ഡിജിറ്റൽ സൺസെറ്റ്. ഡിജിറ്റൽ യുഗത്തിലെ വിശ്രമത്തിന്റെ രാഷ്ട്രീയം

സാങ്കേതികവിദ്യ മനുഷ്യനാഗരിക ചരിത്രത്തിലെ സുപ്രധാന പരിവർത്തനശക്തികളിലൊന്നാണ്. തീയുടെ കണ്ടെത്തൽ, അച്ചടിയുടെ കണ്ടുപിടിത്തം, വ്യവസായവിപ്ലവം, വൈദ്യുതിയുടെ വ്യാപനം—ഇവയോരൊന്നും മനുഷ്യജീവിതത്തിന്റെ ഗതിയെ അടിസ്ഥാനപരമായി മാറ്റിമറിച്ചു. അതുപോലെ തന്നെ ഡിജിറ്റൽ വിപ്ലവവും മനുഷ്യന്റെ ദൈനംദിന അനുഭവങ്ങളെയും ബന്ധങ്ങളെയും തൊഴിൽസംസ്കാരത്തെയും സമയബോധത്തെയും പുതിയ രീതിയിൽ പുനർനിർവചിച്ചിരിക്കുകയാണ്. ഓരോ സാങ്കേതിക മുന്നേറ്റവും മനുഷ്യന് പുതിയ സ്വാതന്ത്ര്യങ്ങൾ സമ്മാനിക്കുന്നതിനൊപ്പം പുതിയ നിയന്ത്രണരീതികളും ഉണ്ടാക്കാറുണ്ട്. ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും വലിയ വൈരുധ്യവും ഇതുതന്നെയാണ്. മനുഷ്യരെ കൂടുതൽ അടുപ്പിക്കാനും ബന്ധിപ്പിക്കാനുമായി രൂപകൽപ്പന ചെയ്ത സാങ്കേതികവിദ്യ ക്രമേണ മനുഷ്യന്റെ സ്വകാര്യസമയത്തിലും വിശ്രമാവകാശത്തിലും നിശ്ശബ്ദമായി കൈയേറ്റംനടത്തുന്ന സംവിധാനമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ പശ്ചാത്തലത്തിലാണ് ലോകമാകെ ശ്രദ്ധ നേടുന്ന സാമൂഹിക-രാഷ്ട്രീയ സംവാദങ്ങളിലൊന്നായി വിച്ഛേദിക്കപ്പെടാനുള്ള അവകാശം ഉയർന്നുവരുന്നത്. ജോലി സമയം കഴിഞ്ഞാൽ ഇ-മെയിലുകൾക്കും ഔദ്യോഗിക സന്ദേശങ്ങൾക്കും ഫോൺവിളികൾക്കും മറുപടി നൽകാതിരിക്കാനുള്ള ജീവനക്കാരന്റെ അവകാശം മാത്രമല്ല അത്. മനുഷ്യന് തന്റെ സമയത്തിന്മേലുള്ള ഉടമസ്ഥാവകാശം തിരിച്ചുപിടിക്കാനുള്ള ഒരു സാമൂഹിക ശ്രമം കൂടിയാണത്. അതുകൊണ്ടുതന്നെ ഈ ആശയം തൊഴിൽനിയമത്തിന്റെ സാങ്കേതിക പരിധികളെ മറികടന്ന് മനുഷ്യാവകാശം, മാനസികാരോഗ്യം, സാമൂഹികനീതി, കുടുംബജീവിതം, ജനാധിപത്യം, സാംസ്കാരിക സ്വാതന്ത്ര്യം എന്നിവയെ സ്പർശിക്കുന്ന പുതിയ ആഗോള സംവാദമായി വികസിച്ചിരിക്കുന്നു .
വ്യാവസായിക സമൂഹത്തിൽ ജോലിക്കും വിശ്രമത്തിനും തമ്മിൽ വ്യക്തമായ അതിരുകളുണ്ടായിരുന്നു. ഫാക്ടറിയുടെ സൈറൺ മുഴങ്ങുമ്പോൾ ജോലി അവസാനിക്കുമായിരുന്നു. തൊഴിലാളി വീട്ടിലേക്ക് മടങ്ങുമ്പോൾ തൊഴിലും അവിടെ അവസാനിക്കുമായിരുന്നു. ജോലി മനുഷ്യജീവിതത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു; മുഴുവൻ ജീവിതമല്ല. കുടുംബം, അയൽപക്കം, സൗഹൃദങ്ങൾ, വായന, കല, വിശ്രമം, മതം, സാമൂഹികബന്ധങ്ങൾ എന്നിവയ്ക്കെല്ലാം തൊഴിൽസമയം കഴിഞ്ഞ് സ്വതന്ത്രമായ ഇടമുണ്ടായിരുന്നു. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വ്യക്തിജീവിതം എന്ന ആശയം ഒരു തൊഴിൽക്രമം മാത്രമായിരുന്നില്ല; മനുഷ്യജീവിതത്തിന്റെ സന്തുലിതാവസ്ഥയെക്കുറിച്ചുള്ള ഒരു സാംസ്കാരിക ദർശനമായിരുന്നു.
എന്നാൽ ഡിജിറ്റൽ യുഗം ഈ അതിരുകളെ അദൃശ്യമായി മായ്ച്ചുകളഞ്ഞു. സ്മാർട്ട്ഫോണുകൾ, ക്ലൗഡ് കമ്പ്യൂട്ടിങ്, തൽക്ഷണ സന്ദേശവിനിമയ സംവിധാനങ്ങൾ, വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്ഫോമുകൾ എന്നിവ ജോലിയെ സ്ഥലത്തിന്റെയും സമയത്തിന്റെയും ബന്ധനങ്ങളിൽനിന്ന് മോചിപ്പിച്ചു. യാത്രാസമയം കുറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങൾ വർധിച്ചു. ഭൂഖണ്ഡങ്ങൾ കടന്നുള്ള സഹകരണം എളുപ്പമായി. വൈകല്യമുള്ളവർക്കും കുടുംബചുമതലകൾ വഹിക്കുന്നവർക്കും തൊഴിൽരംഗത്തേക്ക് കൂടുതൽ സജീവമായി പ്രവേശിക്കാൻ കഴിഞ്ഞു. ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യന്റെ തൊഴിൽജീവിതത്തിന് അനേകം പുതിയ സാധ്യതകൾ തുറന്നുകൊടുത്തു.

