മുളയിലേ തളരുന്ന ഇംഗ്ലീഷ് പഠനം

വിദേശ രാജ്യങ്ങളിലേക്ക് ഉപരിപഠനത്തിനോ തൊഴിലിനോ പോകേണ്ട ആവശ്യത്തിനായി അവിടങ്ങളിലെ ഭാഷ മൂന്നോ ആറോ മാസങ്ങൾ കൊണ്ട് പഠിച്ചെടുക്കുന്ന മലയാളി കൗമാരക്കാരെ നാം കാണുന്നു.(ഭാഷാ പഠന പാക്കേജുകൾ)

എന്നാൽ ഒന്നാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെ തുടർച്ചയായി ഇംഗ്ലീഷ് പഠിച്ചിട്ടും നമ്മുടെ കുട്ടികൾക്ക് ആത്മവിശ്വാസത്തോടെയും ഒഴുക്കോടെയും ഇംഗ്ലീഷ് സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്?

ശാസ്ത്രീയമായ രീതിയിലാണ് പഠനം നടക്കുന്നെങ്കിൽ ഇംഗ്ലീഷ് എഴുതാനും വായിക്കാനും പ്രയാസമുള്ള കുട്ടികൾക്കു പോലും ആദ്യം ഇംഗ്ലീഷിൽ ഒഴുക്കോടെ സംസാരിക്കാൻ കഴിയണമായിരുന്നു.

അപ്പോൾ എവിടെയാണ് പ്രശ്‌നം?

പാഠപുസ്തകാധിഷ്ഠിതമായ പഠനത്തിൽ വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന രീതി ഒന്നാം ക്ലാസ് മുതൽ അവലംബിക്കുന്നതാണ് ഇതിൻ്റെ പ്രധാന കാരണം.
വ്യവഹാരങ്ങളിൽ അധിഷ്‌ഠിതമായ ഇംഗ്ലീഷ് പഠനമാണ് നമ്മുടെ പാഠ്യപദ്ധതിയിൽ നടക്കുന്നത്.
വിവരണം, ചിന്ത, സംഭാഷണം (Description, thoughts and conversation) എന്നിവയാണ് ലോവർ പ്രൈമറി ക്ലാസുകളിലെ വ്യവഹാര രാജാക്കന്മാർ.

ഇത് മൂന്നും എഴുത്തിൽ അധിഷ്‌ഠിതമാണ് എന്നതാണ് ഇന്ന് തുടരുന്ന രീതിയുടെ പ്രധാന ദൗർബല്യം. കോൺവെർസേഷൻ പോലും പ്രോസസ്സിലൂടെ എഴുതിയ ശേഷം ഉണ്ടായ ഉല്പന്നം അവതരിപ്പിക്കുന്നിടത്ത് മാത്രമാണ് റോൾപ്ലേക്കും മറ്റ് പ്രായോഗികാനുഭവങ്ങൾക്കും ഇടമുള്ളൂ.

എഴുത്തിന് നൽകുന്ന ഈ പ്രാധാന്യത്തിൻ്റെ പ്രധാന കാരണം ഒന്നാം ക്ലാസ്സിൽ പോലും ലേഖന പരീക്ഷാകേന്ദ്രീകൃതമാണ് എന്നതാണ്.

വാചികമായ ആശയവിനിമയത്തിനാണ് ലോവർ പ്രൈമറി തലത്തിൽ പ്രാധാന്യം നൽകേണ്ടത്.
ബോധനശാസ്‌ത്രപരമായി പറഞ്ഞാൽ listening speaking ഇവക്കാണ് പ്രാധാന്യം നൽകേണ്ടത്.
അതിനു വേണ്ട ധാരാളം സിറ്റുവേഷനുകൾ പാഠപുസ്‌തകങ്ങളിൽ ഉണ്ടാകണം. അതിന് പുറമേ ക്ലാസ്റൂമിലും പുറത്തും ലൈവ് സിറ്റുവേഷനുകൾ സൃഷ്‌ടിക്കാനാവശ്യമായ നിർദ്ദേശങ്ങളും മാതൃകകളും അധ്യാപകർക്കുള്ള കൈപ്പുസ്‌തകങ്ങളിൽ (Teacher Text) ഉണ്ടാവണം.

