പ്രഭാതം.
ചെറിയൊരു കയറ്റമുള്ള ടാര്‍ റോഡ്.
റോഡിന്റെ വലത് ഭാഗത്ത് കൂടി സൈക്കിള്‍ ഉരുട്ടിക്കൊണ്ടുവരുന്ന ഒരു മുതിര്‍ന്ന പെണ്‍കുട്ടി.
വേഷം ടിഷര്‍ട്ടും, ഡിവൈഡഡ് സ്‌കേര്‍ട്ടും.
കയറ്റമായതുകൊണ്ടാവണം അവള്‍ സൈക്കിള്‍ഉരുട്ടുന്നത്.
പെണ്‍കുട്ടികള്‍ സാധാരണ ഉപയോഗിക്കാറുള്ള തരത്തിലുള്ള ഒരു സൈക്കിള്‍ തന്നെയാണത്.
ഹാന്റില്‍ ബോക്‌സില്‍ ഒരു സൈക്കിള്‍ ഹെല്‍മറ്റ്.
ബോഡി ക്ലാമ്പില്‍ വാട്ടര്‍ബോട്ടിലുമുണ്ട്.
അവളുടെ ചെവിയില്‍ ഇയര്‍ ബഡ്‌സ്.
അവള്‍ ഏതോ മികച്ച സംഗീതം ആസ്വദിച്ചുകൊണ്ടാണ് സൈക്കിള്‍ ഉരുട്ടുന്നത് എന്ന് അവളുടെ തലയിളക്കത്തില്‍ നിന്നും മനസ്സിലാക്കാം.
മുഖത്ത് നിറയെ സന്തോഷം
അടുത്ത്കൂടി കടന്നുപോകുന്ന വാഹനങ്ങളേയോ മനുഷ്യരേയോ അവള്‍ ശ്രദ്ധിക്കുന്നേയില്ല.
കയറ്റം തീരുന്നത് വരെ അതിന്റെ വിവിധ ദൃശ്യങ്ങള്‍.
കയറ്റം തീരുന്നതോടെ സൈക്കിള്‍ നിര്‍ത്തി, ഹെല്‍മറ്റ് എടുത്ത് ധരിച്ച്, സൈക്കിളിലേറി അവള്‍ റോഡിന്റെ ഇടത് ഭാഗത്തേക്ക് പതിയെ ഓടിച്ച് മുറിച്ച് കടന്ന് മുന്നോട്ട് സഞ്ചരിച്ചുതുടങ്ങുന്നു.
ഇപ്പോള്‍ സംഗീതം കേട്ട് തുടങ്ങുന്നു.
അതൊരു മികച്ച പാശ്ചാത്യ സംഗീതം തന്നെയാണ്.
അതിന്റെ ആസ്വാദനത്തില്‍ അവളുടെ സൈക്കിളിന് വേഗംകൂടുന്നു.
അവളിപ്പോള്‍ സംഗീതം മാത്രമല്ല, വേഗവും ആസ്വദിക്കുന്നുണ്ട്.
അവളുടെ സഞ്ചാരത്തിന്റെ ആകാശക്കാഴ്ച.
നഗരത്തിന്റെ മിക്ക റോഡുകളും ആ ദൃശ്യത്തില്‍ ഏതാണ്ട് നമുക്ക്കാണാം.
നാലുവരിപ്പാതയിലൂടെയാണ് ഇപ്പോള്‍ സഞ്ചാരം.
തിരക്കേറിയ പാതയിലേക്ക് സൈക്കിള്‍ പ്രവേശിച്ചു.
വാഹനത്തിരക്കില്‍ അലിഞ്ഞ് ചേര്‍ന്നപോലെയാണ് ഇപ്പോള്‍ അവളും സൈക്കിളും.
അതിന്റെ സമീപക്കാഴ്ച.
തിരക്കിലൂടെയുള്ള വേഗതയും അവള്‍ ആസ്വദിക്കുക തന്നെയാണ്.
അരിക്‌ചേര്‍ന്ന് ഇടംകൊടത്തും ആഞ്ഞുചവുട്ടി മറികടന്നുമുമ യാത്ര.
ഇപ്പോള്‍ അവളൊരു തിരക്ക്കുറഞ്ഞ പാതയിലേക്ക് വേഗതയോടെത്തന്നെ തിരിഞ്ഞു.
