“എടീ… ഒരു ചായ എടുത്തേ…”

സഫിയോട് ഒരു ചായയ്ക്കായി പറഞ്ഞ്, ഞാൻ അനന്തതയിലേക്ക് കണ്ണുംനട്ട് ഓരോന്നോരോന്നായി ആലോചിച്ചിരുന്നു.


മകൾ അസ്റയെ ഹോസ്റ്റലിലാക്കിയിട്ട് ഇന്നേക്ക് ഒരാഴ്ച.

എല്ലാ ഞായറാഴ്ചകളിലും ഹോസ്റ്റലിലെ കുട്ടികളെ അവരുടെ രക്ഷിതാക്കൾക്ക് കാണാനും പുറത്തുകൊണ്ടുപോകാനുമുള്ള അനുമതിയുണ്ട്.

അങ്ങനെ സഫിയും ഞാനും അസ്റയെ കാണാൻ പോകാനൊരുങ്ങി.

“സഫീ… വാ, നേരം വൈകുന്നു.”

“ആഹ് ഇക്കാ… ഇപ്പൊ വരാം.”

അവൾ വേഗം വാതിലടച്ച് ചാവിയുമായി കാറിൽ കയറി. കയറിയതും ചാവി ബാഗിലിട്ടു. അല്പം വൈകിയതിനാൽ ഞങ്ങൾ ധൃതിയിൽ തന്നെ പുറപ്പെട്ടു.

“ഇക്കാ… ഒരു മിനുട്ട്. ഞാൻ വാതിൽ പൂട്ടി ചാവി വാതിലിൽ തന്നെ വെച്ചൂന്ന് തോന്നുന്നു.”

“അപ്പോ നീ അല്ലേ അത് ബാഗിലിട്ടത്, സഫീ…”

“ങേ… ഞാൻ ചാവി ബാഗിലിട്ടോ? നോക്കട്ടെ…”

അവൾ ബാഗ് തുറന്ന് നോക്കി.

“ആഹ്… ശരിയാണല്ലോ. ഞാൻ വെച്ചത് ഇനിക്ക് ഓർമയില്ലായിരുന്നു.”

അന്ന് അവളുടെ ആ പ്രവർത്തിയെ ഒരു ചെറു തമാശയായി കളിയാക്കി ഞാനത് വിട്ടുകളഞ്ഞു.

പക്ഷേ, ദിനംപ്രതി അവൾ ഓരോ ചെറിയ കാര്യങ്ങളായി മറന്നുതുടങ്ങി.

ആദ്യം അതെല്ലാം വീട്ടുജോലിയുടെ തിരക്കിനിടയിൽ സംഭവിക്കുന്ന ചെറിയ മറവികളാണെന്ന് കരുതി ഞാൻ ശ്രദ്ധിക്കാതെ വിട്ടു.

ദിനങ്ങൾ ഓരോന്നായി കൊഴിഞ്ഞുകൊണ്ടിരുന്നു.


അടുത്ത കുറച്ച് ദിവസങ്ങളായി എനിക്കെന്തോ ഒരു മാറ്റം തോന്നുന്നുണ്ടായിരുന്നു.

എത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ല. രാത്രി രണ്ടുമൂന്നുതവണ എഴുന്നേറ്റ് ബാത്ത്റൂമിലേക്ക് പോകേണ്ടിവരുന്നു. ചെറിയ ജോലികൾ ചെയ്താൽ പോലും ശരീരം വല്ലാതെ തളരുന്നു.

“എന്താ ഇക്കാ? കുറച്ച് ദിവസമായി വല്ലാത്ത ക്ഷീണമാണല്ലോ…”

“അറിയില്ല സഫീ… നാളെ ഡോക്ടറെ പോയൊന്ന് കാണണം.”

പിറ്റേ ദിവസംതന്നെ ഞാനും സഫിയും കൂടി ഡോക്ടറെ കാണാൻ പോയി.

ഡോക്ടർ രക്തപരിശോധനയ്ക്ക് നിർദ്ദേശിച്ചു.

റിപ്പോർട്ട് കൈയിൽ കിട്ടിയപ്പോൾ ഡോക്ടർ ശാന്തമായി പറഞ്ഞു:

“പ്രമേഹം കുറച്ച് കൂടുതലാണ്. അതാണ് ഈ ക്ഷീണവും അമിതമായ ദാഹവും വിശപ്പുമൊക്കെ ഉണ്ടാകാൻ കാരണം.”

