ഇലഞ്ഞി പറഞ്ഞ കഥകൾ

ഒരു പായ്യാരം പറച്ചിൽ പോലെ പറഞ്ഞു പോകാനുള്ളതാണ്. ലേശം നീട്ടി അതൊരു വലിയ പായ്യാരം ആക്കാം. കാരണം സംഗതി കൊറച്ച് അതിന്ദ്രീയ അനുഭവ കഥയാണെന്ന് തോന്നിയാൽ എന്നെ കുറ്റം പറയാൻ പറ്റില്ല.

1990 കാലഘട്ടം… ആറാം ക്ലാസ്സിൽ ആറാടി നടന്ന് രാജൻ മാഷുടെ നുള്ള് പേടിച്ചു കണക്കിന്റെ അഗാധ ഗർത്തങ്ങളിലേക് ഊളിയിട്ട് ലസാഗുവിനു തന്റെ പ്രിയതമൻ ഉസാഗു വിനെ കണ്ടെത്താൻ വഴി കാട്ടുന്ന കാലം. നാട്ടും പുറത്തെ നട്ടപ്പിരാന്തു മൂത്ത കുരുത്തക്കേടുകളുടെ കാലവും സമാന്തരമായി ഫ്രെയിമിൽചലിച്ചു കൊണ്ടിരിക്കുകയാണ്. കാടും നാടും കാട്ടറിവും നാട്ടറിവും ഒക്കെ ഇന്നത്തെ പോലെ അല്ല. കുട്ടികൾക്കു മുതിർന്നവർ പറഞ്ഞു തരുന്ന കഥകൾ മുഴുവൻ നേരെ തലച്ചോറിന്റെ സെന്റർ പോയിന്റൽ ആണി അടിച്ചു തളച്ചിടപ്പെടുന്ന കാലമാണ്. എന്താ കാരണം എന്ന് ചോദിച്ചാൽ അന്ന് ഗൂഗിൾ ഇല്ല. ഗൂഗിൾ മാപ്പും ഇല്ല. ഉള്ളത് നല്ല അസ്സല് കാട് നിറഞ്ഞ ഇടവഴികളും അതിനെ ഒരു ഡാർക്ക്‌ ഫ്രെയിമിലാക്കാൻ വേണ്ടുന്ന നല്ല പ്രേത കഥകളും. ഒരു പ്രകൃതി സ്നേഹിയായ ആറാം ക്ലാസ്സുകാരൻ ഒറ്റക്കാണ് ഈ പറഞ്ഞ ഇടവഴികളിൽ കൂടി നടന്ന് വരുന്നതെങ്കിൽ ഓടി ധൈര്യം ഉണ്ടാക്കാൻ ഇതൊക്കെ ധാരാളം.

