തോരാമഴ

ക്ഷമിക്കണം
നിങ്ങളെയോ
മറ്റാരെങ്കിലുമോ
പ്രണയിക്കാൻ
ഇനിയെനിക്കാവില്ല

വർഷങ്ങൾക്ക് മുൻപ്
ഒരപകടത്തിൽ
ചതഞ്ഞരഞ്ഞു പോയ
മനസ്സിൻ്റെ ഉടമസ്ഥാവകാശം
ഇപ്പോഴും എൻ്റെ പേരിലാണെങ്കിലും
അതിൻ്റെ മുറികൾപലതും
കാലം കയ്യേറിയിരിക്കുന്നു

അസുഖങ്ങൾ തേർവാഴ്ച നടത്താത്ത ഒരൊറ്റ
കോശം പോലും
ഇന്നീ ശരീരത്തിലില്ല

ഓരോ പ്രഭാതവും
ഒരു മെഡിക്കൽ
റിപ്പോർട്ടിൻ്റെ
അരികിൽ നിന്നാണു ദിക്കുന്നത്

ഓരോ രാത്രിയും
മരുന്നുകളുടെ ചെറു
ഗ്രഹങ്ങൾക്കിടയിൽ
വഴിതെറ്റിയ ഒരുപഗ്രഹം പോലെ ഞാൻ
കറങ്ങിക്കൊണ്ടിരിക്കുന്നു

നിങ്ങൾ പങ്കാളിയുടെ മുഖത്തേക്ക് നോക്കൂ
നിങ്ങൾക്കായി മാത്രം വിരിഞ്ഞ ചെന്താമര

അവളുടെ നയനങ്ങളിൽ
നിനക്കായ് മാത്രം വിരിഞ്ഞ നീലത്താമര
നീ കാണുന്നില്ലേ

നിങ്ങളുടെ വിരലുകൾ കോർത്ത അവളുടെ
കൈച്ചൂടിൽ സുഖമായുറങ്ങുക

ഞാനിപ്പോൾ
പ്രണയത്തിൻ്റെ
അതിർത്ഥി കടന്നുപോയ
ഒരു പഴയദേശമാണ്

ഭൂപടത്തിലുണ്ടെങ്കിലും
ആരും ദർശിക്കാത്ത ഒരു ദ്വീപ്…..

അന്നാദ്യമായി അവൻ്റെ വീട്ടിൽ മഴപെയ്തു …..
വേനലിൻ്റെ പൊടിപിടിച്ച
മേൽക്കൂരയിൽ
ജലത്തിൻ്റെ ആദ്യാക്ഷരങ്ങൾ
പെയ്തിറങ്ങി…..

ആ മഴക്ക് കാരണക്കാരിയായവളെ
മനസ്സിൽ നമിച്ചവൻ
ശാന്തമായുറങ്ങി….

പിന്നീടാമഴ തോർന്നതേയില്ല….
അവൻ്റെയുള്ളിൽ,
ഉറക്കത്തിൻ്റെ ചില്ലുകളിൽ
ഓർമ്മയുടെ മൺപാത്രങ്ങളിൽ
വഴിമുട്ടിയ സ്വപ്നങ്ങളുടെ ഇടനാഴിയിൽ
മഴ തുടർന്നു….

അവൾ പോയ
വഴികളൊക്കെയും
ചെറുതോടുകളായി …..
പറയാതെ പോയ വാക്കുകൾ ചെറുകായലുകളായി….

സ്പർശിക്കാതെ ശേഷിച്ച നിമിഷങ്ങൾ കടലുകളായി
ഇപ്പോൾ ഞാൻ നടക്കുന്നത്
ഭൂമിയിലൂടല്ല

ഒരിക്കലും തീരാത്ത
ഒരു പെരുമഴയുടെ
അവശിഷ്ടങ്ങളിലൂടെയാണ് ….

നിങ്ങൾക്കതിനെ
പ്രണയമെന്നോ
വിരഹമെന്നോ വിളിക്കാം
അല്ലെങ്കിൽ മാനസിക
കാലാവസ്ഥാ വ്യതിയാനമെന്ന്!

എന്നാലത്
ഒരു സ്ത്രീയുടെ വരവിലാരംഭിച്ച്
അവളുടെ തിരിച്ചു പോക്കിൽ പോലു
മവസാനിക്കാത്ത
തോരാമഴയാണ്.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added