വലിയ നേട്ടങ്ങൾക്കൊപ്പം അദൃശ്യമായ മറ്റൊരു മാറ്റവും സംഭവിച്ചു. ഓഫീസ് മനുഷ്യന്റെ ജീവിതത്തിൽ നിന്ന് പുറത്തേക്ക് പോയില്ല; മറിച്ച് മനുഷ്യന്റെ ജീവിതം തന്നെ ഓഫീസിനുള്ളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു. ജോലിസ്ഥലം ഇന്ന് ഒരു കെട്ടിടത്തിനുള്ളിൽ ഒതുങ്ങുന്നില്ല; അത് മനുഷ്യന്റെ പോക്കറ്റിലുള്ള ഒരു ഉപകരണത്തിനുള്ളിലാണ്. അതുകൊണ്ട് കിടപ്പുമുറിയും ഭക്ഷണമേശയും ആശുപത്രിയും അവധിയാത്രയും കുടുംബസംഗമവും ഒരുപോലെ ജോലിസ്ഥലങ്ങളായി മാറി. ഒരുകാലത്ത് ‘എവിടെനിന്നും ജോലി ചെയ്യാം’എന്നത് സ്വാതന്ത്ര്യത്തിന്റെ ഭാഷയായിരുന്നു. ഇന്ന് അത് ‘എവിടെയായാലും ജോലി ചെയ്യാൻ സന്നദ്ധനായിരിക്കണം’എന്ന അദൃശ്യ നിർദേശത്തിന്റെ ഭാഷയായി മാറിയിരിക്കുന്നു. എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം എന്ന സൗകര്യം ‘എപ്പോഴും ലഭ്യമായിരിക്കണം’എന്ന തൊഴിൽസംസ്കാരത്തെ സൃഷ്ടിച്ചിരിക്കുന്നു. സ്വാതന്ത്ര്യം ബാധ്യതയായി രൂപാന്തരപ്പെട്ട ഈ പരിവർത്തനമാണ് ഡിജിറ്റൽ തൊഴിൽലോകത്തിന്റെ ഏറ്റവും വലിയ വിരോധാഭാസം.
കോവിഡ്-19 മഹാമാരി ഈ മാറ്റങ്ങളെ അസാധാരണമായ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. വീട്ടിലിരുന്നുള്ള ജോലിയും ഹൈബ്രിഡ് തൊഴിൽരീതിയും ലോകവ്യാപക തൊഴിൽസംസ്കാരത്തിന്റെ ഭാഗമായി. തുടക്കത്തിൽ അത് മനുഷ്യനെ ഓഫീസിന്റെ ഭൗതിക ചട്ടക്കൂടിൽനിന്ന് മോചിപ്പിക്കുന്ന പുതിയ സാധ്യതയായി തോന്നി. എന്നാൽ അധികം വൈകാതെ വീട് ഓഫീസായി മാറുകയും ഓഫീസ് വീടിന്റെ എല്ലാ ഇടങ്ങളിലേക്കും വ്യാപിക്കുകയും ചെയ്തു. ഡൈനിങ് ടേബിൾ മീറ്റിങ് മുറിയായി, കിടപ്പുമുറി ജോലിസ്ഥലമായി, കുടുംബസമയം ഔദ്യോഗിക വീഡിയോ കോൺഫറൻസുകളുടെ ഇടവേളയായി ചുരുങ്ങി. ഭൗതിക അതിരുകൾ ഇല്ലാതായപ്പോൾ മാനസിക അതിരുകളും ക്രമേണ തകരാൻ തുടങ്ങി.
ഈ സാഹചര്യത്തിലാണ് തൊഴിൽലോകത്ത് എപ്പോഴും ലഭ്യമായിരിക്കണം എന്ന സംസ്കാരം ശക്തിപ്പെട്ടത്. ജോലി സമയം കഴിഞ്ഞിട്ടും ഇ-മെയിലുകൾ പരിശോധിക്കുക, സന്ദേശങ്ങൾക്ക് ഉടൻ മറുപടി നൽകുക, ഓൺലൈനിൽ സജീവമായി പ്രത്യക്ഷപ്പെടുക, ഫോൺവിളികൾ സ്വീകരിക്കുക എന്നിവ പല സ്ഥാപനങ്ങളുടെയും അദൃശ്യ തൊഴിൽസംസ്കാരത്തിന്റെ ഭാഗമായി മാറി. ഈ കല്പനകൾ നിയമപുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രകടനവിലയിരുത്തലിലും സ്ഥാനക്കയറ്റങ്ങളിലും സ്ഥാപനത്തിന്റെ അംഗീകാരങ്ങളിലും അവ നിർണായക പങ്കുവഹിക്കുന്നു. ക്രമേണ ജോലിയെക്കാൾ ലഭ്യതയ്ക്കാണ് പ്രാധാന്യം ലഭിക്കുന്നത് എന്ന് വരുന്നു. തൊഴിൽനൈപുണ്യത്തെക്കാൾ പ്രതികരണവേഗമാണ് ആത്മാർത്ഥതയുടെ മാനദണ്ഡമായി മാറുന്നത്.
ഇവിടെ ശ്രദ്ധേയമായ ഒരു മാനസിക പരിവർത്തനം നടക്കുന്നു.
മനുഷ്യൻ ജോലിചെയ്യുന്നതുകൊണ്ടു മാത്രമല്ല തളരുന്നത്; ഏത് നിമിഷവും ജോലി ചെയ്യേണ്ടിവന്നേക്കാമെന്ന നിരന്തര അദൃശ്യ ഭീതിയിലൂടെയാണ് കൂടുതൽ ക്ഷീണിക്കുന്നത്. ഔദ്യോഗിക സന്ദേശം വന്നിട്ടില്ലെങ്കിലും അത് ഏതു നിമിഷവും വന്നേക്കാമെന്ന ബോധം തന്നെ മനസ്സിനെ തുടർച്ചയായ ജാഗ്രതയിൽ നിർത്തുന്നു. അതുകൊണ്ട് വിശ്രമം എന്നത് ജോലി ചെയ്യാതിരിക്കുന്ന അവസ്ഥ മാത്രമല്ല; ജോലിയെക്കുറിച്ചുള്ള ചിന്തകളിൽനിന്ന് മോചിതനാകുന്ന അവസ്ഥ കൂടിയാണ്. എന്നാൽ ഡിജിറ്റൽ തൊഴിൽസംസ്കാരം മനുഷ്യനിൽനിന്ന് ഈ മാനസിക വിശ്രമം നിശ്ശബ്ദമായി അപഹരിച്ചിരിക്കുന്നു.

പുതിയ പ്രതിഭാസത്തെ സാമ്പത്തികശാസ്ത്രത്തിന്റെയോ തൊഴിൽപഠനത്തിന്റെയോ ഭാഷയിൽ മാത്രം വിശദീകരിക്കാൻ കഴിയില്ല. അധികാരത്തിന്റെ ആധുനിക രൂപങ്ങളെക്കുറിച്ചുള്ള മിഷേൽ ഫൂക്കോയുടെ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. ആധുനിക സമൂഹത്തിൽ അധികാരം ബലപ്രയോഗത്തിലൂടെ മാത്രമല്ല പ്രവർത്തിക്കുന്നത്; മനുഷ്യൻ സ്വയം നിയന്ത്രിക്കുന്ന സംവിധാനങ്ങളിലൂടെയും അത് പ്രവർത്തിക്കുന്നു. ഡിജിറ്റൽ തൊഴിൽസംസ്കാരവും സമാനമായ ഒരു അദൃശ്യ അധികാരഘടനയാണ് സൃഷ്ടിക്കുന്നത്. ജീവനക്കാരനെ എല്ലാ രാത്രിയും ജോലി ചെയ്യാൻ ആരും നേരിട്ട് നിർബന്ധിക്കുന്നില്ല. എന്നാൽ എപ്പോഴും ലഭ്യമായിരിക്കണമെന്ന അദൃശ്യ കല്പന മനുഷ്യനെ സ്വയം നിരീക്ഷിക്കാനും സ്വയം നിയന്ത്രിക്കാനും പ്രേരിപ്പിക്കുന്നു. അങ്ങനെ അധികാരം പുറത്തുള്ള മേലധികാരിയിൽനിന്ന് മാറി മനുഷ്യന്റെ മനസ്സിനുള്ളിലെ ആത്മനിയന്ത്രണമായി രൂപാന്തരപ്പെടുന്നു.

കൊറിയൻ-ജർമ്മൻ ചിന്തകനായ ബ്യുങ്-ചുൽ ഹാൻ തന്റെ ‘ദ ബേൺഔട്ട് സൊസൈറ്റി’എന്ന പുസ്തകത്തിൽ അവതരിപ്പിക്കുന്ന ആശയങ്ങൾ ഈ യാഥാർഥ്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. വ്യവസായസമൂഹത്തിൽ തൊഴിലാളി തൊഴിലുടമയാൽ ചൂഷണം ചെയ്യപ്പെട്ടിരുന്നുവെങ്കിൽ, വെർച്വൽ സമൂഹത്തിൽ മനുഷ്യൻ സ്വയം ചൂഷണം ചെയ്യുന്ന അവസ്ഥയിലേക്കാണ് എത്തിച്ചേരുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. വിജയിക്കണം, കൂടുതൽ ഉൽപ്പാദനക്ഷമനാകണം, എപ്പോഴും സജീവമായിരിക്കണം എന്ന നവലിബറൽ തൊഴിൽസംസ്കാരം മനുഷ്യനെ,തന്റെതന്നെ അദൃശ്യ മേലധികാരിയാക്കി മാറ്റുന്നു. അതുകൊണ്ടുതന്നെ ഇന്നത്തെ ചൂഷണത്തിന് ഫാക്ടറിയുടെ മതിലുകളോ ഓഫീസ് സമയമോ ആവശ്യമില്ല. അത് മനുഷ്യന്റെ മനസ്സിൽ സ്ഥിരതാമസമാക്കുകയും വ്യക്തിയുടെ ആത്മബോധത്തെ തന്നെ തൊഴിൽസംസ്കാരത്തിന്റെ നിയന്ത്രണോപാധിയാക്കുകയും ചെയ്യുന്നു.

