മലയാള ചെറുകഥാസാഹിത്യം ഭാവുകത്വപരിണാമങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്നു. ടി. പത്മനാഭനിലും മാധവിക്കുട്ടിയിലുമൊക്കെ വികസിച്ച ആത്മനിഷ്ഠമായ കഥാലോകവും, വിജയനിലും മുകുന്ദനിലും ജ്വലിച്ച ആധുനികതയും, തൊണ്ണൂറുകൾക്ക് ശേഷം സന്തോഷ് ഏച്ചിക്കാനവും സുഭാഷ് ചന്ദ്രനുമൊക്കെ നയിച്ച ഉത്തരാധുനിക ശൈലിയും പിന്നിട്ടാണ് പുതിയ തലമുറയിലെ കഥാകൃത്തുക്കൾ വായനക്കാരെ അഭിമുഖീകരിക്കുന്നത്. ഈയൊരു നവകാഥിക നിരയിൽ, വലിയ സൈദ്ധാന്തിക ജാഡകളില്ലാതെ എന്നാൽ രാഷ്ട്രീയ ജാഗ്രതയോടെ കഥ പറയുന്ന എഴുത്തുകാരിൽ മുൻനിരയിലാണ് നിധീഷ് ജി.
വർത്തമാന മലയാള ചെറുകഥയുടെ പരമ്പരാഗത ആഖ്യാനരീതികളെയും ഭാഷാപ്രയോഗങ്ങളെയും ഉടച്ചുവാർത്തുകൊണ്ട്, മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളെയും സൂക്ഷ്മരാഷ്ട്രീയത്തെയും അടയാളപ്പെടുത്തുന്നതിൽ നിധീഷ് ജി. തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട്.
കുടുംബം, സമൂഹം, ലിംഗപദവി എന്നിവയ്ക്കുള്ളിലെ സൂക്ഷ്മമായ അധികാരവ്യവസ്ഥകളെ തുറന്നുകാട്ടുന്നവയാണ് നിധീഷ് ജി.യുടെ കഥാലോകം. ‘ഷോവിനിസ്റ്റ്’ എന്ന കഥയിൽ കാണുന്നത് പോലെ, പ്രത്യക്ഷത്തിൽ പ്രകടമല്ലാത്തതും എന്നാൽ പുരുഷാധിപത്യത്തിന്റെ വേരുകൾ പേറുന്നതുമായ ശരാശരി പുരുഷമനോഭാവങ്ങളെ അദ്ദേഹം വളരെ തന്ത്രപരമായി വിചാരണ ചെയ്യുന്നു. കഥകൾ ഒരേ ദിശയിലൂടെ മാത്രം സഞ്ചരിക്കുന്ന പതിവ് രേഖീയ രീതിക്ക് പകരം ഭൂതവും വർത്തമാനവും മിഥ്യയും യാഥാർത്ഥ്യവും ഒന്നുചേരുന്ന വിശ്വസനീയമല്ലാത്ത ആഖ്യാനശൈലി അദ്ദേഹം പലപ്പോഴും സ്വീകരിക്കുന്നു. മനുഷ്യന്റെ ഓർമ്മകളുടെ വിശ്വസനീയതയെയും മാനസിക അഹംഭാവത്തിന്റെ പ്രതിരോധ സംവിധാനങ്ങളെയും ചോദ്യം ചെയ്യുന്ന ഇത്തരം പരീക്ഷണങ്ങൾ മലയാള കഥാലോകത്തെ കൂടുതൽ സമ്പന്നമാക്കുന്നുണ്ട്. ലളിതമെന്ന് തോന്നിക്കുന്ന ഭാഷയിലൂടെ ദൃശ്യാത്മകതയും വലിയ പ്രതീകങ്ങളും സൃഷ്ടിക്കാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. കടലും ലൈറ്റ് ഹൗസും പൂന്തോട്ടവുമെല്ലാം വെറും പശ്ചാത്തലങ്ങളായല്ല, മറിച്ച് കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെ പ്രതിഫലിപ്പിക്കുന്ന പ്രതീകങ്ങളായാണ് കഥകളിൽ കടന്നുവരുന്നത്.