അവളുടെ അതേദിശയില്‍, കിടിലന്‍ ലുക്കുള്ള, പവര്‍ഫുള്ളായ ഒരു ബൈക്ക് അതിവേഗം കടന്നുവന്നു. ജാക്കറ്റും മറ്റും അണിഞ്ഞ, റൈഡറാണെന്ന് തോന്നിക്കുന്ന വേഷത്തോടെയുള്ള ഒരു ചെറുപ്പക്കാരന്‍.
അയാള്‍ അവളുടെ വേഗത്തിലേക്ക് തന്റെ വേഗം കുറച്ചു.
ഇപ്പോള്‍ ഇരുവരും അധികം അകലമില്ലാതെ സമാന്തരമായാണ് സഞ്ചാരം.
അയാള്‍ അവളെ ശ്രദ്ധിക്കുന്നുണ്ട്.
പക്ഷേ, അവളുടെ ശ്രദ്ധ തന്റെ വേഗതയിലും സംഗീതത്തിലും തന്നെയാണ്.
അയാള്‍ ഹോണടിച്ചു.
ഇപ്പോള്‍ അവള്‍ അയാളെ ശ്രദ്ധിച്ചു.
ബൈക്കിന്റെ ഭംഗിയിലും അയാളുടെ വസ്ത്രങ്ങളിലും ആശ്വര്യത്തോടെ നോക്കിക്കൊണ്ട് അവള്‍ തമ്പുയര്‍ത്തി അഭിനന്ദിച്ചു.
അയാള്‍ തിരിച്ച് അവളുടെ വേഗത്തെ സൂചിപ്പിക്കുന്ന ഒരു ആംഗ്യംകാണിച്ച്, തമ്പുയര്‍ത്തി അവളേയുംഅഭിനന്ദിച്ചു.
അവള്‍ മുഷ്ടിചുരുട്ടിക്കാണിച്ച് ഐക്യം പ്രകടിപ്പിച്ചു.
അയാള്‍ കൈവീശിക്കാണിച്ച് ബൈക്കുമായി മുന്നോട്ട്.
പുറകെ സഞ്ചരിക്കേ, അകന്ന് പോകുന്ന ബൈക്ക് തന്നെയാണ് അവള്‍ നോക്കിക്കൊണ്ടിരിക്കുന്നത്.
ബൈക്ക് അകന്നുപോയി കാഴ്ചയില്‍ നിന്നും മറയുന്നു.
ഇപ്പോള്‍ അവളുടെ കാഴ്ചയില്‍ റോഡിലൂടെ വേഗതയില്‍ ഓടുന്ന സൈക്കിളിന്റെ മുന്‍ ടയറും റോഡും മാത്രം.
അതിന്റെ വേഗം വീണ്ടും കൂടി.
അവളുടെ കാഴ്ചയില്‍ തന്നെ, സൈക്കിള്‍ ടയറിപ്പോള്‍ ഒരു ബൈക്കിന്റെ ടയറായി മാറുന്നു.
അതിവേഗത്തില്‍ ആയിരിക്കുന്നു സഞ്ചാരം.
ഒരു ഹെയര്‍പിന്‍വളവ് കയറിവരുന്ന ബൈക്ക്.
അതിപ്പോള്‍ നേരത്തേ കണ്ട റൈഡറുടെ ബൈക്ക് തന്നെയാണ്.
പക്ഷേ, ഓടിക്കുന്നത് ആ പെണ്‍കുട്ടിയാണ്.
അവളുടെ വേഷമിപ്പോള്‍ ജീന്‍സിലേക്കും ഷൂവിലേക്കും മാറിയിട്ടുണ്ട്.
അവളുടെ ആഹ്ലാദകരമായ സഞ്ചാരത്തിന്റെ വിവിധ ദൃശ്യങ്ങള്‍.
ബൈക്ക് ഒരു വളവ് തിരിഞ്ഞ് കാഴ്ചയില്‍ നിന്നും മറയുന്നു.
മറ്റൊരു ഹെയര്‍പിന്‍ വളവ് കയറി ചീറിപ്പാഞ്ഞുവരുന്ന പജേറോ പോലുള്ള ഒരു കിടിലന്‍ സ്‌പോര്‍ട്‌സ് കാര്‍.
അതിവേഗതയിലുള്ള അതിന്റെ സഞ്ചാരത്തിന്റെ വിവിധ ദൃശ്യങ്ങള്‍.
സ്‌പോര്‍ട്‌സ്‌കാര്‍ ഇപ്പോള്‍ ചുരം റോഡിന്റെ ഏറ്റവും മുകളിലേക്ക് എത്തിയിരിക്കുന്നു.
