വിറകടുപ്പിലെ സിമ്മും ഹൈഫ്ലെയിമും

വിറക് കത്തിക്കാൻ പഠിപ്പിക്കുന്ന ഓൺലൈൻ ക്ലാസുകൾ ഉണ്ടത്രെ ,കസിനത് പറഞ്ഞപ്പോൾ ആദ്യം ചിരിച്ചു. പിന്നെ ഞാനാലോചിച്ചപ്പോൾ ഇക്കാലത്ത് അത് അനിവാര്യമായിരിക്കുകയാണല്ലോ എന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.
തിരികെ വരുന്ന വിറകടുപ്പ് കാലത്തിൽ ഗ്യാസടുപ്പിലെ സിമ്മലിടലും ഹൈഫ്ലൈമും നമ്മളിനി പഠിക്കേണ്ടിയിരിക്കുന്നു.
അല്ലെങ്കിൽ കറണ്ടടുപ്പുകളിൽ വെന്ത രുചികുറഞ്ഞ ഭക്ഷണങ്ങളിൽ തൃപ്തിപ്പെടേണ്ടിയിരിക്കുന്നു.

വിറകടുപ്പിലെങ്ങനെ കത്തിക്കണം ,
വിറക് എങ്ങനെ വെക്കണം,കൊള്ളിവിറക് ,വെട്ടിയതോ വീണതോ ആയ മരത്തടികൾ മഴുവിന് കൊത്തികീറി വിറകാക്കൽ, തെങ്ങോലമടൽ ചീന്തൽ ഉണക്കൽ കെട്ടാക്കൽ ,ചകിരി ഈണക്കൽ പാകിപെറുക്കി വിറകുപുരയിലും അടുപ്പിൻ ചുവട്ടിലും ശേഖരിക്കൽ അങ്ങിനെ പഠിക്കാൻ ഏറെയുള്ള മേഖലയാണ് വിറകുണ്ടാക്കൽ.

കുടാതെ ചമ്മലടിച്ച് ചാക്കിലാക്കി പത്തിരിക്ക് കത്തിക്കൽ അങ്ങനെ ഉണക്കയിലകളും കത്തിക്കാനുപയോഗിച്ചിരുന്നു. പത്തിരിക്ക് ആളൊപ്പമിരിക്കണം ,ഉണക്കയിലക്കും ആളൊപ്പം വേണം ഒരു ചുള്ളിക്കമ്പും വേണം കനലൊതുക്കാനും അടുപ്പിലേക്ക് നീക്കാനും. അങ്ങനെ ഇരുപത് ഇരുപത്തഞ്ച് കൊല്ലം മുന്നേയുള്ള അടുപ്പു വിശേഷങ്ങൾ ഏറെയുണ്ട്.

ആധുനിക ഗ്യാസടുപ്പുകളിലെ സിമ്മിലിടും ,ഹൈഫ്ലൈമിലിടും അന്നും നടന്നിട്ടുണ്ട് ,ഒരിത്തിരി വിത്യാസത്തോടെയാണെന്ന് മാത്രം.

ഇറച്ചി പകുതി വെന്താൽ കത്താതെ കനലിൽ ഒരു മണിക്കൂർ ഇടലാണ് വിറകടുപ്പിലെ ബീഫിൻ്റെ സിമ്മിലിടൽ ,ഇത് തന്നെ ഇറച്ചീടെ മൂപ്പ് കടയിൽ ചോദിച്ച് വീട്ടിൽ കാരണവർ പറയും ഒന്ന് നന്നായി വേവിക്കണം മൂത്ത പോത്താന്ന് ,അതാണ് ടൈം ചെയിഞ്ചിൻ്റെ സ്വിച്ച് .

ഹൈഫ്ലയിം ചിരട്ട ഓലക്കൊടി നന്നായി ആളികത്തുന്ന വിറകുകൾ എന്നിവയിട്ട് കത്തിക്കലാണ്. ഹൈഫ്ലൈമിന് ചട്ടി നിർബന്ധമാണ് കറികൾക്ക്. ചോറുകലം സ്റ്റീൽ അലുമിനിയം ആണേൽ ഹൈഫ്ലൈം കറാഹത്താണ് കരികൂടുതലായി കൈക്ക് നല്ല പണിയാകും. ചോറ് തിളച്ച് തൂവൽ പക്ഷെ വാജിബാണ്.
വാജിബുകൾ മുടക്കിയാൽ അതിൻ്റേതായ കേടുപാടുകൾ അതിന് ഉണ്ടാകും. നേരത്തോടുനേരം ആവാതെ ചോറു കേടാവും .

വൈകീട്ടൊന്നൂടെ അടുപ്പ് കൂട്ടണം അരിയിടണം.
അല്ലേൽ നാലോലക്കൊടി കത്തിച്ച് കറിചൂടാക്കി വറ്റിച്ച ചട്ടിയിലെ അടിയിലയ കായം കൂടിയ മീനൊന്ന് ചൂടായ എണ്ണേൽ അപ്പുറോം ഇപ്പുറോം ചൂടാക്കിയാൽ മതി. സമയലാഭം ,വിയർത്തൊലിച്ച് കരിപുരണ്ട വസ്ത്രങ്ങൾ കഴുകലും വീണ്ടുമൊരു കുളിയും ലാഭം.

അക്കാലത്തെ പെണ്ണുങ്ങൾ കുനിഞ്ഞ് നിവർന്ന് നടുവേദന ഉണ്ടായിരുന്നെങ്കിലും ഇത്തിരി ചൂടുകൊണ്ട് കരുവാളിച്ചിരുന്നെങ്കിലും അമിതഭാരവും വയർ ചാടലും ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല എന്നത് ഒരു പ്ലസ് പോയിൻ്റായിരുന്നു.
കാര്യങ്ങളിങ്ങനെ പോയാൽ ഗ്യാസിന്റെ കാര്യം” ഗ്യാസാ”യാൽ
അടുപ്പു കല്ലിൽ കഞ്ഞി വേവും ഓലക്കൊടിയും വിറകും തേടി നെട്ടോട്ടമോടും , അടുക്കള ചുവരിൽ പുക പകയുടെ കറുത്ത ചിത്രമെഴുതും !

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added