ഇന്നത്തെ മലയാള ചെറുകഥാസംസ്കാരം വലിയ കോലാഹലങ്ങളില്ലാതെ, കഥയുടെ അവസാനത്തെ ഒരൊറ്റ വരിയിലൂടെയോ മൗനത്തിലൂടെയോ വായനക്കാരന്റെ നെഞ്ചിലേക്ക് സത്യങ്ങൾ തറച്ചിറക്കുന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ആൺകോയ്മയുടെയും അഹംഭാവത്തിന്റെയും തകർച്ചകളെയും അതിജീവനത്തിന്റെ പെൺവഴികളെയും നിധീഷ് ജി. അടയാളപ്പെടുത്തുന്നത് ഈയൊരു സൂക്ഷ്മതലത്തിലാണ്. വലിയ നോവലുകളേക്കാൾ ചെറുകഥകൾ മനുഷ്യന്റെ ആന്തരികലോകത്തെ കൂടുതൽ ശക്തമായി ദഹിപ്പിക്കുന്ന ഈ പുതിയ കാലഘട്ടത്തിൽ, നിധീഷ് ജി.യെപ്പോലെയുള്ള എഴുത്തുകാരുടെ സർഗ്ഗാത്മകമായ ഇടപെടലുകൾ മലയാള ചെറുകഥയുടെ ഭാവിയെ കൂടുതൽ പ്രകാശപൂർണ്ണമാക്കുന്നു.
അധികാരത്തിന്റെ അപനിർമ്മിതിയും തകരുന്ന പുരുഷാഹന്തയും:
2026 ജൂണിൽ സമകാലികമലയാളത്തിൽപ്രസിദ്ധീകരിച്ച എന്നകഥ നിധീഷ്കഥകളുടെ പ്രതിനിധാനമാണ്. ‘ഷോവിനിസ്റ്റ്’ എന്ന കഥാശീർഷകം തന്നെ സൂചിപ്പിക്കുന്നത് പുരുഷാധിപത്യ മനോഭാവത്തിന്റെ വ്യക്തിപരമായ അവതാരത്തെയാണെങ്കിലും, നിധീഷ് ജിയുടെ ഈ രചന അതിനെ അതിലംഘിച്ച് കേരളീയ സമൂഹത്തിലെ അധികാരബന്ധങ്ങളുടെയും ലിംഗനിർമിതികളുടെയും ഒരു സൂക്ഷ്മപഠനമായി മാറുന്നു. രണ്ട് സമയതലങ്ങളിൽ നീങ്ങുന്ന ആഖ്യാനവും, ഓർമ്മയുടെയും വർത്തമാനത്തിന്റെയും ഇടയിലുള്ള വിള്ളലുകളും, പ്രതീകാത്മകമായ വസ്തുക്കളും ചേർന്ന് ഈ കഥയെ ബഹുതലവായനകൾക്കുള്ള ഫലഭൂയിഷ്ഠമായ പാഠമാക്കി മാറ്റുന്നു. സാധാരണയായി ഷോവിനിസ്റ്റ് എന്നു കേൾക്കുമ്പോൾ സ്ത്രീകളെ വെറുക്കുന്ന, അവരുടെ സ്വാതന്ത്ര്യത്തെ എതിർക്കുന്ന, തുറന്ന പുരുഷാധികാര മനോഭാവമുള്ള ഒരാളെയാണ് നമ്മൾ ചിന്തിക്കുക. എന്നാൽ നിധീഷ് ജി. ആ പതിവ് ധാരണയെ മറിച്ചിടുകയാണ് ചെയ്യുന്നത്. ഇവിടെ നായകൻ അത്തരമൊരു പ്രകടമായ സ്ത്രീദ്വേഷിയല്ല. ഭാര്യയെ അടിക്കുന്നില്ല, അവളെ അപമാനിക്കുന്നില്ല, സാമൂഹികമായി പുരോഗമനപരമായ ചിന്താഗതിക്കാരനായി പോലും തോന്നാം. എന്നിട്ടും കഥയുടെ പേര് ഷോവിനിസ്റ്റ് എന്ന് നൽകിയതിലാണ് എഴുത്തുകാരന്റെ രാഷ്ട്രീയ ജാഗ്രത ഒളിഞ്ഞിരിക്കുന്നത്.
സ്ത്രീകളെ സ്വന്തം ജീവിതത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാത്രം കാണുകയും ഉപയോഗിക്കുകയും ചെയ്യുന്ന മനോഭാവവും ഒരുതരം ഷോവിനിസമാണ്. ഷീജ എന്ന ഭാര്യ അയാളുടെ ജീവിതത്തിന്റെ അടിത്തറയാണ്; വീടും കുടുംബവും മകനുമെല്ലാം അവളിലൂടെയാണ് നിലനിൽക്കുന്നത്. എന്നാൽ അതേസമയം അയാൾക്ക് മറ്റൊരു സ്ത്രീയും വേണം. ‘ലൈറ്റ് ഹൗസ്’ എന്ന പേരിൽ ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ആ സ്ത്രീ അയാളുടെ വൈകാരികലൈംഗിക ആവശ്യങ്ങൾ നിറവേറ്റുന്ന ഒരാളാണ്. സ്ത്രീകൾക്ക് സ്വന്തമായ സ്വതന്ത്ര ജീവിതങ്ങളുണ്ടെന്ന് തിരിച്ചറിയുന്നതിനേക്കാൾ, അവർ തന്റെ ജീവിതത്തിൽ എന്ത് പങ്ക് വഹിക്കുന്നു എന്നതാണ് അയാളുടെ കാഴ്ചപ്പാട്.
