ഇന്നലെയായിരുന്നോ, അതോ മിനിയാന്നായിരുന്നോ ആ വാതിൽ ഞരങ്ങിത്തുടങ്ങിയത്.?’
വേർതിരിക്കുന്നതിലുള്ള വേദന യുഗയുഗാന്തരങ്ങളായി പിളർന്നു വികസിച്ച് പുറന്തോട് പൊളിച്ച് പുറത്തേക്കു വന്നതാണോ?
ഡോ. ബാലസുബ്രഹ്മണ്യം ഓർത്തെടുക്കാൻ ഒരു വിഫലശ്രമം നടത്തി.
അതൊരു കരച്ചിലാണോ? ഉള്ളിലേക്കും പുറത്തേക്കും സഞ്ചരിക്കുന്ന വേദനകളുടെ ഒരു പകർച്ചയാണോ?
എന്നെപ്പോലെ, പടരാതിരിക്കാനും, പകരാതിരിക്കാനും മുഖം മൂടികൾ മാറി മാറി ധരിക്കാൻ, വാതിൽപ്പടികൾക്ക് കൈയും, മുഖവുമില്ലല്ലൊ!… മരിച്ചു കഴിഞ്ഞാൽ കരച്ചിലില്ല. പൂക്കാതിരിക്കാനും കരയാതിരിക്കാനും ആവാതെ വസന്തങ്ങളെയും ഗ്രീഷ്മങ്ങളയും തമ്മിലിണക്കുന്ന ഒരു കാലം, തനിക്കുണ്ടായിരുന്നെന്നോർത്ത്,,അങ്ങനെയുമാവാമല്ലൊ.
പടിഞ്ഞാറോട്ട് തിരിഞ്ഞ് കടലിനെ അഭിമുഖീകരിക്കുന്ന ആ പഴയ വാതിലിന്റെ ഞരക്കം ചെവിയിൽ മുഴങ്ങിയത്, തിരമാലകളെ ഉള്ളിലൊതുക്കി, കടലമ്മ ഉറങ്ങിയതു കൊണ്ടൊന്നുമല്ല…സമയാസമയങ്ങളിൽ കിഴക്കുവശത്തെ പാതയിൽ കൂടി, കൂകിപ്പായുന്ന തീവണ്ടികൾ ഇല്ലാതായതു കൊണ്ടുമല്ല… ബീച്ചിലും, ബീച്ച് റോഡിലുമുള്ള തിരക്കും വാണിഭവും നിലച്ചതു കൊണ്ടുമല്ല….
അതൊക്കെ, പതിവുപോലെയും, പതിവിലധികമായും അവിടെത്തന്നെയുണ്ട്.
ശ്വാസം വലിക്കുന്നതും ഹൃദയമിടിക്കുന്നതും
നമ്മളെപ്പോഴും അനുഭവിക്കുന്നില്ലല്ലോ…
“First you should know, then only you can see, hear, touch or feel,,,anything…” സുബ്രഹ്മണ്യം പ്രൊഫ. ചാക്കോയെ ഓർത്തു. എന്നത്തെയും പോലെ.
അയാളാ വാതിലിനെ, തുറിച്ചു നോക്കി.
സിസിലി സിസ്റ്ററ്, ബാഗ് കഴുത്തിൽ തൂക്കിക്കഴിഞ്ഞിരിക്കുന്നു. കടപ്പുറത്ത് ഇരുട്ടു പടർന്നു തുടങ്ങിയിരിക്കുന്നു.
എത്രമാത്രം ശ്രമിച്ചിട്ടും, ആർക്കും ആരെയും അറിയാൻ പറ്റുന്നില്ലല്ലൊ? അയാൾ വേദനയോടെ ഓർത്തെടുത്തു.
