അതിവേഗം ഓടിത്തീർക്കുന്ന യന്ത്രസമാനമായ ജീവിതത്തിനു നടുവിൽ കൂടിയ വാടകച്ചെലവുകളോട് പൊരുത്തപ്പെടാനാകാതെ വന്നപ്പോൾ കോൺക്രീറ്റ് സൗധങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി, ഏകദേശം പന്ത്രണ്ടുകിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമാന്തരീക്ഷത്തിലാണ് ഞാൻ അഭയം കണ്ടെത്തിയത്. അവിടെ നിന്ന് ദിവസവും ജോലിസ്ഥലത്തേക്കും തിരികെ വീട്ടിലേക്കുമുള്ള യാത്ര ബസ്സിലായിരുന്നു.
അന്നും പതിവുപോലെ, വൈകുന്നേരം ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടക്കത്തിൽ ഒഴിഞ്ഞുകിടന്ന ബസ്സിൽ ആളുകൾ കുറവായിരുന്നു. എന്നാൽ, നഗരത്തിന്റെ അതിരുകൾ താണ്ടി, വളഞ്ഞുപുളഞ്ഞ മലയോര പാതയിലേക്ക് വണ്ടി പ്രവേശിച്ചപ്പോഴേക്കും യാത്രക്കാരാൽ അത് നിറഞ്ഞു കവിഞ്ഞിരുന്നു.
ഞാൻ ജനലരികിലെ സീറ്റിലിരുന്ന് പുറത്തെ കാഴ്ചകളിൽ അഭയം കണ്ടെത്തി. തെരുവും കെട്ടിടങ്ങളും മിന്നിമറയുന്ന പരസ്യബോർഡുകളും കടന്നുപോകുന്ന മനുഷ്യരുമെല്ലാം എന്റെ കണ്ണുകൾക്ക് മുന്നിലൂടെ ഒരു ക്യാൻവാസ് പോലെ പിന്നിലേക്ക് പറന്നുകൊണ്ടിരുന്നു.
അടുത്തൊരു കവലയിലെ സ്റ്റോപ്പിൽ ബസ് നിറുത്തിയപ്പോൾ, വലിയൊരു ജനക്കൂട്ടം അകത്തേക്ക് ഇരച്ചുകയറി. ആ തിരക്കിനിടയിലൂടെ പാടുപെട്ട് ഊളിയിട്ട് ഒരു സ്ത്രീ എന്റെ എതിർവശത്തുള്ള സീറ്റിനടുത്തേക്ക് വന്ന് നിലയുറപ്പിച്ചു.
വല്ലാത്തൊരു തളർച്ച ആ സ്ത്രീയെ പൊതിഞ്ഞിരുന്നു. നിസ്സംഗമായ ഒരു നോട്ടത്തോടെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി. നെറ്റിയിലേക്ക് ചിതറിക്കിടന്ന അലസമായ മുടിയിഴകൾ അവർ വിറയ്ക്കുന്ന വിരലുകളാൽ പുറകിലേക്ക് ഒതുക്കി.
ആ നിമിഷം എന്റെ ഉള്ളിലൊരു മിന്നൽപ്പിണർ പാഞ്ഞുപോയി! ഞാൻ അറിയാതെ സ്തംഭിച്ചുപോയി.
ദൈവമേ… ഈ മുഖം!
എത്രയോ കാലം മനസ്സിൽ കൊണ്ടുനടന്ന, മറക്കാൻ ശ്രമിച്ചിട്ടും മറക്കാനാകാതെ നീറിപ്പുകഞ്ഞ ആ ഏടുകൾ എവിടെയോ വീണ്ടും നിവർക്കപ്പെടുന്നതുപോലെ…
അവളുടെ കൺതടങ്ങൾക്ക് ചുറ്റും ഇരുണ്ട കറുപ്പ് പടർന്നിരുന്നു. വാടിത്തളർന്ന മുഖവും മുഷിഞ്ഞൊരു സാരിയും… കഴുത്തിൽ കിടക്കുന്നത് വില കുറഞ്ഞ, നിറംമങ്ങിയ മുത്തുമാല. ഒറ്റനോട്ടത്തിൽ വീടുകൾ തോറും ഭിക്ഷാടനം നടത്തുന്ന ഏതെങ്കിലും സാധു സ്ത്രീയാണെന്നേ തോന്നുമായിരുന്നുള്ളൂ. ഒരു തുണിസഞ്ചി അവളുടെ തോളിൽ നിന്നും ഭാരത്തോടെ തൂങ്ങിക്കിടന്നിരുന്നു.