കഥയുടെ അടിസ്ഥാന ആഖ്യാനസങ്കേതം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ആഖ്യാതാവിന്റെ ‘ഞാൻ’ എന്നത് വിശ്വസനീയനല്ലാത്ത ആഖ്യാതാവിന്റെ (ൗിൃലഹശമയഹല ിമൃൃമീേൃ) മാതൃക തന്നെയാണ്. കഥാരംഭത്തിൽ ലൈറ്റ്ഹൗസിലേക്കുള്ള യാത്രയും, അവിടെ നടക്കുന്ന സംഭാഷണങ്ങളും ഒരു സാധാരണ വൈകുന്നേരത്തെ രംഗമായി അവതരിപ്പിക്കുന്നു. എന്നാൽ ഈ രംഗം മുഴുവനും ആഖ്യാതാവിന്റെ മനസ്സിൽ മാത്രം നിലനിൽക്കുന്ന ഒരു ഭൂതകാലസ്മരണയോ, രോഗാവസ്ഥയിൽ ഉണ്ടാകുന്ന ഭ്രമാത്മകമായ പുനർസൃഷ്ടിയോ ആണെന്ന് പിന്നീട് വ്യക്തമാകുന്നു. സൺസെറ്റിന് ശേഷമേ അത് തെളിയൂ എന്ന് തുടങ്ങുന്ന ആദ്യഭാഗത്തെ സംഭാഷണങ്ങൾ, അവളുടെ ‘കുട്ടിത്തം നിറഞ്ഞ അധികാരം’ എന്നിവയെല്ലാം ആഖ്യാതാവിന്റെ ധാരണയിൽ അവൾ എങ്ങനെയാണ് നിലനിൽക്കുന്നത് എന്നു കാണിക്കുന്നു. അവൻ അവളെ ഒരു ബാലിശക്കാരിയായി, തന്റെ നിയന്ത്രണത്തിലുള്ള ഒരു സ്ത്രീയായി മാത്രമേ കാണുന്നുള്ളൂ. ഞാനാ വിളക്കുമാടത്തെ ഞങ്ങളുടെ രഹസ്യജീവിതത്തിന്റെ താക്കോലാക്കി മാറ്റിയിരുന്നു എന്ന വാചകം ഈ ബന്ധത്തിലെ അസമമായ അധികാരഘടന വ്യക്തമാക്കുന്നു. ലൈറ്റ്ഹൗസ് എന്നത് അവന്റെ ഉടമസ്ഥതയിലുള്ള ഒരു അർത്ഥവ്യവസ്ഥയുടെ ഭാഗമാണ്, അതിൽ അവൾക്ക് പങ്കാളിത്തമില്ല. വെയിലിന്റെ മൂർച്ചയുള്ള മുനകൾ പോളകളിൽ ശക്തിയായി കുത്തുന്നതിന്റെ നീറ്റൽ എന്ന അനുഭവത്തോടെയാണ് ആഖ്യാതാവ് യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവരുന്നത്. ഇവിടെ ആഖ്യാനത്തിലെ സ്ഥലകാലബോധം തകിടം മറിയുന്നു. അവൻ ഓർക്കുന്ന ലൈറ്റ്ഹൗസ് യാത്രയും അസ്തമയവുമെല്ലാം ഭൂതകാലത്തിലെ ഏതോ ദിവസത്തിന്റെ അവശിഷ്ടങ്ങളാണ്, എന്നാൽ വർത്തമാനം അവനെ കിടപ്പിലാക്കിയിരിക്കുന്നു. ഫോണിലെ തീയതിയും, അയൽക്കാരനായ സോമണ്ണന്റെ വിരമിക്കൽ വാർത്തയും, മുറ്റത്തെ ക്രോട്ടണുകളും കോഴികളുമെല്ലാം സമയത്തിന്റെ വലിയൊരു വിടവ് അവനു മുന്നിൽ തുറന്നിടുന്നു. കഴിഞ്ഞ ജൂണിൽ ഞാൻ റിട്ടയറായി എന്ന സോമണ്ണന്റെ വാചകം ആഖ്യാതാവിന്റെ സ്ഥലകാലബോധത്തെ തകർക്കുന്ന ആയുധമാണ്.
