അക്ഷരലോകത്തെ നിഴൽരൂപങ്ങൾ


മനുഷ്യസർഗ്ഗാത്മകതയുടെ ഏറ്റവും ഉത്കൃഷ്ടമായ ആവിഷ്കാരമാണ് സാഹിത്യമെങ്കിലും, മറ്റൊരാളുടെ ചിന്തയെയോ ഭാവനയെയോ സ്വന്തം പേരിലാക്കി മാറ്റുന്ന പ്ലേജിയറിസം അഥവാ കൃതിചോരണം സാഹിത്യലോകത്തെ എക്കാലത്തെയും വലിയ ചർച്ചാവിഷയമാണ്. മലയാള സാഹിത്യചരിത്രത്തിൽ പണ്ടുകാലം തൊട്ടേ പരോക്ഷമായ ആരോപണങ്ങൾ നിലനിന്നിരുന്നെങ്കിലും, വായനയും വിവരസാങ്കേതികവിദ്യയും വ്യാപകമായ ഇന്നത്തെ കാലത്താണ് ഇത് സജീവമായ സാംസ്കാരിക വിചാരണകൾക്ക് വഴിതുറന്നത്. മലയാള സാഹിത്യത്തിലെ പ്ലേജിയറിസം സംബന്ധിച്ച ചർച്ചകൾ പൊതുവേദികളിൽ വലിയ കോലാഹലങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും, അക്കാദമിക് തലത്തിൽ കൃത്യമായ തെളിവുകളോടെ പഠിക്കപ്പെട്ടതോ ജനങ്ങളുടെഓർമയിൽ ദീർഘകാലം നിലനിന്നതോ ആയ കേസുകൾ വളരെ കുറവാണ്.അതുകൊണ്ടുതന്നെ ഈ വിഷയത്തെ സമീപിക്കുമ്പോൾ ആരോപണം, സ്വാധീനം, അനുകരണം, രൂപാന്തരം, അന്തർപാഠബന്ധം, യഥാർത്ഥ കൃതിചോരണം എന്നിവയെയെല്ലാം ഒരേ തട്ടിൽ അളക്കാതെ അവ തമ്മിലുള്ള സൂക്ഷ്മമായ വ്യത്യാസങ്ങൾ വേർതിരിച്ചറിയേണ്ടതുണ്ട്.

സാഹിത്യസിദ്ധാന്തത്തിന്റെ കാതലായ വശങ്ങൾ പരിശോധിച്ചാൽ, ഒരു കൃതി മറ്റൊരു കൃതിയെ കേവലം ഓർമിപ്പിക്കുന്നു എന്നത് മാത്രം പ്ലേജിയറിസത്തിന്റെ തെളിവായി സ്വീകരിക്കാൻ കഴിയില്ല. പ്രശസ്ത ചിന്തകയായ ജൂലിയ ക്രിസ്തേവ അവതരിപ്പിച്ച ഇന്റർ ടെക്സ്റ്റ്വാലിറ്റി സിദ്ധാന്തവും ഹാരോൾഡ് ബ്ലൂം മുന്നോട്ടുവെച്ച ആശയവും പരമാർത്ഥത്തിലേക്കാണ് ഒരേ കാര്യത്തിലേക്കാണ്. ലോകത്തെ എല്ലാ എഴുത്തുകാരും തങ്ങളുടെ മുൻഗാമികളുമായും സമകാലികരുമായുള്ള നിരന്തരമായ സംഭാഷണങ്ങളിലൂടെയും സംവാദങ്ങളിലൂടെയുമാണ് സ്വന്തം കൃതികൾ രചിക്കുന്നത്. അതുകൊണ്ടുതന്നെ സാഹിത്യചരിത്രത്തിലെ ഏറ്റവും ദുഷ്കരമായ വിധിനിർണയങ്ങളിലൊന്ന് സൃഷ്ടിപരമായ സ്വാധീനം എവിടെ അവസാനിക്കുന്നുവെന്നും ബോധപൂർവ്വമായ കൃതിചോരണം എവിടെ തുടങ്ങുന്നുവെന്നും നിശ്ചയിക്കുക എന്നതാണ്. വരികളുടെ പദാനുപദ സാമ്യം, കാതലായ ഘടനാപരമായ ആശ്രയം, യഥാർത്ഥ ഉറവിടം പൂർണ്ണമായി മറച്ചുവെക്കൽ, പുതിയ എഴുത്തുകാരന്റെ സൃഷ്ടിപരമായ ഭാവനയുടെ സമ്പൂർണ്ണ അഭാവം എന്നിവ ഒരുമിച്ചുവരുമ്പോൾ മാത്രമേ അക്കാദമിക് ലോകം അതിനെ യഥാർത്ഥ പ്ലേജിയറിസമായി കണക്കാക്കാറുള്ളൂ.