ഡിജിറ്റൽ സാങ്കേതികവിദ്യകൾ തൊഴിലിന്റെ സ്വഭാവത്തെ മാത്രമല്ല, സമയത്തെക്കുറിച്ചുള്ള നമ്മുടെ സാംസ്കാരിക ബോധത്തെയും മാറ്റിമറിച്ചിട്ടുണ്ട്. ഒരുകാലത്ത് വ്യക്തിസമയം ഉൽപ്പാദനത്തിനപ്പുറമുള്ള ജീവിതത്തിന്റെ മേഖലയായിരുന്നു. കുടുംബത്തിനും സൗഹൃദങ്ങൾക്കും വായനയ്ക്കും കലാസ്വാദനത്തിനും വിശ്രമത്തിനും ആത്മപരിശോധനയ്ക്കും അത് മാറ്റിവെച്ചിരുന്നു. എന്നാൽ ഇന്ന് ആ സമയം പോലും ഉൽപ്പാദനക്ഷമതയുടെ മാനദണ്ഡങ്ങൾക്കുള്ളിൽ അളക്കപ്പെടുകയാണ്. വിശ്രമം അടുത്ത ജോലിക്കുള്ള തയ്യാറെടുപ്പായി വ്യാഖ്യാനിക്കപ്പെടുന്നു. ഒഴിവുസമയത്തെ സ്ക്രീനുകൾ നിറയ്ക്കുന്നു; നിശ്ശബ്ദതയെ അറിയിപ്പുകൾ തകർക്കുന്നു; ഏകാന്തതയെ വിവരപ്രവാഹം വിഴുങ്ങുന്നു. വിവരങ്ങളാൽ സമ്പന്നനായ മനുഷ്യൻ സമയത്താൽ ദരിദ്രനാകുന്ന ഈ വിരോധാഭാസമാണ് ഡിജിറ്റൽ യുഗത്തിന്റെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികളിലൊന്ന

വിച്ഛേദിക്കപ്പെടാനുള്ള അവകാശം, തൊഴിൽസംബന്ധിയായ ആനുകൂല്യമല്ലെന്നും മനുഷ്യന്റെ ജീവിതഗുണനിലവാരം പുനഃസ്ഥാപിക്കാനുള്ള അവകാശമാണെന്നും ലോകം കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ തുടങ്ങിയത് ഇതുകൊണ്ടാണ്.ജോലി ചെയ്യാനുള്ള അവകാശം പോലെ തന്നെ ജോലി അവസാനിപ്പിക്കാനുള്ള അവകാശവും, ലോകവുമായി ബന്ധപ്പെടാനുള്ള അവകാശം പോലെ തന്നെ ബോധപൂർവം വിച്ഛേദിക്കപ്പെടാനുള്ള അവകാശവും ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണ്. മനുഷ്യന്റെ സമയം സാമ്പത്തിക വിഭവം മാത്രമല്ല; അവന്റെ ബന്ധങ്ങളുടെയും സർഗാത്മകതയുടെയും മാനസികാരോഗ്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും അടിത്തറ കൂടിയാണ്. അതിനാൽ സമയത്തിന്മേലുള്ള വ്യക്തിയുടെ നിയന്ത്രണം ഒരു സ്വകാര്യകാര്യമായി മാത്രം കാണാനാവില്ല; അത് മനുഷ്യാവകാശത്തിന്റെ അടിസ്ഥാനചോദ്യമായി മാറിയിരിക്കുകയാണ്.

ഡിജിറ്റൽ തൊഴിൽസംസ്കാരത്തിന്റെ പ്രത്യാഘാതങ്ങൾ ആദ്യം പ്രകടമാകുന്നത് ശരീരത്തിലല്ല, മനസ്സിലാണ്. വ്യവസായയുഗത്തിൽ തൊഴിലാളിയുടെ ശരീരത്തെ സംരക്ഷിക്കുന്നതിലായിരുന്നു തൊഴിൽനിയമങ്ങളുടെ പ്രധാന ശ്രദ്ധ. എന്നാൽ ഡിജിറ്റൽ യുഗത്തിൽ ആദ്യം നഷ്ടമാകുന്നത് മനുഷ്യന്റെ മാനസിക വിശ്രമമാണ്. ശരീരം ജോലിസ്ഥലത്തുനിന്ന് പുറത്തുവരുന്നുണ്ടെങ്കിലും മനസ്സ് ജോലിയിൽ തന്നെ തുടരുന്നു. അതുകൊണ്ടാണ് സമകാലിക തൊഴിൽപഠനങ്ങൾ പുതിയ തൊഴിൽചൂഷണത്തിന്റെ കേന്ദ്രമായി ശാരീരിക അധ്വാനത്തേക്കാൾ മാനസിക ലഭ്യതയെ കാണുന്നത്. ജോലി ചെയ്യാത്ത സമയത്തും മനസ്സ് ജോലിക്കായി സജ്ജമായി നിലനിർത്തേണ്ടിവരുന്ന അവസ്ഥയാണ് ഈ പുതിയ ചൂഷണത്തിന്റെ സവിശേഷത.

ഇവിടെ മനഃശാസ്ത്രം മുന്നോട്ടുവയ്ക്കുന്ന മാനസിക വിച്ഛേദനം എന്ന ആശയം നിർണായകമാണ്. ജോലി കഴിഞ്ഞാൽ ശരീരം മാത്രം ഓഫീസിൽനിന്ന് പുറത്തുപോയാൽ മതിയാകില്ല; മനസ്സും ജോലിയിൽനിന്ന് മോചിതമാകണം. ഈ മാനസിക അകലം സാധ്യമാകുമ്പോഴാണ് മസ്തിഷ്കത്തിന് പകൽ മുഴുവൻ ലഭിച്ച വിവരങ്ങളെ ക്രമീകരിക്കാനും വൈകാരിക സമ്മർദ്ദങ്ങളെ ശമിപ്പിക്കാനും അടുത്ത ദിവസത്തേക്കുള്ള ഊർജം വീണ്ടെടുക്കാനും കഴിയുന്നത്. എന്നാൽ ജോലിസമയത്തിനു ശേഷവും ഇ-മെയിലുകളും സന്ദേശങ്ങളും ഓൺലൈൻ യോഗങ്ങളും ജീവനക്കാരനെ പിന്തുടരുമ്പോൾ ഈ സ്വാഭാവിക പുനരുജ്ജീവനപ്രക്രിയ തടസ്സപ്പെടുന്നു. ശരീരം വീട്ടിലായിരിക്കുമ്പോഴും മനസ്സ് ഓഫീസിന്റെ അദൃശ്യ തടവറയിൽ തന്നെ തുടരുന്നു.

മനഃശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന പ്രതിഭാസമാണ് ടെലിപ്രഷർ. ഒരു സന്ദേശം ലഭിച്ചാൽ ഉടൻ മറുപടി നൽകണമെന്ന ആന്തരിക സമ്മർദ്ദത്തെയാണ് ഈ പദം സൂചിപ്പിക്കുന്നത്. ഈ സമ്മർദ്ദം പലപ്പോഴും തൊഴിലുടമയുടെ നേരിട്ടുള്ള നിർദേശത്തിൽനിന്നല്ല രൂപപ്പെടുന്നത്. സ്ഥാനക്കയറ്റത്തെ ബാധിക്കുമോ, മേലധികാരി ആത്മാർത്ഥതയെ ചോദ്യംചെയ്യുമോ, സഹപ്രവർത്തകർ എന്ത് കരുതും, ജോലി നഷ്ടപ്പെടുമോ എന്നിങ്ങനെയുള്ള അദൃശ്യ ആശങ്കകളാണ് മനുഷ്യനെ നിരന്തരം ജാഗ്രതയിൽ നിർത്തുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ സൃഷ്ടിച്ച ഏറ്റവും സൂക്ഷ്മമായ നിയന്ത്രണരീതിയും ഇതുതന്നെയാണ്. നിർബന്ധിക്കപ്പെടാതെ തന്നെ മനുഷ്യൻ സ്വയം എപ്പോഴും ലഭ്യമായിരിക്കാനുള്ള ബാധ്യത ഏറ്റെടുക്കുന്നു.

മനുഷ്യന്റെ മസ്തിഷ്കം നിരന്തര ജാഗ്രതയ്ക്കുവേണ്ടി രൂപപ്പെട്ടതല്ല. പ്രവർത്തനത്തിനും വിശ്രമത്തിനും ഇടയിലുള്ള സ്വാഭാവിക ജൈവതാളം നിലനിൽക്കുമ്പോഴാണ് ഓർമ്മശക്തി, ശ്രദ്ധ, തീരുമാനമെടുക്കാനുള്ള കഴിവ്, സർഗാത്മകത തുടങ്ങിയ ബൗദ്ധികശേഷികൾ ആരോഗ്യകരമായി പ്രവർത്തിക്കുന്നത്. എന്നാൽ ഓരോ അറിയിപ്പും ഫോൺവിളിയും ഇ-മെയിലും തലച്ചോറിനെ വീണ്ടും പ്രവർത്തനസജ്ജമാക്കുന്നു. സന്ദേശം വന്നില്ലെങ്കിലും അത് വന്നേക്കാമെന്ന പ്രതീക്ഷ പോലും നാഡീവ്യൂഹത്തെ പൂർണവിശ്രമത്തിലേക്ക് പോകാൻ അനുവദിക്കുന്നില്ല. ഗവേഷകർ ഇതിനെ സ്റ്റാൻഡ്ബൈ സമ്മർദ്ദം എന്ന ആശയത്തിലൂടെയാണ് വിശദീകരിക്കുന്നത്. വിശ്രമത്തിലാണെന്ന് തോന്നുമ്പോഴും ശരീരത്തിന്റെ സമ്മർദ്ദസംവിധാനങ്ങൾ പൂർണമായി ശാന്തമാകാത്ത അവസ്ഥയാണത്.
ഇപ്രകാരമുള്ള ദീർഘകാല ജാഗ്രത ശരീരത്തിലും വ്യക്തമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. കോർട്ടിസോൾ ഉൾപ്പെടെയുള്ള സമ്മർദ്ദഹോർമോണുകൾ ഉയർന്ന നിലയിൽ തുടരുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ഹൃദയസംബന്ധമായ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും പ്രതിരോധശേഷി ക്ഷയിപ്പിക്കുകയും ചെയ്യുന്നു. ദീർഘകാല ക്ഷീണം, ഉയർന്ന രക്തസമ്മർദ്ദം, ഉപാപചയപ്രശ്നങ്ങൾ, ശ്രദ്ധക്കുറവ്, ഓർമശക്തിയിലെ ഇടിവ് എന്നിവയും ഇതിന്റെ തുടർച്ചയായ പ്രത്യാഘാതങ്ങളാണ്. വിശ്രമം ഇല്ലാതാകുന്നത് ജോലിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നില്ല; മറിച്ച് ദീർഘകാല ആരോഗ്യനഷ്ടത്തിനും ഉൽപ്പാദനക്ഷമതയിലെ ഇടിവിനും വഴിയൊരുക്കുകയാണ് ചെയ്യുന്നത്.

ലോകാരോഗ്യ സംഘടന തൊഴിൽജന്യമായ ബേൺഔട്ട് ഒരു തൊഴിൽപരമായ ആരോഗ്യപ്രതിഭാസമായി അംഗീകരിച്ചത് ഈ പശ്ചാത്തലത്തിലാണ് . ബേൺഔട്ട് വെറും ക്ഷീണമല്ല. വൈകാരികമായ ശൂന്യത, ജോലിയോട് അകൽച്ച, സ്വന്തം കഴിവുകളിലുള്ള വിശ്വാസക്കുറവ്, തുടർച്ചയായ മാനസിക തളർച്ച എന്നിവയുടെ സംയോജിതാവസ്ഥയാണ് അത്. ഇന്ന് സമൂഹശാസ്ത്രവും മനഃശാസ്ത്രവും ഒരുപോലെ ബേൺഔട്ടിനെ വ്യക്തിയുടെ ബലഹീനതയായല്ല കാണുന്നത്; മറിച്ച് അസന്തുലിതമായ തൊഴിൽസംസ്കാരത്തിന്റെ ലക്ഷണമായാണ് വിലയിരുത്തുന്നത്.
ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകളും വിവിധ രാജ്യങ്ങളിലെ പഠനങ്ങളിൽനിന്ന് ലഭ്യമാണ്. യൂറോപ്യൻ തൊഴിൽപഠനങ്ങൾ വിച്ഛേദിക്കപ്പെടാനുള്ള അവകാശം പ്രായോഗികമായി നടപ്പാക്കിയ സ്ഥാപനങ്ങളിൽ ജോലി-ജീവിത സന്തുലനം മെച്ചപ്പെട്ടതായും തൊഴിലാളികളിലെ സമ്മർദ്ദവും ഉത്കണ്ഠയും കുറഞ്ഞതായും കണ്ടെത്തിയിട്ടുണ്ട്. സാമ്പത്തിക സഹകരണത്തിനും വികസനത്തിനുമായുള്ള സംഘടനയായ ഒഇസിഡിയിലെ വിവിധ പഠനങ്ങളും ജീവനക്കാരുടെ മാനസികക്ഷേമം മെച്ചപ്പെടുമ്പോൾ സ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമതയും നവീകരണശേഷിയും വർധിക്കുന്നതായി സൂചിപ്പിക്കുന്നു. വിശ്രമം ഉൽപ്പാദനക്ഷമതയുടെ ശത്രുവല്ല; അതിന്റെ അടിസ്ഥാന വ്യവസ്ഥയാണ് എന്ന തിരിച്ചറിവിനാണ് ഈ കണ്ടെത്തലുകൾ കൂടുതൽ കരുത്ത് പകരുന്നത്.

ഇവിടെ മറ്റൊരു ശ്രദ്ധേയമായ വൈരുധ്യം തെളിഞ്ഞുവരുന്നു. ഡിജിറ്റൽ സാങ്കേതികവിദ്യ ഒരുവശത്ത് മനുഷ്യനെ നിരന്തരലഭ്യതയുടെ തടവുകാരനാക്കുമ്പോൾ മറുവശത്ത് അതേ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനമില്ലായ്മ മറ്റൊരു വലിയ വിഭാഗത്തെ സാമൂഹികമായും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും പിന്നാക്കമാക്കുന്നു. ഈ പ്രതിഭാസത്തെയാണ് ഡിജിറ്റൽ വിടവ്(Digital divide)എന്ന് വിശേഷിപ്പിക്കുന്നത്. ഇന്റർനെറ്റ് ലഭ്യത, ബ്രോഡ്‌ബാൻഡ് അടിസ്ഥാനസൗകര്യം, ഡിജിറ്റൽ ഉപകരണങ്ങൾ, അവ ഫലപ്രദമായി ഉപയോഗിക്കാനുള്ള നൈപുണ്യം എന്നിവയിലെ അസമത്വങ്ങളാണ് ഈ വിടവിന്റെ അടിസ്ഥാനകാരണങ്ങൾ. അതിനാൽ ഡിജിറ്റൽ യുഗത്തിലെ പ്രശ്നം അമിതമായ ബന്ധപ്പെടൽ മാത്രമല്ല; അസമമായ ബന്ധപ്പെടലും കൂടിയാണ്.