“എത്രയുണ്ട് ഡോക്ടർ?”

സഫി തെല്ല് ഭയത്തോടെ ചോദിച്ചു.

“ഇത് ഭക്ഷണത്തിന് ശേഷം ചെയ്ത ടെസ്റ്റായതിനാൽ ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം വളരെ കൂടുതലാണെന്ന് പറയാൻ പറ്റില്ല. പക്ഷേ ശ്രദ്ധിക്കേണ്ട നിലയിലാണ്. ഭക്ഷണവും ജീവിതശൈലിയും ഒന്ന് ശ്രദ്ധിച്ചാൽ നിയന്ത്രിക്കാനാകും.”

“എങ്ങനെ, ഡോക്ടർ?”

“അരി ഭക്ഷണം നിയന്ത്രിക്കണം. പൂർണമായി ഒഴിവാക്കണമെന്നല്ല. പ്രത്യേകിച്ച് രാത്രിയിൽ അളവ് കുറയ്ക്കുക. പിന്നെ പഞ്ചസാര ഒഴിവാക്കണം. പഴങ്ങൾ കഴിക്കാം. ജ്യൂസിനേക്കാൾ നല്ലത് പഴം നേരിട്ട് കഴിക്കുന്നതാണ്. പിന്നെ ഞാൻ ഒരു മരുന്ന് എഴുതുന്നുണ്ട്. അത് ദിവസവും ഒരെണ്ണം വീതം കഴിക്കുക.”

“ഓക്കേ ഡോക്ടർ…”

ഞാനും സഫിയും ഡോക്ടർ നിർദ്ദേശിച്ച മരുന്നും വാങ്ങി വീട്ടിലേക്ക് മടങ്ങി.


അന്ന് വൈകുന്നേരം അസർ നിസ്കാരവും കഴിഞ്ഞ് സഫിയുടെ വൈകുന്നേരച്ചായയും പ്രതീക്ഷിച്ച് ഞാൻ ഇരിക്കുകയായിരുന്നു.

അവൾ ചായയുമായി വന്നു. കപ്പും ഗ്ലാസും എന്റെ അരികിൽ വെച്ച ശേഷം ചായക്കടി എടുക്കാനായി അടുക്കളയിലേക്ക് തിരിഞ്ഞുനടന്നു.

ഞാൻ കപ്പിലാക്കിയ ചായ ഗ്ലാസിലേക്ക് പകർന്നു.

അപ്പോഴേക്കും അവൾ പലഹാരവുമായി എത്തി.

“എന്താ സഫീ… ജിലേബിയോ?”

“അത് അവിടെ വെച്ച് പഴകണ്ടെന്ന് കരുതി.”

അതിലൊന്ന് അവൾ എനിക്ക് നേരെ നീട്ടി.

“സഫീ… ഇജ്ജ് ഇന്നെന്നെ കൊതിപ്പിക്കാനായിട്ട് വന്നതാണോ?”

“അതെന്താ ഇക്കാ… നിങ്ങൾക്കിത് പറ്റൂലെ?”

അവളുടെ കുസൃതിയാണെന്ന് കരുതി ഞാൻ അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.

ചായ ഒരു സിപ്പ് കുടിച്ചു.

പെട്ടെന്ന് ഞാൻ അവളെ നോക്കി.

“സഫീ… ഇയ്യെന്താ പൊട്ടൻ കളിക്കാണോ?”

“എന്താ ഇക്കാ… എന്താ പ്രശ്നം?”

“നീ ഈ ചായയിൽ മനപ്പൂർവം മധുരം ഇട്ടതാണോ?”

“ഇങ്ങൾ മധുരമുള്ള ചായ കുടിക്കില്ലേ ഇക്കാ?”

അത്രയും കാലം എന്നെ സ്നേഹംകൊണ്ട് പൊതിഞ്ഞ, മറ്റാരേക്കാളും എന്നെ പരിഗണിച്ച, ഒരു ചെറിയ പനി വന്നാൽ പോലും പിഞ്ചുകുഞ്ഞിനെപ്പോലെ എന്നെ നോക്കിയിരുന്ന അവളുടെ ആ പ്രവർത്തി എന്നിൽ അത്രമേൽ ദേഷ്യം സൃഷ്ടിച്ചു.