വീടിരിക്കുന്ന പറമ്പിന്റെ പുറകു വശം സാമാന്യം ഭേദപ്പെട്ട കാട് നിറഞ്ഞ ഇടവഴി ആണ് അക്കാലത്തു. വടക്കേ മൂലയിൽ ശുഷ്കിച്ചു നാമാവശേഷമായ ഒരു ഇലഞ്ഞി മരം, തെക്കേമൂലയിൽ ഒരു ചെറിയ ഇല്ലി മുളം കാടു മാണ് അതിരുകൾ. തെക്കു ഭാഗത്തു കൊറച്ച് ദൂരെയായി ഒരു വലിയ ഇലഞ്ഞിമരവും ഉണ്ട്. ഉമ്മയുടെ വായിൽ നിന്ന് പലതവണ കേട്ട കഥ അല്ലെങ്കിൽ ഐതിഹ്യം അല്ലെങ്കിൽ എന്തോ ആയ ഒരു സംഭവത്തിലെ പ്രധാന കഥാപാത്രം ആണ് ഈ പറഞ്ഞ ഇലഞ്ഞിമരം. അത് മുറിക്കാൻ നോക്കിയ മഴുക്കാരൻമാർക്കൊക്കെ പല അസ്വസ്ഥകളും രോഗവും ഒക്കെ വന്നിരുന്നു അത് കൊണ്ട് ആണ് അത് പിന്നീട് ആരും മുറിക്കാതെ ഇങ്ങനെ വളർന്നു വലുതായത് എന്നൊക്കെ പല വായിലൂടെയും കേട്ടത് കൊണ്ട് ആ ഇലഞ്ഞി പൊതുവെ ഞങ്ങൾ കുട്ടികൾ മൈൻഡ് ചെയ്യാറില്ലായിരുന്നു. പക്ഷെ ഇലഞ്ഞി പൂത്തു തുടങ്ങിയാൽ ആ പ്രദേശം മൊത്തം അതിന്റെ മണം ആയിരിക്കും. പാത്ത, ചാപ്പ എന്നു ഞങ്ങൾ വിളിക്കുന്ന ബീനയും മുത്തുവും പുല്ലു പോലെ അവിടെ പോയി പൂ പെറുക്കി മാല ഉണ്ടാക്കുന്നത് കാണാറുണ്ട്. പകൽ ആ മണം വല്ലാണ്ട് ഇഷ്ടപ്പെടും പക്ഷെ സന്ധ്യ ആയി കഴിഞ്ഞാൽ ഞങ്ങൾക്ക് ആ മണത്തോടൊപ്പം ചെറിയൊരു ഭയവും കയറിത്തുടങ്ങും. എങ്കിലും ഞാനും അന്നത്തെ കൂട്ടുകാർ അഥവാ ഇന്നത്തെ ചങ്ക്‌സ് ഷാജിയും സജിയും ഇതൊക്കെ എന്ത് വെറും കഥ എന്ന് കൂട്ടം കൂടുമ്പോൾ ഒക്കെ പലകുറി ആവർത്തിച്ചു സ്വയം ധൈര്യവാന്മാരായി.

ആ തൊണ്ണൂറിലെ വേനലവധിക്കാലം പതിവ് പരിപാടികൾ ഒക്കെ വല്ലാണ്ട് മടുത്തു. ക്രിയാത്മകമായി നാടിന് വേണ്ടി എന്തേലും ചെയ്യാൻ മനസ്സ് ഇങ്ങനെ തുടിക്കുകയാണ്. ഉച്ചനേരം തട്ടാന്റെ വളപ്പിൽ പുളി തിന്നോണ്ടിരിക്കുമ്പോൾ ഞങ്ങൾക്ക് ഒരു ഉൾവിളി ഉണ്ടാവുകയാണ്. ഷാജിയുടെ വീടിന്റെ കിഴക്കും എന്റെ വീടിന്റെ പടിഞ്ഞാറും ആയി കിടക്കുന്ന നേരത്തെ പറഞ്ഞ സാമാന്യം ഭേദപ്പെട്ട കാട് നിറഞ്ഞ ആ ഇടവഴി വെട്ടിത്തെളിച്ചു പുതിയ ഒരു സഞ്ചാര പാത സൃഷ്ടിക്കാം എന്ന അതീവ പ്രാധാന്യമുള്ള ഒരു പദ്ധതി എല്ലാർക്കും ഒരു പോലെ സ്ക്രീനിൽ തെളിഞ്ഞു. തിന്നു കൊണ്ടിരുന്ന അരിപ്പുളിയുടെ മാരക രുചി ഒന്ന് കൂടെ നക്കി നുണഞ്ഞു രാവിലെ നമ്മൾ തുടങ്ങുന്നു എന്നു പുളി മൂട്ടിൽ ഞങ്ങൾ പ്രതിജ്ഞയെടുത്തു. ആവശ്യമായ വെട്ടു കത്തി, വലിയ വടി, കൈക്കോട്ട് മുതലായവ അവരവരുടെ വീട്ടിൽ നിന്നു എത്തിക്കണം എന്ന അജണ്ട പാസ്സാക്കി ഞങ്ങൾ പിരിഞ്ഞു. അന്ന് രാത്രി ഒറങ്ങാൻ കിടന്നപ്പോൾ നാളെ നാടിനു വേണ്ടി ചെയ്യാൻ പോകുന്ന മഹാ സംഭവം ഓർത്തു നിരവധി തവണ രോമാഞ്ചമണിഞ്ഞു.