ആരോഗ്യമേഖലയാണ് ഈ യാഥാർഥ്യം ഏറ്റവും വ്യക്തമായി പ്രകടമാക്കുന്ന മേഖലകളിൽ പ്രഥമം. ടെലിമെഡിസിൻ, ഓൺലൈൻ മെഡിക്കൽ കൺസൾട്ടേഷൻ, ഡിജിറ്റൽ ആരോഗ്യരേഖകൾ, മാനസികാരോഗ്യ കൗൺസലിങ് പ്ലാറ്റ്ഫോമുകൾ, ആരോഗ്യവിവര സംവിധാനങ്ങൾ എന്നിവയുടെ വ്യാപനം ആരോഗ്യസേവനങ്ങളെ കൂടുതൽ പ്രാപ്യമാക്കിയിട്ടുണ്ട്. ഭൂമിശാസ്ത്രപരമായ അകലങ്ങൾ മറികടന്ന് വിദഗ്ധരുടെ സേവനം ലഭ്യമാക്കാനും ചികിത്സയുടെ തുടർച്ച ഉറപ്പാക്കാനും ഈ സംവിധാനങ്ങൾ സഹായിക്കുന്നു. എന്നാൽ ഈ സൗകര്യങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയാത്തവർ ആരോഗ്യപരമായ പുതിയ അസമത്വങ്ങളുടെ ഇരകളാകുകയാണ്. ബ്രോഡ്‌ബാൻഡ് ലഭ്യത കുറഞ്ഞ പ്രദേശങ്ങളിൽ ആരോഗ്യസേവനങ്ങളുടെ ഉപയോഗവും മാനസികാരോഗ്യ സേവനങ്ങളിലേക്കുള്ള പ്രവേശനവും ചികിത്സയുടെ ഗുണനിലവാരവും ഗണ്യമായി കുറവാണെന്ന് വിവിധ അന്തർദേശീയ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പ്രായമായവർ, ഡിജിറ്റൽ സാക്ഷരത കുറഞ്ഞവർ എന്നിവരാണ് ഈ വിടവിന്റെ പ്രധാന ഇരകൾ.

കോവിഡ്-19 മഹാമാരിക്കാലത്ത് ഈ യാഥാർഥ്യം കൂടുതൽ വ്യക്തമായി. കമ്പ്യൂട്ടറോ സ്ഥിരമായ ഇന്റർനെറ്റ് സൗകര്യമോ ഇല്ലാത്ത വിദ്യാർഥികൾക്ക് വിദ്യാഭ്യാസത്തിലും സാമൂഹികബന്ധങ്ങളിലും വലിയ നഷ്ടമുണ്ടായി. അതുപോലെതന്നെ ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ ഉപയോഗിക്കാൻ കഴിയാത്തവർ ചികിത്സാവൈകല്യവും സാമൂഹിക ഒറ്റപ്പെടലും ഒരേസമയം അനുഭവിച്ചു. സാങ്കേതികവിദ്യ മനുഷ്യരെ ബന്ധിപ്പിക്കുമെന്ന വാഗ്ദാനം മുന്നോട്ടുവച്ചെങ്കിലും അതിലേക്കുള്ള അസമമായ പ്രവേശനം പുതിയ സാമൂഹിക വിഭജനങ്ങൾ സൃഷ്ടിക്കുകയാണെന്ന തിരിച്ചറിവ് ഈ അനുഭവങ്ങൾ ശക്തിപ്പെടുത്തി.
പ്രായമായവരിലാണ് ഈ പ്രശ്നം കൂടുതൽ സങ്കീർണമാകുന്നത്. ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയാത്തവർ സാമൂഹിക ആശയവിനിമയത്തിൽനിന്ന് പതിയെ പുറത്താക്കപ്പെടുന്നു. കുടുംബാംഗങ്ങളുമായുള്ള ബന്ധം പോലും വീഡിയോ കോളുകളിലേക്കും ഡിജിറ്റൽ സന്ദേശങ്ങളിലേക്കും ചുരുങ്ങുന്ന സാഹചര്യത്തിൽ സാങ്കേതികവിദ്യ ഉപയോഗിക്കാനറിയാത്തവർ കൂടുതൽ ഏകാന്തരാകുന്നു. സാമൂഹിക ഒറ്റപ്പെടൽ വിഷാദരോഗത്തിന്റെയും ബൗദ്ധികക്ഷയത്തിന്റെയും ശാരീരിക പ്രവർത്തനശേഷി കുറയുന്നതിന്റെയും സാധ്യത വർധിപ്പിക്കുന്നതായി നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ ഡിജിറ്റൽ വിടവ് സാങ്കേതിക അസമത്വം മാത്രമല്ല; അത് ആരോഗ്യപരവും സാമൂഹികവും മാനുഷികവുമായ അസമത്വം കൂടിയാണ്.

അതേസമയം, ഡിജിറ്റൽ ബന്ധത്തിൽനിന്ന് ഇടയ്ക്കിടെ മാറിനിൽക്കാനുള്ള ശ്രമങ്ങൾ എല്ലാ സാഹചര്യങ്ങളിലും ഒരേ ഫലമല്ല നൽകുന്നത് . ഡിജിറ്റൽ ഡിറ്റോക്സും (ഡിജിറ്റൽ-ഉപവാസം)ബോധപൂർവമായ ഡിജിറ്റൽ വിച്ഛേദനവും ശ്രദ്ധാശേഷിയും മാനസികാരോഗ്യവും മെച്ചപ്പെടുത്തുന്നതായി ചില പഠനങ്ങൾ കണ്ടെത്തുമ്പോൾ, മറ്റുചില പഠനങ്ങൾ ചിലരിൽ എന്തെങ്കിലും നഷ്ടപ്പെടുമെന്ന ഭയവും സാമൂഹിക ഉത്കണ്ഠയും വർധിപ്പിക്കുന്നതായി കാണിക്കുന്നു. അതിനാൽ ഡിജിറ്റൽ വിച്ഛേദനം സാങ്കേതികവിദ്യയെ പൂർണമായി ഉപേക്ഷിക്കുന്ന സമീപനമല്ല. ഉപയോഗവും വിശ്രമവും, ബന്ധപ്പെടലും ഏകാന്തതയും, ലഭ്യതയും സ്വകാര്യതയും തമ്മിലുള്ള ആരോഗ്യകരമായ സന്തുലനം കണ്ടെത്താനുള്ള ജീവിതരീതിയാണ് അത്.

ഡിജിറ്റൽ യുഗത്തിന്റെ മറ്റൊരു പ്രധാന വിരോധാഭാസവും ഇവിടെ വ്യക്തമാണ്. ഒരു വിഭാഗം മനുഷ്യർ സാങ്കേതികവിദ്യയിൽനിന്ന് വിച്ഛേദിക്കപ്പെടാനുള്ള അവകാശത്തിനുവേണ്ടി പോരാടുമ്പോൾ മറ്റൊരു വിഭാഗം അതേ സാങ്കേതികവിദ്യയിലേക്കുള്ള പ്രവേശനാവകാശത്തിനുവേണ്ടിയാണ് പോരാടുന്നത്. ഒരുവിഭാഗത്തിന്റെ പ്രശ്നം അമിതമായ ബന്ധപ്പെടലാണെങ്കിൽ മറ്റൊരു വിഭാഗത്തിന്റെ പ്രശ്നം നിർബന്ധിതമായ വിച്ഛേദനമാണ്. അതിനാൽ ഡിജിറ്റൽ യുഗത്തിലെ മനുഷ്യാവകാശചർച്ചയെ ഏകമാനമായ പ്രശ്നമായി കാണാനാവില്ല. വിച്ഛേദിക്കപ്പെടാനുള്ള അവകാശവും ഡിജിറ്റൽ പ്രവേശനാവകാശവും പരസ്പരവിരുദ്ധമായ ആശയങ്ങളല്ല; മനുഷ്യന്റെ ക്ഷേമത്തെ വ്യത്യസ്ത ദിശകളിൽനിന്ന് സംരക്ഷിക്കുന്ന പരസ്പരപൂരക അവകാശങ്ങളാണ്.

