കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടൽ കാണുമ്പോഴോക്കെ വല്ലാത്ത ഒരാഗ്രഹം മനസ്സിലേക്ക് കടന്ന് വരും. ഷിപ്പിൽ ഒരു യാത്ര പോകണമെന്ന്. എത്ര രസമായിരിക്കും കടൽ തിരകളെ കീറിമുറിച്ച് ഓളങ്ങളിൽ ചാഞ്ചാടി കാണാ കാഴ്ച്ചകൾ കണ്ട് ഒരു യാത്ര. അപ്രതീക്ഷിതമായി ഒരവസരം വീണ് കിട്ടി. ലക്ഷദ്വീപിലേക്കൊരു യാത്ര. 4 ദിവസത്തെ പാക്കേജ്. യാത്രാ ദിനത്തിന് മുമ്പേ സാധനങ്ങളൊക്കെ പാക്ക് ചെയ്തു വെച്ചു. മനസ്സ് ഒരു കൊച്ചു കുട്ടിയെപ്പോലെ സന്തോഷം കൊണ്ട് തുള്ളിച്ചാടി. യാത്രാ ദിവസത്തിന്റെ തലേന്ന് രാത്രിയായിരുന്നു കൊച്ചിയിലേക്കുള്ള ബസ്. രാത്രിയിലെ ആ ബസ് യാത്ര സുഗമമായിരുന്നു. റുക്സാന ടീച്ചറും മക്കളും നല്ല സഹകരണമായിരുന്നു. തൽക്കാലത്തേക്ക് രണ്ട് റൂമെടുത്തു. പിറ്റേന്ന് ഫ്രഷായി രണ്ടു വണ്ടികളിലായി പോർട്ടിലെത്തി. അവിടെ കുറച്ചധികം സമയം വേണ്ടി വന്നു ഷിപ്പിലേക്ക് കയറാൻ. എയർപോർട്ടിൽ എന്തെല്ലാ ചെക്കിങ്ങ് ഉണ്ടോ അതെല്ലാം ഷിപ്പിലേക്ക് കയറുമ്പോഴുമുണ്ട്. ക്ലിയറൻസ്സെല്ലാം കഴിഞ്ഞ് ഞങ്ങൾക്കനുവദിച്ച റൂമ്മിലേക്ക് സ്റ്റയർ കയറി.
കടൽ തിരകളെ കീറിമുറിച്ച് പതിയെ കപ്പൽ നീങ്ങി തുടങ്ങി. മനസ്സിലൂടെ പണ്ടെന്നോ വായിച്ച ലക്ഷദീപിന്റെ ഐതീഹ്യവും ചരിത്രവും കടന്ന് പോയി.
ലക്ഷദ്വീപിന്റെ ചരിത്രം അതിശയിപ്പിക്കുന്ന നിരവധി ഐതീഹ്യങ്ങളും കെട്ട് കഥകളും കൊണ്ട് വളരെ രസകരമാണ്. ഈ ദ്വീപിൽ ആദ്യം താമസമാക്കിയത് ചേരമാൻ പെരുമാളാണെന്നും അദ്ദേഹം കേരളത്തിലെ രാജാവായിരുന്നെന്നും ഐതീഹ്യം പറയുന്നു.
അറബിക്കടലിൽ കേരള തീരത്ത് നിന്ന് 200 മുതൽ 400 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ്( Lakshadeep) ചരിത്രപരമായ കേരളവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ഇവിടുത്തെ സംസ്ക്കാരം, ഭാഷ, പാരമ്പര്യം എന്നിവ മലയാളത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

എ.ഡി. ഏഴാം നൂറ്റാണ്ടിൽ അറബ് വ്യാപാരികൾ വഴി ദ്വീപിൽ ഇസ്‌ലാം മതം എത്തിച്ചേർന്നു. പ്രവാചകന്റെ അനുചരനായ ഉബൈദുള്ളയുടെ നേതൃത്വത്തിലാണ് ഇവിടെ ഇസ്‌ലാം പ്രചരിച്ചെതെന്ന് ചരിത്രകാരന്മാർ കരുതുന്നു.
മധ്യകാലഘട്ടത്തിൽ ദ്വീപുകളുടെ ഭരണംകോലത്തിരി രാജാക്കന്മാരുടെയും പിന്നീട് കണ്ണൂരിലെ മുസ്‌ലിം രാജ്യ വംശമായ അറക്കൽ രാജവംശത്തിന്റെയും കീഴിലായി. സുഗന്ധ വ്യഞ്ജ്യന വ്യാപാരത്തിന് ലക്ഷദ്വീപ് തന്ത്ര പരമായി പ്രാധാന്യമുള്ളതാണെന്ന് മനസ്സിലാക്കിയ പോർച്ച് ഗീസുകാർ പതിനാറാം നൂറ്റാണ്ടിൽ ദ്വീപുകൾ ആക്രമിച്ചു. പോർച്ച്ഗീസുകാരെ തോൽപ്പിക്കാൻ അറക്കൽ രാജവംശത്തിന് വലിയ പോരാട്ടങ്ങൾ തന്നെ വേണ്ടി വന്നു
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ( 1787) ആ മിനി ദ്വീപ് സമൂഹവും (amini group) പിന്നീട് (1799) ൽ ടിപ്പു സുൽത്താന്റെ പരാജയത്തിന് ശേഷം ബാക്കി ദ്വീപുകളും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി 1956 നവംബർ 1 നാണ് ലക്ഷദ്വീപ് ഇന്ത്യയുടെ കേപ്രദരണ പ്രദേശമായി മാറിയത്. 1973 ൽ ഔദ്യോഗികമായി ലക്ഷദ്വീപ് എന്ന പേര് മാറ്റുന്നത് വരെ ഇത് ലക്കാ ദീവ്, മിനിക്കോയ്, ആമിനി ദ്വീപ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നു. ഇന്നത്തെ ലക്ഷദ്വീപിൽ സംസാരിക്കുന്ന മഹൽ (mahal) ഭാഷ ഒഴികെ ബാക്കി മറ്റെല്ലാ ദ്വീപുകളിലും പ്രധാനമായും സംസാരിക്കുന്നത് മലയാളമാണ്. കവരത്തിയാണ് ഭരണ കേന്ദ്രം.
ഒരു ലക്ഷം ദ്വീപുകൾ എന്നർത്ഥം വരുന്ന ലക്ഷദ്വീപ് ഇന്ത്യയിലെ ഏറ്റവും ചെറിയ കേര ഭരണപ്രദേശമാണ്. കേരള തീരത്ത് നിന്ന് ഏകദേശം 400 കിലോമീറ്റർ അകലെ അറബിക്കടലിൽ സ്ഥിതി ചെയ്യുന്നു.