പിറ്റേന്ന് രാവിലെ തന്നെ എണീറ്റ് പുട്ടും കടലയും അടിച്ചു ഉള്ളതിൽ മോശം ട്രൗസർ എടുത്ത് ഇട്ട് പോകുമ്പോൾ ഉമ്മയുടെ പിൻ വിളി. പോന്നതും ചെയ്യുന്നതും കൊള്ളാം കാലോ കയ്യോ മുറിച്ചു പരിക്കും കൊണ്ട് വന്നാൽ തിരിഞ്ഞു ഞാൻ നോക്കൂല്ല… മൈൻഡ് ഇറ്റ് !! ഏതൊരു ധൈര്യശാലിയെയും പിന്നോട്ടടിക്കുന്ന സൈക്കോളജിക്കൽ ഡയലോഗ്… ഒന്ന് പിന്നോട്ടടിച്ചെങ്കിലും ചങ്ങായിമാരുടെ മുന്നിൽ മാനം പോകുന്നതിലും ഭേദം കൈയോ കാലോ മുറിയുന്നതാ എന്നു ഉറപ്പിച്ചു. ശ്രദ്ധിച്ചോളാം എന്ന വാക്കും കൊടുത്തു കൈക്കോട്ടുമെടുത്തു ഓടി. ഷാജി യും സജിയും എന്നെ കാത്ത് നില്പുണ്ട്. ഷാജിയുടെ വായിൽ നിന്നു കാടിനെ പറ്റി മാരക ഡയലോഗ് ആണ് വന്നത്. കരിമൂർഖൻ, ഞരണ്ടാം പൂച്ച, അണലി മുതലായവ സ്ഥിരം ഇതിൽ കയറിപ്പോകുന്നത് അവൻ കാണാറുണ്ടത്രെ. എന്നാ പിന്നെ നിനക്കിത് നേരത്തെ പറഞ്ഞൂടായിരുന്നെടാ തെണ്ടീ എന്ന ഡയലോഗ് ആണ് മനസ്സിൽ വന്നത്. എങ്കിലും ധൈര്യം സംഭരിച്ച ഞാൻ പറഞ്ഞു നമ്മൾ മൂന്നു പേരുണ്ടല്ലോ മാക്സിമം ഒച്ചയും വിളിയും ഉണ്ടാക്കിയാൽ ഇവറ്റകളൊക്കെ എങ്ങോട്ടേലും പോയിക്കോളും. നമ്മൾ സ്റ്റാർട്ട്‌ ആക്ഷൻ ക്യാമറ…. എന്നു പറഞ്ഞു ഞാൻ വെട്ടുകത്തി ആഞ്ഞുവീശി. ചീക്കെങ്ങും വള്ളി എന്നു പറയുന്ന ഒരു കാട്ടു വള്ളിയിൽ കുടുങ്ങി ആ വെട്ടു കത്തി ലക്ഷ്യം കാണാതെ നിരാശ പൂണ്ടു.

പതിയെ തുടങ്ങി പഞ്ചാരിമേളം പോലെ കത്തി കയറി ഉച്ചയോടെ കാട് വെട്ടൽ ഉച്ചസ്ഥായിൽ എത്തി. പിന്നിട്ട വഴികളിലെ മാളങ്ങൾ ഒക്കെ വെറും പേടി സ്വപ്നങ്ങളുടെ ഒളിത്താവളങ്ങൾ മാത്രമായിരുന്നു എന്നു തിരിച്ചറിഞ്ഞപ്പോൾ വിപ്ലവ സൂര്യന്മാരെ പോലെ ഞങ്ങൾ ഞെളിഞ്ഞു നിന്നു. പക്ഷെ ശരിക്കുമുള്ള സൂര്യൻ വോൾടേജ് കൂട്ടി ഞങ്ങളെ കരിച്ചുണക്കി കൊണ്ടിരുന്നു അപ്പോഴും. ഏകദേശം 2 മണിയോടെ ഞങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനമായ വടക്കേ മൂലയിലെ ഉണങ്ങിയ ഇലഞ്ഞി മരം എത്തിയപ്പോഴേക്കും വിശപ്പ് വിരിമാറ് കാണിച്ചു ഞങ്ങളെ ബ്ലോക്ക്‌ ചെയ്തു. ആദ്യം ആരും ശ്രദ്ധിച്ചിരുന്നിലെങ്കിലും പിന്നീട് കാട് വെളുക്കുന്നത് കണ്ടപ്പോൾ അയൽവക്കത്തെ കേളപ്പച്ഛനും മാതു ഏടത്തിയും മൊയ്ദീൻകയും എല്ലാം വെളിച്ചം കാണാൻ വന്നു നോക്കി നില്പുണ്ടായിരുന്നു.

