വർണ്ണാഭമാണ് ഈ ലോകം. അസംഖ്യം വർണ്ണങ്ങൾ ലോകത്തിൽ കാഴ്ചയുടെ ഉത്സവം സൃഷ്ടിച്ച് കൊണ്ട് നിൽക്കുന്നു. എന്തിനേയും വർണ്ണഭരിതമാക്കാൻ നമുക്കെല്ലാം ഇഷ്ടമാണ്. അപ്പോഴും മനുഷ്യജീവിതത്തിന് ഏറ്റവും ആവശ്യമായ വായുവിനും വെള്ളത്തിനും നിറമില്ലെന്ന വൈരുധ്യം നില നിൽക്കുന്നു. ജലത്തിൽ ചായമാകുമ്പോൾ അതിന് നിറം കൈവരുന്നുണ്ട്. എന്നാൽ ജലത്തിന് വളരെ ചെറിയ തോതിൽ നിറമുണ്ടെന്ന ശാസ്ത്രമതം ഞാൻ കുട്ടിയായിരിയ്ക്കുമ്പോൾ വായിയ്ക്കാൻ ഇട വന്നിട്ടുണ്ട്. വെള്ളത്തിന് ശരിയ്ക്കും നിറമുണ്ടത്രേ. വളരെ നേർത്ത ഒരു നീല നിറം. ശരിയാവണമെന്നില്ല. എന്നാൽ തെളിനീരിന് രാത്രിയിൽ പോലും ചെറിയ നീല നിറമുണ്ടോ എന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ട്. അത് എന്തോ ആകട്ടെ. എങ്കിലും വർണ്ണങ്ങൾ മനുഷ്യരുടെ കണ്ണുകൾ വളരെ ഇഷ്ടപ്പെടുന്നു എന്ന കാര്യത്തിൽ സംശയമില്ല. അതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങൾ ഫോട്ടോഗ്രാഫിയും സിനിമയും ആണ്. കറുപ്പിലും വെളുപ്പിലും ഉള്ള ഫോട്ടോകളും സിനിമകളും നമ്മിൽ താരതമ്യേനേ മുതിർന്ന ആളുകളുടെ നൊസ്റ്റാൾജിയയ്ക്ക് നിറം പകരുന്നു എന്നത് ശരിയാണ്. പക്ഷേ സാങ്കേതിക വിദ്യ വികസിയ്ക്കുന്നതിനു മുൻപ് മനുഷ്യർ എടുത്തിരുന്ന കറുപ്പും വെളുപ്പും നിറമുള്ള ഫോട്ടോഗ്രാഫുകളും, സിനിമകളും ഇന്നത്തെ വർണ്ണവെളിച്ചത്തിന്റെ പശ്ചാത്തലത്തിൽ കാണുമ്പോൾ തോന്നുന്ന വ്യത്യാസം വളരെയധികമാണല്ലോ.