മലയാള സാഹിത്യചരിത്രത്തിലേക്ക്ശ്രദ്ധിച്ചാൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത് വിവർത്തനങ്ങളുമായും രൂപാന്തരങ്ങളുമായും ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ യൂറോപ്യൻ, റഷ്യൻ, ബംഗാളി, തമിഴ് സാഹിത്യങ്ങളിൽ നിന്നുള്ള കഥകളും നോവലുകളും മലയാളത്തിൽ പലപ്പോഴും രൂപാന്തരം എന്ന പേരിൽ വന്നിരുന്നു. ചില സന്ദർഭങ്ങളിൽ എഴുത്തുകാർ അതിന്റെ യഥാർത്ഥ ഉറവിടം വ്യക്തമാക്കിയിരുന്നുവെങ്കിൽ, മറ്റു ചിലപ്പോൾ അത് വിട്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ കർശനമായ അക്കാദമിക് മാനദണ്ഡങ്ങളും പകർപ്പവകാശ നിയമങ്ങളും വെച്ച് നോക്കിയാൽ അവയിൽ ചിലതിനെ അനധികൃത പുനരാഖ്യാനങ്ങളായി തരംതിരിക്കാമെങ്കിലും, അന്നത്തെ സാഹിത്യസംസ്കാരത്തിലും വായനാപരിസരത്തിലും അത് വളരെ സാധാരണമായ ഒരു രീതിയായിരുന്നു. അതുകൊണ്ട് ആധുനിക നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ചരിത്രപരമായ പശ്ചാത്തലങ്ങളെ പാടെ വിസ്മരിച്ച് അവയെ പ്ലേജിയറിസം എന്ന് ലളിതവൽക്കരിച്ച് വിളിക്കുന്നത് സാഹിത്യനീതിയാവില്ല.

സി. രാധാകൃഷ്ണന്റെ ചില കൃതികളെ ചുറ്റിപ്പറ്റി വിവിധ കാലങ്ങളിൽ വിദേശസാഹിത്യവുമായി ബന്ധപ്പെട്ട സാമ്യങ്ങൾ വിമർശകർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കഥാരചന, ആശയതലം, ദാർശനിക പശ്ചാത്തലം തുടങ്ങിയവയിൽ ചില പ്രമുഖ വിദേശ കൃതികളുമായി ഇവ പുലർത്തുന്ന സാദൃശ്യങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും, അവയൊന്നും പദാനുപദമുള്ള പകർപ്പടിയാണെന്ന് ഒരിക്കലും തെളിയിക്കപ്പെട്ടിട്ടില്ല. മറിച്ച്, ലോകസാഹിത്യപാരമ്പര്യത്തിൽ നിന്നുള്ള ഉൾക്കാഴ്ചകളെ സ്വന്തം ജീവിതപരിസരത്തിലേക്ക് സൃഷ്ടിപരമായി ഉൾക്കൊള്ളാനുള്ള എഴുത്തുകാരന്റെ ശ്രമമായാണ് പല സാഹിത്യ ഗവേഷകരും ഇതിനെ വിലയിരുത്തിയത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങൾ കൃതിചോരണ പഠനങ്ങളേക്കാൾ സാഹിത്യസ്വാധീനങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങൾക്കാണ് വഴിതുറന്നത്.
ഇതേ രീതിയിലുള്ള വായനകളാണ് എം. ടി. വാസുദേവൻ നായരുടെ ചില കഥകളെയും സിനിമാ തിരക്കഥകളെയും കുറിച്ച് ഉയർന്നുവന്ന ലോകസാഹിത്യസാമ്യങ്ങളെക്കുറിച്ചുള്ള വിമർശനങ്ങളിലും പ്രകടമായിട്ടുള്ളത്. മലയാള അക്കാദമിക് ലോകവും ഗൗരവക്കാരായ വായനക്കാരും പൊതുവെ സ്വീകരിച്ച നിലപാട്, എം.ടിയുടെ കൃതികൾ നേരിട്ടുള്ള പകർപ്പുകളല്ല എന്നാണ്. മറിച്ച്, അവ പാശ്ചാത്യ സാഹിത്യത്തിലെ ചില ആഖ്യാന മാതൃകകളെ ഉൾക്കൊണ്ടുകൊണ്ട്, കേരളീയ ഗ്രാമീണ ജീവിത സാഹചര്യത്തിലും മാതൃദായക്രമ തകർച്ചയുടെ പശ്ചാത്തലത്തിലും അത്യന്തം മൗലികമായി പുനർസൃഷ്ടിച്ച സ്വതന്ത്ര ആഖ്യാനങ്ങളാണ് എന്നതാണ് . ഈ കാരണത്താൽ തന്നെ ഇവ പ്ലേജിയറിസം പഠനങ്ങളുടെ പരിധിയിലല്ല, മറിച്ച് സാഹിത്യത്തിലെ സ്വാധീനപഠനത്തിന്റെ (Influence Studies) പരിധിയിലാണ് സാധാരണയായി വിശകലനം ചെയ്യപ്പെടാറുള്ളത്.