ആ അമർഷത്തിൽ ചായ കുടിക്കാതെ ഞാൻ മുറിയിലേക്ക് നടന്നു.

എന്താണ് സംഭവിച്ചതെന്നറിയാതെ സഫിയും അവിടെ തന്നെ നിന്നു.

മുറിയുടെ ഒരു മൂലയിൽ എന്തോ ആലോചിച്ചിരിക്കുന്ന എന്റെ മനസ്സിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സഫി ചെയ്ത പല കാര്യങ്ങളും ഒരു മിന്നായം പോലെ ഓടിയെത്തി.

കഴിഞ്ഞ ദിവസം ബഹ്റൈനിൽ നിന്ന് വന്ന എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലത്തീഫിനെ നോക്കി,

“ലത്തീഫ് ആരാ?” എന്ന് അവൾ ചോദിച്ചപ്പോഴും, ലത്തീഫ് ആകെ മാറിപ്പോയതിനാൽ തിരിച്ചറിയാത്തതാവുമെന്ന് കരുതിയിരുന്നു.

അങ്ങനെ പല കാര്യങ്ങൾക്കും അന്ന് ഞാൻ അത്ര ശ്രദ്ധ നൽകിയിരുന്നില്ല.

പക്ഷേ…

ഇപ്പോൾ ഓരോന്നും ചേർത്തുവെച്ചപ്പോൾ ആ ചെറിയ ചെറിയ മറവികൾക്ക് പിന്നിൽ ഒളിച്ചിരുന്ന വലിയൊരു ഭയം എന്റെ മുന്നിൽ തെളിഞ്ഞുനിന്നു.

“അള്ളാഹ്… എന്റെ ബീവി പതിയെ ഓരോ കാര്യങ്ങളും മറന്നുതുടങ്ങിയോ?”

എന്റെ നെഞ്ചിൽ എന്തോ വിങ്ങി.

“പണ്ട് എന്നെ സ്നേഹം കൊണ്ട് പൊതിഞ്ഞ്, ഒരു കുഞ്ഞിനെപ്പോലെ പരിചരിച്ചിരുന്ന അവൾ… ഇപ്പോൾ ഓരോന്നായി മറന്നുതുടങ്ങിയിരിക്കുന്നു.”

കണ്ണുകൾ നിറഞ്ഞു.

“ഇല്ല… എന്റെ ബീവിയെ ഒരു മറവിക്കും വിട്ടുകൊടുക്കാൻ ഞാൻ തയ്യാറല്ല. എന്ത് സംഭവിച്ചാലും… ഞാൻ ഉണ്ടാകും. എന്റെ ബീവിന്റെ കൂടെ.”

ഞാൻ അവളുടെ അരികിലേക്ക് ഓടിച്ചെന്നു.

അവളെ വാരിപ്പുണർന്നു.

ഞാൻ ദേഷ്യപ്പെട്ടതൊന്നും അപ്പോഴേക്കും അവൾ ഓർത്തിരുന്നില്ല.

“എന്തിനാ ഇക്കാ കരയുന്നത്?”

അവളുടെ നിഷ്കളങ്കമായ ചോദ്യം എന്റെ നെഞ്ചിൽ വീണ്ടും കുത്തിയിറങ്ങി.

“ഒന്നൂല്യ… സ്നേഹം കൊണ്ടാ റൂഹേ…”

സംശയം വരാത്ത രീതിയിൽ ഞാൻ അവളെ കൂടുതൽ എന്നിലേക്ക് ചേർത്തുപിടിച്ചു.

പക്ഷേ എന്റെ കണ്ണുനീർ അവളിൽ നിന്ന് ഒളിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.


അന്ന് രാത്രി ഞാൻ പഴയൊരു ആൽബം അവൾക്ക് നൽകി.

അസ്റയുടെയും എന്റെയും അവളുടെയും ഉമ്മയുടെയും പഴയ ചിത്രങ്ങൾ ഓരോന്നായി കാണിച്ചുകൊണ്ട് അവയെക്കുറിച്ച് അവളോട് പറയാൻ പറഞ്ഞു.