എങ്കിലും ഈ പ്രപഞ്ചത്തിന്റെ സവിശേഷ സുഷ്ടിയായ മനുഷ്യന്റെ ശരീരത്തിന് ഈ വർണ്ണ വൈവിധ്യമൊന്നുമില്ലല്ലോ. തൊലിയിലെ മെലാനിൻ എന്ന വസ്തുവിന്റെ സാന്നിധ്യത്തിന്റെ അളവനുസരിച്ച് കറുപ്പ് മുതൽ വെളുപ്പ് വരെ മാത്രം വൈവിധ്യം. അസംഖ്യമായ നിറങ്ങൾ ഇന്ന് ലോകത്തുണ്ടല്ലോ. പച്ച, നീല, ചുവപ്പ്, മഞ്ഞ തുടങ്ങിയ ആഴമനുസരിച്ച് ഒന്നിനൊന്ന് വ്യത്യസ്തമായ എത്രയോ വർണ്ണങ്ങൾ. മനുഷ്യരുടെ ത്വക്കിനും ഇത് പോലുള്ള വർണ്ണ വൈവിധ്യങ്ങൾ ഉണ്ടെങ്കിൽ... പച്ചയായ മനുഷ്യൻ എന്ന ഒരു ഭാഷാ ശൈലി നിലവിലുണ്ടല്ലോ. അത് പച്ച നിറമുള്ള മനുഷ്യൻ എന്ന നിലയില്ല. അത് പോലേ മനുഷ്യ ഭാവനകളിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്ന മഞ്ഞു മനുഷ്യൻ അഥവാ യതി മറ്റൊരു വർണ്ണത്തെ പ്രതിനിധീകരിയ്ക്കുന്നു. ചോരയുടെ നിറം ചുവപ്പാണ്. എന്നാൽ ചുവന്ന നിറമുള്ള മനുഷ്യരില്ല. സിരകൾക്ക് നീലിച്ച നിറമുണ്ട്. ശരീരത്തിൽ ഓക്‌സിജന്റെ സാന്നിധ്യം അപകടകരമാം വിധം കുറയുമ്പോൾ മനുഷ്യന് താൽക്കാലികമായി കുറച്ചൊക്കെ നീല നിറമുണ്ടാവാറുണ്ട്. എങ്കിലും നീല നിറത്തിലും മനുഷ്യരില്ല. മംഗോളിയൻ വംശജരുടെ ത്വക്കിന് നേരിയ മഞ്ഞ നിറമുണ്ടോ എന്ന് തർക്കത്തിനു വേണ്ടി ആരെങ്കിലും പറഞ്ഞേയ്ക്കാം. പക്ഷേ അംഗീകാരം കിട്ടി എന്ന് വരില്ല. ഓറഞ്ച്, വയലറ്റ്, റോസ്, ക്രീം, പിങ്ക്... വർണ്ണ വൈവിധ്യങ്ങൾ എണ്ണിയാൽ തീരില്ലല്ലോ .... പക്ഷേ മനുഷ്യനോ? കാഴ്ചയിൽ കറുപ്പ്, വെളുപ്പ് എന്നീ വർണ്ണങ്ങളും പിന്നെ ഇതിനിടയിൽ നിൽക്കുന്ന ഇരു നിറവും മാത്രം. കൗതുകകരം തന്നെ.
തൊലി വെളുത്തതാണ് എന്നൊരു പ്രയോഗമുണ്ട്.. വെളുത്ത നിറമാണ് കേമം എന്നൊരു ധ്വനിയും ആ പ്രയോഗത്തിൽ ഉണ്ട്. കോടാനുകോടി മനുഷ്യർ കറുത്തിട്ടാണ്. കറുപ്പ് നിറം മനുഷ്യന് അഴക് കൂട്ടുന്നു എന്നല്ലേ വിചാരിയ്ക്കാവൂ... കറുപ്പിന് ഏഴഴകാണ് എന്ന് പറയാറുണ്ട്. കറുത്ത നിറമുള്ള ജീവിത വിജയം നേടുന്ന മനുഷ്യരെ കറുത്ത മുത്ത് എന്ന് വിളിയ്ക്കാറുണ്ട്. ഇപ്പോൾ ഫുട്‌ബോൾ ലോക കപ്പ് നടക്കുകയാണല്ലോ.ഫുട്‌ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച കളിക്കാരനെ കറുത്ത മുത്ത് എന്നാണ് പറയുന്നത്. ഈ കൊച്ചു കേരളത്തിനുമുണ്ടല്ലോ സ്വന്തമായി കുറേ കറുത്ത മുത്തുകൾ. കലാകാരൻ ശ്രീ. കലാഭവൻ മണി, ഫുട്‌ബോൾ താരം ശ്രീ. ഐ.