‘Films can be several means. However , going to the hall adds an important dimension- it becomes a social occasion and a collective experience. The OTT platforms will clearly not match up with that’.1
shyam benagal
ലോകത്ത് കോവിഡ് ഏറ്റവുംകൂടുതൽ ബാധിച്ച മേഖലകളിൽ ഏറ്റവും പ്രധാനമായി എണ്ണുന്നതിലൊന്ന് സിനിമാമേഖലയാണ്. 2020 മാർച്ച് പകുതിയോടുകൂടി നിശ്ചലമായ ഈ മേഖല അതിന്റെ സ്തംഭവനാവസ്ഥയിൽ നിന്ന് പതുക്കെ പതുക്കെ സജീവതയിലേക്ക് തിരിച്ചുവരുന്നേയുള്ളൂ.
സിനിമാ ചിത്രീകരണമടക്കമുള്ള നിർമാണമേഖലയിലെ കാര്യങ്ങൾ തുടങ്ങിയെങ്കിലും സിനിമാ ശാലകൾ (Theaters) കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തുറന്നെങ്കിലും വീണ്ടും പലയിടത്തും പൂട്ടുന്ന കാഴ്ചയാണുള്ളത്. കോടിക്കണക്കിന് രൂപ വിനോദനികുതി ലഭിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളെയടക്കം ഗവൺമെന്റുകളുടെ വിവിധ മേഖലകളെ ഈയൊരു പ്രതിസന്ധി എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് പലവിധ ചിന്തകളും പഠനങ്ങളുമെല്ലാം വന്നുകഴിഞ്ഞു. എന്നാൽ ലോക്ക്ഡൗൺ കാലത്ത് നമ്മുടെ രാജ്യത്ത് കൂടുതൽ സജീവമായ ഒ.ടി.ടി (OTT – over the top) പ്‌ളാറ്റ്‌ഫോമുകളിലേക്ക് സിനിമാപുറത്തിറങ്ങൽ (Film releasing) ചലച്ചിത്രമേഖലക്ക് അവഗണിക്കാനാകാത്ത ഒരനിവാര്യതയായി മാറിക്കഴിഞ്ഞതിനെക്കുറിച്ച് അധികം അന്വേഷണങ്ങൾ നടന്നുകണ്ടിട്ടില്ല. ബോളിവുഡ് മുതൽ ലിപിയില്ലാത്ത വാമൊഴി പ്രാദേശിക ഭാഷയായ ഭോജ്പൂരിയിൽ വരെ ഇവ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്.
ഈയൊരു സന്ദർഭത്തിൽ ഒരു നൂറ്റാണ്ടിലേക്ക് കാലെടുത്തുവെക്കുന്ന നമ്മുടെ പരമ്പരാഗത സിനിമാകാഴ്ച (Film view) യിൽ വരുന്ന ഒരു വെല്ലുവിളിയെക്കുറിച്ചുള്ള സൂചനയാണ് ശ്യാംബെനഗലിന്റെ ഈ വരികൾ.
സിനിമാ ശാലകൾ (film theaters)
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലാണ് സിനിമശാല എന്നൊരു സംവിധാനത്തിലേക്ക് കേരളത്തിലെ ചലച്ചിത്ര കാഴ്ചയും മാറുന്നത്. അതുവരെ ബയോസ്‌കോപ്പുമായി സഞ്ചരിക്കുന്ന നാടോടികളായ പ്രദർശനക്കാരുടെയും പിന്നീട് താൽക്കാലിക കൂടാര (Tent) ങ്ങളിലൂടെയും ആയിരുന്നു നമ്മുടെചലച്ചിത്ര പ്രദർശനങ്ങൾ. സിനിമ കൊട്ടകകൾ, ടാക്കീസ,് പിക്ചർ പാലസ്, തീയേറ്റർ എന്നിങ്ങനെ അനേകംകാലഘട്ടങ്ങളിലൂടെയുള്ള ആ സഞ്ചാരം 2000ത്തോടുകൂടി സജീവമായ മൾട്ടിപ്ലക്‌സുകൾ വരെ എത്തി നിൽക്കുന്നതിനിടയിലാണ് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഈ രംഗത്തേക്കുള്ള കടന്നുവരവ്.
