നെറ്റിയിൽ പൂവൂള്ള സുന്ദരിപ്പൂച്ച

അദ്ധ്യായം ഒന്ന്

മോനൂട്ടന്റെ ഉമ്മകൾ

കർക്കിടകത്തിൽ കറുത്ത് കറുത്താണ് മഴ. ഇലഞ്ഞിമരച്ചോട്ടിലെ കുറ്റിക്കാട്ടിൽ ഒളിച്ചുകഴിയുന്ന സുന്ദരിപ്പൂച്ച നനഞ്ഞു വിറയ്ക്കാൻ തുടങ്ങി. കണ്ണു തുറക്കാൻ പോലും മഴത്തുള്ളികൾ സമ്മതിക്കുന്നില്ല. ചരൽക്കല്ലുകൾ വാരി എറിയുന്നതുപോലെ മേലാസകലം വേദനിക്കുന്നു. പരിസരത്തൊന്നും ഒച്ചയും അനക്കവുമില്ല. സഹിക്കാൻ പറ്റാത്തത്ര വിശപ്പും ദാഹവും. എന്തെങ്കിലും തിന്നിട്ട് ദിവസങ്ങളായി.
എത്ര ദിവസമാണിങ്ങനെ ഒളിച്ചു ജീവിക്കുക? അമ്മിണിച്ചേച്ചിയുടെ വീട്ടിൽ പരമസുഖമായിരുന്നു. ആ നല്ല കാലം ജീവിതത്തിലിനിയൊരിക്കലും തിരിച്ചുവരില്ല. സമയത്തിനു ഭക്ഷണം. ഇഷ്ടംപോലെ മീനും ഇറച്ചിയും. കാച്ചിയ പശുവിൻപാൽ. കിടന്നുറങ്ങാനും ഇരുന്ന് സ്വപ്നം കാണാനും മിനുമിനുത്ത സെറ്റികൾ…. ഊണിന്റെ സമയത്ത് പരിസരത്തൊന്നും കണ്ടില്ലെങ്കിൽ നീട്ടിയൊരു വിളിയുണ്ട്.
‘സുന്ദരീ…….. വേണ്ടേ…”
ആ വിളി കേട്ടാൽ മതി വയറു നിറഞ്ഞ പോലെ തോന്നും.
അമ്മിണിച്ചേച്ചി ഓഫീസിൽ നിന്നു വരുമ്പോൾ മക്കൾക്ക് കൊണ്ടുവരാറുള്ള പലഹാരത്തിന്റെ സ്വാദ് ഒന്നു വേറെത്തന്നെയാണ്. അവർ തിന്നുതീരും വരെ വായിൽ കൊതിയും നിറച്ച് കാത്തിരിക്കുകയൊന്നും വേണ്ട. ആദ്യം തന്നെ നല്ലൊരു പങ്കു കിട്ടും. ചേച്ചിയുടെ കണങ്കാലിലൂടെ ഉരസിനടന്നാൽ മതി, വീണ്ടും കിട്ടും. മോനൂട്ടൻ വീണ്ടും വീണ്ടും ഇട്ടു തരും. അവന് അത്രയ്ക്ക് ഇഷ്ടമായിരുന്നു. അവർ എന്നും കളിക്കാൻ കൂടും.
രാവിലെ എട്ട് മണിക്ക് അവൻ സ്‌കൂൾ ബസ്സിൽ കയറിപ്പോകുമ്പോൾ വല്ലാത്ത വിഷമം തോന്നും. അവനും പിരിഞ്ഞിരിക്കാൻ പ്രയാസമാണ്. ക്ലാസിലിരിക്കുമ്പോൾ മ്യാവൂ… മ്യാവൂ എന്ന് എവിടെ നിന്നോ ഉയരുന്നതു പോലെ അവന് തോന്നും. പിന്നെ ടീച്ചർമാർ പഠിപ്പിക്കുന്നതൊന്നും അവന്റെ തലയിൽ കയറില്ല.
മോനൂട്ടന്റെ ഏട്ടൻ ആൽവിൻ ഒരു പ്രത്യേക ടൈപ്പാണ്. റബ്ബർ പന്തുപോലെ തെറിച്ചു തെറിച്ചു കളിക്കും. അടങ്ങിയിരിക്കാനറിയില്ല. അതുകൊണ്ടു തന്നെ അമ്മിണിചേച്ചിയുടെ അടി വാങ്ങിക്കാത്ത ദിവസങ്ങളില്ല. മോനൂട്ടന് തിന്നാൽ കൊടുക്കുന്നതു പോലും തട്ടിപ്പറിച്ചോടും. ആ ആർത്തിപ്പണ്ടാരം. മോനൂട്ടനോടൊപ്പമാണ് കുളി. നല്ല പോലെ തോർത്തിത്തരും. നെറ്റിയിലെ കറുത്ത പൂവു പോലുള്ള പുള്ളിയിൽ ദിവസവും ഉമ്മ തരും. നല്ല ചൂടുള്ള രണ്ടു മൂന്നു ഉമ്മകൾ…
