കിരണരസം

സൂര്യനെ രുചിച്ച് നോക്കിയിട്ടുണ്ടോ ?
കല്ലുരുകുന്ന നട്ടപ്പറ വെയിലത്ത്
നാവും നീട്ടി നിന്നുകൊടുത്താൽ മതി.
മുകുളങ്ങളിൽ ഇളം പൊള്ളൽ
തോന്നിത്തുടങ്ങുന്ന നേരത്ത്
അകത്തെടുത്ത് മെല്ലെമെല്ലെ
നുണഞ്ഞുനോക്കിയാൽ മതി
ഓർമ്മവരും,
മറവി കവർന്നെടുത്ത പലതും.

മോണകാട്ടി ചിരിക്കുന്ന ഇള്ളാപ്പുള്ള
വഴ വഴാ കേലയുടെ സ്വാദില്ലാ സ്വാദ്
വാവോ, വാവോ, അമ്മിഞ്ഞപ്പാൽ
നറുങ്ങിണി കിറുങ്ങിണി വാത്സല്യം
വയമ്പ്, വയനാടൻ തേൻ, തങ്കത്തരി,
രസനയിൽ തൂവിയ തിരുമധുരം.

പിന്നെപ്പോഴോ വന്നു ചെന്നിനായകം
കറ്റാർവാഴയിലയുടെ കറച്ചവർപ്പ്
പിന്നങ്ങോട്ട് ആര്യവേപ്പിലപ്പായസം
കാഞ്ഞിരച്ചാറു ചാലിച്ച കൊഴക്കട്ട
തെറുപ്പ് ബീഡിയിലയുടെ ചുവകൾ
നാടൻ കൊട്ടുവടിയുടെ ചുട്ടുപൊള്ളൽ
ഷാപ്പിലെ പോത്തുവരട്ടിയതിൻ എരി
തെരുവുപെണ്ണധരത്തിൻ പുളിപ്പ്

പിന്നെ
ആരുംകാണാ നേരങ്ങളിൽ
ഉണ്ടക്കണ്ണുമിഴിച്ച് സൂര്യനെ നോക്കി
ഒരക്ഷരം മിണ്ടാതിരിക്കുമ്പോൾ
കവിളിണകൾ തഴുകിയൊഴുകി
കരിഞ്ചിറിക്കോണിൽ തങ്ങുന്ന
പളുങ്കുമണിയുടെ ഉപ്പുപ്പുപ്പു രസം.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added