അവിടെ, നേരത്തെ റോഡില്‍ കണ്ട റൈഡര്‍ തന്റെ ബൈക്ക് പാര്‍ക്ക് ചെയ്ത്, ക്യാമറയില്‍ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുകയാണ്.
പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കിന്റെ സമീപത്ത് നേരത്തെ കണ്ട സ്‌പോര്‍ട്‌സ് കാര്‍ വന്ന് നിന്നു.
ഗ്ലാസ് താഴ്ത്തി, ഡ്രൈവര്‍ സീറ്റില്‍ നിന്നും തല പുറത്തേക്കിടുന്നത് ആ പെണ്‍കുട്ടി തന്നെയാണ്.
അവള്‍ വിളിച്ചു.
അവള്‍ : ഹായ്, ബ്രോ..
അയാളത് കേട്ടില്ല. അയാളുടെ ശ്രദ്ധ ക്യാമറയില്‍ തന്നെയാണ്.
അവള്‍ ഹോണടിച്ചു.
അയാള്‍ തലതിരിച്ച് നോക്കി.
അവള്‍ കൈ ഉയര്‍ത്തി വീണ്ടും വിളിച്ചു.
അവള്‍ : ബ്രോ..
അയാള്‍ അവളെ തിരിച്ചറിഞ്ഞു.
അയാളില്‍ നിന്നും ആശ്ചര്യസൂചകമായ ഒരു ശബ്ദം പുറത്ത് വന്നു.
അയാള്‍ : വൗ…
അവള്‍ ഉറക്കെ ചിരിച്ചു.
അയാള്‍ വേഗം തന്റെ ക്യാമറ അവള്‍ക്ക് നേരെ തിരിച്ചു.
അതുകണ്ടപ്പോള്‍ അവള്‍ കൈ വെളിയിലേക്കിട്ട് പോസ് ചെയ്തു.
അയാള്‍ ക്ലിക്ക് ചെയ്തു.
അവള്‍ പോസ് മാറ്റി.
അയാളുടെ ക്ലിക്ക്.
അവള്‍ ചിരിച്ചുകൊണ്ട് കൈവീശി.
അയാളുടെ ക്ലിക്ക്.
ക്ലിക്ക്.
ക്ലിക്ക്.
അവള്‍ കാര്‍ അതിവേഗത്തില്‍ മുന്നോട്ടെടുത്തു.
അത് നോക്കി അയാള്‍ പുഞ്ചിരിച്ചു.
കാര്‍ അകന്ന് ഒരു വളവ് തിരിഞ്ഞ് കാഴ്ചയില്‍ നിന്നും മറഞ്ഞു.
ഇപ്പോള്‍ ഒരു വലിയ പാതയിലൂടെ കടന്നുവരുന്ന ഒരു വലിയ ട്രക്ക്. നിറയെ ചരക്കുമുണ്ട്. അത് ഓടി വന്ന് റോഡിന്റെ നടുവിലായി ത്തന്നെ ബ്രെയ്ക്ക്‌ചെയ്ത് നിര്‍ത്തുന്നതിന്റെ സമീപദൃശ്യം.
ദൃശ്യം അല്പം വൈഡാവുമ്പോള്‍ കാബിന്‍ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങുന്ന ഡ്രൈവര്‍.
അതും ആ പെണ്‍കുട്ടി തന്നെയാണ്.
കാബിനിനകത്ത് മാറിയിരിക്കുകയായിരുന്ന സിക്കുകാരന്‍ ഡ്രൈവര്‍ ഇപ്പോള്‍ ഡ്രൈവര്‍സീറ്റിലേക്ക് ഇരിക്കുന്നത് കാണാം.
അയാള്‍ നിറഞ്ഞ ചിരിയോടെ പെണ്‍കുട്ടിയെ നോക്കി.
അവള്‍ : താങ്ക്‌സ് ബ്രോ..
എന്ന് പറയുന്നു.
ഡ്രൈവര്‍ തമ്പുയര്‍ത്തിക്കാട്ടി അവള്‍ക്ക് വിജയം നേര്‍ന്നു.
അവള്‍ കൈ വീശി.
അയാള്‍ ട്രക്ക് പതിയെ മുന്നോട്ടെടുത്തു.