കേളപ്പച്ഛൻ ഷാജിയുടെ അച്ഛനാണ്. ഞാൻ മൂപരുടെ ഒരു ഫാൻ ആയിരുന്നു. സ്വന്തമായി വീട്ടിൽ, രാത്രി കോൽ കളി – രാജസൂയവും സംഘടിപ്പിക്കും. പോയി കാണാറുണ്ട്. വളരെ ഉച്ചത്തിൽ സംസാരിക്കും. പിന്നെ ചൂട് കാലത്ത് തോർത്ത്‌ നനച്ചു പുറത്ത് ഇട്ടാണ് നടക്കുക. രസം ആയിരുന്നു മൂപ്പർ വെറ്റില മുറുക്കാനുള്ള അടക്ക ഒക്കെ ഒരു കുഞ്ഞു പിച്ചാത്തി കൊണ്ട് വെട്ടി ഒതുക്കി വക്കുന്നത്. പോയി ചോറ് തിന്ന് മക്കളെന്ന് മാതു ഏടത്തി സ്നേഹത്തോടെ പറഞ്ഞപ്പോൾ ഞങ്ങൾ മൂന്നാളും മൂന്ന് വഴിയിൽ ഉച്ചഭക്ഷണത്തിന് ഓടി.

കരിഞ്ഞുണങ്ങിയ ദേഹം ആവശ്യപ്പെട്ടത് വെള്ളം ആയിരുന്നു കൂടുതൽ. അത്‌ കൊണ്ട് ചോർ നഹീ നഹീ ആയിട്ട് കൊറച്ചേ പോയുള്ളൂ. പക്ഷെ അതിനേക്കാളും ഭീകരം ആയിരുന്നു ശരീരം കൊറച്ചു വിശ്രമം കിട്ടിയപ്പോൾ കാണിച്ചു തന്ന മുറിവുകൾ. വള്ളികളും മുള്ളുകളും ചേർന്ന് കാലിലും കയ്യിലും നെയ്‌തെടുത്ത ചിത്രങ്ങൾ ചോര ചാലിച്ച മനോഹര സൃഷ്ടികളായി നിന്നു പുകയുന്നു. ഇനി വയ്യ എന്നു പറഞ്ഞു കുളിക്കാൻ പോയാലോ എന്നാലോചിച്ചു ഇങ്ങനെ നിന്നപ്പോളാണ് ഉമ്മയുടെ ഡയലോഗ്. ആവുന്ന പണിക്ക് പോയാൽ പോരെ!!വലിയ കാര്യത്തിൽ ഇറങ്ങീട്ട് ഇപ്പം എവിടേം എത്തില്ലാലോ.!! കരഞ്ഞാലോ എന്നാലോചിച്ചു കയ്യിലേം കാലിലേം മുറിവിനേക്കാൾ വേദന. ഞാളത് മുഴുവൻ തീർത്തിട്ട് നിർത്തൂ ഇങ്ങള് പോയി നോക്കാത്തത് കൊണ്ടല്ലേ എന്നു മറുപടി കൊടുത്തു വീണ്ടും ഓടി വടക്കേ മൂലയിലെ ഇലഞ്ഞി ചോട്ടിൽ ഞങ്ങൾ വീണ്ടും ഒത്തു ചേർന്നു.

