‘തള്ളക്കിട്ടൊരു തള്ള് വരുമ്പോൾ’

“തള്ളക്കിട്ടൊരു തല്ലു വരുമ്പോൾ പിള്ളയെടുത്തു തടുക്കേയുള്ളൂ.
വല്ലാമക്കളിലില്ലാമക്കളിതെല്ലാവർക്കും സമ്മതമല്ലോ“.

ആധുനിക വിദ്യാഭ്യാസ ലോകത്ത് നിശബ്ദമായി നടക്കുന്ന വലിയ മാറ്റങ്ങളിലൊന്ന് കുട്ടികളിലല്ല, പുതു തലമുറരക്ഷിതാക്കളിലാണ്. ഏതാനും പതിറ്റാണ്ടുകൾക്കു മുൻപ് വരെ അധ്യാപക സമൂഹത്തിന്റെ ചർച്ചാ വിഷയം, വിദ്യാർത്ഥികളുടെ പഠനരീതികളെയും പാഠ്യപദ്ധതി പരിഷ്കരണങ്ങളെയും ഇൻഫ്രാ സ്‌ട്രെക്ചറിനെയും കുറിച്ചായിരുന്നുവെങ്കിൽ, ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ-മനഃശാസ്ത്ര ഗവേഷണങ്ങളിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം പുതിയ രക്ഷാകർതൃത്വ സംസ്കാരമാണ്. പുതിയ രക്ഷിതാക്കളെ അധ്യാപകരും മനഃശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും പലപ്പോഴും ഒരു വലിയ പ്രശ്നക്കാരായി അല്ലെങ്കിൽ ക്ലാസ് മുറിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സം നിൽക്കുന്ന വെല്ലുവിളിയായി കാണുന്നു . വ്യക്തിപരമായ സ്വഭാവദോഷങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുന്നതിന് പകരം , എന്തുകൊണ്ടാണ് ഈയൊരു തലമുറ മാറ്റം സംഭവിച്ചത് എന്ന് അന്വേഷിക്കുമ്പോഴാണ് ആഗോളതലത്തിലുള്ള സാമൂഹിക-സാമ്പത്തിക ഘടനകളുടെയും മാറുന്ന ലോകക്രമത്തിന്റെയും സ്വാധീനം വ്യക്തമാകുന്നത്. ഏറ്റവും വിരോധാഭാസമായ കാര്യം, കുട്ടികളുടെ വിദ്യാഭ്യാസത്തിലും ക്ഷേമത്തിലും ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വിധം ഏറ്റവുമധികം ശ്രദ്ധ ചെലുത്തുന്ന രക്ഷിതാക്കൾ തന്നെയാണ്, കടുത്ത മാനസിക സമ്മർദ്ദത്തിനും അപര്യാപ്തതാ ബോധത്തിനും അടിമപ്പെട്ട് വിദ്യാലയങ്ങളുമായി സംഘർഷത്തിലാകുന്നത് എന്നതാണ്.
യുറി ബ്രോൺഫെൻബ്രെന്നറുടെ ഇക്കോളജിക്കൽ സിസ്റ്റംസ് തിയറി അനുസരിച്ച് ഒരു കുട്ടിയുടെ വികാസം എന്നത് അവൻ ജീവിക്കുന്ന കുടുംബം, വിദ്യാലയം എന്നിവ മാത്രമല്ല, മാക്രോ-സിസ്റ്റം എന്ന് വിളിക്കുന്ന ആഗോള സംസ്കാരവും സമ്പദ്‌വ്യവസ്ഥയും ചേർന്ന ഒരു വലിയ ശൃംഖലയുടെ ഫലമാണ്.