കഥ, കേരളത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിനും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങൾക്കും ഇടയിലെ സാമൂഹിക പരിവർത്തനത്തെ സ്പർശിക്കുന്നു. ആഖ്യാതാവിന്റെ തലമുറയിൽ പുരുഷൻ കുടുംബത്തിന്റെ തലവനും സമ്പാദ്യകർത്താവും ആയിരുന്നു. ഷീജ വീട്ടമ്മയും പിന്നീട് ഡ്യൂട്ടിക്ക് പോകുന്ന ജോലിക്കാരിയുമാണ്. എന്നാൽ രോഗാവസ്ഥയിൽ ആ പുരുഷാധിപത്യശൃംഖല പൊട്ടിപ്പോകുന്നു. എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല ഷീജേ എന്ന അവന്റെ നിസ്സഹായത, ഷീജ അവനെ താങ്ങി എഴുന്നേൽപ്പിച്ച് ജനാലയുടെ വശത്ത് ചാരിയിരുത്തുന്ന രംഗം ഇത് ഒരു ചരിത്രപരമായ വിപരീതചിത്രമാണ്. രോഗം എന്ന അത്യാഹിതം പുരുഷശക്തിയുടെ പൊളിച്ചെഴുത്തിന് ഇടയാക്കുന്നു. പണ്ട് അവൻ ഷീജയെ നിയന്ത്രിച്ചിരുന്നെങ്കിൽ, ഇപ്പോൾ അവന്റെ ശരീരവും മനസ്സും അവളുടെ പരിചരണത്തിന് കീഴിലാണ്. ഷീജ ഇത്രയും വഴക്കത്തോടെ അവനെ എഴുന്നേൽപ്പിക്കുന്നത് കണ്ട് അവൻ അത്ഭുതപ്പെടുന്നു ഇത് ദീർഘകാലമായി തുടരുന്ന പരിചരണത്തിന്റെ സൂചനയാണ്. കഥയുടെ ചരിത്രവീക്ഷണം, പുരുഷന്റെ ഔദ്യോഗികവും സാമ്പത്തികവുമായ ആധിപത്യം ശരീരത്തിന്റെ തളർച്ചയോടെ എങ്ങനെ തകരുന്നുവെന്നും, ആ തകർച്ചയ്ക്കൊപ്പം സ്ത്രീയുടെ നിശബ്ദവും എന്നാൽ നിർണായകവുമായ ഉയർച്ച സംഭവിക്കുന്നുവെന്നും കാണിക്കുന്നു. നായകൻ സ്വയം ഒരിക്കലും ഷോവിനിസ്റ്റാണെന്ന് കരുതുന്നില്ല. ഒരുപക്ഷേ അയാൾ സ്വയം സ്നേഹിക്കുന്ന ഭർത്താവാണെന്നും ഉത്തരവാദിത്തമുള്ള അച്ഛനാണെന്നും കരുതുന്നുണ്ടാവും. എന്നാൽ മനുഷ്യർ സ്വന്തം ജീവിതത്തെക്കുറിച്ച് പറയുന്ന കഥയും അവരുടെ പ്രവൃത്തികൾ വെളിപ്പെടുത്തുന്ന സത്യവും തമ്മിലുള്ള വിടവാണ് സാഹിത്യം അന്വേഷിക്കുന്നത്. നിധീഷ് ജി. അതാണ് ഇവിടെ ചെയ്യുന്നത്.
രോഗശയ്യയിൽ കണ്ണുതുറക്കുമ്പോഴും അയാളുടെ ആദ്യത്തെ ചിന്ത ഷീജയല്ല; ലൈറ്റ് ഹൗസ് ആണ്. വർഷങ്ങളായി തന്റെ ശരീരം പരിചരിച്ച് ജീവൻ നിലനിർത്തിയ സ്ത്രീയെക്കാൾ, നഷ്ടപ്പെട്ട പ്രണയത്തെക്കുറിച്ചാണ് അയാൾ ആദ്യം അന്വേഷിക്കുന്നത്. ഷീജയുടെ സ്നേഹം അയാൾക്ക് സ്വാഭാവികമായി കിട്ടേണ്ട ഒന്നാണെന്ന ബോധമുണ്ട്. അവളുടെ പരിചരണവും ത്യാഗവും പ്രത്യേകിച്ച് വിലമതിക്കേണ്ടതില്ലെന്ന് അയാളുടെ അബോധമനസ്സ് കരുതുന്നു. പിതൃസമൂഹം പുരുഷന്മാരിൽ സൃഷ്ടിക്കുന്ന ഒരു അടിസ്ഥാന ധാരണയാണിത് ഭാര്യയുടെ സ്നേഹം അവകാശമാണ്, മറ്റൊരു സ്ത്രീയുടെ സ്നേഹം നേട്ടമാണ്.
