വീട് പൂട്ടിയിറങ്ങുമ്പോൾ,
ഒരിക്കൽ കൂടി
തിരിഞ്ഞു നോക്കാൻ
പറ്റില്ല.
ഉമ്മറത്തെ ചെടികൾ
ഒരിറ്റു വെള്ളത്തിനായി
കെഞ്ചും.
വേദനിച്ചാലോയെന്ന്
പേടിച്ച് ഉരച്ചു
കഴുകാത്ത പാത്രങ്ങൾ
ഒന്നുകൂടി ഓമനിച്ചിട്ട്
പോകൂവെന്ന് പറയും
അലക്കി വിരിച്ചിട്ട
തുണികൾ ഞങ്ങളെക്കൂടി
മടക്കിയൊതുക്കി
വെക്കന്ന് കിന്നാരം
കെഞ്ചും
വായിക്കാൻ ബാക്കി
വെച്ച പേജുകൾ
മറിച്ചിട്ട് പുസ്തകങ്ങൾ
കൊതിപ്പിക്കും
പൂട്ടിയ വാതിൽ
പതുക്കെ തുറന്ന്
കടുപ്പത്തിലൊരു
കാപ്പിയിട്ട് ഊതിയൂതി
കുടിച്ച് വീണ്ടും
ഞാനെന്റെ വീടിന്റെ
കാമുകിയാവും