മറ്റ് ഇലക്ട്രോണിക് വിനോദാപാധികൾ ഒന്നുമില്ലാത്ത ഒരു കാലത്ത് വെള്ളിത്തിരയുടെ മാന്ത്രികാനുഭവത്തിന്റെ വിസ്മയം മാത്രമായിരുന്നില്ല മലയാളിക്ക് സിനിമ കാണൽ. ഒരു ദൈനംദിന അനുഷ്ഠാനരീതിയിലേക്ക് വരെ സിനിമാശാലകളിലേക്കുള്ള പോക്ക് മലയാളിയിൽ വളർന്നു കഴിഞ്ഞിരുന്നു ഇതുകൊണ്ടുതന്നെയാണ് ഇലക്ട്രോണിക്‌സ് രംഗത്തെ സാങ്കേതികമായ പിന്നീട് കടന്നുവന്ന ധൃതഗതിയിലുള്ള മാറ്റങ്ങളെയെല്ലാം ഒരു പരിധിവരെ സിനിമാശാലകൾക്ക് അതിജീവിക്കുവാൻ കഴിഞ്ഞത്. കൂടാതെ എല്ലാ ബഹളങ്ങളുടെയും നടുവിൽ നിന്നും അടച്ചുപൂട്ടിയ സിനിമാശാലകളിലേക്കുള്ള ചലച്ചിത്രകാഴ്ച (Film view),, എൺപതുകളും തൊണ്ണൂറുകളുംവരെയുള്ള യുവതലമുറയുടെ സാംസ്‌കാരികവബോധം (cultural consciousness) രൂപപ്പെടുത്തുന്നതിൽ നല്കിയ പങ്കും ഏറെയാണ്.
സാധാരണ 35എം എം സിനിമാ കാഴ്ചയിൽ ജനത്തിന്റെ താല്പര്യം കുറഞ്ഞുവന്ന സമയത്താണ് നമ്മുടെ പ്രദർശനശാലകൾ സിനിമാസ്‌കോപ്പിലേക്കും 70 എം എമ്മിലേക്കുമെല്ലാം മാറുന്നത്. 1978-ൽ തച്ചോളി അമ്പു എന്ന ആദ്യത്തെ സിനിമാസ്‌കോപ്പ് സിനിമ, 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമിച്ചത്. പരമാവധി പത്തുലക്ഷം രൂപ നിർമാണചെലവുള്ള സമയത്തായിരുന്നുവെന്നറിയുമ്പോഴെ ഇതിന്റെ പ്രാധാന്യം തിരിച്ചറിയൂകയുള്ളൂ. ഒരു കോടി രൂപയാണ് അമ്പു അന്ന് സിനിമാ ശാലകളിൽ നിന്ന് ഗ്രോസ് കലക്ഷനായി നേടിയത്. പിന്നീട് കേരളത്തിലെ തന്നെ ആദ്യത്തെ 70 എം.എം ചലച്ചിത്രമായ പടയോട്ടം പിറന്നു. ഒരു കോടിരൂപ ചെലവാക്കിയാണ് ഇതു നിർമിച്ചത്.
വാണിജ്യപരമായി ഇത്തരം ഘടകങ്ങൾകൂടി സിനിമാ കാണൽ എന്നതിനെ പൂർണമായി സിനിമശാലകളിലൂടെയുള്ള ഒരേർപ്പാടാക്കി മാറ്റുന്നതിന് അടിത്തറയായിട്ടുണ്ട്. ടെലിവിഷൻ പോലുള്ള മാധ്യമങ്ങളുടെ പിന്നീടുള്ള ഭീഷണിയെയും ചുറ്റുപാടും വിന്യസിച്ച ചെറിയശബ്ദ ഉച്ചഭാഷിണി (sub woofers) യിലൂടെ ഡിജിറ്റിൽ തീയേറ്ററുകളിൽ നേർത്തകാലൊചച്ചകളെപോലും പ്രേക്ഷകനിൽ അനുഭവമാക്കി മാറ്റിയാണ് സിനിമാശാലകൾ അതിജീവിച്ചത്.