അവൾ വശത്തേക്ക് തിരിഞ്ഞുനിന്ന്, തൊട്ടടുത്ത സീറ്റിലിരുന്ന പെൺകുട്ടിയോട് യാചനയോടെ എന്തോ മിണ്ടി. ഇരിക്കാൻ ഒരു സ്വൽപ്പം ഇടം കിട്ടിയിരുന്നെങ്കിൽ എന്നാവണം ആ പാവം ആഗ്രഹിച്ചത്. എന്നാൽ, ഇന്നത്തെ കാപട്യം നിറഞ്ഞ ലോകത്തിന്റെ പ്രതിഫലനമെന്നോണം, ആ പെൺകുട്ടി ഭാവവ്യത്യാസമൊന്നുമില്ലാതെ വശംതിരിഞ്ഞ് ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
ആ സ്ത്രീയുടെ പിന്നിലേക്ക് കെട്ടിവെച്ച ചെമ്പിച്ച മുടിക്കെട്ടിൽ, നുള്ളിയെടുത്തതുപോലൊരു നന്ത്യാർവട്ടപ്പൂവ് വാടിത്തളർന്നു കിടപ്പുണ്ടായിരുന്നു.
‘ഇത്… സുഭദ്രയല്ലേ?’
ഓർമ്മകളുടെ തടവറ തകർത്ത് ആ പേരും രൂപവും എന്റെ മനസ്സിന്റെ ഭിത്തികളിൽ ആഞ്ഞടിച്ചു. ഒരു കാലത്ത് സൗന്ദര്യത്തിന്റെ, പ്രൗഢിയുടെ പ്രതിരൂപമായിരുന്നവൾ! പെട്ടെന്ന് കണ്ടാൽ ആർക്കും തിരിച്ചറിയാൻ കഴിയാത്തവിധം ജീവിതം അവളെ മാറ്റിക്കളഞ്ഞിരിക്കുന്നു.
ഞാൻ തറപ്പിച്ചു നോക്കുന്നത് കണ്ടപ്പോൾ അവൾ പതിയെ തിരിഞ്ഞുനിന്നു. എന്തോ ഒരു സംശയം തോന്നിയിട്ടെന്നവണ്ണം ആ കണ്ണുകൾ എന്റെ മുഖത്തേക്കൊന്നു നീണ്ടു. ആ നോട്ടത്തിൽ, ഒരു നിമിഷം ഒരുതരം ആകാംഷയും വിഭ്രാന്തിയും തളംകെട്ടി നിൽക്കുന്നത് ഞാൻ കണ്ടു.
പിന്നെ… എന്തോ ഓർത്തെടുത്തതുപോലെ, ആ വരണ്ട ചുണ്ടുകളിൽ നേരിയൊരു പുഞ്ചിരി വിടർന്നു! ആ പുഞ്ചിരിക്ക് പക്ഷെ സന്തോഷത്തേക്കാളേറെ അനുഭവങ്ങളുടെ കയ്പ്പുണ്ടായിരുന്നു. അല്പം നരവീണ് അലസമായി വീണുകിടക്കുന്ന അവളുടെ മുടിയിഴകൾക്കിടയിലൂടെ ആ മുഖം ഞാൻ വീണ്ടും വീണ്ടും വായിച്ചെടുത്തു.
അതെ, അത് സുഭദ്ര തന്നെയായിരുന്നു.
മനസ്സ് കാറ്റിലകപ്പെട്ട കരിയില പോലെ ഭൂതകാലത്തിലേക്ക് പറന്നുപോയി. വർഷങ്ങൾക്ക് മുൻപ്, ഒരു കലാലയ കലോത്സവ വേദിയിലാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ക്യാമ്പസ് ജീവിതത്തിന്റെ വസന്തകാലം… പാട്ടും നൃത്തവും ചിത്രരചനയും പ്രണയവുമൊക്കെയായി വർണ്ണാഭമായ നാളുകൾ.
അന്ന് ഭരതനാട്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി നിൽക്കുന്ന സുഭദ്രയെയാണ് ഞാൻ കാണുന്നത്. എഞ്ചിനീയർ സഹദേവന്റെ ഒരേയൊരു മകൾ. രാജഹംസത്തെപ്പോലെ നടക്കുന്ന, അഹങ്കാരവും സൗന്ദര്യവും സമം ചാലിച്ച പെൺകുട്ടി. ഗ്രീൻ റൂമിന് പുറകിൽ വെച്ച് യാദൃശ്ചികമായി തുടങ്ങിയ ആ സമ്പർക്കം പതിയെ ഒരു ആഴമുള്ള സൗഹൃദമായി മാറി. പിന്നീട്, ആ സൗഹൃദം മാഞ്ഞുപോകാത്ത പ്രണയമായി രൂപാന്തരപ്പെട്ടു.
കോളേജിലെ പൂത്തുലഞ്ഞ വാകമരത്തണലിലും പുസ്തകങ്ങൾ മണക്കുന്ന ലൈബ്രറിയുടെ ഏകാന്തതയിലും ഞങ്ങൾ എത്രയോ മണിക്കൂറുകൾ ഒന്നിച്ചിരുന്നിട്ടുണ്ട്! പരസ്പരം വിരൽകോർത്ത് പിടിച്ച്, തിളങ്ങുന്ന കണ്ണുകളോടെ ഭാവി ജീവിതത്തിന്റെ സ്വപ്നങ്ങൾ നെയ്തുകൂട്ടിയിട്ടുണ്ട്.
എന്നാൽ, ആ പ്രണയവസന്തത്തിന് ആയുസ്സ് കുറവായിരുന്നു…
ഒരു ചെറിയ തെറ്റിദ്ധാരണ! പരസ്പരം മനസ്സിലാക്കുന്നതിൽ വന്ന ഒരൊറ്റ നിമിഷത്തെ പാളിച്ച! അവിടെ സംശയവും അതിനേക്കാളേറെ വാശിയും തലപൊക്കി. വാശിക്ക് മുൻപിൽ പ്രണയം തോറ്റുകൊടുത്തു. അവൾ എന്നിൽ നിന്നും അകന്നുപോയി. ഞാൻ എത്രത്തോളം എന്റെ ഭാഗം വിശദീകരിക്കാൻ ശ്രമിച്ചിട്ടും എന്റെ പ്രണയത്തെ ആത്മാഭിമാനത്തിന്റെ പേരിൽ അവൾ തട്ടിത്തെറിപ്പിച്ചു. മാത്രമല്ല, എന്റെ മനസ്സിലെ മുറിവുകളെ കൂടുതൽ ആഴത്തിലാക്കാനും എന്നെ കുത്തിനോവിക്കാനുമായി, പിന്നീട് മറ്റൊരാളുടെ കൈപിടിച്ച് എന്റെ മുന്നിലൂടെ അവൾ നടന്നുനീങ്ങി.
ആ പ്രണയ തകർച്ച എന്റെയുള്ളിൽ മായാത്ത വലിയൊരു മുറിവായി, മാറാത്ത വേദനയായി ശേഷിച്ചു.
വർഷങ്ങൾക്കിപ്പുറം, ജീർണ്ണിച്ച വസ്ത്രങ്ങളണിഞ്ഞ്, ജീവിതത്തോട് പൊരുതി തോറ്റ ലക്ഷണങ്ങളോടെ ഈ ബസ് യാത്രയിൽ അവളെ വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്റെ നെഞ്ചുരുകി. പണ്ട് എന്റെ മനസ്സിൽ അവളോടു തോന്നിയിരുന്ന ദേഷ്യവും പരിഭവവുമെല്ലാം ഏതോ വലിയ വിങ്ങലായി മാറി.
ബസ് ഓടിക്കൊണ്ടിരുന്നു. വഴിയോരങ്ങളിൽ ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ആ പഴയ ഓർമ്മകൾ മുഴുവൻ ഒരു കരിങ്കടൽ പോലെ എന്നെ വന്ന് മൂടി. എഴുന്നേറ്റ് അവളുടെ അരികിൽ ചെന്ന് എന്തെങ്കിലും ചോദിക്കണമെന്ന് എന്റെ മനസ്സ് ആഗ്രഹിച്ചു.
എന്നാൽ, ഞാനൊന്ന് എഴുന്നേൽക്കാൻ തുനിയുന്നതിന് മുൻപേ, അടുത്ത സ്റ്റോപ്പിൽ ഇറങ്ങാനായി അവൾ ആ ജനത്തിരക്കിനിടയിലൂടെ മുന്നിലേക്ക് നടന്നു നീങ്ങിയിരുന്നു.
ബസ് നിന്നു. അവൾ വേഗത്തിൽ പടികളിറങ്ങി താഴേക്ക് പോയി. റോഡിൽ ഇറങ്ങിനിന്ന്, അവൾ ബസ്സിന്റെ അകത്തേക്ക് ഒരു നിമിഷം തിരിഞ്ഞുനോക്കി. ആ നിമിഷത്തിൽ, വിളറിവെളുത്ത ആ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നത് ഞാൻ കണ്ടു! അതെ, അത് എനിക്ക് മാത്രമുള്ള നോട്ടമായിരുന്നു.
ബസ് വീണ്ടും ചലിച്ചുതുടങ്ങി. ജനലിലൂടെ ഞാൻ പിന്നിലേക്ക് നോക്കി. വിധിയുടെ നോവുകൾ പേറുന്ന
എന്റെ പഴയ പ്രണയം, ആ വാടിയ നന്ത്യാർവട്ടപ്പൂവിനെയും പേറി മലയോര വഴിയിൽ മെല്ലെ മെല്ലെ മാഞ്ഞുപോകുന്നുണ്ടായിരുന്നു.