കഥാരംഭത്തിൽ തന്നെ , ആഖ്യാതാവിന്റെ വീക്ഷണത്തിൽ ഷീജ എങ്ങനെയാണ് അവതരിക്കപ്പെടുന്നത് എന്നത് പ്രധാനമാണ്. അവൻ അവളുടെ ആവശ്യങ്ങളെയും ജിജ്ഞാസകളെയും അപക്വമായി കാണുന്നു. കിട്ടുണ്ണിയേക്കാൾ കഷ്ടമാണല്ലോ ഇവളുടെ കാര്യം എന്ന അവന്റെ ആന്തരിക വിലയിരൂത്തൽ തുറന്നുകാണിക്കുന്നത് അവൻ ഷീജയെ ഒരു കുട്ടിയുടെ തലത്തിലേക്ക് താഴ്ത്തിക്കാണുന്നു എന്നാണ്. നിനക്ക് കുറച്ച് മര്യാദയ്ക്ക് നടന്നൂടെ എന്ന ചോദ്യം അവന്റെ നിയന്ത്രണാമോഹത്തിന്റെ പ്രതീകമാണ്. എന്നാൽ ഷീജ അതിനു മറുപടി നൽകുന്നത് ചൂണ്ടുവിരലും നടുവിരലും ചേർത്തു പിരിച്ച് അടിവയറ്റിൽ ആഞ്ഞുകുത്തിക്കൊണ്ടാണ്. ഇത് അവളുടെ പ്രതിരോധശക്തിയുടെ പ്രകടനമാണ്. വർത്തമാനകാലത്തിലെ ഷീജ തികച്ചും വ്യത്യസ്തയാണ്; അവൾ ഇനി അവന്റെ നിയന്ത്രണത്തിലല്ല, മറിച്ച് അവൻ അവളുടെ പരിചരണത്തിലാണ്. അവൾ ഇപ്പോൾ വീട്ടിലെ തീരുമാനങ്ങൾ എടുക്കുന്നു അവൾ കോഴിവളർത്തൽ തുടങ്ങി, മുറ്റം പുല്ലുപിടിച്ചു കിടക്കുന്നു, ഫോണന്റെ ലോക്ക് പാറ്റേൺ അവൾ മാറ്റി, അവന്റെ സിം കാർഡ് അവൾ സ്വന്തം ഫോണിലേക്ക് മാറ്റി. എന്റേത് ചീത്തയായപ്പോ ആ സിം കൂടി ഇതിലേക്കിട്ടു എന്ന് അവൾ നിഷ്പ്രയാസം പറയുമ്പോൾ, അത് അവളുടെ പ്രായോഗികതയെയും സ്വാതന്ത്ര്യത്തെയും കാണിക്കുന്നു. ഷീജയുടെ ഏറ്റവും ശക്തമായ സ്വഭാവം അവളുടെ സമാധാനപ്പൂർവമുള്ള ഇടപെടലുകളാണ് . ഈ സമാധാനം അവന്റെ രോഗത്തിന്റെ പരിചരണത്തിലെ ക്ഷമ മാത്രമല്ല; മറിച്ച്, അവൾ സ്വന്തം ജീവിതത്തിൽ സ്വയം കണ്ടെത്തിയ സ്വാതന്ത്ര്യത്തിന്റെയും തൃപ്തിയുടെയും പ്രതീകമാണ്. അവൾ അവനെ ഒരു ചുമതലയായി സ്വീകരിച്ചിരിക്കുന്നു, പക്ഷേ അവന്റെ നിയന്ത്രണത്തിനു വിധേയമല്ല.