ഇരുട്ടിന്റെ കേന്ദ്രം
വാണിജ്യപരമായ അനേകം ഘടകങ്ങളോടൊപ്പം തന്നെ പരമ്പരാഗതമായ തീയേറ്റർ എന്നതിൽ നിന്ന് വളർന്ന സിനിമാശാലകളിൽ പിന്നീട് വരുത്തിയ ഭൗതികമാറ്റങ്ങളും ഗൗരവമായ കാഴ്ചക്കായുള്ള സാഹചര്യങ്ങളുമെല്ലാം സിനിമാശാലകളോടുള്ള ആഭിമുഖ്യം പ്രേക്ഷകനിൽ കൂട്ടിയിട്ടുണ്ട്. ഈ നിലക്ക് സിനിമാശാലകളിലെ ഇരുട്ട് തന്നെയാണ് സിനിമകാണാനെത്തുന്ന പ്രേക്ഷകന് ഇവിടെനിന്നുമാത്രം കിട്ടുന്ന വേറിട്ട ഒരു കാര്യം.
ഫ്രഞ്ച് നിരൂപകനായ റൊളാങ് ബർത്ത് ആണ് ഇതിനെക്കുറിച്ച് ആധികാരികമായി പറഞ്ഞിട്ടുള്ളത്: സിനിമാ പ്രദർശന ശാലകളുടെ ഇരുട്ടിലാണ് ചലച്ചിത്രത്തിന്റെ (ഏതു ചലച്ചിത്രത്തിന്റെയും) കാഴ്ചക്കാരനെ ആകർഷിപ്പിക്കുവാനുളള കഴിവ് കുടികൊള്ളുന്നത്’.2 പ്രദർശന ശാലകളുടെ അടച്ചുറപ്പും ഇരുട്ടും മറ്റു ഭൗതിക സാഹചര്യങ്ങളുമെല്ലാം പ്രേക്ഷകനിൽ സിനിമാശാലകളെക്കുറിച്ച് ഒരു സുരക്ഷിത ഇടം(comfortable place)എന്ന ബോധം ഉണ്ടാക്കുന്നുണ്ട്. ഇത്തരമൊരവസ്ഥയിൽ മറ്റു കാര്യങ്ങളെക്കാൾ കൂടുതൽ അവന്റെ ശ്രദ്ധ തീയേറ്ററിനുള്ളിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്നുവെന്ന് ഇതുസംബന്ധമായി പഠനം നടത്തിയ പല സാമൂഹ്യശാസ്ത്രജ്ഞരും കണ്ടെത്തിയിട്ടുണ്ട്. 2017ലെ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള (IFFK) യിൽ പ്രദർശിപ്പിച്ച പെങ്കവെടി സെത്താൻ (pengabdi setan) എന്ന ലോകം അതുവരെ കണ്ടിട്ടില്ലാത്ത ഭീതിജനകമായ ചലച്ചിത്രത്തിന്റെ രണ്ടു കാഴ്ച തന്നെ ഇതിന് നല്ല ഉദാഹരണമാണ്. അതുവരെ ലോകത്തുണ്ടായതിൽ വെച്ചേറ്റവും ഭീകരമായ പ്രേതസിനിമകളിൽ ഒന്ന് എന്ന രീതിയിൽ അന്തർ ദേശിയ മാധ്യമങ്ങൾ വിശേഷിപ്പിച്ച ഈ ഇന്ത്യനേഷ്യൻ ചലച്ചിത്രത്തിന്റെ ഒരു പ്രദർശനം മാനം നോക്കിയിരുന്ന് പോലും സിനിമ കാണാവുന്ന തിരുവനന്തപുരത്തെ നിശാഗന്ധിയിലായിരുന്നു, ഒരിക്കലെങ്കിലും ഈ സിനിമ നിങ്ങളെ ഭീതിപ്പെടുത്തുമെന്ന പ്രഖ്യാപനം കേട്ട് രാത്രി പത്തുമണിക്ക് തുടങ്ങിയ ഷോ കാണുവാൻപോയ പലരും ഞെട്ടുകയല്ല, പല സമയത്തും ആർത്തു ചിരിക്കുകയായിരുന്നു.!. എന്നാൽ ഇതേ സിനിമയുടെ പിറ്റേദിവസത്തെ തീയേറ്റർ പ്രദർശനം വേറൊരുനഭവമായിരുന്നുവെന്ന് രണ്ടും കണ്ട പ്രേക്ഷകരിൽ ചിലർ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാഭാവികമായി പുതിയ കാലത്ത് വീടുകളിൽ നിർമിക്കപ്പെടുന്ന ഏറ്റവും പുതിയ ഡിജിറ്റൽ ഹോം തീയേറ്ററുകളായിരിക്കില്ലേ ഇതിനെക്കാൾ ശ്രദ്ധയുള്ള പ്രേക്ഷകനെ സൃഷ്ടിക്കുകയെന്ന സന്ദേഹത്തെ പരിഗണിക്കേണ്ടത് തന്നെയാണ്. എന്നാൽ ഒന്നിലും രണ്ടിലും തുടങ്ങി കൈവിരലിൽ എണ്ണിയാൽ തീരുന്നതായിരിക്കും ഹോം തീയേറ്ററിലെ പ്രേക്ഷകരുടെ എണ്ണം. പക്ഷേ ചുരുങ്ങിയത് ആയിരത്തിനും ആയിരത്തി ഇരുനൂറിനുമടുത്തുള്ള പ്രേക്ഷകരെയാണ് മൾട്ടിഫ്‌ളെക്‌സുകളായി മാറാത്ത നമ്മുടെ ചില പട്ടണങ്ങളിലെ പഴയ തീയേറ്ററുകൾ ഇപ്പോഴും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മുന്നിലെ സ്‌ക്രീനുകളിൽ വരുന്നത് ഒരു സിനിമയാണെന്നറിഞ്ഞുകൊണ്ട് തന്നെ തീയേറ്ററിനുളളിലെത്തുന്നതോടെ മറ്റൊരു ലോകത്ത് എത്തിയവരായി ഇവർ മാറുകയാണ്. പ്രദർശന ശാലകളിലേക്ക് ഒരാൾ പ്രവേശിക്കും മുൻപ് തന്നെ ഹിപ്‌നോസിസിന്റെ ക്ലാസിക്ക് അവസ്ഥകൾ ശക്തമായി നിലനില്ക്കുന്നുണ്ട്.3 എന്ന റൊളാങ് ബർത്തിന്റെ ഇതിനെക്കുറച്ചുള്ള നിരീക്ഷണം തന്നെയാണ് ഏറെ താത്വികം.
അതായത്, തീയേറ്ററിലെ ഭൗതികവും അഭൗതികവുമായ അനേകം സാഹചര്യങ്ങൾ സിനിമ കഴിയുന്നതുവരെ കാഴ്ചക്കാരനെ ഒരു പരിധിവരെ ഉറക്കികിടത്തുക തന്നെയാണ് ചെയ്യുന്നത്. ഒരു നിദ്രാനുഭവമാണ് സിനിമാ ആസ്വാദനമുണ്ടാക്കുന്നത്.ബർത് തന്നെ തന്റെ നിരീക്ഷണത്തിന് വീണ്ടും അടിവരയിടുന്നതിങ്ങനെയാണ്: സിനിമാശാല വിട്ടിറങ്ങുന്നയാൾ ഒരു മോഹനിദ്രയിൽ നിന്ന് പുറത്തുവരികയാണ്.4
ഇത് ഒരു സിനിമാശാലയിൽ നിന്ന് സിനിമ കാണുന്നതിന്റെ ജാഗ്രതയെയാണ് കാണിക്കുന്നത്. ഒരു ഹോം തീയേറ്ററിലെ ഏകാംഗമായ കാഴ്ചയെക്കാൾ, തീയേറ്ററിലെ പ്രത്യേകരീതിയിലുള്ള ഇരിപ്പിട വിന്യാസവും ഇരുട്ടിന് മുൻതൂക്കം നല്കിയുള്ള കാഴ്ചാസംവിധാനവും പ്രേക്ഷകന്റെ ശ്രദ്ധയെ കൂടുതൽ കൊണ്ടുവരുമെന്നുള്ളതു തന്നെയാണ്. കൂടാതെ ആയിരക്കണക്കിന് ആളുകളിലൂടെയുണ്ടാകുന്ന കൂട്ടായ ആസ്വാദനാനുഭവങ്ങളും ഹോം തീയേറ്ററടക്കമുള്ള മറ്റു മാധ്യമങ്ങളിലെ കാഴ്ചയിലോ പരിസരങ്ങളിലോ ഉണ്ടാകണമെന്നില്ല. ഇതുപോലെ ഒരു കൂട്ടം ആളുകൾക്കിടയിലാണെങ്കിലും ഭയം, ദു:ഖം, ചിരി, സന്തോഷം, കരച്ചിൽ തുടങ്ങിയ വൈകാരികാനുഭവങ്ങളെ കാഴചക്കാരൻ എന്ന നിലക്ക് പ്രേക്ഷകൻ അനുഭവിക്കാതിരിക്കുന്നുമില്ല. ഇതിനെക്കുറിച്ച് ശ്യാം ബെനഗൽ പറയുന്നതിങ്ങനെയാണ്: There is a certain kind of reaction that is common to the entire audience, because we are social community.5