വർത്തമാന മലയാള സാഹിത്യത്തിൽ കവിതാ രംഗത്താണ് കൂടുതൽ വ്യക്തവും തീക്ഷ്ണവുമായ ആരോപണങ്ങൾ ഉയർന്നിട്ടുള്ളത്. പ്രത്യേകിച്ച് രണ്ടായിരാമാണ്ടിനു ശേഷം ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വ്യാപനത്തോടെ ഇംഗ്ലീഷ്, സ്പാനിഷ്, ലാറ്റിനമേരിക്കൻ കവിതകളിലെ ആശയങ്ങളും ഇമേജറികളും മലയാള കവിതകളിൽ അതേപടി ആവർത്തിക്കപ്പെടുന്നുവെന്ന പരാതികൾ ശക്തമായി. ചില സന്ദർഭങ്ങളിൽ കവികൾ വിദേശ കവിതകളുടെ നേർവിവർത്തനങ്ങൾ സ്വന്തം മൗലിക രചനകളായി പ്രസിദ്ധീകരിച്ചുവെന്ന കടുത്ത വിമർശനവും ഉയരുകയുണ്ടായി. സമീപകാലത്ത് കവി എസ്. കലേഷ് എഴുതിയ ‘അങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന കവിത മറ്റൊരാളുടെ പേരിൽ മാസികയിൽ അച്ചടിച്ചുവന്ന വിവാദം ഇതിനൊരു തെളിവാണ്. വരികളിലെ ആഭ്യന്തര സാദൃശ്യം പദാനുപദമുള്ള പകർപ്പടിയാണെന്ന് ഡിജിറ്റൽ തെളിവുകളോടെ ബോധ്യപ്പെട്ടതുകൊണ്ട് മാത്രമാണ് സോഷ്യൽ മീഡിയയിലെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ ആരോപണം നേരിട്ടവർക്ക് അത് സമ്മതിക്കേണ്ടി വന്നത്. എങ്കിലും, ഭൂരിഭാഗം കവിതാ വിവാദങ്ങളിലും ഔദ്യോഗികമായ അന്വേഷണങ്ങൾ ഒന്നും തന്നെ നടക്കാറില്ല എന്നതുമാത്രമല്ല, അവ കേവലം സോഷ്യൽ മീഡിയ ചർച്ചകളായോ പത്രവിമർശനങ്ങളായോ ഒടുങ്ങുകയാണ് പതിവ്.

നോവൽ സാഹിത്യത്തിലും ഇത്തരം സമകാലിക വിവാദങ്ങൾ വലിയ തോതിൽ അവാർഡുകളെയും എഴുത്തുകാരുടെ പ്രതിച്ഛായയെയും ബാധിച്ചിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരി കെ.ആർ. മീരയുടെ ‘ആരാച്ചാർ’ എന്ന നോവൽ പുറത്തുവന്നപ്പോൾ അത് ചില വിദേശ പുസ്തകങ്ങളെയും ഡോക്യുമെന്ററികളെയും ആസ്പദമാക്കിയുള്ളതാണെന്ന ആരോപണങ്ങൾ ചില കോണുകളിൽ നിന്ന് ഉയർന്നിരുന്നു.(മാതൃഭൂമി വാരികയിൽ 2014)അതുപോലെ തന്നെ മീരയുടെ ‘കലാച്ചി’ എന്ന നോവലും ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലും തുർക്കിഷ്-കുർദിഷ് രാഷ്ട്രീയ പശ്ചാത്തലം പങ്കിട്ടതുകൊണ്ട് അവ തമ്മിൽ പ്ലോട്ട് സാമ്യമുണ്ടെന്ന തരത്തിലുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നുവരുന്നു .