ഈ കഥ ആഘാതത്തിനും തിരിച്ചറിയലിനും ഇടയിലുള്ള ഒരു സങ്കീർണമായ പ്രക്രിയയാണ്. ആഖ്യാതാവ് വിശ്വസനീയമല്ലാത്ത ആഖ്യാതാവിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. അവന്റെ ഓർമ്മകൾ വിശ്വസനീയമല്ല; അവൻ കാലത്തെയും സ്ഥലത്തെയും കുറിച്ചുള്ള ധാരണ നഷ്ടപ്പെട്ടിരിക്കുന്നു. ഇന്നലെ എന്ന് അവൻ വിശ്വസിക്കുന്നത് വർഷങ്ങൾക്ക് മുമ്പുള്ളതാണ്. എന്നാൽ അതിനപ്പുറം, ഇത് അവന്റെ അഹംബോധത്തിന്റെ പ്രതിരോധസംവിധാനമാണ്. താൻ ഒരു രോഗിയും ആശ്രിതനുമാണെന്ന സത്യം അംഗീകരിക്കാൻ അവന്റെ മനസ്സ് വിസമ്മതിക്കുന്നു. അതുകൊണ്ടാണ് അവൻ ലൈറ്റ്ഹൗസ് യാത്ര പോലുള്ള ഓർമ്മകളിൽ അഭയം തേടുന്നത്. എന്താണ് എനിക്ക് സംഭവിച്ചത് എന്ന ആവർത്തിച്ചുള്ള ചോദ്യം, അവന്റെ മാനസികാവസ്ഥയുടെ കാതലാണ്. ഫോണിലെ തീയതി കണ്ട് സ്ഥലകാലബോധത്തെ നിർദയം കൊത്തിവലിച്ചു എന്ന വാചകം ഈ ആന്തരികസംഘർഷത്തിന്റെ ഉച്ചസ്ഥായിയാണ്. അയാളുടെ ശരീരത്തിന്റെ തളർച്ചയും മാനസീകമായ ആശയക്കുഴപ്പവും ഒരുമിച്ച്, ആഖ്യാതാവിനെ ജീവിതത്തിന്റെ ഏറ്റവും അടിസ്ഥാനമായ സുരക്ഷിതത്വത്തിൽ നിന്ന് പുറത്താക്കുന്നു. മുറ്റത്തെ പൂന്തോട്ടത്തിന്റെ അവസ്ഥയും ഈ മനസ്സിന്റെ പ്രതീകമാണ്. ഗന്ധരാജന്റെ ഇലകളൊക്കെ ഉണങ്ങി കൊമ്പുകൾ മാത്രമായി, ക്രോട്ടണുകൾ നിറം വാർന്ന് കിടക്കുന്നു. ഒരിക്കൽ അവൻ നട്ടുവളർത്തിയതും നിയന്ത്രിച്ചതുമായ ജീവിതം ഇപ്പോൾ ക്രമരഹിതമായി വളർന്നുകയറിയിരിക്കുന്നു. പക്ഷേ, ഈ ക്രമക്കേടിൽത്തന്നെ ഒരു പുതിയ ജീവൻ ഉണ്ട് നാലഞ്ച് പിടക്കോഴികൾ അതിനിടയിൽ കൊത്തിപ്പെറുക്കുന്നു. ഷീജയുടെ കോഴിവളർത്തൽ അവളുടെ സ്വന്തം സംരംഭത്തിന്റെ പ്രതീകമാണ്. അവന്റെ പൂന്തോട്ടം ക്ഷയിച്ചപ്പോൾ, അവൾ പുതിയ ജീവന്റെ രൂപങ്ങൾ സൃഷ്ടിച്ചു. ഇത് നിർണായകമാണ് സ്ത്രീ പുരുഷന്റെ തകർച്ചയിൽ മാത്രം അഭിവൃദ്ധി പ്രാപിക്കുന്നവളല്ല; മറിച്ച്, അവൾ സ്വന്തം മാർഗങ്ങൾ കണ്ടെത്തുന്നു. ഡയപ്പറുകൾ എന്ന വസ്തുവും പ്രാധാന്യമർഹിക്കുന്നു. ആർക്കാണിപ്പോ ഡയപ്പറുകൾ എന്ന് അവൻ ആശ്ചര്യപ്പെടുന്നു. അവനു സ്വയം മറക്കാൻ കഴിയുന്ന ഈ വസ്തുത, അവന്റെ ശരീരത്തിന്റെ നിലവിലെ അവസ്ഥയുടെ ഏറ്റവും വ്യക്തമായ സൂചനയാണ്. ഡയപ്പറുകൾ അവന്റെ അശക്തതയുടെയും ആശ്രിതത്വത്തിന്റെയും പ്രതീകമാണ്.