ഇന്ന് reading , writing എന്നിവ കളമൊരുക്കാനുള്ള ഒരു ഉപാധി(Tool)യായി മാത്രമാണ് listening നെയും Speaking നെയും ക്ലാസ് റൂമിൽ ഉപയോഗിക്കുന്നത്.
ടീച്ചർ ടെക്സ്റ്റുകൾ വായിച്ചാൽതന്നെ ഇത് ആർക്കും ബോധ്യമാകും.
ഇംഗ്ലീഷിൽ ആശയവിനിമയം നടത്താനുള്ള ആത്മവിശ്വാസം കുട്ടിക്ക് ഉണ്ടാകാതെ പോകുന്നതിൻ്റെ കാരണം ലേഖന വ്യവഹാരങ്ങളിലധിഷ്ഠിതവും അതിനു വേണ്ടിയുള്ള യാന്ത്രികമായ പ്രക്രിയാധിഷ്‌ഠിതവും ആയ സമീപനമാണ് എന്ന് തിരിച്ചറിയണം.

Listening , speaking , എന്നീ ശേഷികൾ അളക്കേണ്ടത് വാചികമൂല്യനിർണയത്തിലൂടെയാകണം.
നമ്മുടെ ടേം ഇവാല്വേഷനിൽ ഓറൽ അസ്സസ്സ്മെൻ്റ് ഇല്ല. listening ability പരിശോധിക്കുന്ന ഒരു പ്രവർത്തനം നൽകാറുണ്ട്. അത് ചിത്രം വരയ്ക്കാനും കളർ ചെയ്യാനുമൊക്കെ ആകുമ്പോൾ കൊള്ളാം. എന്നാൽ അതും എഴുത്തിലൂടെ പ്രകടിപ്പിക്കാൻ നൽകുന്നത് കാണാം. അത് ഉചിതമാണോ എന്ന ചോദ്യമുണ്ട്. അപ്പോഴും Speaking ability ടേം മൂല്യനിർണയത്തിൽ അളക്കപ്പെടുന്നേയില്ല എന്ന പ്രശ്‌നമുണ്ട്. പകരം conversation writing , fill in the blanks ഉ ഒക്കേ ഉള്ളൂ.

ടെക്സ്റ്റ് ബുക്കുകൾ ഇപ്പോഴും ഗ്രാൻ്റ് നെരേറ്റിവുകളായി തുടരുന്നു (Grand and great Narratives എന്നു പോലും പറയണം ചിലപ്പോൾ). ആശയഗ്രഹണ വായനയുടെ (Reading comprehension )ഉയർന്ന തലം പ്രതീക്ഷിക്കുന്ന തരത്തിലാണ് പാഠങ്ങൾ അഥവാ സ്‌റ്റോറികൾ ഒരുക്കിയിരിക്കുന്നത്.
വായനാഭ്രമം ബാധിച്ച പാഠ്യപദ്ധതി സമീപനം എന്ന് പറയാം.
ഉയർന്ന ക്ലാസുകളിലൊക്കെ കടുകട്ടി ലാറ്റിനമേരിക്കൻ സാഹിത്യം ഉൾപ്പെടുത്തിയാൽ വിമർശനാത്മക ബോധനവും സോഷ്യൽ കൺസ്‌ട്രക്ടിവിസവും ആകുമെന്ന് ധരിച്ച പോലെ തോന്നുന്നു എന്നാണ് ഇംഗ്ലീഷ് അധ്യാപകനായ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടത്.

എന്താണ് അടിയന്തിര പരിഹാരം?