എം. വിജയൻ എന്നിവർ ഒടുവിലത്തെ ഉദാഹരണങ്ങൾ മാത്രം. കേരളത്തിൽ മറ്റൊരു മണിയേക്കൂടി കറുത്ത മുത്ത് എന്ന് വിളിയ്ക്കുമായിരുന്നു. കേരളത്തിൽ വളരെ പ്രചാരമുള്ള കളിയാണ് ഫുട്‌ബോൾ. പക്ഷേ 1973 വരെ ദേശീയ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പ് ആയ സന്തോഷ് ട്രോഫി വിജയിയ്ക്കുവാൻ കേരളത്തിന് കഴിഞ്ഞിരുന്നില്ല. 1973 ൽ എറണാകുളത്ത് നടന്ന ആവേശകരമായ ഫൈനലിൽ റെയിൽവേയ്സിനെ 3-2 എന്ന ക്രമത്തിൽ തോൽപ്പിച്ച് കേരളം സന്തോഷ് ട്രോഫിയിൽ കന്നി 'മുത്ത' മിട്ടു. അന്ന് ഫൈനലിൽ ഹാട്രിക്ക് നേടി കേരളത്തിന്റെ വിജയത്തിന് നേതൃത്വം നൽകിയത് മറ്റൊരു കറുത്ത മുത്തായിരുന്നു. കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായിരുന്ന ശ്രീ. സുബ്രഹ്‌മണ്യൻ എന്ന മണി.
എല്ലാവരുടെയും ജീവിതത്തിൽ ഇത് പോലേ സ്വന്തമായും കറുത്ത മുത്തുകൾ ഉണ്ടാവും. എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരു കറുത്ത മുത്തിനെ ഓർമ്മ വരികയാണ്. ദേവയാനി എന്ന് സൗകര്യത്തിന് വേണ്ടി ഇവിടെ വിളിയ്ക്കുന്നു. (ശരിയ്ക്കും കറുപ്പിനോട് ബന്ധമുള്ള പേരാണവൾക്ക്). ഏതാണ്ട് പത്ത് പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോൾ മുതൽ ഞങ്ങളുടെ വീട്ടിൽ വരാൻ തുടങ്ങിയതാണ് ദേവയാനി.വലിയ പ്രതാപമൊന്നുമുള്ള കുടുംബം ആയിരുന്നില്ല ഞങ്ങളുടേത്. എങ്കിലും കുറച്ച് പറമ്പും പിന്നെ അന്നത്തെ സ്റ്റാറ്റസ് സിംബൽ ആയ നെൽകൃഷിയും ഉണ്ടായിരുന്നു. ഇവിടുങ്ങളിലെ സകല കൃഷിപ്പണികളും നിർവഹിച്ചു തന്നിരുന്നത് ദേവയാനിയും അവളുടെ കുടുംബത്തിലെ അംഗങ്ങളും ചേർന്നായിരുന്നു. അങ്ങനെയാണ് ഉദ്യോഗസ്ഥയും മൂന്ന് മക്കളുടെ അമ്മയുമായ ഞങ്ങളുടെ അമ്മയെ വീട്ടു പണികളിൽ സഹായിക്കാൻ ദേവയാനി വീട്ടിൽ വരാൻ തുടങ്ങിയത്. സ്‌കൂളിൽ പോകാൻ ദേവയാനിയ്ക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. സ്വന്തം പേര് പോലും അവൾക്ക് എഴുതാൻ കഴിയുമായിരുന്നോ എന്ന് സംശയമാണ്. എങ്കിലും ആരോഗ്യവതിയായിരുന്നു അവൾ. കരുത്തുറ്റവളായിരുന്നു അന്നേ അവൾ. പക്ഷേ ശരിയ്ക്കും കാക്കക്കറുമ്പി. എണ്ണ മയിലി. അവർ മൂന്ന് പെൺ മക്കൾ ആയിരുന്നു. ഒരു സഹോദരനും ഉണ്ടായിരുന്നു എന്നാണ് ഓർമ്മ. ദേവയാനി ആയിരുന്നു മൂത്തവൾ. മൂന്ന് പേരും കാണാൻ മോശമായിരുന്നില്ല. പക്ഷേ മറ്റു രണ്ട് പേരും അത്ര കറുത്തിട്ടില്ല. മറ്റു രണ്ട് പേരും വാടിയ നേരിയ വെള്ള നിറം.