കിട്ടുണ്ണി എന്ന മകന്റെ പരാമർശത്തിലൂടെ കാലത്തിന്റെ വിടവ് വീണ്ടും പ്രകടമാകുന്നു. രോഗം അവനെ മകന്റെ വളർച്ചയിൽ നിന്ന് അകറ്റിയിരിക്കുന്നു. പക്ഷേ, ഷീജ മകനെ സ്കൂളിൽ ചേർത്തു, അവൻ വളരുന്നു. നിലത്ത് ചിതറിക്കിടക്കുന്ന കിട്ടുണ്ണിയുടെ ഹോട്ട് വീൽസ് എന്ന അവ്യക്തത കഥയുടെ നിഗൂഢത വർധിപ്പിക്കുന്നു. കഥയുടെ അവസാനത്തെ ആ ഞെട്ടിക്കുന്ന തിരിവ് വായനക്കാരനിൽ പലവിധ ചിന്തകൾ ഉണർത്തുന്ന ഒന്നാണ്. താൻ രഹസ്യമായി സൂക്ഷിച്ചു എന്ന് നായകൻ കരുതിയ ബന്ധം ഭാര്യയായ ഷീജ ഇതിനകം അറിഞ്ഞു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനയാണ് ഷീജേച്ചീ എന്ന ആ വിളി. നായകൻ പക്ഷാഘാതം വന്ന് മാസങ്ങളോളം ബോധമില്ലാതെ കിടപ്പിലായപ്പോഴാണ് ഷീജ ഈ ബന്ധം കണ്ടുപിടിക്കുന്നത്. സ്വന്തം സിം കേടായപ്പോൾ നായകന്റെ ഫോണിലെ സിം ആണ് താൻ ഉപയോഗിച്ചതെന്ന് ഷീജ പറയുന്നുണ്ട്. ഈ കാലയളവിൽ ലൈറ്റ് ഹൗസ് എന്ന നമ്പരിൽ നിന്നും വന്ന കോളുകളോ മെസ്സേജുകളോ വഴിയാകാം ഷീജ സത്യം തിരിച്ചറിഞ്ഞത്. നായകൻ വിചാരിച്ചത് തന്റെ അസാന്നിധ്യത്തിൽ ഭാര്യ തകർന്നുപോയിരിക്കുമെന്നാണ്. എന്നാൽ ഷീജ കാര്യങ്ങളെ വളരെ പക്വതയോടെയാണ് നേരിട്ടത്. സത്യം അറിഞ്ഞ ശേഷം ഷീജ ആ പെൺകുട്ടിയെ വിളിച്ച് സംസാരിച്ചിട്ടുണ്ടാകാം. തങ്ങളെ രണ്ടുപേരെയും ഒരേപോലെ പറ്റിക്കുകയായിരുന്ന ഒരു പുരുഷന്റെ യഥാർത്ഥ മുഖം അവർ പരസ്പരം സംസാരിച്ച് തിരിച്ചറിഞ്ഞിട്ടുണ്ടാകാം. അതുകൊണ്ടാണ് ആ പെൺകുട്ടി വളരെ സ്വാഭാവികമായി, ബഹുമാനത്തോടെയും അടുപ്പത്തോടെയും ഷീജേച്ചീ എന്ന് വിളിക്കുന്നത്.
ലൈറ്റ്ഹൗസ് എന്ന പ്രതീകം അവന്റെ കൈവശത്തിൽ നിന്ന് നഷ്ടപ്പെട്ടു, അത് ഷീജയുടെ സ്വന്തം ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. അവൾക്ക് അവന്റെ അറിവില്ലാതെ സ്വന്തം ബന്ധങ്ങളും ഇഷ്ടങ്ങളുമുണ്ട്. കോൾ കട്ടാകുമ്പോൾ ഇരുട്ടിന്റെ നൂലുകളാൽ തുന്നിയ കനമേറിയ ഒരു മൗനം അവർക്കിടയിൽ നിറയുന്നു. ആ മൗനം തന്നെയാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്താവന പുരുഷന്റെ ആധിപത്യത്തിനപ്പുറം സ്ത്രീക്ക് സ്വന്തമായ ഒരു ഇടമുണ്ട്, അതിലേക്ക് അവന് പ്രവേശനമില്ല. ഫോൺ കോളിനിടയിൽ ഉണ്ടാകുന്ന നിശ്ശബ്ദത താൻ സുരക്ഷിതമെന്ന് കരുതിയ രഹസ്യ കോട്ടകൾ തകർന്നടിഞ്ഞു എന്ന് നായകൻ തിരിച്ചറിയുന്ന നിമിഷമാണ്. നീലച്ചായമടിച്ച ബോട്ട് അകന്നുപോയി ഒരു പൊട്ടുപോലെയാകുന്നത് പോലെ, ആ പെൺകുട്ടിയും അയാളുടെ ജീവിതത്തിൽ നിന്നും എന്നെന്നേക്കുമായി അകന്നുപോയിക്കഴിഞ്ഞു. അവരിപ്പോൾ ഷീജയുമായി ഒരു പുതിയ സൗഹൃദത്തിലോ അല്ലെങ്കിൽ പരസ്പര ധാരണയിലോ ആണ്. ആ ബോട്ട് അവന്റെ ജീവിതത്തിലെ നഷ്ടപ്പെട്ടുപോകുന്ന ദർശനങ്ങളെയും അതോടൊപ്പം ഷീജയുടെ പുതിയ ജീവിതത്തെയും പ്രതീകപ്പെടുത്തുന്നു. ലൈറ്റ്ഹൗസ് ഇനി അവനു വേണ്ടി പ്രകാശിക്കുന്നില്ല; അത് ആ മറ്റു ബോട്ടിനു വേണ്ടിയാണ്.