കട്ടു തിന്നുന്ന ശീലമാണ് ഇന്ന് ഈ മഴയിലെത്തിച്ചത്. എന്തെങ്കിലും കട്ടു തിന്നില്ലെങ്കിൽ ഉറക്കം വരില്ല. എത്ര വയറു നിറഞ്ഞാലും കട്ടു തിന്നാൻ മനസ്സ് നിർബന്ധിച്ചു കൊണ്ടേയിരിക്കും. ഓരോ അപകടത്തിൽ പെടുമ്പോഴും ദുഷിച്ച സ്വഭാവം ഒഴിവാക്കണമെന്ന് ഉറപ്പിക്കാറുണ്ട്. ഒരിക്കൽ അമ്മയുടെ മുമ്പിൽ ഇനി കളവ് ആവർത്തിക്കില്ലെന്ന് സത്യം ചെയ്തിരുന്നു. പക്ഷേ അറിയാതെ വീണ്ടും….. മാത്രവുമല്ല, അമ്മിണിച്ചേച്ചിയുടെ കണ്ണു വെട്ടിക്കാനും എളുപ്പമായിരുന്നു. പുഴക്കരയിലെ കല്യാണത്തലേന്ന് പരിചയപ്പെട്ട പാൽനുര പോലെ വെളുത്ത ചിണ്ടനാണ് മോഷണത്തിന്റെ ബാലപാഠങ്ങൾ പറഞ്ഞു തന്നത്.
അന്ന് കല്യാണത്തിനു വന്ന അമ്മിണിചേച്ചിയെ കണ്ടപാടെ ചിണ്ടൻ പറഞ്ഞിരുന്നു, ചേച്ചിക്ക് കാഴ്ചക്കുറവുണ്ടെന്ന്. അത് ശരിയാണെന്ന് പിന്നെ ബോധ്യമായി. ചേച്ചി അടുക്കളയിൽ കയറിയാൽ എന്തെങ്കിലും തട്ടി ഉടയുക പതിവാണ്. ഉറങ്ങുമ്പോൾ മാത്രമേ കണ്ണട അഴിച്ചു വെക്കാറുള്ളൂ.
ചിണ്ടന് പ്രത്യേകിച്ച് ഇടമൊന്നുമില്ല. അമ്പലമുക്കിലെ സാഗർ ഹോട്ടലിന്റെ പിറകിലുള്ള ചായ്പിലാണ് അന്തിയുറക്കം. തെണ്ടിത്തിരിഞ്ഞ് വയറു നിറയ്ക്കും. നല്ല തടിച്ചു കൊഴുത്ത ശരീരം. ജീവിതത്തിൽ ഒരു ദിവസം പോലും അവന് പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലത്രെ. അവൻ കണ്ടു കൊതിച്ചാൽ അതു കട്ടു തിന്നാലേ ഉറങ്ങുകയുള്ളൂ.
ചിണ്ടനിപ്പോൾ എവിടെയാകും? അവനെക്കണ്ടാൽ രക്ഷപ്പെടാമായിരുന്നു. പക്ഷേ പകൽ നേരത്ത് അമ്മിണിചേച്ചി കാണാതെ അതുവഴി പോകാനാകുമെന്ന് തോന്നുന്നില്ല. അല്ലെങ്കിൽ പാടത്തിന്റെ അങ്ങേക്കരയിലൂടെ വളഞ്ഞു തിരിഞ്ഞു പോകണം. രാത്രി മഴയിലൂടെ പോകുന്നതും അപകടമാണ്. പട്ടാപ്പകൽ രാമേട്ടന്റെ ആടിനെ കൊന്നു തിന്ന വീരപ്പൻ പട്ടിയുടെ കണ്ണിൽ പെട്ടാൽ കഥ കഴിക്കും. വീരപ്പന്റെ കുര കേട്ടാൽ തന്നെ പേടിച്ച് മൂത്രമൊഴിച്ചുപോകും.
ഒരിക്കൽ അമ്പലപ്പറമ്പിൽ മാമ്പഴം പെറുക്കാൻ പോയ മോനൂട്ടൻ വീരപ്പനെ കണ്ട് പേടിച്ചുപോയിരുന്നു. ഒരാഴ്ചയോളം പനിച്ചു കിടന്നു. പാടത്തെ കൈതക്കാട്ടിലും പള്ളിപ്പറമ്പിലും അവൻ ഒളിച്ചിരിക്കും. നാട്ടുകാർ ദിവസങ്ങളോളം കാത്തിരുന്നിട്ടും വീരപ്പന്റെ രോമം പോലും തൊടാൻ കഴിഞ്ഞില്ല.
ബാംഗ്ലൂരിൽ നിന്നും വിരുന്നുകാർ വന്ന ദിവസം. അന്ന് ആരെയാണാവോ കണി കണ്ടത്? അത്രയ്ക്ക് ശപിക്കപ്പെട്ട ദിവസമായിരുന്നു. ദിവസത്തിനെ എന്തിനു ശപിക്കണം. ശപിക്കേണ്ടത് സ്വന്തം ദുശ്ശീലത്തെ തന്നെയാണ്. വിശപ്പെന്താണെന്നറിയാതെ വളർന്നതിന്റെ ശിക്ഷയാണ് ഇപ്പോൾ അനുഭവിക്കുന്നത്.
മഴ, തണുപ്പ്, വിശപ്പ്……

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added