സമകാലിക ഗവേഷണങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിവും ഇതുതന്നെയാണ്. മനുഷ്യക്ഷേമം സാങ്കേതികവിദ്യയുടെ അളവുകൊണ്ടല്ല നിർണയിക്കപ്പെടുന്നത്; സാങ്കേതികവിദ്യയുമായി മനുഷ്യൻ സ്ഥാപിക്കുന്ന ബന്ധത്തിന്റെ ഗുണനിലവാരമാണ് അതിനെ നിർണയിക്കുന്നത്. ആവശ്യമാകുപ്പോൾ ഡിജിറ്റൽ ലോകവുമായി ബന്ധപ്പെടാനും അതുപോലെ ആവശ്യമുള്ളപ്പോൾ അതിൽനിന്ന് ബോധപൂർവം മാറിനിൽക്കാനും കഴിയുന്ന അവസ്ഥയിലേക്കാണ് ആരോഗ്യകരമായ ഡിജിറ്റൽ നാഗരികതയുടെ യാത്ര.

ഡിജിറ്റൽ പ്രതിസന്ധിയെ തൊഴിൽനയത്തിന്റെ പ്രശ്നമായി മാത്രം മനസ്സിലാക്കിയാൽ അതിന്റെ യഥാർഥ സങ്കീർണത തിരിച്ചറിയാനാകില്ല. വിദ്യാഭ്യാസത്തിന്റെയും സംസ്കാരത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിയെക്കുറിച്ചുള്ള ചോദ്യമാണ് ഇത് ഉന്നയിക്കുന്നത് . മനുഷ്യൻ സാങ്കേതികവിദ്യയെ എങ്ങനെ ഉപയോഗിക്കണം എന്നതിനേക്കാൾ പ്രധാനപ്പെട്ട ചോദ്യം, എപ്പോൾ അതിൽനിന്ന് മാറിനിൽക്കണം എന്നതാണ്. വരുംകാലത്ത് ഡിജിറ്റൽ സാക്ഷരതയുടെ ഏറ്റവും ഉയർന്ന ഘട്ടം സാങ്കേതികവിദ്യ ഉപയോഗിക്കാനുള്ള കഴിവല്ല; അതിന്റെ അതിരുകൾ തിരിച്ചറിയാനുള്ള വിവേകമായിരിക്കും.

അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന് പുതിയൊരു ദൗത്യം ഏറ്റെടുക്കേണ്ടിവരുന്നു. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ കമ്പ്യൂട്ടർ സാക്ഷരത, ഇന്റർനെറ്റ് സാക്ഷരത, വിവരസാക്ഷരത എന്നിവ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായിരുന്നു. എന്നാൽ ഇനി അതിനൊപ്പം ഡിജിറ്റൽ സംയമനം എന്ന ജീവിതനൈപുണ്യവും കുട്ടികളെ പഠിപ്പിക്കേണ്ടിവരും. ഓരോ സന്ദേശത്തിനും തൽക്ഷണം മറുപടി നൽകേണ്ടതില്ലെന്നും, നിരന്തരം ഓൺലൈനായിരിക്കുന്നത് കാര്യക്ഷമതയുടെ അടയാളമല്ലെന്നും, നിശ്ശബ്ദതയും ഏകാന്തതയും വ്യക്തിവികാസത്തിന്റെ അനിവാര്യ ഘടകങ്ങളാണെന്നും വിദ്യാഭ്യാസം ബോധ്യപ്പെടുത്തേണ്ടതുണ്ട്.
സമയ നിയന്ത്രണം പഠിപ്പിക്കുന്നതുപോലെ ശ്രദ്ധയെ നിയന്ത്രിക്കാനും വിദ്യാലയങ്ങൾ പഠിപ്പിക്കേണ്ടതുണ്ട്. കാരണം ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ മത്സരം സമയത്തിനുവേണ്ടിയല്ല; മനുഷ്യന്റെ ശ്രദ്ധയ്ക്കുവേണ്ടിയാണ്. ഇന്ന് സാമൂഹികമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും സാമ്പത്തികമായി മൂല്യവൽക്കരിക്കുന്നത് മനുഷ്യന്റെ ശ്രദ്ധയെയാണ്. ശ്രദ്ധ വിപണിയിലെ ഏറ്റവും വിലയേറിയ വിഭവമായി മാറുമ്പോൾ ഏകാഗ്രതയും നിശ്ശബ്ദതയും ആഴത്തിലുള്ള ചിന്തയും വെറും വ്യക്തിഗുണങ്ങളല്ല; അവ പ്രതിരോധത്തിന്റെ സാംസ്കാരിക രൂപങ്ങളായി മാറുന്നു.

സർഗാത്മകതയെക്കുറിച്ചുള്ള ഗവേഷണങ്ങളും ഇതേ യാഥാർഥ്യമാണ് വെളിപ്പെടുത്തുന്നത്. ശാസ്ത്രീയ കണ്ടെത്തലുകളും സാഹിത്യസൃഷ്ടികളും കലാപരമായ നവീകരണങ്ങളും നിരന്തരമായ അറിയിപ്പുകൾക്കിടയിൽ ജനിച്ചിട്ടില്ല. തലച്ചോറിന് അലഞ്ഞുനടക്കാൻ കഴിയുന്ന ശാന്തമായ ഇടവേളകളിലാണ് പുതിയ ആശയങ്ങൾ രൂപപ്പെടുന്നത്. വിശ്രമവേളകളിൽ സജീവമാകുന്ന മസ്തിഷ്കത്തിന്റെ ഡിഫോൾട്ട് മോഡ് നെറ്റ്‌വർക്ക് അനുഭവങ്ങളെ പുനഃസംഘടിപ്പിക്കുകയും പുതിയ ബന്ധങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി നാഡീശാസ്ത്രം വ്യക്തമാക്കുന്നു. അതുകൊണ്ട് വിശ്രമം
ഉൽപ്പാദനത്തിന്റെ എതിരാളിയല്ല; സർഗാത്മകതയുടെ അടിസ്ഥാന വ്യവസ്ഥയാണ്.
മനുഷ്യന്റെ ഉൽപ്പാദനക്ഷമത അഭൂതപൂർവമായി വർധിപ്പിക്കാൻ കൃത്രിമബുദ്ധിക്ക് കഴിയും. മണിക്കൂറുകൾ എടുത്ത ജോലികൾ മിനിറ്റുകൾക്കുള്ളിൽ പൂർത്തിയാക്കാൻ അത് സഹായിക്കുന്നു. എന്നാൽ അതോടൊപ്പം ഒരു അടിസ്ഥാന നൈതികചോദ്യം ഉയർന്നുവരുന്നു. ഈ സാങ്കേതികവിദ്യ മനുഷ്യന് കൂടുതൽ വിശ്രമം സമ്മാനിക്കുമോ, അതോ അതേ സമയത്തിനുള്ളിൽ കൂടുതൽ ജോലി ചെയ്യാൻ അവനെ നിർബന്ധിക്കുമോ? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഡിജിറ്റൽ യുഗത്തിന്റെ ഭാവിയെ നിർണയിക്കുന്നത്.