“പൂമുഖ വാതിൽ വടക്കോട്ടോ കിഴക്കോട്ടോ വേണം തുറന്നു വയ്ക്കാൻ… “സ്ഥിരം വരാറുള്ള ഭാസ്കരപ്പണിക്കർ, ഒരു താക്കീതു പോലെ നാട്ടുകാരുടെ സ്വന്തം മണി ഡോക്ടറോട് ഓരോ വരവിനും പറയാറുണ്ടായിരുന്നു. അത് ഒരിക്കലും നടപ്പിലാക്കപ്പെട്ടില്ലെങ്കിലും,ബോൺസായി രൂപം സ്വീകരിച്ച, ഒരഗ്നിപർവ്വതം പോലെ,ഉണങ്ങിയും, വീണ്ടും ഉണർന്നും കളിക്കുന്ന പെരുവിരൽ വ്രണവുമായി, കൃത്യമായ ഇടവേളകളിൽ,, അയാൾ പടിഞ്ഞാറോട്ടു നോക്കി നില്ക്കുന്ന അതേ വാതിലിലൂടെ വന്നും പോയുമിരുന്നു. ‘എനിക്കെന്നും സൂര്യനെയും കടലിനെയും ഒന്നിച്ചു കണ്ടു കൊണ്ടിരിക്കണം.. അതിനാ ഞാൻ, എല്ലാ വാതായനങ്ങളും അങ്ങോട്ടു തിരിച്ചു വച്ചിരിക്കുന്നത്…പരിശോധന സമയം വൈകുന്നേരം നാലര മുതൽ ആറര വരെ എന്ന ബോർഡ് ഒന്നു കണ്ടോളൂ പണിക്കരെ…’
ഗുഡ് മോർണിംഗ് എന്നോ ഗുഡ് ഈവനിംഗ് എന്നോ പോലെ ഭാസ്കരപ്പണിക്കരും മണി ഡോക്ടറും തമ്മിലുള്ള അഭിവാദ്യ വചനങ്ങളാണവ…
ഉപ്പു കാറ്റേറ്റു ദ്രവിച്ച കട്ടിളപ്പടിയും വാതിലും പലവട്ടം മാറി. തടിക്ക് ലോഹങ്ങൾ വഴി മാറി. നിങ്ങളിതങ്ങു വാങ്ങിച്ചോളൂ ഡോക്ടറെ. എന്നെയിങ്ങനെ മാസം തോറും നടത്തെണ്ടാല്ലോ? ഓരോ തവണ വരുമ്പോഴും ലെസ്‌ലി സായിപ്പ് പറയും.. ഞാനാണെങ്കിൽ ഓസ്ട്രേലിയയ്ക്കു പോകുവാ.. പിളേളരൊക്കെ, അവിടെയല്ലേ:… മണിഡോക്ടർ മറുപടി ഒരു ചിരിയിലൊതുക്കും. വിളറിയ ചിരികൾ ഒരു കവിത പോലെയാണ്.. പലമാതിരി വ്യാഖ്യാനങ്ങളിലൂടെ നീന്തിത്തുടിക്കുന്ന തിരമാലകൾ…
ലസ്ലി സായിപ്പ് ഓസ്ട്രേലിയക്കൊട്ടു പോയുമില്ല..മണിഡോക്ടർ കെട്ടിടം വാങ്ങിച്ചുമില്ല. സായിപ്പിന്റെ മരണം വരെയും.. ഇപ്പോൾ വാടക ഡോക്ടർ, നേരിട്ട് പരിചയമില്ലാത്ത ആരുടെയോ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു കൊണ്ടേയിരിക്കുന്നു. ഇപ്പോളങ്ങനെ പല പുരോഗതികളുമുണ്ട്… ഫോണെടുത്തൊന്നു കുത്തിക്കുത്തിക്കളിച്ചാൽ മതി പഴവും പച്ചക്കറിയും വീട്ടിലെത്തും.പണി കഴിഞ്ഞു പോകും വഴി രാജേട്ടന്റെ പീടികയിൽ കയറേണ്ടതില്ല. അയാളുടെ മുട്ടുവേദനയുടെയും തണ്ടെല്ലു വേദനയുടെയും ആവലാതികൾ കേൾക്കേണ്ടതില്ല. റഷീദിനെയും കണ്ടിട്ടെത്രയോ നാളായി… ഒന്നു തൊട്ടാൽ ഓടിയെന്റെ അരികിലെത്തും,, ഇറച്ചിം മൊട്ടേം മീനും പാലും എല്ലാം…. ദൈവങ്ങൾ പോലും.രോഗികളുടെ നേരിട്ടുള്ള പോക്കുവരവു പോലും, കുറഞ്ഞിരിക്കുന്നു… ദേവാലയങ്ങളിലും ആളു കുറഞ്ഞിരിക്കുന്നു.