അവളുടെ കാഴ്ചയില്‍, ടൈറ്റ് ഷോട്ടില്‍, ട്രക്ക് അവളെ കടന്ന് മുന്നോട്ട് പോവുമ്പോള്‍ റോഡിന്റെ നേരെ എതിര്‍ഭാഗത്ത് എയര്‍ പോര്‍ട്ടിന്റെ മതിലാണ് കാണുന്നത്.
മതിലിന് തൊട്ട് മുകളിലായി ആകാശത്ത് നിറഞ്ഞ സൂര്യന്‍ അവളെ നോക്കിചിരിച്ചു.
എയര്‍പോര്‍ട്ടില്‍ നിന്നും ശബ്ദത്തോടെ പറന്നുയരുന്ന ഒരു വിമാനം ആ സൂര്യനെ മുറിച്ചുകടന്ന് അകലേക്ക്.
അവള്‍ ആഹ്ലാദത്തോടെ ആ കാഴ്ച നോക്കി നിന്നു.
വിമാനം പറന്നുയരുന്ന അതേ കാഴ്ച വീണ്ടും വീണ്ടും കാണുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു.
അതിന്റെ സന്തോഷത്തില്‍ അവളങ്ങനെ വിമാനം പോയ ഉയരങ്ങളിലേക്ക് നോക്കി നില്‍ക്കേ അവളുടെ മുഖം സൂര്യപ്രഭയാല്‍ തിളങ്ങി.
അതേ സന്തോഷത്തില്‍ അവള്‍ പതിയെ സൂര്യനിലേക്ക് മുഖം തിരിച്ചു.
വെളിച്ചം താങ്ങാനാവാതെ അവള്‍ കണ്ണടച്ചുകൊണ്ട് മുഖം വെട്ടിച്ചു.
അപ്പോള്‍ ഒരു ഫോണ്‍ ബെല്ലടിഞ്ഞു.
അവള്‍ വേഗം തന്റെ ജീന്‍സിന്റെ കീശയിലേക്ക് ഫോണിനായി കൈയ്യിട്ടു.
ഫോണുമായി കൈ തിരികെ ഉയരുമ്പോള്‍ ഡിവൈഡഡ് സ്‌കേര്‍ട്ടിന്റെ കീശയില്‍ നിന്നാണ് അവള്‍ ഫോണ്‍ എടുത്തിരിക്കുന്നത് എന്ന് കാണാം.
അവളിപ്പോള്‍ സൈക്കിളിനരികില്‍, തലയില്‍ ഹെല്‍മറ്റുമായി, നേരത്തേ റൈഡറെ ആദ്യമായി കണ്ട റോഡരികിലാണുള്ളത്.
അവള്‍ ഫോണ്‍ അറ്റന്റ് ചെയ്തു.
‘ഏച്ച്യേ, എവിടെയാ ? അമ്മ കൊറേ നേരായി ട്രൈ ചെയ്യ്ന്ന്.. ഒന്ന് വേഗം വാ..’
അവളുടെ അനിയത്തിയാണ്.
അവള്‍ : എന്ത് പറ്റിയെടീ ?
ആ ചോദ്യം പുറത്തേക്ക് വരുമ്പോഴേക്കും കോള്‍ കട്ടായി.
അവള്‍ ധൃതിയില്‍ സൈക്കിള്‍ തിരിച്ചെടുത്ത്, ഓടിച്ച് പോകുന്നത് കാണാം.
ആദ്യം കണ്ട കയറ്റത്തിലൂടെ ഇറങ്ങി വരുന്ന അവളുടെ സൈക്കിള്‍.
അതങ്ങ് അകന്നുപോയി.
സൈക്കിളിപ്പോള്‍ ഒരു സാധാരണ വീടിന്റെ മുറ്റത്തേക്ക് ചെന്ന് കയറി.
അവിടെ ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് കാണാം.
അവള്‍ സൈക്കിളില്‍ നിന്നും ഇറങ്ങുമ്പോഴേക്കും ആകെ വിയര്‍ത്ത് കുളിച്ചിട്ടുണ്ട്.
അവള്‍ക്കടുത്തേക്ക് ഓടിയെത്തുന്ന അനിയത്തി. ഏതാണ്ട് പതിമൂന്ന് വയസ് പ്രായം.
അവള്‍ ധൃതിയില്‍ ചോദിച്ചു.
അവള്‍ : എന്താടീ..?
അനിയത്തി: വേഗം അടുക്കളഭാഗത്തൂടെ ചെല്ലാന്‍ പറഞ്ഞു..