“എന്താ ഇക്കാ… ഇവരെയൊക്കെ ഞമ്മക്ക് അറിയുന്നതല്ലേ… നിങ്ങൾക്കെന്താ പറ്റിയത്?”

“ഏയ്… ഒന്നുല്ല.”

അവളെ എന്നിലേക്ക് ചേർത്തുപിടിച്ച് നെറ്റിയിൽ ഒരു വാത്സല്യചുംബനം നൽകി.

അവളെ കൂടുതൽ എന്നിലേക്കായി ചേർത്തുനിർത്തി.

ആ രാത്രി ഉറങ്ങാൻ കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.

എന്റെ അരികിൽ കിടക്കുന്ന അവളെ നോക്കിയിരുന്നു.

നാളെ അവൾ എന്നെയും മറന്നാൽ?

ആ ചിന്ത മാത്രം മതിയായിരുന്നു എന്റെ നെഞ്ച് തകർക്കാൻ.


പിറ്റേ ദിവസംതന്നെ നല്ലൊരു ഡോക്ടറെ കാണാൻ ഞങ്ങൾ പോയി.

ഡോക്ടർ സഫിയയോട് ചില ചോദ്യങ്ങൾ ചോദിച്ചു.

ഇന്നത്തെ ദിവസം, സ്ഥലം, അടുത്തിടെ നടന്ന കാര്യങ്ങൾ തുടങ്ങിയവ ഓർമ്മയുണ്ടോ എന്ന് പരിശോധിച്ചു.

ചില കാര്യങ്ങൾക്ക് അവൾ ശരിയായി മറുപടി പറഞ്ഞു.

ചില ചോദ്യങ്ങൾക്ക് ഏറെ നേരം ആലോചിച്ചിട്ടും മറുപടി കണ്ടെത്താനായില്ല.

“എപ്പോഴാണ് ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്?” ഡോക്ടർ എന്നോട് ചോദിച്ചു.

“ആദ്യം ചെറിയ കാര്യങ്ങളായിരുന്നു. സാധനങ്ങൾ എവിടെ വെച്ചെന്ന് മറക്കുമായിരുന്നു. പിന്നെ ഒരേ കാര്യം പലതവണ ചോദിക്കാൻ തുടങ്ങി. ഇപ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ പോലും ഓർമ്മയില്ലാത്ത അവസ്ഥയുണ്ട്.”

ഡോക്ടർ കുറച്ചുനേരം റിപ്പോർട്ടുകൾ നോക്കി.

“ഇത് സാധാരണ പ്രായവുമായി ബന്ധപ്പെട്ട മറവിയാണെന്ന് മാത്രം കരുതാൻ കഴിയില്ല. ഓർമ്മശക്തിയിൽ കാര്യമായ മാറ്റങ്ങൾ കാണുന്നുണ്ട്. അൽഷിമേഴ്സ് ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിക്കണം. ചില പരിശോധനകൾ കൂടി നടത്താം. അതിന് ശേഷമേ കൃത്യമായ കാരണം പറയാൻ കഴിയൂ.”

സഫി എന്റെ കൈയിൽ മുറുകെ പിടിച്ചു.

ഞാൻ അവളുടെ കൈ പതുക്കെ അമർത്തി.

“പേടിക്കണ്ട… ഞാൻ കൂടെയുണ്ട്.”

അവൾ എന്നെ നോക്കി.

അവളുടെ കണ്ണുകളിൽ ഭയമുണ്ടായിരുന്നു.

എന്റെ കണ്ണുകളിലും.

പക്ഷേ അവൾ കാണാതിരിക്കാൻ ഞാൻ ചിരിച്ചു.


“ഇക്കാ… ഇങ്ങൾ എന്താ ആലോചിച്ചോണ്ടിരിക്കുന്നത്?”

സഫിയുടെ ശബ്ദം കേട്ട് ഞാൻ ചിന്തകളിൽ നിന്ന് ഉണർന്നു.

“ഒന്നൂല്യ സഫീ… ചായ എവിടെ?”

“ചായ ഇങ്ങൾ കുടിച്ചില്ലേ?”

“ആഹ്… ഞാൻ അത് മറന്നു. ഇജ്ജ് പറഞ്ഞപ്പോളാ എനിക്ക് ഓർമ വന്നത്.”