ആൽഫ്രഡ് അഡ്‌ലറുടെ വ്യക്തിഗത മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കി രൂപപ്പെട്ട ഹെലികോപ്റ്റർ പാരന്റിങ്, സ്നോപ്ലോ പാരന്റിങ് (അമിത സംരക്ഷണ സിദ്ധാന്ത)വും, സോഷ്യോളജിയിലെ ഇന്റൻസീവ് പാരന്റിങ്, കോൺസേർട്ടഡ് കൾട്ടിവേഷൻ എന്നീ ആശയങ്ങളും. പരിഗണിച്ച് നിരീക്ഷിക്കുമ്പോൾ, കുട്ടിയുടെ വഴിയിലെ എല്ലാ തടസ്സങ്ങളും മുൻകൂട്ടി നീക്കിക്കൊടുക്കുകയും അവരുടെ ഓരോ ചലനങ്ങളെയും നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു മാനസികാവസ്ഥയിലേക്ക് പുതിയ രക്ഷിതാക്കൾ മാറിയിരിക്കുന്നു. ഇതിൽ രക്ഷിതാക്കളുടെ റോൾ നിർമ്മിതിയും സ്വയം-ഫലപ്രാപ്തിയും പ്രധാനമാണ്. സ്വന്തം രക്ഷാകർതൃ കഴിവിൽ അബോധപൂർവ്വമായ അവിശ്വാസമോ ഉത്കണ്ഠയോ ഉള്ള രക്ഷിതാക്കൾ അമിതമായി ഇടപെടാൻ ശ്രമിക്കുന്നു. ഗ്രോൾനിക്കിന്റെ മാതൃക ചൂണ്ടിക്കാണിക്കുന്നത് വ്യക്തി തലം, സന്ദർഭിക തലം, സ്ഥാപന തലം എന്നിവയുടെ പരസ്പര പ്രതിപ്രവർത്തനമാണ് രക്ഷിതാക്കളുടെ പെരുമാറ്റത്തെ നിർണ്ണയിക്കുന്നത് എന്നാണ്.

പുതിയ രക്ഷിതാക്കളെക്കുറിച്ചുള്ള ചർച്ചയിൽ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മറ്റൊരു നിർണായക വസ്തുതയുണ്ട്. അധ്യാപകരും മനഃശാസ്ത്രജ്ഞരും വിമർശിക്കുന്നത് എല്ലായ്പ്പോഴും അമിതമായി ഇടപെടുന്ന രക്ഷിതാക്കളെയല്ല, മറിച്ച് കുട്ടികളുടെ ജീവിതത്തിൽ വേണ്ടത്ര വൈകാരിക സാന്നിധ്യം പുലർത്താൻ കഴിയാത്ത രക്ഷിതാക്കളെ കൂടിയാണ്. ഭൗതികമായി സമ്പന്നമായ വീടുകളിൽ വളരുന്നുണ്ടെങ്കിലും വൈകാരികമായി ഒറ്റപ്പെട്ടവരാണ് ഇന്നത്തെ അനേകം കുട്ടികൾ. രക്ഷിതാക്കൾ കുട്ടിക്ക് മികച്ച സ്കൂളും മികച്ച മൊബൈലും മികച്ച സൗകര്യങ്ങളും നൽകുന്നുണ്ടെങ്കിലും ആവശ്യത്തിന് സമയം നൽകുന്നില്ല, സംസാരിക്കുന്നില്ല, കേൾക്കുന്നില്ല. കുട്ടിക്ക് വേണ്ടത് സാന്നിധ്യമാണ്, എന്നാൽ അവന് ലഭിക്കുന്നത് ഭൗതിക സംവിധാനങ്ങൾ മാത്രമാണ്. കുട്ടിയുടെ മാനസികാരോഗ്യത്തിന്റെ അടിത്തറ സുരക്ഷിതമായ വൈകാരികബന്ധങ്ങളാണ്. സ്നേഹവും ശ്രദ്ധയും സ്ഥിരതയുമുള്ള ബന്ധങ്ങൾ ലഭിക്കാത്ത കുട്ടികൾക്ക് ആത്മവിശ്വാസക്കുറവും ഉത്കണ്ഠയും ഉണ്ടാകുന്നു. ഇതിനൊപ്പം കുടുംബപ്രശ്നങ്ങൾ, കടബാധ്യതകൾ, ദാമ്പത്യസംഘർഷങ്ങൾ, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തം