അതും പറഞ്ഞ് അനിയത്തി തിരിഞ്ഞോടി.
എന്തെന്നറിയാതെ അവള്‍ ഒന്ന് പരിഭ്രമിച്ച് നിന്നു.
പിന്നെ ഹെല്‍മറ്റ് ഊരി, അനിയത്തി പോയ വഴിയിലൂടെ അടുക്കളഭാഗത്തേക്ക് ഓടി.
അടുക്കളയിലേക്ക് കയറുമ്പോള്‍ അമ്മ അല്പം ദേഷ്യത്തിലായിരുന്നു.
അമ്മ : വര്‍ക്കൗട്ട് ചെയ്യുമ്പൊ നിനക്കെന്താടീ ഫോണെടുത്താല് ?
അവള്‍ : എന്താ അമ്മേ കാര്യം ? ആരാ വന്നിരിക്കുന്നേ ?
അമ്മ : അതൊക്കെപ്പറയാം, നീ പെട്ടെന്ന് കുളിച്ച് റെഡിയാവ്.
അമ്മ അതും പറഞ്ഞ് അകത്തേക്ക്.
ഹെല്‍മറ്റ് മേശപ്പുറത്ത് വെച്ച് എന്തുചെയ്യണമെന്നറിയാതെ അവള്‍ നിശ്ചലയായി നിന്നു.
അമ്മ അകത്ത് ചെന്ന് അലമാരയില്‍ നിന്നും മകളുടെ പട്ട് സാരി പുറത്തേക്ക് എടുക്കുന്നതിനിടയില്‍ സ്വീകരണമുറിയില്‍ നിന്ന് അപരിചിതനൊരാള്‍ പറയുന്നതിന് ചെവിയോര്‍ത്തു.
‘ഇവര് രണ്ട് മക്കളാ.
പെങ്ങളെ കല്യാണം നേരത്തേ കഴിഞ്ഞു.
ഇവന് മൂന്നാമത്തെ ഗവണ്‍മെന്റ് ഉദ്യോഗല്ലേ ഇപ്പൊ കിട്ടിയിരിക്കുന്നേ ! അത്ര മിടുക്കനാ. പടപടേന്ന് പ്രൊമോഷന്‍ കിട്ടിയങ്ങ് കയറിപ്പോകാന്‍ പറ്റിയ വകുപ്പിലാ ഇപ്പൊ…’
അത് കേട്ട് അമ്മയുടെ മുഖം സന്തോഷത്താല്‍ തിളങ്ങി.
അമ്മ കണ്ണടച്ച് കൈ കൂപ്പി.
പക്ഷേ, അടുക്കളയില്‍ നിന്ന് അത് കേട്ട പെണ്‍കുട്ടി ഒന്ന് സ്തബ്ദയായി നില്‍ക്കുകയും പിന്നെ കോപത്തോടെ അലറിവിളിച്ചുകൊണ്ട് തന്റെ മുന്നില്‍ക്കണ്ട പാത്രമെടുത്ത് നിലത്ത് എറിഞ്ഞുടയ്ക്കുകയും ചെയ്തു.
സ്‌ക്രീന്‍ നിറയെ ചിതറിത്തെറിക്കുന്ന ചില്ലുപാത്രം.
സ്വീകരണമുറിയില്‍ നിന്നും ഒരു പുരുഷചോദ്യം പറന്നുവന്നു.
‘എന്താ അത് ?”
കോപത്തോടെ നോക്കുന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് സൂം ചെയ്യുന്ന കാഴ്ച.
അവള്‍ ഹെല്‍മറ്റ് കൈയ്യിലെടുത്തു.
സ്ലോമോഷനില്‍ അത് തലയില്‍ വെച്ചു.
പിന്നെ അടുക്കളവാതിലിലൂടെ തന്നെ അതിവേഗതയില്‍ പുറത്തേക്ക്.
പുറത്തേക്ക് ചാടുന്നതിനിടയില്‍ വാതില്‍പ്പടിയില്‍ ദൃശ്യം നിശ്ചലമാവുന്നു. ചാട്ടത്തിനിടയില്‍ നിലം തൊടാതെയുള്ള അവളുടെ ഒരു കൈയ്യും കാലും മാത്രമാണ് ഇപ്പോള്‍ അകത്തുനിന്നുള്ള കാഴ്ചയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
തെളിയുന്ന എന്റ് ടൈറ്റില്‍സ്.