“മറവി ഉണ്ടല്ലേ ഇക്കാ…”

അവൾ കൊഞ്ചിക്കൊണ്ട് എന്റെ ചെവി പിരിച്ചു.

“ആഹ് സഫീ… വിട്…”

അവളുടെ ആ കൊഞ്ചൽ കണ്ടപ്പോൾ എന്റെ ചുണ്ടിലും അറിയാതെ ഒരു പുഞ്ചിരി വിരിഞ്ഞു.

പക്ഷേ…

അവൾ പതിയെ എന്നെയും മറക്കുമോ എന്ന ഭയം ആ പുഞ്ചിരിയുടെ പിന്നിൽ ഒളിച്ചിരുന്നു.

“ഇക്കാ… ആ വീട്ടിൽ ഇപ്പൊ പുതിയ താമസക്കാർ വന്നോ?”

അടുത്ത വീട്ടിലെ ജാനകിയെ ചൂണ്ടിക്കാണിച്ച് അവൾ ചോദിച്ചു.

ഞാൻ ഒന്നും പറയാതെ മൂളി.

ജാനകി അവളെ കണ്ടതും,

“സഫീ…” എന്ന് പറഞ്ഞ് കൈവീശിക്കാണിച്ചു.

സഫി എന്നെ നോക്കി.

“അവർക്ക് എന്റെ പേരൊക്കെ അറിയാലോ… ഇക്ക പറഞ്ഞതാവും, ലേ?”

ഞാൻ ഒന്നും പറഞ്ഞില്ല.

കുറച്ചുനേരം മൗനമായി നിന്നശേഷം പതുക്കെ പറഞ്ഞു:

“അത് നമ്മളെ ജാനകിച്ചേച്ചിയാ, പെണ്ണേ…”

“ആഹ്…”

അവൾ എന്തോ ഓർമ വന്നതുപോലെ പതുക്കെ മൂളി.

ആ ഒരു “ആഹ്” എന്ന ശബ്ദത്തിനുള്ളിൽ പോലും എത്രത്തോളം വേദനയുണ്ടെന്ന് എനിക്ക് മാത്രമേ അറിയുമായിരുന്നുള്ളൂ.


അവളുടെ ഈ അവസ്ഥയിൽ അസ്റയെ കാണാൻ ഞങ്ങൾ അധികം പോകാറില്ല.

അസ്റയുടെ പരിഭവം കൂടുമ്പോൾ ഞാൻ തനിയെ വേഗം പോയി വരും.

“ഉമ്മ എന്താ വരാത്തത്?” എന്ന് അവൾ ചോദിക്കുമ്പോൾ,

“ഉമ്മയ്ക്ക് കുറച്ച് സുഖമില്ല മോളേ…” എന്ന് പറഞ്ഞ് ഞാൻ അവളെ സമാധാനിപ്പിക്കും.

പക്ഷേ സത്യം പറയാൻ എനിക്ക് പേടിയാണ്.

കാരണം…

അസ്റയെ മറക്കുന്നത് സഫിക്ക് മാത്രം ഒരു മറവിയല്ല.

അത് എനിക്ക് ഓരോ ദിവസവും നഷ്ടപ്പെടുന്ന എന്റെ ബീവിയാണ്.

ഇന്നലെ വരെ എന്റെ കൈപിടിച്ച് നടന്നവൾ…

ഇന്ന് എന്റെ പേര് മറക്കുന്നു.

നാളെ ഒരുപക്ഷേ എന്റെ മുഖവും മറന്നേക്കാം.

അതിനപ്പുറം…

ഒരു ദിവസം നമ്മുടെ അസ്റയെ പോലും അവൾ ഓർക്കാതെ പോയാൽ?

അവളോട് “ഓർക്കുന്നുണ്ടോ?” എന്ന് ചോദിക്കാൻ പോലും എനിക്ക് കഴിയില്ല.

കാരണം അവളുടെ ഓരോ മറവിയിലും ഞാൻ കാണുന്നത് ഒരു രോഗത്തെ മാത്രമല്ല…

എന്നെ സ്നേഹിച്ചിരുന്ന എന്റെ ബീവി, പതിയെ പതിയെ എന്നിൽ നിന്ന് അകലുന്നതാണ്.