എന്നിവ ഇന്ന് അനേകം കുടുംബങ്ങളുടെ ദൈനംദിന യാഥാർഥ്യമാണ്. മാതാപിതാക്കളുടെ മദ്യപാന പ്രശ്നങ്ങൾ കുട്ടികളിലെ കടുത്ത ആഘാതത്തിലേക്ക് വഴിതുറക്കുന്നു. പഠനങ്ങൾ അനുസരിച്ച്, മാതാപിതാക്കളിൽ ഒരാൾക്ക് ബാല്യകാലത്ത് മദ്യപാന വൈകല്യം ഉണ്ടായിരുന്ന മുതിർന്നവരിൽ 65.7 ശതമാനം പേരും പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ലഹരിയുപയോഗിക്കുന്ന രക്ഷിതാക്കൾ കുട്ടികളെ നിരീക്ഷിക്കുന്നതിൽ പരാജയപ്പെടുകയും ക്രൂരമായ ശിക്ഷാ രീതികൾ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് കുട്ടികളിൽ കടുത്ത ലജ്ജയും കുറ്റബോധവും വളർത്തുന്നു. രക്ഷിതാക്കളാൽ നിരസിക്കപ്പെട്ട കൗമാരക്കാർ മറ്റ് കുട്ടികളേക്കാൾ അപകർഷബോധത്തിന് ഇരയാകാൻ സാധ്യത ഉണ്ടെന്നാണ് നിരീക്ഷണം. . ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വളരുന്ന കുട്ടികൾ ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്തവരോ പെരുമാറ്റ വൈകല്യങ്ങൾ കാണിക്കുന്നവരോ ആയി മാറുമ്പോൾ, സ്കൂളുകളിൽ അധ്യാപകർക്ക് അത് വലിയ വെല്ലുവിളിയാകുന്നു. കുട്ടിയുടെ വഴിയിലെ എല്ലാ തടസ്സങ്ങളും മുൻകൂട്ടി നീക്കിക്കൊടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കുമ്പോൾ അവർമറന്നുപോകുന്നത് കുട്ടിയുടെ വ്യക്തിത്വത്തെയാണ്.

ഖലീൽ ജിബ്രാന്റെ ‘On Children’ എന്ന കവിതയിൽ പറയുന്നത് ഇവിടെ അനുസ്മരിക്കേണ്ടതാണ്.
“നിങ്ങളുടെ കുട്ടികൾ നിങ്ങളുടെ സ്വത്തല്ല.
ജീവിതം സ്വയം തുടർന്നൊഴുകാൻ ആഗ്രഹിക്കുന്നതിന്റെ
ജീവനുള്ള സ്വപ്നങ്ങളാണ് അവർ.
അവർ നിങ്ങളുടെ വഴിയിലൂടെ ഈ ലോകത്തേക്ക് വരുന്നു;
പക്ഷേ നിങ്ങളിൽ നിന്ന് ജനിക്കുന്നില്ല.
നിങ്ങളോടൊപ്പം വളരുന്നു;
എന്നാൽ നിങ്ങളുടേതായി മാറുന്നില്ല.
നിങ്ങൾക്ക് അവർക്ക് സ്നേഹം നൽകാം;
എന്നാൽ നിങ്ങളുടെ ചിന്തകൾ അടിച്ചേൽപ്പിക്കാനാവില്ല.
കാരണം, അവരുടെ മനസ്സിൽ
അവരുടേതായ ഒരു നാളെ മുളച്ചുവരുന്നുണ്ട്.
നിങ്ങൾക്ക് അവരുടെ ശരീരത്തിന് അഭയം നൽകാം;
എന്നാൽ അവരുടെ ആത്മാവിനെ പൂട്ടിവെക്കാനാവില്ല.
അത് നാളെയുടെ പ്രകാശത്തിലേക്കാണ് യാത്ര ചെയ്യുന്നത്—
നിങ്ങൾക്ക് ഇന്നും കാണാനാകാത്ത ഒരു ലോകത്തിലേക്ക്.
അവരെ നിങ്ങളെപ്പോലെയാക്കാൻ ശ്രമിക്കരുത്;
കഴിയുമെങ്കിൽ നിങ്ങളാണ് അവരിൽ നിന്ന് പഠിക്കേണ്ടത്.