ചരിത്രപരമായി എല്ലാ സാങ്കേതിക മുന്നേറ്റങ്ങളും ഈ ചോദ്യത്തെ അഭിമുഖീകരിച്ചിട്ടുണ്ട്. യന്ത്രങ്ങൾ വ്യവസായത്തിലേക്ക് കടന്നുവന്നപ്പോൾ മനുഷ്യന്റെ അധ്വാനം കുറയുമെന്ന് കരുതപ്പെട്ടു. കമ്പ്യൂട്ടറുകൾ ഓഫീസുകളിലെത്തിയപ്പോൾ ജോലി സമയം ചുരുങ്ങുമെന്നായിരുന്നു പ്രതീക്ഷ. ഇന്റർനെറ്റ് വ്യാപകമായപ്പോൾ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാകുന്നതിലൂടെ മനുഷ്യന് കൂടുതൽ സമയം ലഭിക്കുമെന്ന് വിശ്വസിക്കപ്പെട്ടു. എന്നാൽ പലപ്പോഴും സംഭവിച്ചത് അതിന്റെ വിപരീതമായിരുന്നു. ഉൽപ്പാദനക്ഷമത വർധിച്ചെങ്കിലും വിശ്രമസമയം അതേ അനുപാതത്തിൽ വർധിച്ചില്ല. മറിച്ച് ഉയർന്ന ഉൽപ്പാദനക്ഷമത കൂടുതൽ ജോലിക്കും കൂടുതൽ ലക്ഷ്യങ്ങൾക്കും കൂടുതൽ പ്രകടനസമ്മർദ്ദത്തിനുമുള്ള ന്യായീകരണമായി മാറി. മനുഷ്യന്റെ അധ്വാനം ലഘൂകരിക്കാനെത്തിയ സാങ്കേതികവിദ്യ മനുഷ്യനിൽനിന്ന് കൂടുതൽ സമയം ആവശ്യപ്പെടുന്ന പുതിയ തൊഴിൽസംസ്കാരത്തെ സൃഷ്ടിച്ചുവെന്നതാണ് ആധുനിക ചരിത്രത്തിന്റെ വിരോധാഭാസം.

ഈ സാഹചര്യത്തിലാണ് എ.ഐ. യുഗത്തിൽ വിശ്രമത്തിന്റെ രാഷ്ട്രീയം എന്ന ആശയം കൂടുതൽ പ്രസക്തമാകുന്നത്. സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന അധിക മൂല്യം ആരുടേതാണ് എന്ന ചോദ്യത്തിന്റെ കേന്ദ്രം . ഉൽപ്പാദനക്ഷമതയിലെ വർധനയുടെ നേട്ടം സ്ഥാപനങ്ങളുടെ ലാഭമായി മാത്രം മാറുമോ, അതോ മനുഷ്യന് കൂടുതൽ ജീവിതസമയം തിരിച്ചുകിട്ടുമോ? ഭാവിയിലെ തൊഴിൽനീതിയെ നിർണയിക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമായിരിക്കും. ഉൽപ്പാദനക്ഷമതയുടെ നേട്ടം അധിക ജോലിയായല്ല, അധിക ജീവിതമായാണ് മനുഷ്യന് തിരിച്ചുകിട്ടേണ്ടത്. സാങ്കേതികവിദ്യയുടെ യഥാർഥ പുരോഗതി അളക്കേണ്ടത് യന്ത്രങ്ങളുടെ വേഗതകൊണ്ടല്ല, മനുഷ്യന് തിരികെ ലഭിക്കുന്ന വിശ്രമസമയത്തിന്റെ അളവുകൊണ്ടാണ്.
എന്നാൽ നിയമനിർമാണം കൊണ്ട്, ആരോഗ്യകരമായ ഒരു ഡിജിറ്റൽ സംസ്കാരം സൃഷ്ടിക്കുകയില്ല. സ്വന്തം ജീവിതത്തിനായി വ്യക്തമായ അതിരുകൾ നിർമിക്കാനുള്ള ഉത്തരവാദിത്തം ഓരോ വ്യക്തിയും ഏറ്റെടുക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധർ ഡിജിറ്റൽ സൺസെറ്റ് (Digital Sunset)എന്ന ആശയം മുന്നോട്ടുവയ്ക്കുന്നത്. ദിവസത്തിലെ ഒരു നിശ്ചിത സമയത്തിനുശേഷം ഔദ്യോഗിക ആശയവിനിമയങ്ങളിൽനിന്ന് പൂർണമായി വിട്ടുനിൽക്കുക, കിടപ്പുമുറിയെ സ്ക്രീൻരഹിതമാക്കുക, കുടുംബസമയത്ത് മൊബൈൽ ഫോൺ മാറ്റിവയ്ക്കുക, അവധിക്കാലത്ത് ജോലി സംബന്ധമായ അറിയിപ്പുകൾ നിർത്തിവയ്ക്കുക തുടങ്ങിയ ലളിതമായ ശീലങ്ങൾ മാനസികാരോഗ്യത്തിലും കുടുംബബന്ധങ്ങളിലും ശ്രദ്ധേയമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. വലിയ സാമൂഹികപരിഷ്കാരങ്ങൾ പലപ്പോഴും ചെറിയ വ്യക്തിപരമായ ശീലങ്ങളിൽനിന്നാണ് ആരംഭിക്കുന്നത്.
അതേസമയം, മറ്റൊരു യാഥാർഥ്യവും ഓർക്കേണ്ടതുണ്ട് . ഡിജിറ്റൽ യുഗത്തിന്റെ പ്രശ്നം അമിതമായ ബന്ധപ്പെടൽ മാത്രമല്ല; അസമമായ ബന്ധപ്പെടലും കൂടിയാണ്. ഒരു വിഭാഗം ആളുകൾക്ക് വിശ്രമിക്കാനായി ഡിജിറ്റൽ ലോകത്തിൽനിന്ന് വിച്ഛേദിക്കപ്പെടേണ്ടിവരുമ്പോൾ മറ്റൊരു വിഭാഗം ഇപ്പോഴും ആ ലോകത്തിലേക്ക് പ്രവേശിക്കാനുള്ള അവസരത്തിനുവേണ്ടിയാണ് പോരാടുന്നത്. ഗ്രാമീണ സമൂഹങ്ങൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ, പ്രായമായവർ, ഡിജിറ്റൽ സാക്ഷരത കുറഞ്ഞവർ എന്നിവർ ഇന്നും ഡിജിറ്റൽ വിടവിന്റെ ഇരകളാണ്. ആരോഗ്യസേവനങ്ങൾ, വിദ്യാഭ്യാസം, പൊതുസേവനങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ കൂടുതൽ ഡിജിറ്റലാകുന്ന സാഹചര്യത്തിൽ ഈ വിടവ് സാമൂഹിക അസമത്വങ്ങളെ കൂടുതൽ രൂക്ഷമാക്കുകയും അവസരങ്ങളുടെ തുല്യതയെ ബാധിക്കുകയും ചെയ്യുന്നു.

അതിനാൽ വിച്ഛേദിക്കപ്പെടാനുള്ള അവകാശവും ഡിജിറ്റൽ പ്രവേശനാവകാശവും പരസ്പരവിരുദ്ധമായ ആശയങ്ങളല്ല. ഡിജിറ്റൽ നാഗരികതയുടെ രണ്ട് അനിവാര്യ സ്തംഭങ്ങളാണ് അവ. സാങ്കേതികവിദ്യ എല്ലാവർക്കും പ്രാപ്യമാകണം; എന്നാൽ അത് മനുഷ്യന്റെ മുഴുവൻ ജീവിതത്തെയും അധിനിവേശം ചെയ്യാൻ പാടില്ല. എല്ലാവർക്കും പ്രവേശനം ഉറപ്പാക്കുകയും അതോടൊപ്പം എല്ലാവരുടെയും വിശ്രമവും സ്വകാര്യസമയവും സംരക്ഷിക്കുകയും ചെയ്യുമ്പോഴാണ് സാങ്കേതികവിദ്യ യഥാർഥ അർഥത്തിൽ മനുഷ്യസൗഹൃദമാകുന്നത്.