രണ്ടാമത്തവളെ തല്ക്കാലം സുമതി എന്ന് വിളിയ്ക്കാം. സുമതി അത്യാവശ്യം പഠിയ്ക്കാനും കൊള്ളാം. ശ്രമിച്ചാൽ അവരുടെ സാമൂഹികാവസ്ഥ പരിഗണിച്ചാൽ നല്ലൊരു സർക്കാർ ജോലിയ്ക്കും സാധ്യത ഉണ്ടായിരുന്നു. ഞങ്ങളുടെ ബാല്യം എന്ന് പറഞ്ഞാൽ പൂവാലന്മാർ ഉള്ള കാലമാണ്. അത്യാവശ്യം കൊള്ളാവുന്ന
പെൺകുട്ടികളാണെങ്കിൽ പിന്നാലെ നടക്കാനും കമന്റടിയ്ക്കാനും ആൺകുട്ടികൾ പുറകെ കൂടും. കറുമ്പി ദേവയാനിയ്ക്ക് അത്തരം ശല്യം അധികം ഉണ്ടായിരുന്നില്ല. പക്ഷേ സുമതിയ്ക്ക് ഇഷ്ടം പോലെ ഉണ്ടായിരുന്നു. പക്ഷേ സുമതി ആരേയും വക വെച്ചില്ല. ഇന്നത്തെ പോലെയല്ല. അന്ന് പെൺകുട്ടികളുടെ പ്രണയം പിടിച്ചു പറ്റാനൊക്കെ പെടാപാടാണ്. എങ്കിലും സുമതിയ്ക്ക് ലക്ഷ്യ ബോധം ഉണ്ടായിരുന്നു എന്ന് എനിയ്ക്ക് തോന്നുന്നില്ല. പഠിയ്ക്കാൻ കഴിവുണ്ടായിട്ടും അതിനു ശ്രദ്ധ വെയ്ക്കാതെ എന്റെ അമ്മാവന്റെ വീട്ടിൽ അടുക്കള പണികൾക്ക് വന്നു. സർക്കാർ ജോലി കിട്ടേണ്ട ആൾ ഒരു സർക്കാർ ഓഫിസിലെ ശുചീകരണത്തൊഴിലിൽ തൃപ്തയായി. വിവാഹം കഴിയ്ക്കാൻ ആണുങ്ങളെ കിട്ടുമായിരുന്നിട്ടും അതെന്തോ അപരാധമാണെന്ന മട്ടിൽ അവിവാഹിതയായി തുടർന്നു. ഭക്ഷണം പോലും ശരിയായി കഴിച്ചിരുന്നില്ല. അത് കൊണ്ട് കടുത്ത വിളർച്ച ഉണ്ടായിരുന്നു. ഞാൻ മരുന്ന് കഴിയ്ക്കാൻ കുറേ പറഞ്ഞിട്ടുണ്ട്. ചിരിച്ചു കൊണ്ട് അവഗണിയ്ക്കും. ശക്തിയായ വിളർച്ച കാരണം അവളുടെ ഹൃദയം പോലും ശരിയായി പ്രവർത്തിച്ചിരുന്നില്ല എന്നാണ് എന്നിലെ മെഡിക്കൽ വിദ്യാർത്ഥിയുടെ നിഗമനം.