ടെക്സ്റ്റ് ബുക്കുകൾ മാറുക എന്നത് സമയമെടുക്കുന്നതും ഭാരിച്ചതുമായ പ്രക്രിയയാണ്.
തൽക്കാലം നിലവിലെ ടെക്സ്റ്റ് ബുക്കുകളെ പ്രായോഗികമായി അപനിർമ്മിക്കുക എന്നതാണ് പ്രായോഗികം.
അതിനനുസരിച്ച് Teacher Text കൾ മാറ്റിയെഴുതപ്പെടണം.
LP ക്ലാസുകളിൽ ഓരോ യൂണിറ്റിൽ നിന്നും ലളിതമായ ലൈവ് സിറ്റുവേഷനുകൾ രൂപപ്പെടുത്തി Role play യിലൂടെയും മറ്റും കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പാഠങ്ങൾ നിർമ്മിച്ചെടുക്കണം.
കുട്ടികൾ തമ്മിൽ പരസ്പരം സംസാരിക്കാനുള്ള അവസരങ്ങൾ നൽകുമ്പോൾ അത് എളുപ്പമാക്കാൻ ഇത് സഹായിക്കും. Listening, speaking and reading ഉറച്ചാൽ writing അപ്പർ പ്രൈമറി ക്ലാസുകളിൽ സ്വാഭാവികമായി മെച്ചപ്പെടും.
അങ്ങനെ അല്ലാത്തതുകൊണ്ടാണ് എഴുത്ത് ശരിയാക്കാൻ ഒന്നാംക്ലാസ് മുതലുള്ള കഠിനശ്രമം UP, ഹൈസ്കൂൾ ക്ലാസുകളിലും ഒരേ പോലെ ഭാരമായി തുടരുന്നത്.

ഇതിനനുസരിച്ച് ടേം മൂല്യനിർണയത്തിൽ വാചിക പ്രവർത്തനങ്ങൾ (oral tests) ഉൾപ്പെടുത്തണം.
തൽക്കാലം ഇങ്ങനെ തുടങ്ങാം. അത് കൂടുതൽ മാറ്റങ്ങളിലേക്ക് നീങ്ങാൻ സാഹചര്യമൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

ആറ് മാസം കൊണ്ട് ജർമ്മൻ , ജാപ്പാനീസ് ഭാഷയൊക്കെ പഠിക്കുന്ന കുട്ടിയെ കണ്ടുകൊണ്ടുള്ള ഒരു പുനർ വിചിന്തനവും പുന:പരിശോധനയും നടക്കട്ടെ.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

5 2 votes
Article Rating
5 Comments
Dr Pv, Abdul Hameed
19 hours ago

ഒരു പാട് കേൾക്കാനും പറയാനും കുട്ടിക്ക് അവസരം നൽകണം. ചിന്തകൾ പ്രകടിപ്പിക്കുന്നതാണ് Communication.
Audio Visual അതു പോലെ Phonetics പ്രാധാന്യം.
ഈ ലേഖനത്തിലെ തിരിച്ചറിവ് ഉൾകൊള്ളാൻ എല്ലാവർക്കും സാധിക്കട്ടെ. Instant Result ന്റെ പിന്നാലെ ഓടുമ്പോൾ Parents നമുക്കും എഴുതി തന്നെ കാണണം. അപ്പോഴാ തൃപ്തി .ഈ ലേഖനം കൊണ്ട് നല്ല ഒരു System എന്ന ചിന്ത വരട്ടെ.
അഭിനന്ദനങ്ങൾ

