ഒരു കാടിൻ്റെ കഥ – ലൈഡാസോൺ

ഇത് തികച്ചും സാങ്കല്പികമായ ഒരു ഭൂമിക ആണ്. വായനക്കാരെ രസിപ്പിക്കുക എന്നതിനപ്പുറം ഈ നോവലിന് മറ്റൊരു ലക്ഷ്യവുമില്ല. കഥയും കഥാപാത്രങ്ങളും ഇടങ്ങളും സംഭവങ്ങളും പരാമർശങ്ങളും എല്ലാം സാങ്കല്പികവും ഭാവനാത്മകവുമാണ്. പൂർണ്ണമായ ഇമാജിനേഷനോടെ ഫിക്ഷൻ്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഏറെ സ്നേഹത്തോടെ വായനക്കാരെ ലൈഡാ സോണിലേക്ക് സ്വാഗതം ചെയ്യുന്നു.

-വിനോദ് വിയാർ

ഒന്ന്

ഡയറിയിലെ മുപ്പത്തിരണ്ടാമത്തെ താളിൽ ഗൊലീസ്മാൻ ലൈഡാസോണിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു

‘അകത്തേക്കുള്ള വായ എന്ന് ഞാൻ ലൈഡാസോണിനെ അറിയുന്നു. മനുഷ്യർക്ക് ഏറെ കുളിരേകേണ്ട ഒരു കാട് എങ്ങനെയാണ് നരഭോജികളേക്കാൾ ഭീകരമായ ഇടം ഉള്ളിൽ പേറുന്നതെന്നറിയില്ല. അകത്തേക്ക് കടക്കാവുന്ന ആയിരം അറകൾ ലൈഡാസോണിൽ കണ്ടെത്താം. പുറത്തേക്ക് പോകാൻ ഒരു സൂചി സുഷിരം പോലുമില്ലെന്ന് അനുഭവങ്ങൾ പറയുന്നു. അങ്ങനെയൊരു മാർഗ്ഗം ആരെങ്കിലും ഉണ്ടാക്കിയേക്കാം. കാട്ടിനുളളിൽ പൊടിഞ്ഞുതീർന്ന അസ്ഥികൂടങ്ങളുടെ അവശേഷിപ്പുകൾ അതിനായി മിടിക്കുന്നുണ്ടാകും.’

ലൈഡാ സോൺ കാടുകളിലേക്ക് നിരന്തരം യാത്ര ചെയ്ത ആളാണ് ഗൊലീസ്മാൻ. ഒരു പരിധിക്കപ്പുറം അയാൾക്കും അകത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. അഞ്ജാതമായ ആക്രമണത്തിൽ രണ്ടു കാലുകളും നഷ്ടപ്പെട്ട് വീൽ ചെയറിൽ കഴിയുമ്പോൾ ലൈഡാ സോൺ കാടുകളെക്കുറിച്ച് അയാളെഴുതിയ കുറിപ്പുകൾ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ദുരൂഹതളെ എന്നും അവിടത്തെ പത്രങ്ങൾ സ്നേഹിച്ചിരുന്നു. അയാളുടെ കുറിപ്പുകൾ കാടിരുട്ടിൻ്റെ ഓർമ്മകൾ എന്ന പേരിൽ പുസ്തകമായി. ഒത്തിരി പേർ വായിച്ചു. മറഞ്ഞ ഒരിടം തെളിയുന്നതു പോലെ ലൈഡാ സോൺ ആളുകളുടെ മനസ്സിലേക്ക് വീണ്ടും കടന്നുവന്നു. അവിടേക്കുള്ള യാത്രകൾക്ക് അവർ അനുവാദം തേടി. ഭരണാധികാരികൾക്ക് വീണ്ടും ലൈഡാ സോൺ തലവേദനയായി.