ഈ പശ്ചാത്തലത്തിൽ ജനാധിപത്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയും വികസിക്കേണ്ടതുണ്ട്. ജനാധിപത്യം തെരഞ്ഞെടുപ്പുകളുടെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും പേരിൽ മാത്രം നിർവചിക്കാനാവില്ല. സ്വന്തം സമയം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കാനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യവും ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകമാണ്. ഒരു മനുഷ്യന് സ്വന്തം കുടുംബത്തോടൊപ്പമോ കുട്ടികളോടൊപ്പമോ ചെലവഴിക്കേണ്ട സമയം ഔദ്യോഗിക സന്ദേശങ്ങളും ഡിജിറ്റൽ തൊഴിൽസംസ്കാരവും നിയന്ത്രിക്കുന്നുവെങ്കിൽ അവിടെ നഷ്ടപ്പെടുന്നത് വിശ്രമാവകാശം മാത്രമല്ല; വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഒരു അടിസ്ഥാനഘടകം കൂടിയാണ്.

മനുഷ്യചരിത്രം പരിശോധിച്ചാൽ എല്ലാ മഹത്തായ തൊഴിൽപരിഷ്കാരങ്ങളും ആദ്യം അസാധ്യമായ ആവശ്യങ്ങളായി കണക്കാക്കപ്പെട്ടിരുന്നുവെന്ന് കാണാം. എട്ടുമണിക്കൂർ ജോലി, പ്രതിവാര അവധി, ശമ്പളത്തോടുകൂടിയ അവധി, പ്രസവാവധി, ബാലവേല നിരോധനം എന്നിവയെല്ലാം ഒരുകാലത്ത് ഉൽപ്പാദനക്ഷമതയെ തകർക്കുമെന്ന പേരിൽ എതിർക്കപ്പെട്ട ആശയങ്ങളായിരുന്നു. പിന്നീട് അവ നാഗരിക സമൂഹത്തിന്റെ അടിസ്ഥാനമൂല്യങ്ങളായി അംഗീകരിക്കപ്പെട്ടു. വിച്ഛേദിക്കപ്പെടാനുള്ള അവകാശവും അതേ ചരിത്രത്തിന്റെ സ്വാഭാവികമായ അടുത്ത അധ്യായമാണ്. അത് ജോലിയെ നിരാകരിക്കുന്ന ആശയമല്ല; ജോലിയെ മനുഷ്യകേന്ദ്രിതമാക്കാനുള്ള ആശയമാണ്.

ഡിജിറ്റൽ സാങ്കേതികവിദ്യ മനുഷ്യരെ ബന്ധിപ്പിക്കാനാണ് ഉണ്ടായത്, ബന്ധനത്തിലാക്കാനല്ല. എന്നാൽ ഇന്ന് മനുഷ്യൻ വിവരങ്ങളാൽ സമ്പന്നനാകുമ്പോഴും സമയത്താൽ ദരിദ്രനാകുകയാണ്. ലോകവുമായി കൂടുതൽ ബന്ധപ്പെടുമ്പോഴും സ്വന്തം കുടുംബത്തിൽനിന്ന് അകന്നുപോകുന്നു. നൂറുകണക്കിന് സന്ദേശങ്ങൾക്ക് മറുപടി നൽകാൻ സമയം കണ്ടെത്തുമ്പോഴും സ്വന്തം മനസ്സിന്റെ ചോദ്യങ്ങൾക്ക് മറുപടി കണ്ടെത്താൻ സമയം ലഭിക്കുന്നില്ല. ഈ വിരോധാഭാസം പരിഹരിക്കാതെ ഡിജിറ്റൽ പുരോഗതിക്ക് മനുഷ്യസൗഹൃദമായ അർഥം ലഭിക്കുകയില്ല.
അതുകൊണ്ട് വിച്ഛേദിക്കപ്പെടാനുള്ള അവകാശത്തെ തൊഴിൽനിയമത്തിന്റെ സാങ്കേതികവിഷയമായി മാത്രം ചുരുക്കാനാവില്ല. അത് മനുഷ്യസഭ്യതയുടെ പുതിയ സാമൂഹികകരാറാണ്. വ്യവസായവിപ്ലവം മനുഷ്യന്റെ ജോലി ചെയ്യാനുള്ള അവകാശത്തെ പുനർനിർവചിച്ചിരുന്നുവെങ്കിൽ, ഡിജിറ്റൽ വിപ്ലവം മനുഷ്യന്റെ വിശ്രമിക്കാനുള്ള അവകാശത്തെയും സ്വന്തം സമയത്തിന്റെ ഉടമയാകാനുള്ള അവകാശത്തെയും പുനർനിർവചിക്കാൻ നമ്മെ നിർബന്ധിതരാക്കുകയാണ്.

അവസാനം ഉയരുന്ന ചോദ്യം, നമുക്ക് എത്ര വേഗത്തിൽ ലോകവുമായി ബന്ധപ്പെടാൻ കഴിയുമെന്നതല്ല; നമുക്ക് എപ്പോൾ ബോധപൂർവം വിച്ഛേദിക്കാനാകുമെന്നതാണ്. ആ ചോദ്യത്തിന് മനുഷ്യകേന്ദ്രിതമായ ഉത്തരങ്ങൾ കണ്ടെത്തുന്ന സമൂഹങ്ങളായിരിക്കും ഭാവിയിൽ സാമ്പത്തികമായും മാനസികമായും സാംസ്കാരികമായും ജനാധിപത്യപരമായും സമ്പന്നമായ നാഗരികതകൾ സൃഷ്ടിക്കുക. മനുഷ്യന്റെ മനസ്സിന് വിശ്രമിക്കാനും ബന്ധങ്ങൾക്ക് വീണ്ടും ശ്വസിക്കാനും കുടുംബങ്ങൾക്ക് ഒരുമിച്ച് ജീവിക്കാനും കുട്ടികൾക്ക് മാതാപിതാക്കളുടെ പൂർണശ്രദ്ധ ലഭിക്കാനും സർഗാത്മകതയ്ക്ക് നിശ്ശബ്ദത തിരിച്ചുകിട്ടാനും വഴിയൊരുക്കുന്ന അവകാശം എന്ന നിലയിൽ വിച്ഛേദിക്കപ്പെടാനുള്ള അവകാശം ഡിജിറ്റൽ യുഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്. അത് വിശ്രമിക്കാനുള്ള അവകാശം മാത്രമല്ല; മനുഷ്യനായി പൂർണമായി ജീവിക്കാനുള്ള
അവകാശമാണ്.
ഡിജിറ്റൽ യുഗത്തിൽ, വിച്ഛേദിക്കപ്പെടാനുള്ള അവകാശം ഒരു തൊഴിൽപരമായ ആനുകൂല്യമല്ല; മനുഷ്യസമയത്തെയും വിശ്രമത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും പുനഃസ്ഥാപിക്കാനുള്ള മനുഷ്യാവകാശമാണ്. സാങ്കേതികവിദ്യയുടെ യഥാർഥ പുരോഗതി അതിന്റെ വേഗത്തിലല്ല, മനുഷ്യന് കൂടുതൽ ജീവിതസമയം തിരിച്ചുനൽകാനുള്ള ശേഷിയിലാണ്. ലോകവുമായി ബന്ധപ്പെടാനുള്ള സ്വാതന്ത്ര്യം പോലെ തന്നെ അതിൽനിന്ന് ബോധപൂർവം വിച്ഛേദിക്കപ്പെടാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യ സമൂഹത്തിന്റെ അടിസ്ഥാന മൂല്യമാണ്. അതുകൊണ്ടുതന്നെ വിച്ഛേദിക്കപ്പെടാനുള്ള അവകാശം ഡിജിറ്റൽ യുഗത്തിലെ ഏറ്റവും നിർണായകമായ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൊന്നായി മാറുന്നു

Share this:

Recently added