മൂന്നാമത്തെ കുട്ടി മാലതി ഇവർക്ക് രണ്ട് പേർക്കും എല്ലാം കൊണ്ടും മദ്ധ്യേ ആയിരുന്നു. കാണാനും നിറത്തിലും പ്രായോഗികതയിലും. വീട് പണികൾക്ക് പോകുമായിരുന്നെങ്കിലും നല്ല പ്രായത്തിൽ തന്നെ വിവാഹം കഴിച്ചു. കുട്ടികളും കുടുംബവുമായി ജീവിതം അർത്ഥപൂർണ്ണമാക്കി.
എങ്കിലും കൂട്ടത്തിൽ മിടുക്കും പ്രാപ്തിയും മൂത്തവൾ ദേവയാനിയ്ക്ക് തന്നെയായിരുന്നു. ചെറുപ്രായത്തിൽ തന്നെ കാഠിന്യമുള്ള കൂലിപ്പണികൾക്ക് പോവാൻ തുടങ്ങി. ഞങ്ങളുടെ വീടുപണികളും കൂലിപ്പണിയും മുടക്കം കൂടാതെ ഒരുമിച്ച് കൊണ്ട് പോയി.അവളുടെ കീഴ്ച്ചുണ്ടിൽ ഒരു ചെറിയ വെളുത്ത പാടുണ്ടായിരുന്നു. കാലത്ത് അവൾ കഴിച്ചിരുന്നത് ഞങ്ങളുടെ വെള്ളച്ചോറായിരുന്നു. വെള്ളച്ചോറ് എന്ന് പറഞ്ഞാൽ പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയുമോ എന്തോ? വീട്ടിൽ രാത്രിയിൽ ബാക്കി വരുന്ന ചോറ് വെള്ളമൊഴിച്ചു വെയ്ക്കും. അതാണ് പിറ്റേന്ന് വെള്ളച്ചോറായി സന്തോഷത്തോടെ ദേവയാനിയെപ്പോലുള്ളവർ കഴിയ്ക്കുന്നത്. കൗതുകത്തിനു പോലും അന്നത് കഴിയ്ക്കാൻ തോന്നിയിട്ടില്ല. എന്നാൽ ഇപ്പോൾ വെള്ളച്ചോറിന് ചെറിയ ഒരു സ്റ്റാർ പദവിയൊക്കെ കിട്ടാൻ തുടങ്ങിയിട്ടുണ്ട്. പോഷക സമൃദ്ധമാണ് വെള്ളച്ചോറ് എന്ന് പറയുന്നു. പക്ഷേ അന്നത് പാവങ്ങൾ മാത്രമേ കഴിച്ചിരുന്നുള്ളൂ എന്ന് മാത്രം. കൂടെ കൊടുക്കുവാൻ മിയ്ക്കവാറും ചുട്ട പപ്പടം ആയിരിയ്ക്കും. അതും ഉപ്പും ചേർത്ത് കൈ കൊണ്ട് വാരിയാണ് കഞ്ഞി പോലുള്ള വെള്ളച്ചോറ് കഴിയ്ക്കുന്നത്. വിഭവങ്ങൾ പോരെന്നു തോന്നുമ്പോൾ ദേവയാനി തൊട്ടടുത്തുള്ള കവുങ്ങ് പറമ്പിലേയ്ക്ക് ഇറങ്ങും. അവിടെ പറമ്പിൽ നിറയെ ഒരു തരം ചെടികൾ വളർന്നു നിൽക്കുന്നുണ്ടാവും. കളച്ചെടികളാണ്.. മാങ്ങയിഞ്ചി എന്ന് പറയും. ഒരു തരം ഇഞ്ചി തന്നെ. പക്ഷേ ആർക്കും അത് വേണ്ട. പഴുത്ത മാങ്ങയുടെ നിറമാണ് അതിന്റെ കാമ്പിന്. അത് കൊണ്ടായിരിയ്ക്കാം മാങ്ങയിഞ്ചി എന്നുള്ള പേര് കിട്ടിയത്. ദേവയാനി ആ ഇഞ്ചി കൊണ്ട് ഒരു ചമ്മന്തി അരച്ചുണ്ടാക്കി വെള്ളച്ചോറിനോടൊപ്പം കഴിയ്ക്കും. ഒരിയ്ക്കലെങ്കിലും ഈ രുചിക്കൂട്ട് കഴിച്ചു നോക്കാത്തതിൽ ഇപ്പോൾ നഷ്ട ബോധം തോന്നുന്നു.