ഇതിൽ നിന്നും വ്യത്യസ്തമായി, പ്രമുഖ പ്രസാധകരുടെ നോവൽ പുരസ്കാരം നേടിയ ‘വിൽപുട്ര്’ എന്ന കൃതി, തമിഴ് നോവലിലെ വാചകങ്ങളും വിവർത്തനങ്ങളും ഒത്തുനോക്കിയുള്ള ആഭ്യന്തര തെളിവുകൾ വായനക്കാർ പുറത്തുവിട്ടതിനെ തുടർന്ന് പ്ലേജിയറിസം വ്യക്തമായി തെളിയുകയും, പ്രസാധകർ പുസ്തകം വിപണിയിൽ നിന്ന് പിൻവലിക്കുകയും പുരസ്കാരം റദ്ദാക്കുകയും ചെയ്യേണ്ടി വന്നത് മലയാള സാഹിത്യത്തിലെ അത്യപൂർവ്വമായ സംഭവമായിരുന്നു.


സർഗ്ഗാത്മക സാഹിത്യത്തേക്കാൾ ഭയാനകവും അക്കാദമിക് ലോകത്ത് ഏറ്റവും ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുന്നതുമായ മറ്റൊരു മേഖല ഗവേഷണപ്രബന്ധങ്ങളിലെ പ്ലേജിയറിസമാണ്. കേരളത്തിലെ വിവിധ സർവകലാശാലകളിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ചില എം.ഫിൽ, പി.എച്ച്.ഡി പ്രബന്ധങ്ങളിലും പ്രമുഖരുടെ ഡോക്ടറൽ ഗ്രന്ഥങ്ങളിലും മുൻ ഗവേഷകരുടെ ആശയങ്ങളും വാചകങ്ങളും മതിയായ അവലംബമോ കടപ്പാടോ നൽകാതെ വെട്ടി ഒട്ടിച്ചു ഉപയോഗിച്ചുവെന്ന ആരോപണങ്ങൾ പലപ്പോഴായി ഉയർന്നിട്ടുണ്ട്. സർവ്വകലാശാലകളിലെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന പ്രമുഖ വ്യക്തികൾ വരെ ഇത്തരം വിവാദങ്ങളിൽ ഉൾപ്പെടാറുണ്ട്. ഇവ കേവലമായ സാഹിത്യസൃഷ്ടികളിലെ ഭാവനാലോകത്തെ സാമ്യങ്ങളല്ല, മറിച്ച് അക്കാദമിക് നൈതികതയുടെയും ബൗദ്ധിക സത്യസന്ധതയുടെയും ഗുരുതരമായ ലംഘനങ്ങളായാണ് പരിഗണിക്കപ്പെടുന്നത്. മലയാള പഠനരംഗത്ത് പ്ലേജിയറിസത്തെക്കുറിച്ചുള്ള കൃത്യമായ മാനദണ്ഡങ്ങൾ രൂപീകരിക്കുന്നതിനും ഔദ്യോഗിക ചർച്ചകൾക്ക് തുടക്കമിടുന്നതിനും വലിയ പ്രചോദനം നൽകിയത് ഇത്തരം ഗവേഷണ വിവാദങ്ങളാണ്.
ഡിജിറ്റൽ കാലഘട്ടത്തിന്റെ വരവോടെ ഈ സ്ഥിതി കൂടുതൽ സങ്കീർണ്ണവും അതേസമയം സുതാര്യവുമായി മാറിയിട്ടുണ്ട്. ബ്ലോഗുകളിലും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുമൊക്കെ സാധാരണക്കാരായ എഴുത്തുകാർ ആദ്യം പ്രസിദ്ധീകരിക്കുന്ന കവിതകളും ചെറുകഥകളും ട്രാവലോഗുകളും പിന്നീട് മറ്റ് ചിലരുടെ പേരിൽ പുസ്തകങ്ങളായോ സ്വന്തം പോസ്റ്റുകളായോ പ്രത്യക്ഷപ്പെടുന്ന