കാരണം, ജീവിതം മുന്നോട്ടാണ് സഞ്ചരിക്കുന്നത്;
അത് ഇന്നലെയുടെ നിഴലിൽ നിൽക്കാറില്ല.
നിങ്ങൾ ഒരു വില്ലാണ്;
നിങ്ങളുടെ കുട്ടികൾ ജീവന്റെ അമ്പുകളും.
കാലത്തിന്റെ അതിദൂര ലക്ഷ്യങ്ങളിലേക്ക്
അവരെ അയക്കാൻ വിധി നിങ്ങളെ വളയ്ക്കുന്നു.
ആ വളവിൽ വേദനയുണ്ടാകാം;
എങ്കിലും അതിൽ സന്തോഷവും ഉണ്ടായിരിക്കട്ടെ.
കാരണം, ദൂരേക്ക് പറക്കുന്ന അമ്പിനെ സ്നേഹിക്കുന്നതുപോലെ,
അതിനെ അയച്ച വില്ലിനെയും ജീവിതം സ്നേഹിക്കുന്നു“.
കേരളത്തിലും ഇന്ത്യയിലും വ്യാപകമായി പെരുമാറ്റവൈകല്യമുള്ള വിദ്യാർത്ഥികളെകുറിച്ച് പരാമർശിച്ചുകേട്ടിട്ടുള്ള വളർത്തുദോഷം എന്ന പ്രയോഗം പ്രസക്തമെങ്കിലും ,മനുഷ്യവ്യക്തിത്വത്തെ അത്തരമൊരു ലളിതവൽക്കരണത്തിലേക്ക് ചുരുക്കാനാവില്ലെന്നാണ് സാമൂഹ്യശാസ്ത്രജ്ഞർ പറയുന്നത്.
പുതിയ രക്ഷിതാക്കളെ പ്രശ്നക്കാരാക്കുന്നതിൽ ആഗോളവൽക്കരണവും ഇൻഫർമേഷൻ ടെക്നോളജിയുടെ അതിപ്രസരവും സൃഷ്ടിച്ച മാറ്റങ്ങളുമുണ്ട്. ഇന്റർനെറ്റിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്ന പകുതി വേവിച്ച മനഃശാസ്ത്ര അറിവുകൾ വെച്ച് അധ്യാപകരെ വിലയിരുത്താൻ രക്ഷിതാക്കൾ മുതിരുമ്പോഴാണ് പലപ്പോഴും ക്ലാസ് റൂമുകളിൽ സംഘർഷമുണ്ടാകുന്നത്.മറ്റൊരു പ്രശ്നം ഡിജിറ്റൽ നിരീക്ഷണമാണ്. സ്കൂളുകൾ നൽകുന്ന ആപ്പുകൾ വഴി രക്ഷിതാക്കൾക്ക് കുട്ടിയുടെ ഹാജർ, മാർക്ക്, പെരുമാറ്റം എന്നിവ തത്സമയം അറിയാൻ കഴിയുന്നു. ഇത് കുട്ടിയുടെ സ്വാതന്ത്ര്യത്തെ കുറയ്ക്കുകയും ഉത്കണ്ഠ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നെതർലാൻഡ്സിലെ ഒരു പ്രമുഖ വിദ്യാലയം രക്ഷിതാക്കൾക്ക് മാർക്ക് പരിശോധിക്കാനുള്ള ആപ്പ് താൽക്കാലികമായി നിർത്തിവച്ചത് വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

കുട്ടികളുടെ പ്രശ്നങ്ങൾക്ക് പിന്നിൽകുടുംബജീവിതത്തിലെ അസ്ഥിരതയാണെന്ന് സ്കൂളുകൾ അനുമാനിച്ചാൽ , തങ്ങൾ നിരന്തരം വിചാരണ ചെയ്യപ്പെടുന്നു എന്ന തോന്നൽ രക്ഷിതാക്കളിലും, പ്രത്യേകിച്ച് അമ്മമാരിലും വലിയ മാനസിക പ്രതിസന്ധി ഉണ്ടാക്കും. രോഗനിർണയത്തിനായി വലിയ സമ്മർദ്ദം ചെലുത്തുന്ന അമ്മമാരെ അമിത-സംരക്ഷണ സ്വഭാവമുള്ളവരാണെന്ന് ആരോപിക്കുന്നു , തെറാപ്പിയോ മരുന്നോ സ്വീകരിക്കാൻ മടിക്കുന്നവരെ അശ്രദ്ധരെന്നുവിളിക്കുന്നു.ഇത്തരം, ന്യായവിധികൾ അമ്മമാരെ സമൂഹത്തിലും സ്കൂൾ മുറ്റങ്ങളിലും വലിയ കളങ്കപ്പെടുത്തലുകൾക്ക് ഇരയാക്കുന്നുണ്ട്.