കേളപ്പച്ചൻ ഒരു ഹ്രസ്വ വിവരണം ആരംഭിച്ചു . ആ ഇലഞ്ഞിയുടെ ചരിത്രവും പഴക്കവും കുട്ടിച്ചാത്തന് ഇലഞ്ഞിയുമായുള്ള ബന്ധവും ഒക്കെ ചേർത്ത് ഇന്നത്തെ ബാഹുബലി പോലെ ഒരു കഥ. മൂപ്പർ അന്ന് ഗുരുസ്വാമി ആണ്. പറയുന്നത് അങ്ങനെ തള്ളിക്കളയാൻ പറ്റുന്ന ടൈപ്പ് അല്ല.
എന്തായാലും അതൊക്കെ പഴയ കഥകൾ ഇപ്പോൾ എന്തായാലും ഇലഞ്ഞി ഉണങ്ങി തീരുമാനമായി. ആ വലിയ മരത്തിന്റെ ശേഷിപ്പ് മാറ്റിക്കഴിഞ്ഞാൽ മൊത്തം പ്രകാശപൂരിതമായ ഒരു വഴി തുറക്കപ്പെടുകയാണ്. ഞങ്ങൾ കഥകൾ ഒക്കെ അതിന്റെ വഴിക്ക് വിട്ടു. വീണ്ടും കർമ്മ യോദ്ധാക്കളായി. മുകളിലേക്കു ഉണങ്ങി നിന്ന കൊമ്പുകൾ ഒക്കെ വെട്ടിമാറ്റി ഇലഞ്ഞിയുടെ ബാക്കി വന്ന അടിഭാഗം കൈക്കോട്ട് കൊണ്ട് ആഞ്ഞുവെട്ടി അടിവേര് ഇളക്കാൻ മൂന്നാളും ഒരുമിച്ച് പണി തുടങ്ങി. ഒരു കുറ്റി മാത്രമായി ഇലഞ്ഞി അവശേഷിച്ചു. ഓരോ പാളിയായി ഇലഞ്ഞി അടർന്നു വീണപ്പോൾ ഞങ്ങൾ ആകെ കിളി പോയ അവസ്ഥയായി. കാരണം അതിനുള്ളിൽ കുഞ്ഞു കുഞ്ഞു അറകൾ മണ്ണ് നിറഞ്ഞു കിടക്കുന്നു. ഷാജിയുടെ ഭാവനയിൽ അതൊക്കെ സർപ്പങ്ങളുടെ കൊട്ടാരം ആയിരുന്നത്രേ.. കുട്ടിച്ചാത്തനും സർപ്പവും തമ്മിൽ ബന്ധമില്ലെന്ന് ഞാൻ. പക്ഷെ സർപ്പക്കൊട്ടാരം ആയിരിക്കാം എന്നു തൽകാലം വിശ്വസിച്ചു ഞങ്ങൾ ഓരോ കൊട്ടാരങ്ങളും സാമ്രാജ്യങ്ങളും കൈക്കോട്ട് കൊണ്ട് വെട്ടി കീഴ്‌പ്പെടുത്തി. അവസാനം ഇലഞ്ഞിയുടെ ഒരു അവശിഷ്ടം പോലുമില്ലാതെ തരിശു ഭൂമിയാക്കി ഞങ്ങൾ , കാഴ്ചക്കാരായി നിന്ന മൊയ്ദീൻക്കയെയും കേളപ്പച്ചനെയും കൊറച്ചു പുച്ഛം നിറഞ്ഞ ഒരു നോട്ടം നോക്കി. കേളപ്പച്ചൻ അവസാനം ഇറങ്ങി വന്നു കൈ ക്കോട്ട്
വാങ്ങി സ്വന്തം പറമ്പിന്റെ അതിരിൽ കൊറച്ചു മണ്ണ് കോരിയിട്ടു അടയാളം വച്ചു. അതിരുകൾ വെളിപ്പെട്ടത് ഞങ്ങൾ കാരണം ആണെന്ന് മൂപ്പർ പറയും എന്നു വിചാരിച്ചെങ്കിലും പറഞ്ഞില്ല.
വർത്താനം പറയാൻ പോലും ശേഷി ഇല്ലാതെ ഞങ്ങൾ മൂന്ന് പേരും മൂന്ന് വഴിക്ക് പിരിയുമ്പോൾ ഞങ്ങൾ വന്ന പഴയ കാട്ടു വഴിയിലേക്കൊന്നു നോക്കി. വെളിച്ചം നിറഞ്ഞ പുതിയ സഞ്ചാര പാത. പണ്ട് പേടിച്ച കഥകളിലെ ഒരു അവശിഷ്ടവും കാണാനില്ല. ക്ഷീണം ഉണ്ടെങ്കിലും സന്തോഷം കൊണ്ട് വീട്ടിലേക്കുള്ള നടപ്പ് വേഗത്തിൽ ആയിരുന്നു.

