ഏകാന്തതയുടെ വാർഷിക പരീക്ഷ

ഉത്തരപേപ്പറിലെ വെളുത്ത മൗനത്തിന്

നീല മഷികൊണ്ട്

ഉയിര് നൽകാൻ ശ്രമിക്കുമ്പോൾ,

ചുറ്റുമുള്ള ബെഞ്ചുകൾ

വിജനമായ ദ്വീപുകളാകുന്നു;

ഞാൻ അവിടെ ഒരു ഏകാംഗ നാവികനും.

സിലബസിലില്ലാത്ത പാഠമായിരുന്നു നീ.

പഠിച്ചു തീരാത്ത അധ്യായങ്ങളിൽ

ബാക്കിവെച്ച ചായക്കപ്പും

പകുതിയിൽ നിലച്ചുപോയ

തമാശകളും മാത്രം.

ചോദ്യങ്ങൾക്കെല്ലാം നിന്റെ മുഖഛായ,

ഉത്തരങ്ങൾക്കോ കനത്ത മൂടൽമഞ്ഞും.

മേശപ്പുറത്ത് വീണുകിടക്കുന്ന വെളിച്ചത്തിന്

നിഴലിന്റെ കറുത്ത മാർജിനുകൾ മാത്രം.

ഓർമ്മകളുടെ ‘മാപ്പ് റീഡിംഗിൽ’

ഞാൻ ഇപ്പോഴും വഴിതെറ്റിയ സഞ്ചാരി.

അതിരുകളില്ലാത്ത സങ്കടത്തിന്റെ

ഭൂപടത്തിൽ നിന്റെ ചിരി

എവിടെയോ മറഞ്ഞുപോയിരിക്കുന്നു.

ക്ലോക്കിന്റെ സെക്കന്റ് സൂചി

ഒരു അമ്പുപോലെ

നെഞ്ചിൽ തറയ്ക്കുമ്പോൾ,

സപ്ലിമെന്ററി പേപ്പറുകൾ

ചോദിക്കാതെ തന്നെ,

ഏകാന്തത അതിന്റെ

ബാക്കി പത്രങ്ങൾ നീട്ടുന്നു.

തോൽക്കാൻ എളുപ്പമാണ്.

പക്ഷേ,

ഈ പരീക്ഷാഹാളിൽ നിന്ന്

പുറത്തിറങ്ങാൻ

മറന്നുപോയ ഞാൻ

ഏതോ ഫോർമുല തിരയുകയാണ് .

ജയിക്കാനല്ല,

മഷി തീർന്ന ഈ പേനയും

ഭാരമേറിയ ഈ മനസും

ആർക്കെങ്കിലും കൈമാറാൻ

ഒരു ബെല്ലിനായി

ഞാൻ കാത്തിരിക്കുന്നു.

പക്ഷേ, നിശബ്ദതയാണ്

ഇവിടെ ഏക ഇൻവിജിലേറ്റർ;

കണ്ണു ചിമ്മാതെ

എന്നെ നോക്കി നിൽക്കുന്ന,

ഒരിക്കലും ചോദ്യങ്ങൾക്കൊന്നും

ഉത്തരം തരാത്ത നിശബ്ദത!

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added