കോഴിക്കോട് കോർപ്പറേഷൻ ഓഫീസിൽ പോയി തിരിച്ചു വരുമ്പോൾ കടലിന്റെ പുറം റോഡിലൂടെ ഒന്ന് കറങ്ങി. പതിയെയുള്ള എന്റെ സ്കൂട്ടറിന്റെ സഞ്ചാരം കണ്ടിട്ടാവണം അവൾ കൈ നീട്ടി റോഡിലേക്ക് കയറി വന്നത്.
ഞാൻ വണ്ടി നിർത്തി.
“എന്നെ ഒന്ന് KSRTC സ്‌റ്റാറ്റിൽ ഡ്രോപ്പ് ചെയ്യുമോ ?
അവളിൽ ഞാനാരാണെന്നുമുള്ള ഒരജ്ഞതാ ഭാവമൊന്നും ഉണ്ടായിരുന്നില്ല.
എനിക്കാന്നും തിരിച്ച് ചോദിക്കാൻ തോന്നിയില്ല. അതിനു മുൻപെ ഞാൻ സമ്മതിച്ചു എന്ന മട്ടിൽ അവൾ എന്റെ സ്കൂട്ടറിന്റെ പിൻസീറ്റിൽ കയറി എന്ന തൊട്ടുരുമ്മി ഇരുന്നു. യാത്രക്കിടയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല. അവളുടെ നിറം മങ്ങിയ മുഖം എന്റെ ഓർമ്മയിൽ എവിടെയൊക്കെ പരതി…
എവിടെയോ വെച്ച്…
ഞാൻ സ്വയം ചിന്തിക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
“കൺഫ്യൂഷനാകണ്ട നമ്മൾ തമ്മിൽ ഒരു പരിചയവുമില്ല”
എന്റെ മനസ്സിലെ ചോദ്യങ്ങൾ ഒരോന്നായി വായിച്ചെടുത്ത പോലെ അവൾ സംസാരിച്ചു തുടങ്ങി.
“ബീച്ച് ഹോസ്പിറ്റിലിൽ വന്നതായിരുന്നു. പുറമെ നിന്നള്ള മരുന്നും ഒരു സ്കാനിങ്ങും കഴിഞ്ഞപ്പോൾ കയ്യിലെ കാശ് തീർന്നു.
ട്യൂമറിന്റെ തുടക്കാന്നാ പറഞ്ഞത്… തലയില്…
ഒരു മോളുണ്ട്… 8 വയസ്സായി… അടുത്ത വീട്ടില് നിർത്തിയിട്ടാ പോന്നത്. ഭർത്താവ് കഴിഞ്ഞ മാസം മരിച്ചു…
കുടിച്ച് … കുടിച്ച് …. മരിച്ചു…
യാത്രക്കിടയിൽ എനിക്കൊന്നും ചോദിക്കാൻ അവസരം തന്നില്ല.
പരപ്പനങ്ങാടിയിലാ ഇപ്പോ താമസിക്കുന്നത്…
സ്കൂട്ടർ മാവൂർ റോഡ് പഴയ സാഗർ ഹോട്ടലിൻ്റെ അടുത്തെത്തിയപ്പോൾ ഞാൻ പറഞ്ഞു “എന്തെങ്കിലും കഴിക്കണോ ?”
നിസ്സംഗമായ അവളുടെ ആഭാവം കണ്ടപ്പോൾ ഞാൻ വണ്ടി നിർത്തി അവളേയും കുട്ടി ഹോട്ടലിനുള്ളിലേക്ക് കയറി.
കോഴിക്കോടൻ ബിരിയാണി അവൾ ആർത്തിയോടെ വാരിവലിച്ചു തിന്നു തീർത്തു.
അവൾ കൈ കഴുകാൻ പോയ തക്കത്തിൽ തീൻ മേശയിൽ പുറത്തെടുത്തു വെച്ച അവളുടെ കാലി പേഴ്സിൽ ആയിരം രൂപ വെച്ചു.
കൈ കഴുകി വന്ന അവൾ എന്നെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു.
“പോട്ടെ….”
മുന്നോട്ട് നടക്കുന്നതിനിടയിൽ ഒന്നു പിൻ തിരിഞ്ഞ് നിന്ന് അവൾ എന്നെ നോക്കി.
“ബുദ്ധിമുട്ടായീന്നറിയാം പൈസ…. വച്ചത് ഞാൻ കണ്ടിരുന്നു… ഇപ്പഴും വേങ്ങേരി തന്നെയല്ലേ താമസിക്കണത്?
ഒരു നിമിഷം!
ഞാൻ തരിച്ചു പോയി.
“മീര..!!!”
ഒരു നടുക്കത്തോടെ എന്റെ മനസ്സ് സംസാരിച്ചു.
പ്രീഡിഗ്രിക്ക് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ എന്റെ ബാച്ചിൽ പഠിച്ച പെൺകുട്ടി !
ഗവ. ആർട്സ് കോളേജിലെ തണൽ മരത്തിനുതാഴെ നിന്ന് ഒരിക്കൽ കുറേ നേരം നിന്ന് സംസാരിച്ചപ്പോൾ എനിക്കവളോട് അറിയാതെ പ്രേമം തോന്നി പോയിട്ടുണ്ട്.
എഴുത്തുകാരി, നന്നായി പാടും, പഠിക്കും ഇളം കറുപ്പിനഴകും നല്ല മനസ്സുമാണ് പിന്നെന്തു വേണം പ്രേമം തോന്നാതിരിക്കാൻ….
മനസ്സിൽ തോന്നിയത് പറയാൻ തോന്നിയ പല സന്ദർഭമുണ്ടായിട്ടും എന്തോ തോന്നിയില്ല. ആ ഓർമ്മകളിൽ നിന്നും മെല്ലെ മുഖം തിരിച്ചപ്പോൾ…. അവൾ ഓട്ടോയിലെക്ക് കയറി കൈവീശി.
ഓട്ടോ അകന്നു പോകുന്നു….
അവളെ ചുറ്റിപറ്റിയ എന്റെ മനസ്സും…

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

0 0 votes
Article Rating
0 Comments

Recently added