പെൺകുട്ടികളുടെ വളർച്ച പെട്ടെന്നാണല്ലോ. ദേവയാനിയും വളർന്നു. ആകാര ഭംഗിയുള്ള ഒരു യുവതിയായി.അവൾക്കും പൂവാല ശല്യവും കമന്റടിയും കുറച്ചൊക്കെയുണ്ടായി. അന്ന് കറുമ്പിയായ ദേവായാനിയെ ആൺ പിള്ളേർ കമന്റടിച്ചിരുന്നത് ഞാവൽപ്പഴങ്ങൾ എന്ന ചിത്രത്തിന് വേണ്ടി മുല്ലനേഴി രചിച്ച സൂപ്പർഹിറ്റ് ഗാനത്തിലെ വരികൾ ആലപിച്ചിട്ടാണ്. അന്നത്തെ നല്ലൊരു ശതമാനം ആൺകുട്ടികളും നന്നായി പാടുമായിരുന്നു.
അവർ പാടിയിരുന്നത് ഇങ്ങനെയായിരുന്നു
കറുകറുത്തൊരു പെണ്ണാണേ....
നാടിന്റെ ഓമനമോളാണേ....
എള്ളിൻ കറുപ്പ് പുറത്താണേ...
ഉള്ളിന്റെ ഉള്ള് തുടുത്താണേ...
അധ:കൃതയായ ദേവയാനി ചരിത്രം സൃഷ്ടിയ്ക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ നാട്ടിലെ ഒരു സമ്പന്ന നായർ ജന്മി കുടുംബത്തിലെ വെളുത്ത നിറമുള്ള സാക്ഷാൽ മഹാ ദേവന്റെ പേരുള്ള സുന്ദരനായ ചെറുപ്പക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ച് അവൾ നാട്ടുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ശരിയ്ക്കും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പോലെ ആയിരുന്നു അവർ. അവളെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓർമ്മ എന്റെ അച്ഛന്റെ മരണവുമായി ബന്ധപ്പെട്ടാണ്. അന്ന് കേവലം രണ്ട് വയസ്സ് മാത്രം പ്രായമുള്ള എന്റെ ചേച്ചിയുടെ മകനെ മരണ ദിവസവും രാത്രിയുമൊക്കെ ഒക്കത്ത് എടുത്ത് നടന്നിരുന്നത് ദേവയാനി ആയിരുന്നു.പിന്നെ വീട്ടു ജോലിയും കുടുംബ ജീവിതവും കൂലിപ്പണിയും എല്ലാം ഒരുമിച്ച് കൊണ്ട് നടക്കാനാവാതെ ദേവയാനി ഞങ്ങളുടെ വീട്ടിൽ ജോലിയ്ക്ക് വരാതെയായി. എന്റെ കണക്കിൽ ദേവയാനിയ്ക്ക് ഇപ്പോൾ എഴുപത് വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടാകൂ. മുടിയും നരച്ച് ഒരു മുത്തശ്ശിയായി ദേവായാനി ഇപ്പോളും എന്റെ നാട്ടിൽ ഉണ്ടാകണം. കാരണം ആരോഗ്യം ആയിരുന്നല്ലോ ദേവയാനിയുടെ ഏറ്റവും വലിയ സമ്പത്ത്. അത് അണയുവാനുഉള്ള സമയം ഇനിയും ആകുന്നതല്ലേയുള്ളൂ.