ഇനിയും കുറച്ചുകാലം കൂടി….

പാതിരാത്രിയില്‍
ഞാനെടുക്കാത്ത
നിന്റെ കോളുകള്‍
അനാഥമായി
കരഞ്ഞലയുന്നുണ്ടീഭൂമിയില്‍.

പലയിടങ്ങളിലായി
നീ മറന്നുവെച്ച താളം
ഒരു പെരുമ്പറപെരുക്കമായി മുഴങ്ങുന്നുണ്ടീഭുമിയില്‍

സ്നേഹത്തിന്‍
സാഗരതീരത്ത്
നാം നടിച്ചു പാടിയ പാട്ടുകള്‍
അറബിക്കടലില്‍
ഇപ്പോഴും അലയടിക്കുന്നുണ്ട്.

കുറത്തിയും
കീഴാളനും
നിശബ്ദരാക്കപ്പെട്ടവരുടെ
മരണാനന്തര
അലര്‍ച്ചകളായ
പ്രേതഭാഷണവും
കാവല്‍ഭൂതവും
നീ തിരഞ്ഞെടുത്തതാണ്
അരങ്ങിന്റെ രാഷ്ട്രീയം

ടൗണ്‍ഹാളില്‍
അനുശോചനയോഗം നടക്കുമ്പോള്‍
അവസാനത്തെ വരിയിലെ കസേരകളില്‍
മോപ്പസാങും,
ചെക്കോവിന്റെ കൂടെ
തടിച്ചമനുഷ്യനും
‌മെലിഞ്ഞമനുഷ്യനുമുണ്ടായിരുന്നു.

കാടിറങ്ങിവന്ന പുലിയും
കമിതാക്കളായ
കുറുക്കനും പൂച്ചയും
ഭൂമിയുടെ പേരില്‍
അനുശോചനം രേഖപ്പെടുത്തി
ആര്‍ട്ടുഗാലറി വഴി പാഞ്ഞുപോയി

പുറത്ത് നാടകയിടയില്‍
തൊട്ടപ്പനും
മഞ്ഞക്കാരന്‍ തങ്കച്ചനും
അമ്പലപ്പുഴ സിസ്റ്റേഴ്സും
വേവുന്നുണ്ടായിരുന്നു.

വാനോളമാഹ്ലാദത്താല്‍
നിന്റെ ചിരിയുടെ നിലാവ്
ഓര്‍മ്മയിലസ്തമിക്കാതെ
ഭൂമിയിലുണ്ടിപ്പോഴും

“നാടകപ്പാത”യിലിരുന്ന്
നീ പറഞ്ഞ വാക്കുകള്‍
ജോസേട്ടന്‍ ഉരുവിട്ടുകൊണ്ടിരിക്കുന്നു
“ഇനിയും കുറച്ചുകാലം കൂടി….’

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added