ഉമ്മയുടെ വരവേൽപ് ഒരു പോരാളിയോട് കാണിക്കേണ്ട യാതൊരു പ്രോട്ടോക്കോളും ഇല്ലാതെ ആയിരുന്നു. മേല് മൊത്തം മുറിഞ്ഞതും കൈക്കോട്ട് മുറിച്ചതും ഒക്കെ ആയി ഭേദപ്പെട്ട തെറി മാത്രം. സ്വന്തം മോൻ ഒരു നാടിനു വേണ്ടി ചെയ്ത വീര കൃത്യം ഒന്ന് പോയി നോക്കുക പോലും ചെയ്യാതെ ആണല്ലോ ഈ തെറി എന്നാലോചിച്ചു ഞാൻ കണ്ണിലെ വെള്ളം മൈൻഡ് ചെയ്യാതെ കിണറ്റിലെ വെള്ളം കോരാനായി കുളിമുറിയിലേക് നടന്നു.. കുളിയും കൂടെ കഴിഞ്ഞപ്പോഴാണ് ശരീരത്തിലെ നേരത്തെ പറഞ്ഞ ചോര കൊണ്ടെഴുതിയ വർണചിത്രങ്ങൾ ഒന്ന് കൂടെ തെളിഞ്ഞു വന്നത്. തത്കാലം സഹിക്കുക അല്ലാതെ സങ്കടം ബോധിപ്പിച്ചു അതിനും കൂടെ തെറി കേൾക്കണ്ട എന്നു കരുതി സമാധാനിച്ചു.

രാത്രി ഭക്ഷണവും കഴിഞ്ഞു കിടക്കാൻ പോകുമ്പോൾ കേളപ്പേട്ടന്റെ ഇലഞ്ഞി ഐതിഹ്യം തലച്ചോറിൽ ഫ്ലാഷ്ബാക്ക് ആയി ഇങ്ങനെ ഓടുന്നു. ഞാൻ പറഞ്ഞ അതിന്ദ്രീയ കഥകൾ ഒക്കെ കൂടെ കൊഴച്ചു മറിച്ചു ഒരു അവിയൽ പരുവത്തിൽ. പുറത്ത് മൂത്രം ഒഴിക്കാൻ ഇറങ്ങിയപ്പോൾ ഇരുട്ടിനു പതിവിലും കട്ടി കൂടിയിരിക്കുന്നു. ഭയം അല്ല കട്ട പേടിയാണ് മനസ്സിൽ എന്നു തിരിച്ചറിഞ്ഞ നിമിഷം പുതപ്പിനുള്ളിലേക്ക് ഓടി ഒളിക്കുകയായിരുന്നു. വേറെ എന്തൊക്കെയോ ആലോചിക്കാൻ ശ്രമിച്ചു കിടന്നുറങ്ങിപ്പോയി.