വിദ്യാഭ്യാസ പ്രതിസന്ധിയുടെ കേന്ദ്രത്തിൽ യഥാർത്ഥത്തിൽ കുട്ടികളല്ല, മറിച്ച് രക്ഷിതാക്കളും അധ്യാപകരും തമ്മിലുള്ള വിശ്വാസത്തിന്റെ തകർച്ചയാണ് പ്രകടമാകുന്നത്. പുതിയ കാലത്തെ രക്ഷിതാക്കളെ,മനഃശാസ്ത്രജ്ഞരും അധ്യാപകരും പ്രശ്നക്കാരായി കാണുന്നതിന് പിന്നിൽ അവരെസാധാരണ വ്യക്തികളായി കണ്ട് കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ല. വികസിത രാജ്യങ്ങളിലെ സുരക്ഷിതത്വവും അവികസിത-വികസ്വര രാജ്യങ്ങളിലെ കടുത്ത മത്സരവും സാമ്പത്തിക ഭയവും ഒരേപോലെ രക്ഷിതാക്കളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നുണ്ട്. കുട്ടിയുടെ ജീവിതത്തെ ഒരു മത്സരപദ്ധതിയായി മാറ്റുകയും, ഓരോ പരാജയത്തെയും ദുരന്തമായി കാണുകയും ചെയ്യുന്ന ഒരു പുതിയ സാമൂഹിക സംസ്കാരത്തിന്റെ ഇരകളാണ് യഥാർത്ഥത്തിൽ ഈ രക്ഷിതാക്കൾ. ഈ സംസ്കാരത്തിൽ കുട്ടിക്ക് സ്വാതന്ത്ര്യവും അധ്യാപകന് പ്രൊഫഷണൽ സ്വാതന്ത്ര്യവും രക്ഷിതാവിന് മാനസികശാന്തിയും നഷ്ടമാകുന്നു. മികച്ച രക്ഷാകർതൃത്വം എന്നത് കുട്ടിയുടെ ജീവിതത്തെ നിയന്ത്രിക്കുന്നതല്ല, അവനെ പിന്തുണയ്ക്കുന്നതാണ്. മികച്ച അധ്യാപനം എന്നത് മാർക്ക് ഉണ്ടാക്കുന്നതല്ല, മനുഷ്യരെ രൂപപ്പെടുത്തുന്നതാണ്. ഈ യാഥാർത്ഥ്യം മനസ്സിലാക്കി, സ്കൂളുകളും രക്ഷിതാക്കളും തമ്മിൽ മത്സരത്തിനപ്പുറം പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ ഒരു പങ്കാളിത്തം രൂപപ്പെടുത്തിയെടുക്കണം. കുട്ടിക്ക് പിന്തുണ വേണം നിയന്ത്രണം മാത്രമല്ല, അധ്യാപകന് ബഹുമാനം വേണം നിരന്തര വിചാരണയല്ല, രക്ഷിതാവിന് ജാഗ്രത വേണം ഉത്കണ്ഠയല്ല എന്ന ലളിതമായ സത്യം തിരിച്ചറിയുമ്പോൾ മാത്രമേ പുതിയ തലമുറയ്ക്ക് ആരോഗ്യകരമായ ഒരു നാളെ ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.

Share this:

Recently added