അലകടലായ് അലയുന്ന യൗവ്വനതീരത്ത്,
കൗമാരം പാടിയ പാട്ടുകൾ.
വായിച്ച പുസ്തകങ്ങൾ
ചിലർ മടക്കിക്കുത്തിയ മുണ്ടും
മറ്റു ചിലർ ബെൽബോട്ടം പാൻ്റ് സും
ചീകിയ മുടിയുമായ്,
അന്നു നാം പല വഴികളിൽ നടന്നുപോയി
സൈക്കിൾ ബെല്ലിൻ്റെ നാദത്തിൽ നെഞ്ചിടിപ്പ്,
തുടികൊട്ടി നിന്നൊരു കാലത്തിൻ ഓർമ്മകൾ.
മറഞ്ഞിരുന്നു നോക്കുന്ന കൺകോണിൽ മിന്നിയ,
മറക്കാത്ത മാന്ത്രികപ്പൊൻവെളിച്ചങ്ങൾ.
തുണ്ടുകടലാസ്സിൽ കുറിച്ചൊരു പ്രണയവും,
തുടുവിരൽ തുമ്പാലെ കൈമാറും വേളയും.
ആരും കാണാതെ പുസ്തകത്താളുകൾക്കിടയിൽ,
കാത്തുവെച്ചൊരു മയിൽപ്പീലിത്തുണ്ടുകളും.
മഷിത്തണ്ടും വളപ്പൊട്ടുകളും
അടുത്തൊരു സിനിമാ തിയേറ്ററിന്നിരുളിൽ,
കണ്ട
ജയൻ-ഷീല ചിത്രത്തിൻ മാസ്മരികത.
റേഡിയോയിൽ നിന്നൊഴുകിയ വിരഹത്തിൻ ഈണങ്ങൾ,
രാത്രിതൻ യാമത്തിൽ നെഞ്ചേറ്റിയ നിമിഷങ്ങൾ.
ഒരു വാക്കുപോലും ഉരിയാടാൻ കഴിയാതെ,
ഉരുകുന്ന പ്രണയത്തിൻ ദാഹവുമായി നാം.
കണ്ണിൽക്കണ്ണിൽ നോക്കി
കഥകൾ പറഞ്ഞിരുന്ന,
കനവുകൾ പെയ്തൊരു കാലമിതത്രയും.
അകലെ നിന്നുതിരുന്ന മുല്ലപ്പൂ പരിമളത്താൽ
അവളൊരുക്കിയൊരു പ്രണയത്തിൻ ദൂതുപോൽ.
എഴുപതുകളിലെ ആ കൗമാര തീരത്ത്,
എരിഞ്ഞുതീർന്നീടാത്ത
പ്രണയദാഹങ്ങൾ!