എന്റെ ചുറ്റും വലിയ കൈക്കോട്ടുകൾ മണ്ണ് മാന്തിക്കൊണ്ടിരിക്കുന്നു. മുഖത്തേക്ക് ആരോ മരം വെട്ടി ഇട്ടു കൊണ്ടിരിക്കുന്നു. എന്നെ ആരോ കയറു കൊണ്ട് കെട്ടി മേലേക്ക് പൊക്കി കൊണ്ടിരിക്കുന്നു.. ന്റുമ്മാ ന്ന് ഞാൻ നിലവിളിക്കുന്നു. ഒച്ച വരുന്നില്ല. ഉപ്പാ ന്ന് വിളിച്ചപ്പോളും ഒച്ച ഇല്ല. ന്റുമ്മാ ന്ന് സർവ്വ ശക്തിയും എടുത്ത് ഒറ്റ വിളികൂടെ വിളിച്ചു. എന്റെ നെറ്റിയിൽ തണുത്ത എന്തോ തുണി പതുക്കെ തുടക്കുന്നു. കണ്ണിൽ വെള്ളം വീഴുന്നു ഞാൻ കണ്ണ് തുറന്നു. ഉമ്മ ചിരിച്ചോണ്ട് കണ്ണിനു മുന്നിൽ. നട്ടപാതിരാക് കെടന്നു അലറിയത് കണ്ടു വന്നതാ. നോക്കുമ്പം കിടന്നു വിറക്കുന്നു. തുണി നനച്ചിട്ടത് ഞാനാ. അല്ല അപ്പോൾ കൈക്കോട്ട് കൊണ്ട് ആരാ വെട്ടിയത്? ഞാൻ ചോദിച്ചു. ഉമ്മ ചിരിച്ചോണ്ട് ഇന്റെ കാർന്നോരു അല്ലാണ്ടാരാ. ഉടുത്തിരുന്ന ട്രൗസർ മൊത്തം നനവ്. എന്തോ ഉമ്മ അതിന് ചീത്ത പറഞ്ഞില്ല. എഴുന്നേറ്റ് കുളിമുറിയിലേക് നടക്കുമ്പോൾ പകലത്തെ സിനിമയുടെ ഫ്ലാഷ് ബാക്ക് ആണ് രാത്രി ഉറക്കത്തിൽ കണ്ടത് എന്നു പതുക്കെ തിരിച്ചറിഞ്ഞു… ഇങ്ങനെ ഓരോന്ന് ചെയ്തു കഴിഞ്ഞാൽ മനസ്സിലെ പേടി അങ്ങു മാറി പോയ്ക്കോളും. ഇനി അയിനെ പറ്റി ഒന്നും ആലോചിക്കേണ്ട. കുളിച്ചിട്ട് വന്നു കിടന്നുറങ്ങിക്കോ. ഞാൻ ഇവിടെ ഇരിക്കാം .. ഉമ്മ സമാധാനിപ്പിച്ചു..
ചെറുപ്പം മുതൽ വെറുതെ പേടിപ്പിച്ച ഒരു വലിയ കെട്ടുകഥ നേർത്ത് ഇല്ലാതായി ബക്കറ്റിൽ നിന്ന്‌ കോരി തലയിലൊഴിച്ച വെള്ളത്തോടൊപ്പം ഒഴുകി പോകുന്നത് ഞാൻ അടച്ചു വച്ച കണ്ണുകൾ കൊണ്ട് കാണുകയായിരുന്നു…

Like this:
Share this:
About Author

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 5 votes
Article Rating
3 Comments
Sudhi Elanhikkal
11 hours ago

ചില എഴുത്തുകൾ വെറുതെ വായിച്ചുപോകാനുള്ളതല്ല, മനസ്സിൽ കൊണ്ടുനടക്കാനുള്ളതാണ്. ഇനിയും ഒരുപാട് മനോഹരമായ രചനകൾ പിറക്കട്ടെ!

വിനീഷ് നമ്പ്യാർ
4 hours ago

ചില ചുരുക്കം എഴുത്തുകളെ നമ്മുടെ ഉള്ളിൽ ഒരു visuals create ചെയ്യുകയുള്ളൂ…നല്ലെഴുത്ത് പ്രിയപ്പെട്ട മുനീർ❤️❤️❤️

Jidesh kumar
4 hours ago

ഒരുപാട് സന്തോഷം…. ഇനിയും ഉണ്ട് ഒരുപാട് കഥകൾ ❤️❤️… Waiting

Recently added