരിച്ച് കളം പിടിച്ചതോടെ, ചെല്ലമ്മാളിന്റെ തെറിയുടെ ഗർജ്ജനം ഇരട്ടിവേഗത്തിൽ നീണ്ടു! ചുറ്റും നിന്നവരാകട്ടെ ചിരി അടക്കാനാവാതെ വയറുപിടിച്ചു താഴെ വീണു.
​ഒടുവിൽ, തെറിയുടെ ഒമ്പതാമത്തെ മിനിറ്റിൽ സകല ദേഷ്യവും ഒരു നിശ്വാസത്തിൽ ഒതുക്കി ചെല്ലമ്മാൾ ഒറ്റ വാക്ക് പറഞ്ഞു:
​”ഇതി വാർത്ത ഹെ!”
​ആ സംസ്കൃത വാക്ക് കേട്ടപ്പോഴാണ് വാഹിദിനും ഒപ്പം നിന്ന കൂട്ടുകാർക്കും ശ്വാസം നേരെ വീണത്! തമിഴും തെലുങ്കും സംസ്കൃതവും ഇടകലർന്ന ആ ഊട്ടി ടൂർ അനുഭവം കേട്ട് കേരളക്കരയിലുള്ള ബാക്കി സുഹൃത്തുക്കളും ഇപ്പോൾ ചിരിച്ച് മടവുകയാണ്!
അങ്ങനെ ഊട്ടിയിലെ ആ ചായക്കടയിൽ നടന്ന ഭാഷായുദ്ധം ഒരു അന്താരാഷ്ട്ര പ്രശ്നമായി മാറാതെ അവസാനിച്ചതിന്റെ ആശ്വാസത്തിൽ ഞങ്ങൾ പതുക്കെ വാഹനത്തിൽ കയറി. അപ്പോഴും വാഹിദിന്റെ സംശയം തീർന്നിരുന്നില്ല.
“അല്ലാ… ഞാൻ പറഞ്ഞത് ചായ നല്ലതാണെന്നല്ലേ? അതിന് ഇത്രയും വലിയ മറുപടി വേണോ?”
അവൻപറഞ്ഞത് തമിഴ് മലയാളമായിരുന്നു. ചേച്ചി കേട്ടത് തെറി മലയാളമായി. ഇനി ഇതിന്റെ പരിഭാഷയ്ക്കൊരു കമ്മീഷനെ വെക്കേണ്ടിവരും!”

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 1 vote
Article Rating
0 Comments

Recently added