പക്ഷേ…

അവൾ മറന്നാലും ഞാൻ മറക്കില്ല.

അവൾക്ക് എന്നെ ഓർമയില്ലാതായാലും,

അവളുടെ ഓരോ ഓർമയും ഞാൻ അവൾക്കുവേണ്ടി കാത്തുസൂക്ഷിക്കും.

അവൾ എന്നെ മറന്നാലും…

ഞാൻ അവളെ ഒരിക്കലും മറക്കില്ല.


വീട്ടിലെ കാര്യങ്ങൾ അധികവും ഞാൻ തന്നെയാണ് ചെയ്യുന്നത്.

അവളെ എപ്പോഴും എന്റെ അരികിൽ നിർത്തി ഓരോ കളിതമാശകളും പറഞ്ഞുകൊണ്ടിരിക്കും. എന്റെ ചിരി കണ്ടിട്ടാണോ എന്നറിയില്ല, എന്തോ മനസ്സിലായതുപോലെ അവളും ചിരിക്കും.

ഇപ്പോൾ ദിനചര്യ പോലും അവൾ മറന്നുതുടങ്ങിയിരിക്കുന്നു.

വീട്ടിലെ കാര്യങ്ങൾ അധികമൊന്നും ഞാനും അവളും ശ്രദ്ധിക്കാറില്ല.

ഏറെ സമയവും ഞാൻ അവൾക്കരികിൽ തന്നെയിരിക്കും.

ഭക്ഷണം മാത്രം ഞാൻ ഉണ്ടാക്കും.

ഒരു നേരം ഞാൻ അവളുടെ അരികിൽ നിന്ന് മാറിനിന്നാൽ പോലും അവൾ എന്നെ മറന്നുപോകുമോ എന്ന ഭയം എന്നിൽ തളംകെട്ടിനിന്നു.


ഒരു ദിവസം ഞാൻ അടുക്കളയിൽ ഓരോ പണികളും ചെയ്തുകൊണ്ട് അവളോട് കളിതമാശകൾ പറഞ്ഞിരിക്കുകയായിരുന്നു.

അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത്.

ഞാൻ തിരക്കേറിയ പണിയിലായിരുന്നതിനാൽ സഫി പോയി നോക്കി ആരാണെന്ന്.

“ഉമ്മാ…”

ആ വിളിയിൽ ഒരു കുഞ്ഞിന്റെ സന്തോഷമുണ്ടായിരുന്നു.

ഞാൻ തിരിഞ്ഞുനോക്കി.

സഫിയേ അസ്റ വാരിപ്പുണരുകയായിരുന്നു.

പക്ഷെ അവൾ അലറിവിളിച്ചുകൊണ്ട് എന്റെ അരികിലേക്ക് ഓടിവന്നു.

“എന്താ… എന്താ?”

അവൾ എനിക്ക് ആ രൂപം ചൂണ്ടിക്കാണിച്ചു.

റബ്ബേ…

അത് അസ്റയായിരുന്നു.

ഞങ്ങളുടെ പൊന്നോമന.

എന്നിട്ടും…

അവളെയും സഫി മറന്നിരിക്കുന്നു.

“സഫീ…”

എന്റെ ശബ്ദം ഇടറി.

“ഉപ്പാ… ഉമ്മാക്ക് എന്താ പറ്റിയത്?”

“മോളേ…”

ഞാൻ എന്ത് പറയണം എന്നറിയാതെ നിന്നു.

അവളിൽ നിന്ന് ഇത്രയും കാലം മറച്ചുവെച്ചതിന്റെ കുറ്റബോധത്തിൽ എന്റെ കണ്ണുകൾ നിറഞ്ഞു.

പിന്നെ നടന്നതോരോന്നായി ഞാൻ അസ്റയോട് പറഞ്ഞു.

“ഉമ്മ പതിയെ എല്ലാം മറന്നിരിക്കുന്നു…”

അത് കേട്ടതും അവളുടെ മുഖം മാറി.

ഒരു ഞരുക്കത്തോടെ, എന്ത് ചെയ്യണമെന്നറിയാതെ, സമ്മതമില്ലാതെ ഒഴുകിയ കണ്ണുനീരിനു മുന്നിൽ തന്റെ പരാജയം സമ്മതിച്ചുകൊണ്ട് അവൾ ഉമ്മാക്കരികിൽ മുട്ടുകുത്തിയിരുന്നു.