Haridasan
19 hours ago

ശാസ്ത്രീയ സമീപനം.
ഇത്തരം ഒരു പരിശീലനത്തിലൂടെ പ്രൈമറി സ്കൂൾ വിദ്യാർഥികൾ മണിമണിയായി ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് സാക്ഷിയാണ് ഞാൻ. വേണമെങ്കിൽ മൂല്യനിർണ്ണയനത്തിന്റെ ഭാഗമായിരുന്നുവെന്നും പറയാം. തിരുവനന്തപുരം കോർപ്പറേഷൻ
മാലിന്യ പ്ലാന്റ് സ്ഥാപിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു പിന്മാറി പ്രശസ്തമായ വിളപ്പിൽ ശാല ഗ്രാമ പഞ്ചായത്തിൽ ചില ചെറുപ്പക്കാർ മുൻകൈയെടുത്ത് നടത്തിയ ഇംഗ്ലീഷ് പരിശീലന പദ്ധതിയുടെ ഒന്നാം ഘട്ട അവലോകനമാണ്. ഡോ:ആർവിജി മേനോനോടൊപ്പം ഞാനും മറ്റു നാലു പേരും വിദ്യാർഥികളോട് ചില വാക്കുകൾ വെച്ച് സംസാരിക്കാൻ പറഞ്ഞു. അത്ഭുതകരമായ മികവോടെ അവർ സംസാരിക്കുന്നത് കേട്ടു.

രണ്ടാം ഘട്ടം നഗരത്തിലെ ചില സ്കൂൾ വിദ്യാർഥികളോടൊപ്പം ഇവരെയും ചേർത്ത് നടത്തിയ പരീക്ഷയിൽ ചോദ്യങ്ങൾ ചോദിച്ചത് മാധ്യമ പ്രവർത്തകരാണ്. ഇവർ തന്നെ മികവ് പ്രകടിപ്പിച്ചു. ഡിപിഐ ഈ പദ്ധതിയെ അനുമോദിച്ച് തുടക്കത്തിൽ
ജില്ലയിൽ ഉടനീളവും പിന്നീട് സംസ്ഥാനമൊട്ടുക്കും
നടത്താൻ തീരുമാനം എടുത്തതിൽ നിന്ന് പിന്തിരിഞ്ഞത് പഴഞ്ചൻ പാഠ്യരീതിയാണിത് എന്ന് വിദ്യാഭ്യാസ പരിഷ്കാരത്തിന്റെ വക്താക്കളും പ്രയോക്താക്കളും എതിർപ്പ് പ്രകടിപ്പിക്കാൻ തുടങ്ങിയതോടെ ആണത്രേ.

വി. ജി. തമ്പി എഡിറ്റർ ആയ ‘എഴുത്ത് ‘ എന്ന പ്രസിദ്ധീകരണത്തിൽ പത്തു പതിനഞ്ചു വർഷത്തിനിടയിൽ ഒരു ലക്കത്തിൽ ഈ വിഷയം ഒരു ലേഖനമായി വന്നിരുന്നു.
താങ്കളുടെ നിർദേശം ബധിര കർണ്ണങ്ങളിൽ പതിയാതിരിക്കട്ടെ!

Saidalavi
Reply to  Haridasan
17 hours ago

വളരെ നല്ല ലേഖനമാണ് തീർച്ചയായും ട്രെയിനിങ് നൽകപ്പെടുന്ന അധ്യാപകർ ട്രെയിനർമാർ തുടങ്ങിയവർ ഈ വിഷയങ്ങളിൽ ഊന്നൽ നൽകിയാൽ ഒരു പരിധിവരെ മാറ്റങ്ങൾ സാധിക്കുമെന്ന് തോന്നുന്നു

Dr Kunhimuhamed Puthalath
7 hours ago

Thank you sir.

v Raveendran
1 hour ago

വളരെ ശരിയാണ്. നാലാം ക്ലാസുവരെ TB. ആവശ്യമില്ല. കേൾക്കുക പറയുക മാത്രമേ വേണ്ടു. കേട്ട് കേട്ട് കണ്ടും കേട്ടും ഭാഷ സ്വായത്തമാകും. സ്വാഭാവികമായും പറയും. Reading, writing 4/5 class ൽ ഭംഗിയായി നടക്കും.
കേവലം ഒരു വർഷം മതി Eng-Ok.
നഴ്സറി തലത്തിൽ തന്നെ ചെയ്യാവുന്നതേയുള്ളു.

Recently added