ഭാഷയുടെ തലത്തിൽ, നിധീഷ് ജി. ലളിതവും അതേസമയം ആലങ്കാരികവുമായ ഒരു ശൈലി ഉപയോഗിക്കുന്നു. നീലയും പച്ചയുമല്ലാത്ത ഒരു നിറം വ്യാപിച്ചു കിടക്കുന്നു എന്ന പ്രകൃതി വർണനയിലൂടെ ആഖ്യാതാവിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്നു. വെളിച്ചം വേദനയോടെ ഉള്ളിലേക്കിരച്ചു എന്ന രംഗം ആഖ്യാതാവിന്റെ യാഥാർത്ഥ്യത്തിലേക്കുള്ള നോവേറിയ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നു. ഫോൺ ശബ്ദം മുറ്റം കടന്ന്, മുരിങ്ങപ്പടർപ്പുകൾക്ക് ഇടയിലൂടെ ദൂരേക്ക് പറന്നുനീങ്ങുന്നത് ആഖ്യാതാവിന്റെ ശബ്ദം പോലും എത്രമാത്രം ദുർബലമായിരിക്കുന്നു എന്നും, അവന്റെ നിയന്ത്രണത്തിന് അതീതമായ ഒരു ലോകം നിലനിൽക്കുന്നു എന്നും കാണിക്കുന്നു. പുരുഷാധിപത്യത്തിന്റെ ഘടന തകരുമ്പോൾ, അതിന്റെ അടിസ്ഥാനമായ യുക്തിയും സമയബോധവും പോലും തകരുന്നു. ആഖ്യാതാവ് എത്ര ശക്തനായിരുന്നുവോ, ആ തകർച്ച അത്രത്തോളം വേദനാജനകവും ആശയക്കുഴപ്പം നിറഞ്ഞതുമാണ്. നായകൻ തന്റെ പുരുഷാധിപത്യ ചിന്ത വച്ച് ഞാൻ രണ്ടുപേരെയും നിയന്ത്രിക്കുന്നു എന്ന് അഹങ്കരിച്ചപ്പോൾ, കാലം അയാളെ കിടക്കപ്പായയിലാക്കി. ആ സമയത്ത് ഈ രണ്ടു സ്ത്രീകളും അയാളുടെ കള്ളത്തരങ്ങൾ തിരിച്ചറിയുകയും അയാളെ അവരുടെ ജീവിതത്തിന്റെ കേന്ദ്രസ്ഥാനത്തുനിന്നും മാറ്റിനിർത്തുകയും ചെയ്തു. താൻ കെട്ടിപ്പൊക്കിയ നുണകളുടെ ലൈറ്റ് ഹൗസ് തകർന്നു വീണതായി അയാൾ തിരിച്ചറിയുന്നു. ആ കിടപ്പിൽത്തന്നെയാണ് കഥയുടെ യഥാർത്ഥ സന്ദേശം ലോകം മാറുന്നു, നിയന്ത്രണം വഴുതിപ്പോകുന്നു, വെളിച്ചം പുതിയ ദിശകളിൽ തെളിയുന്നു. ആദ്യത്തെ വാചകം തന്നെ ഇത് സൂചിപ്പിച്ചിരുന്നു: സൺസെറ്റിന് ശേഷമേ അത് തെളിയൂ. അസ്തമയത്തിനുശേഷമേ ലൈറ്റ്ഹൗസ് പ്രകാശിക്കൂ.
സ്ത്രീകളുടെ വിപ്ലവകരമായ ഒരു വെളിച്ചം തെളിയലല്ല കഥാന്ത്യം സൂചിപ്പിക്കുന്നത്. പുരുഷൻ താനാണ് ലോകത്തിന്റെ കേന്ദ്രമെന്ന് അഹങ്കരിച്ചിരുന്നപ്പോൾ, സ്ത്രീകൾ അയാളെക്കാൾ എത്രയോ യാഥാർത്ഥ്യബോധത്തോടെയാണ് ജീവിച്ചിരുന്നത് എന്ന തിരിച്ചറിവാണ്. പുരുഷന്റെ അറിവോ നിയന്ത്രണമോ ഇല്ലാതെ തന്നെ സ്ത്രീകൾ അവരുടെ അതിജീവനത്തിന്റെ വഴികൾ കണ്ടെത്തുന്നു എന്നാണ്. പുരുഷന്റെ ‘ഷോവിനിസം’ തകരുമ്പോൾ അവൻ കാണുന്നത് താൻ കെട്ടിപ്പൊക്കിയ നുണകളുടെ ലൈറ്റ് ഹൗസ് നേരത്തെ തന്നെ തകർന്നുപോയിരിക്കുന്നു എന്നാണ്.