തിരക്കിട്ട ഒരു കൂടിക്കാഴ്ച നടക്കുകയായിരുന്നു. ലൈഡാ സോൺ ഏരിയായുടെ ചുമതലയുള്ള അധികാരികൾ എല്ലാം അവിടെയുണ്ടായിരുന്നു. വിശാലമായ ഹാൾ. സ്വർണ്ണനിറം മുകളിലും താഴെയും പൂശിയ മേഘവെള്ള നിറമുള്ള നെടുങ്കൻ തൂണുകൾ അതിരിടുന്ന ആ ഹാളിൽ ഏറ്റവും വിലയുള്ള കോട്ടിലും സ്യൂട്ടിലും അവിടെ എത്തിയവർ പ്രൗഢിക്കൊത്തുയർന്നു. അവർ ആകെ ആശങ്കാകുലരാണെന്ന് മുഖം വിളിച്ചുപറഞ്ഞു. കൂട്ടത്തിൽ ഒരു സ്ത്രീ മിസ്സ് അർമിയ ഫിലാൻഡ കൂടുതൽ ഊർജ്ജസ്വലയായി തോന്നി. അവരാണ് പറഞ്ഞുതുടങ്ങിയത്. നഗരമേധാവിയുടെ ആത്മവിശ്വാസം അവരുടെ വാക്കുകളിൽ തുളുമ്പിനിന്നിരുന്നു.

‘യെസ് ജെൻ്റിൽമെൻ
ആശങ്കയല്ല ആലോചനയാണ് വേണ്ടത്. മുൻപും പല വട്ടം ലൈഡാ സോൺ ചർച്ചയ്ക്കു വന്നിരുന്നു. അന്ന് ഇത്തരത്തിൽ ഒരു പ്രതിസന്ധി ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ ഗൊലീസ്മാൻ്റെ പുസ്തകം നമ്മുടെ പണി കൂട്ടിയിരിക്കുകയാണ്. അദ്ദേഹത്തിൻ്റെ മരണശേഷം ആ പുസ്തകത്തിൻ്റെ സെയിൽ ക്രമാതീതമായി ഉയർന്നു. ഒരുപാട് പേർ പ്രത്യേകിച്ച് ചെറുപ്പക്കാർ ലൈഡാ സോണിലേക്ക് പോകാനുള്ള പെർമിഷനായുള്ള അപേക്ഷ സമർപ്പിക്കാൻ തുടങ്ങി. ഇങ്ങനെയൊരവസ്ഥ ഇതിനു മുൻപ് ഉണ്ടായിട്ടില്ല. അവരുടെ അപേക്ഷകളെ നിരസിക്കാൻ നമുക്കാവില്ല. ഇവിടെ സ്വാതന്ത്ര്യമാണ് എല്ലാത്തിലും പ്രധാനം എന്നാണ് നമ്മൾ കരുതുന്നത്. ലൈഡാ സോൺ കാണണം എന്ന് അവർ ആഗ്രഹിച്ചാൽ നമുക്ക് എതിർക്കാനാവില്ല.’
അവർ ഇടവേളയെടുത്തു. മറ്റുള്ളവരുടെ മുഖത്തേക്കു നോക്കി. ആർക്കെങ്കിലും ഇതിനോട് കൂട്ടിച്ചേർക്കാൻ എന്തെങ്കിലും ഉണ്ടാകും എന്നവർ കരുതുന്നതു പോലെ അവർക്ക് തോന്നി.
‘മാഡം’ ബിയൻ റേ തുടങ്ങി. നീളമുള്ള താടിയായിരുന്നു അയാളുടെ ആകർഷണം. അതിൽ ഇടവിട്ടുള്ള നര അയാൾക്ക് ഒരു പ്രത്യേക മിഴിവ് നൽകി.
‘ഗൊലീസ് മാൻ ഒരു വട്ടനാണ്. ഈ പുസ്തകം ഞാനും വായിച്ചതാണ്. അയാൾ അതിൽ ഒന്നും വ്യക്തമായി എഴുതിയിട്ടില്ല. ഒരു ദുരൂഹത സൃഷ്ടിക്കാനാണ് അയാൾ ശ്രമിച്ചിരിക്കുന്നത്. ലൈഡാ സോണിനെ ചുറ്റി അനവധി കഥകൾ പ്രചരിക്കുന്നുണ്ട്. അത് തന്നെയാണ് അയാൾ ഇതിലും പൊലിപ്പിച്ചിരിക്കുന്നത്. കാലുകൾ ആരോ കടിച്ചെടുത്തു എന്നൊക്കെയാണ് തട്ടിവിട്ടിരിക്കുന്നത്.’ ബിയൻ റേ ചിരിച്ചിട്ട് തുടർന്നു. ‘വണ്ടിയുടെ ടയറിനടിയിൽ പെട്ട് ചതഞ്ഞുതൂങ്ങിയതു കൊണ്ട് മുറിച്ചു എന്നാണ് അയാളുടെ ഡോക്ടർ പറയുന്നത്. അയാൾ ലൈഡാ സോണിൽ പോയിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.’