എല്ലാ രോഗികളും, സിസിലിയും അവസാനം പെട്ടിയുമായി കയറിയ മെഡിക്കൽ റെപ്പും പോയതിനു ശേഷമാണ് അയാൾ വന്നത്. ഒന്നരാടൻ വെള്ളിയാഴ്ചകളിലെല്ലാം, കൃത്യതയോടെ വലിയ തുകൽപ്പെട്ടിയുമേന്തി മുഖം നിറയെ ചിരിയുമായി, സുഗന്ധ തൈലങ്ങളുടെ ഹൃദ്യമായ സൗരഭ്യം പടർത്തി… ഒരു മിനിറ്റു നീണ്ടു നില്ക്കുന്ന സന്ദർശനം..
അയാൾ മുടക്കിയിരുന്നില്ല..
‘പ്രമോഷണൽ ആക്ടിവിറ്റികൾക്ക് എന്റെ കമ്പിനി ഒട്ടും പിന്നിലല്ല സാർ….’ ഒരു പക്ഷെ ഹ്യുമനോയിഡുകളെ ഉല്പാദിപ്പിക്കാനുള്ള മനുഷ്യന്റെ ത്വരയുണർന്നത് ഇത്തരം കണ്ടുമുട്ടലുകളിൽ നിന്നാവാം.. എവിടെ നിന്നു വന്നെന്നോ, എങ്ങോട്ടു പോണെന്നോ ആലോചിക്കേണ്ടതില്ല. പേരില്ല, ഊരില്ല… ബന്ധനങ്ങളും ബാധ്യതകളുമില്ല…
ചമയങ്ങളഴിച്ചു വച്ച്, ഏതോ ഒരു ഗ്രീൻ റൂമിൽ മലർന്നുകിടന്നുറങ്ങിപ്പോവുന്ന ഒരു നാടക നടനെപ്പോലെയായിരിക്കുമോ അവന്റെ രാവുകൾ. കുടുംബം കാത്തിരിക്കുന്നുണ്ടാവാം.. ഒരു മകളുണ്ടാവാം,, പടിഞ്ഞാറോട്ടു പറക്കാൻ വെമ്പി നില്ക്കുന്ന മകനുണ്ടാവാം.. നിത്യേന അച്ഛൻ,വേഷം കെട്ടിയാടുന്ന നൃത്തശില്പത്തോടുള്ള പുച്ഛഭാവമുണ്ടാവാം. ഒക്കെയവന്റെ വെറും വിചാരവുമാവാം..
ഇന്ന് , പടിഞ്ഞാറേ വാതിൽ തള്ളിത്തുറന്ന് അവനെന്റെ മുന്നിൽ വീണ്ടും വന്നു. അനുവാദമില്ലാതെതന്നെ എന്റെ മുന്നിലിരുന്നു. പതിവു ചിരിയോ, വിധേയ ഭാവമോ, പ്രസരിപ്പോ,, നിത്യ സഹചാരിയായ തുകൽപ്പെട്ടിയോ അവനെ അനുഗമിച്ചിരുന്നില്ല.
മുറിയിലുണ്ടായിരുന്ന രണ്ടു ജീവനുകളറിയാതെ ഈ പ്രഞ്ചത്തിലെ മുപ്പതു നിമിഷങ്ങൾ കടന്നുപോയി… ഊരും പേരുമില്ലാത്ത അയാൾ, സാവധാനത്തിൽ തല തിരിച്ച്, വാതിലിന്റെ ഞരക്കത്തിലേക്കൊന്നു നോക്കി.വർഷങ്ങളായി ഞരങ്ങിക്കൊണ്ടിരുന്ന വാതിലിന്റെ കരച്ചിൽ മണിഡോക്ടർ അന്നാദ്യമായി കേട്ടു.
അതൊരു ജീവന്റെ അവസാന പിടച്ചിലാണോ? അതോ ഉള്ളിലവശേഷിച്ചിരുന്ന ജീവന്റെ തുടിപ്പ് പുറത്തേക്കു പറന്നതാണോ?