സംഭവങ്ങൾ നിരവധിയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഡിജിറ്റൽ യുഗത്തിൽ ഇതിനുള്ള തെളിവുകൾ ലഭ്യമാക്കുക എന്നത് താരതമ്യേന എളുപ്പമുള്ള കാര്യമാണ്. പ്രസിദ്ധീകരണ തീയതികളും ഡിജിറ്റൽ ഫൂട്ട്പ്രിന്റുകളും കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിനാൽ യഥാർത്ഥ രചയിതാവിനെ കണ്ടെത്താൻ വായനക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരാറില്ല. കൂടാതെ സർവ്വകലാശാലകളിൽ സമർപ്പിക്കുന്ന തീസിസുകളിലെ കോപ്പിയടികൾ കണ്ടെത്താൻ ഇന്ന് അത്യാധുനിക ആന്റി-പ്ലേജിയറിസം സോഫ്റ്റ്‌വെയറുകൾ നിർബന്ധമാക്കിയിട്ടുമുണ്ട്. എങ്കിലും ഈ ഡിജിറ്റൽ മേഖലയിലെ മോഷണങ്ങളിൽ ഭൂരിഭാഗവും സോഷ്യൽ മീഡിയയിലെ താൽക്കാലിക ബഹളങ്ങൾക്കപ്പുറം വലിയ നിയമനടപടികളിലേക്ക് നീങ്ങാറില്ല എന്നതാണ് യാഥാർത്ഥ്യം.
ഇതെല്ലാം സമഗ്രമായി പരിശോധിക്കുമ്പോൾ മലയാള സാഹിത്യചരിത്രത്തിൽ പരക്കെ അംഗീകരിക്കപ്പെട്ടതോ, കോടതിയോ അല്ലെങ്കിൽ ഏതെങ്കിലും സ്വതന്ത്ര അന്വേഷണസമിതിയോ ഔദ്യോഗികമായി അന്വേഷിച്ച് ഇത് പ്ലേജിയറിസമാണ് എന്ന് അസന്ദിഗ്ദ്ധമായി വിധിച്ചതോ ആയ വലിയ സാഹിത്യകേസുകൾ വിരലിലെണ്ണാവുന്നവ മാത്രമാണെന്ന് കാണാം. ഭൂരിഭാഗം സംഭവങ്ങളും കേവല ആരോപണങ്ങളായോ, വായനക്കാരുടെ ആക്ഷേപങ്ങളായോ, അല്ലെങ്കിൽ സ്വാധീനപഠനങ്ങളുടെ സാധ്യതകളായോ തന്നെയാണ് സാഹിത്യചരിത്രത്തിൽ അവശേഷിക്കുന്നത്. അതുകൊണ്ട് മലയാള സാഹിത്യത്തിലെ പ്ലേജിയറിസം ചരിത്രം എന്നത് യഥാർത്ഥത്തിൽ അക്ഷരമോഷണത്തിന്റെ ചരിത്രത്തേക്കാൾ, എഴുത്തുകാർ തമ്മിലുള്ള സാഹിത്യപരമായ സ്വാധീനങ്ങളും, രൂപമാറ്റങ്ങളും, വിവർത്തന നൈതികതയും സംബന്ധിച്ച് ഉയർന്നുവന്ന ബൗദ്ധിക സംവാദങ്ങളുടെ ചരിത്രമാണെന്ന് പറയുന്നതാവും കൂടുതൽ ഉചിതം.

മൗലികതയാണ് ഒരു കൃതിയുടെ ആത്മാവെങ്കിലും, ലോകസാഹിത്യത്തിന്റെ സ്വാഭാവിക സ്വാധീനങ്ങളെ തിരിച്ചറിയുകയും അതേസമയം ബോധപൂർവ്വമായ അക്ഷരച്ചതികളെ വിചാരണ ചെയ്യുകയും ചെയ്യുന്ന ജാഗ്രതയുള്ള ഒരു വായനാസമൂഹം തന്നെയാണ് സാഹിത്യത്തിന്റെ ഏറ്റവും വലിയ കാവൽക്കാർ.

Share this:

Recently added