പൊട്ടിയ ബലൂണിനും പറയാനുണ്ടാകും, ചിലത്…

ആകെ കൂടി നോക്കുമ്പോൾ ഒരു രസമൊക്കെയുണ്ടെന്ന് സമ്മതിച്ചു തരാം. അധ്യാപക പരിശീലനത്തിനെന്ന വ്യാജേന വന്ന സാറന്മാരും സാറിച്ചികളും ക്ലാസിന് പുറത്തേക്ക് ആരവത്തോടെ ഓടുന്നു. നിസ്സഹായരായ ബലൂൺ കുഞ്ഞുങ്ങളെ ചെവിയേൽ തൂക്കിയെടുക്കുന്നു. ഞങ്ങൾ കൈകാലിട്ടടിച്ച് കുതറി മാറാൻ നോക്കുന്നു. നിങ്ങൾ ഞങ്ങളെ കസേരയിലമർത്തി വെച്ച് ബുൾഡോസർ പോലെ ഒന്നു കൊണ്ട് അടിച്ചു പൊട്ടിക്കുന്നു. നിങ്ങൾ ബുൾഡോസർ രാജ യൊന്നുമല്ലല്ലോ. എതിരാളികളുടെ വീട് ഇടിച്ചു നിരത്തുന്ന യു പി യിലെ ബുൾഡോസർ രാജയല്ലല്ലോ നിങ്ങൾ. യൂ.പി സ്കൂളിൽ നിന്നും പ്രമോഷരായ വെറും മാഷൻമാർ മാത്രമാണല്ലോ…
ഇനി കാര്യത്തിലേക്ക് കടക്കാം. നിങ്ങൾ ഞങ്ങളെയെല്ലാം അടിച്ചു പൊട്ടിച്ചു എന്ന് വിചാരിച്ചാണല്ലോ ഒന്നിച്ച് അർമാദിച്ചത്… എന്നാലേ ഞങ്ങൾ സ്വയം പൊട്ടിത്തെറിച്ചതാണ്. വർണ്ണ ഭംഗിയോടെ പാറിപ്പറന്നെത്തിയ ഞങ്ങളെ അടിച്ചൊതുക്കി എന്ന് സ്വയം ഞെളിയേണ്ട മാഷന്മാരേ. ഒരാളെ ഉപദ്രവിച്ചപ്പോൾ ഞങ്ങൾ മുഴുവൻ പേരും പ്രതിഷേധിച്ചതാണ്, കരഞ്ഞു വിളിച്ചതാണ്. സ്വയം പൊട്ടിത്തെറിച്ചതാണ്. കാരണം, ഞങ്ങൾ മനുഷ്യന്മാരെ പോലെ സ്വാർത്ഥരല്ല. സ്റ്റാൻ സ്വാമിയും സഞ്ജീവ് ഭട്ടുമൊന്നും ഞങ്ങളുടെ കൂട്ടത്തിലുള്ളവരല്ല. അവരുടെ വേദനകൾ അവരുടേത് മാത്രമായിരുന്നല്ലോ . അവർ ചെയ്ത ത്യാഗങ്ങളും പിന്നീടുണ്ടായ വേദനകളും അവരുടെ വിധി ആയിരുന്നല്ലോ…
അതൊക്കെ പോട്ടെ, നമുക്ക് നമ്മളിലേക്ക് മാത്രം ചുരുങ്ങാം. അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി…
വർണ്ണഭംഗിയുള്ള ഉടപ്പുമണിഞ്ഞ് പാറിപ്പറന്നെത്തിയ ഞങ്ങളെ നിങ്ങൾ എടുത്തോമനിക്കയാണെന്നാണ് ആദ്യം കരുതിയത്. ഊതി വീർപ്പിച്ച് ഞങ്ങളുടെ പ്രതീക്ഷകളെ ഏറെ ഉയരത്തിൽ എത്തിക്കും എന്ന് വെറുതെ വ്യാമോഹിച്ചു. നിങ്ങൾ മാഷന്മാരാണല്ലോ . എല്ലാവരുടെയും ഗുരുനാഥന്മാർ ! കടയിലെ തടവറയിൽ നിന്ന് ഒരു മോചനം പ്രതീക്ഷിച്ച് എത്രകാലമായെന്നോ ഞങ്ങൾ കാത്തിരിക്കുന്നു. തകർത്തു കളഞ്ഞു. എല്ലാം നശിപ്പിച്ചു കളഞ്ഞു. ഞങ്ങൾക്കും ഉണ്ടായിരുന്നു മോഹങ്ങൾ. ഉയരത്തിലെത്തേണ്ട ജന്മങ്ങൾ ആയിരിക്കും ഒരുപക്ഷേ ഞങ്ങളിൽ പലരും…
ഇനി നിങ്ങൾക്ക് ക്ലാസിൽ ഒരു ചർച്ച നടത്താം. കുട്ടികളെ ഉയരത്തിൽ എത്തിക്കേണ്ടതിന്റെ ആവശ്യകത എന്നതാവട്ടെ വിഷയം. അല്ലെങ്കിൽ ഹിറ്റ്ലറുടെ ക്യാമ്പിലെ കൂട്ടക്കുരുതി എന്നതിനെപ്പറ്റി ഒരു സെമിനാറു മാകാം….
കെട്ട ഈ കാലത്ത് പ്രതിഷേധിച്ച് ഒന്നു പൊട്ടിത്തെറിക്കാനെങ്കിലും ആയില്ലെങ്കിൽ നമ്മുടെ ഈ ജന്മം നായ നക്കിപ്പോവില്ലേ കൂട്ടരേ, ഞങ്ങൾ നിങ്ങൾ മനുഷ്യരെപ്പോലെ അധ:പ്പതിച്ചു പോവില്ലേ……
(അധ്യാപകരുടെ ക്ലസ്റ്റർ മീറ്റിംഗിൽ, കസേരയിൽ വീർപ്പിച്ചു വെച്ച ബലൂണിൽ ഇരുന്ന് പൊട്ടിക്കുന്ന ഒരു ഗെയിമുണ്ടായിരുന്നു. അതിനെ അടിസ്ഥാനമാക്കി എഴുതിയത്)

Like this:
Share this:

വായനക്കാരുടെ അഭിപ്രായങ്ങൾ അവരുടേത് മാത്രമാണ്; Readers Trend-ന്റെ നിലപാടല്ല. വിദ്വേഷം, അധിക്ഷേപം, അശ്ലീലം, സ്പർധ വളർത്തുന്ന പ്രതികരണങ്ങൾ എന്നിവ ഒഴിവാക്കുക.

1 1 vote
Article Rating
1 Comment
Abdul Samad
2 hours ago

വളരെ നന്നായിട്ടുണ്ട്

Recently added