എന്നാൽ ടെലിവിഷൻപോലുള്ള മാധ്യമങ്ങളുടെ മുന്നിലാണ് നമ്മൾ കാഴ്ചക്കാരായി ഇരിക്കുന്നതെങ്കിൽ പലപ്പോഴും നാമറിയാതെ നമ്മുടെ ശരീരം കാണിക്കുന്ന ഇത്തരം വൈകാരിക പ്രകടനങ്ങൾക്ക് പോലും ഒരു സ്വയം നിയന്ത്രണമുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. തീയേറ്ററിലെത്തുന്ന പ്രേക്ഷകന്റെ ശരീരത്തിൽപോലും ആസ്വാദനത്തിന്റെ ചില ഘട്ടങ്ങളിൽ പലവിധ മാറ്റങ്ങളുണ്ടാകുന്നതായി കണ്ടെത്തിയത് കൂടി ഇതോടൊപ്പം കൂട്ടിചേർത്തുവായിക്കേണ്ടതുണ്ട്.
ബോസ്റ്റൺ സർവകലാശാല കേന്ദ്രീകരിച്ച് ഇതുസംബന്ധമായി ഒരു പഠനം നടന്നിരുന്നു പതിനെട്ടിനും നാല്പത്തിനാലിനും ഇടയിൽ പ്രായമുള്ള 145 പേരെയാണ് ജൂമാൻഞ്ചി എന്ന സിനിമ കാണിച്ച് നാല്പതു ഗവേഷണവിദ്യാർഥികൾ പഠനം നടത്തിയത്. അന്ന് കണ്ടെത്തിയത്, തീയേറ്റർ കാഴ്ചക്കാരാണ് ശാരീരികമായും മാനസികമായും കൂടുതുൽ സിനിമാകാഴ്ചയിൽ മറ്റുരീതിയിൽ സിനിമ കാണുന്നവരെക്കാൾ കൂടുതൽ ഇടപെടുന്നുവെന്നതാണ്. തൊണ്ണൂറു ശതമാനംപേരും തീയേറ്ററിലെ സിനിമാകാഴ്ചയുടെ പ്രത്യേകതകൾ അംഗീകരിച്ചവരായിരുന്നു. അതുപോലെ തീയേറ്റർ വിട്ടതിനുശേഷവുംസിനിമയെക്കുറിച്ച് ഓർമിക്കുകയും സംസാരിക്കുകയും ചെയ്യുവാൻ 63 ശതമാനം പേർ തയ്യാറായപ്പോൾ ഇതിനു നേർപകുതി അതായത് 35 ശതമാനം പേർ മാത്രമാണ് -മറ്റുമാർഗങ്ങളിലൂടെ സിനിമകണ്ടവർ- തങ്ങൾ കണ്ട ചലച്ചിത്രത്തെ ഓർമിച്ചെടുക്കുകപോലും ചെയ്തത്. അതുപോലെ സിനിമയുടെ തുടക്കവും (opening scene) ഒടുക്കവും(climax) പ്രേക്ഷനിലേക്ക് കൂടുതൽ ഇറങ്ങിചെല്ലുന്നതും തീയേറ്റർ കാഴ്ചയിലൂടെയാണ്. പക്ഷേ മൾട്ടിപ്ലെക്‌സ് തീയേറ്ററുകളടക്കമുള്ളവ കടന്നുവന്നതോടെ ഇവിടങ്ങളിൽ വ്യാപകമായslopped floor തീയേറ്ററുകളെ popcorn, candy, fast food രീതിയിൽ ഗൗരവം കുറയ്ക്കുന്ന കാഴ്ചാകേന്ദ്രങ്ങളായി മാറ്റുന്ന പ്രശ്‌നത്തെയും ഈ സന്ദർഭത്തിൽ ഓർക്കാതിരിന്നുകൂടാ.