ആ കൈകൊണ്ട് ഉമ്മയുടെ മുഖം പതുക്കെ സ്പർശിച്ചു.

“ഉമ്മാ… ഞാൻ ഇങ്ങളെ അസ്റ മോളാണ് ഉമ്മാ…”

സഫി അവളുടെ കൈ തട്ടിമാറ്റി എന്റെ അടുത്തേക്ക് കൂടുതൽ ചേർന്നുനിന്നു.

ഒഴുകിയ കണ്ണുനീർ കവിളിൽ സാക്ഷിയായി നിൽക്കുന്നതിനാൽ എന്റെ വാക്കുകൾ ഇടറി.

“സഫീ… ഞമ്മളെ മോളല്ലേ ഇത്… അസ്റയെ നോക്കിയേ…”

അവൾ എന്തോ ഓർത്തതുപോലെ അസ്റയെ നോക്കി.

എന്നോടായി ഒന്ന് അമർത്തി മൂളി.

“ആഹ്…”

പക്ഷേ ആ നോട്ടത്തിൽ തിരിച്ചറിവിനേക്കാൾ ആശയക്കുഴപ്പമായിരുന്നു.

“ഉപ്പാ… ഉമ്മ എല്ലാം പതിയെ മറന്നുതുടങ്ങി ലേ?”

കുറച്ചുനേരം ഞാൻ മൗനമായി നിന്നു.

പിന്നെ പതുക്കെ പറഞ്ഞു:

“അതെ മോളെ…”

അസ്റയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

“ഞമ്മളെ ആ പഴയ ഉമ്മയെ നമുക്ക് നഷ്ടമായി ലേ…”

ആ വാക്കുകൾ കേട്ടപ്പോൾ എന്റെ നെഞ്ചൊന്ന് പിടഞ്ഞു.

അവളെ എന്റെ അരികിലേക്ക് ചേർത്തുനിർത്തി, അവളുടെ മുടിയിഴകളിലൂടെ പതുക്കെ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു:

“ഇന്ന് നിന്നെ മറന്നു.

നാളെ അവൾ എന്നെയും മറക്കാതിരിക്കില്ല.

പക്ഷെ…”

ഞാൻ സഫിയെ നോക്കി.

എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“കൂടെ നിന്ന് ഓർമിപ്പിക്കാൻ ഞാൻ ഉണ്ടാവും അവൾക്കരികിൽ.”

പിന്നെ സഫിയുടെ കൈ എന്റെ കൈക്കുള്ളിൽ ചേർത്തുപിടിച്ചു.

“എനിക്ക് അവൾ ഇന്നും എന്റെ സഫിയാണ്.

മറവി അവളിൽ നിന്ന് ഓരോ ഓർമയും കവർന്നെടുത്താലും…

എന്റെ മനസ്സിൽ അവൾക്കുള്ള സ്ഥാനം ഒരു മറവിക്കും കവർന്നെടുക്കാൻ കഴിയില്ല.

മരിക്കുവോളം…

എനിക്ക് അവളെ ആവോളം സ്നേഹിക്കണം.”

അത് പറയുമ്പോൾ എന്റെ ശബ്ദമിടറി.

സഫി ഒന്നും മനസ്സിലാകാതെ എന്നെ നോക്കി.

ഞാൻ അവളുടെ കൈ മുറുകെ പിടിച്ചു.

അവൾക്ക് നാളെ എന്നെ ഓർമയുണ്ടാകണമെന്നില്ല.

പക്ഷേ, അവൾ മറന്നുപോകുന്ന ഓരോ ദിവസവും ഓർമിപ്പിക്കാൻ ഞാൻ ഉണ്ടാകും.

അവൾ എന്നെ മറന്നാലും…
അവൾ എന്റെ ഭാര്യയാണെന്ന സത്യം ഞാൻ മറക്കില്ല.

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

4.7 3 votes
Article Rating
2 Comments
Rajva Sherin
10 hours ago

I melt your story🫠🤍🌷

Shifana sherin
Reply to  Rajva Sherin
8 hours ago

🫂💎

Recently added