‘ശരിയാകാം. നമുക്ക് പ്രധാനം ഇപ്പോഴുള്ള പ്രതിസന്ധി ഭാഗികമായെങ്കിലും മറികടക്കുക എന്നതാണ്.’ ഫിലാൻഡ കൈകൾ ഷേക്ക് ഹാൻഡിൻ്റെ മാതൃകയിൽ കൂട്ടിപ്പിടിച്ച് അസ്വസ്ഥത പ്രകടിപ്പിച്ചു.

‘ജനങ്ങളുടെ സുരക്ഷിതത്വമാണ് പ്രധാനം. അവർ അപേക്ഷ തന്നെന്ന് കരുതി അവരെ മരണത്തിൻ്റെ വായിലേക്ക് എറിഞ്ഞുകൊടുക്കണോ.’ മധ്യവയസ്സ് കടന്ന ജെ കാൾട്ടൺ ചോദിച്ചു. അയാൾ ക്ലീൻ ഷേവ് ചെയ്ത മുഖം തടവി. ജനസംരക്ഷണ മേധാവിയുടെ എല്ലാ ഊർജ്ജവും അയാളുടെ വാക്കുകളിൽ ഉണ്ടായിരുന്നു. ‘ജനങ്ങളെ കുരുതി കൊടുക്കുന്നതിന് ഞാൻ എതിരാണ്. ഒരാൾ ഒരു പുസ്തകമെഴുതി. അത് വിശ്വസിച്ച് അവർ ഇറങ്ങിപ്പുറപ്പെടുന്നു. അവരെ പറഞ്ഞുമനസ്സിലാക്കണം. വേണമെങ്കിൽ അതിനെ ഖണ്ഡിച്ചുകൊണ്ട് നമുക്കൊരു പുസ്തകമെഴുതാം. അത് എല്ലാ വീടുകളിലും എത്തിക്കാം. മാഡം അനുവദിച്ചാൽ അത് ഞാൻ ഏറ്റെടുത്ത് നടത്തിക്കോളാം.’

‘മി ജെ കാൾട്ടൺ അതൊന്നും പ്രായോഗികമല്ല. പറഞ്ഞ് എഴുതിക്കുകയല്ല ഭരണകൂടത്തിൻ്റെ ജോലി. എഴുത്ത് എന്നത് സ്വാതന്ത്ര്യത്തിൻ്റെ അങ്ങേയറ്റമാണ്. നമുക്ക് ഒരു കുറിപ്പിറക്കാം. അല്ലാതെ പുസ്തകമിറക്കാൻ കഴിയില്ല. അഥവാ പുസ്തകമിറക്കിയാൽ എഴുതുന്നത് സത്യമായിരിക്കണം. ലൈഡാ സോണിൽ പത്ത് കിലോമീറ്ററിനുള്ളിലേക്ക് ഇതുവരെ പോകാൻ കഴിയാത്ത നമ്മൾ എന്ത് എഴുതാനാണ്. മറ്റെന്തെങ്കിലും മാർഗ്ഗം ആലോചിക്കണം. ജനങ്ങളുടെ സ്വാതന്ത്ര്യം ബലികഴിക്കപ്പെടാനും പാടില്ല.’ പലതരത്തിൽ ചർച്ച ചെയ്തെങ്കിലും ആർക്കും ഒരു കൃത്യമായ മാർഗ്ഗം ഉപദേശിക്കാനായില്ല. ആ കൂടിക്കാഴ്ച അങ്ങനെ അവസാനിച്ചു.

പലതലത്തിലും ഇതേപ്പറ്റിയുള്ള ചർച്ചകൾ നടന്നുകൊണ്ടേയിരുന്നു. മാസങ്ങൾക്ക് ശേഷമാണ് തരക്കേടില്ലാത്ത ഒരു നിർദ്ദേശം ഉയർന്നുവന്നത്. പ്രശസ്ത ചിന്തകനായിരുന്ന
ലോറിസ്ലി മൗണ്ടൻ്റെ മകൾ ഇരുപത്തിമൂന്ന് കാരിയായ ജൂപ്പിറ്റർ കണ്ണിംഗ് ആണ് ആ നിർദ്ദേശം വെച്ചത്. അവൾ നഗരമേധാവിയുടെ മുഖ്യ ഉപദേശക ആയിരുന്നു. ആ നിർദ്ദേശം കേട്ട് അർമിയ ഫിലാൻഡയുടെ കണ്ണുകൾ വിടർന്നു.

തുടരും….

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added