ആ മുറിയിൽ ജീവനില്ലെന്ന് അവർ രണ്ടു പേരും ഉരുവിട്ടു പഠിച്ചിട്ടുള്ള വസ്തു വകകളോരോന്നായി മണി ഡോക്ടറുടെ മുന്നിൽ തെളിഞ്ഞു.. ഞരങ്ങുന്ന പിടഞ്ഞാറെ വാതിൽ മുതൽ, ഒന്നൊന്നായി.
കൈയിലിരുന്ന ഭംഗിയുള്ള പേപ്പർ വെയിറ്റ്, പെട്ടെന്നയാൾ, പൊള്ളലേറ്റപോലെ താഴെ വച്ചു. വെട്ടിക്കളയാറായ നഖാഗ്രങ്ങളിലേക്ക് അയാൾ തുറിച്ചു നോക്കി.
“ജീവനില്ലെന്ന് നാം കരുതുന്ന ഈ വാതിൽ, നമ്മളോടെന്തോ, പറയും പോലെ തോന്നുന്നു, സർ” അയാളുടെ ദുർബലമായ സംസാരം,, തിരപ്പുറത്തേറി വന്ന , ഒരശരീരി പോലെ,പ്രൊഫ. ഡോ.ബാലസുബ്രമണ്യം. എം.എസ്… എഫ്.ആർ.സി. എസിന്റെ അറുപത്തിരണ്ടു വർഷം പഴക്കമുള്ള കർണ്ണപുടങ്ങളളിൽ മുഴങ്ങി.
“സാറിന്,, ഇനിയെന്റെ ശല്യം ഉണ്ടാകില്ല..
ബോറോഫർ എക്സ് ടിയും, കാൽടോണിക്ക് ഡിയുമൊക്കെ എഴുതാനിനി ഞാൻ നിർബന്ധിക്കില്ല…” അയാളുടെ തൊണ്ട ഇടുറുന്നുണ്ടായിരുന്നു.
സുബ്രഹ്മണ്യം അയാളെ നോക്കി നിശ്ചലനായിരുന്നു. അയാളുടെ സുന്ദരമായ മുഖത്ത് നരച്ച രോമങ്ങൾ വളർന്നു വരുന്നതും, ചുളിവുകൾ വീഴുന്നതും കണ്ടു. ക്രീം പുരട്ടി ഒതുക്കി വച്ചിരുന്ന മുടിയിഴകളിലെ എണ്ണക്കറുപ്പ് മാഞ്ഞു പോകുന്നതു കണ്ടു. വടിവൊത്തു കിടന്നിരുന്ന വസ്ത്രങ്ങൾ ചുളിയുന്നതു കണ്ടു.. ഏതോ ആനിമേഷൻ സിനിമയിലെ പ്രധാന കഥാപാത്രം പൊടിഞ്ഞു വീണില്ലാതെയാകും പോലെ, അയാളും ഇല്ലാതെയാകുമെന്ന തോന്നലിന്റെ ഉദ്വേഗത്തിൽ,ഡോക്ടർ സുഷുപ്തി വിട്ടുണർന്നു.
“എന്റെ പെട്ടി മാനേജർ വാങ്ങിവച്ചു. ഒന്നു ഡോക്ടറെ കാണണമെന്നു തോന്നി”.. അതും പറഞ്ഞയാൾ തിരിഞ്ഞു നടന്നു… കയറി വന്നപ്പോൾ, കരഞ്ഞുവെന്നയാളിലൊരു തോന്നലുയർത്തിയ, അതെ വാതിലിലൂടെ..
അതേ ദിശയൽ അയാൾ നടന്നു കൊണ്ടേയിരുന്നു… അങ്ങു ദൂരെ പടിഞ്ഞാറു ചെന്ന് കടലിൽ മുങ്ങിയ സൂര്യനെത്തേടി….
അങ്ങോട്ടധികം നോക്കാതെ, കുനിഞ്ഞിരുന്നു കൊണ്ട്, വാതിൽ കിഴക്കുവശത്തേക്ക് മാറ്റിസ്ഥാപിക്കാനുള്ള പ്ലാൻ മണിഡോക്ടർ
സ്വന്തം പ്രിസ്ക്രിപ്ഷൻ പാഡിൽ വരച്ചു കൊണ്ടിരുന്നു.
