നേരമന്തിയായി
അയലത്തെ വീട്ടിൽ
ടി.വി കണ്ടിരുന്ന
വെപ്രാളത്തിൽ
സങ്കടപ്പാടോടെ
വീട്ടിലേക്കോടുമ്പോ-
ളച്ഛൻ്റടിയുടെ പേടി
ഇരുട്ടുപെറ്റുക്കൂട്ടിയ
പെരുവഴിയിലിഴയുന്നു
അച്ഛനുമ്മറ-
ക്കോലായിലെ
കസേരയിൽ
കാലു നീട്ടിയിട്ടിരിക്കുന്നു
ഭയത്തിൻ്റെ
കൊത്തിപ്പറയ്ക്കുന്ന
ശ്വാസംമുട്ടലുകൾ
കാൽവിരലുകളിൽ
മുറുക്കം കൂട്ടുമ്പോൾ
വേഗത്തിലോടിയ
കുഞ്ഞു കാലടികൾക്ക്
ചുട്ടുപ്പൊള്ളൽ
കഠിന മിടിപ്പിൽ
വേവുന്ന
പടവുകൾ കയറി
പേടിയെ ഉരുവിട്ട്
മുറ്റത്തെത്തിയപ്പോൾ
തിണ്ടത്തെ ചെമ്പരത്തി
പ്രതീക്ഷയോടെയൊരു
നോട്ടം കൊരുത്തിട്ട്
വേവലാതിയോടെ
ചെവിയോർത്തു നിന്നു
പുരയുടെ
കഴുക്കോലിൻ്റെ
മുകളിൽ നിന്നച്ഛ-
നടിയ്ക്കാനുള്ള
വടി വലിച്ചെടുത്തു.
പെരുത്തുവന്ന
കരച്ചിൽ
കാൽ മുട്ടിന് താഴെ
നിന്ന് തിളയ്ക്കുമ്പോൾ
മുറ്റത്തഴിച്ചു വെച്ച
ചെരുപ്പ് തലയിട്ടു
ഒളികണ്ണാലെന്നെ
നോക്കി ചിരിയ്ക്കുന്നു