12 അറ്റോളുകൾ, പവിഴപ്പുറ്റുകൾ, വെള്ളത്തിനിടയിലെ തീരങ്ങൾ, ജനവാസമുള്ള ദ്വീപുകൾ ഉൾപ്പടെ 36 ദ്വീപുകളുടെ ഒരു സമൂഹമാണിത്.
മനോഹരമായ ബീച്ചുകൾ, പച്ചപ്പ് നിറഞ്ഞ തടാകങ്ങൾ, സമ്പന്നമായ സമുദ്ര ജീവികൾ എന്നിവക്ക് പേര് കേട്ട ലക്ഷദ്വീപ് ഇക്കോ ടൂറിസത്തിനും സാഹസിക ടൂറിസത്തിനും പേര് കേട്ടതാണ്. ദുർബലമായ ആവാസ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന് ടൂറിസ്റ്റ്കളുടെ പ്രവേശനം ഒരു പെർമിറ്റ് സംവിധാനത്തിലൂടെ നിയന്ത്രിക്കപ്പെടുന്നു.

ലക്ഷദ്വീപിന്റെ സമ്പദ് വ്യവസ്ഥ പ്രധാനമായും തെങ്ങ് കൃഷി, ട്യൂണ മത്സ്യബന്ധനം, ടൂറിസം എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതെ സമയം അതിന്റെ സംസ്ക്കാരം ഭക്ഷിണേന്ത്യൻ അറേബ്യൻ പാരമ്പര്യങ്ങളുടെ സ്വാധീനത്തിൽ നിറഞ്ഞിരിക്കുന്നു. പവിഴപ്പുറ്റുകൾ, ജല കായിക വിനോദങ്ങൾ, പരമ്പരാഗത ദ്വീപ് ജീവിതശൈലി എന്നിവക്ക് ഏറെപേര് കേട്ടത്.
പത്ത് മണിയാവുമ്പോഴേക്കും മിനിക്കോയി ദ്വീപിൽ എത്തിയിരുന്നു. നീല നിറത്തിന്റെ മനോഹാരിതയിൽ അലതല്ലുന്ന കുഞ്ഞോളങ്ങളുമായി പരന്ന് കിടക്കുന്ന കടൽ. പച്ചപ്പുകളുടെ സമൃദ്ധിയിൽ ദ്വീപിനെന്ത് ഭംഗി. ബസിലാണ് ബീച്ചിലേക്ക് പോയത്. നല്ല ആതിഥ്യമര്യാദയുള്ള വരാണ് ദീപിലെ ആളുകൾ. എവിടെയും തിങ്ങി നിറഞ്ഞ് തെങ്ങുകൾ. തേങ്ങയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. ചക്കര, സുർക്ക, ഒരു തരം ടൂണ മീൻ ഇതാണ് സുലഭം. ഭക്ഷണം നമ്മുടെത്‌പോലെത്തന്നെ എരിവ് കുറവാണ്. ഇവിടുത്തെ ട്രെഡിഷണൽ നൃത്തം വളരെ മനോഹരമാണ്.
കടൽ വെള്ളം നല്ല ക്ലിയറായിരുന്നു. എല്ലാവരും കടലിൽ തന്നെയായിരുന്നു. നല്ല തെളിനീർതടാകം പോലെയുണ്ടായിരുന്നു കടൽ. ‘കടൽകയോക്കി’, ‘കണ്ണാടി ബോട്ട്’ ബനാന എന്നു പറഞ്ഞാൽ ഒരു ചുവപ്പ് നിറത്തിൽ ഉരുണ്ട ബലൂണിൻ്റെ ആകൃതിയിൽ ഉള്ള ബോട്ട്. അതിൽ ആളുകൾ കയറിയാൽ കുറച്ചു ദൂരെ എത്തിയാൽ നമ്മളെ അവർ വെള്ളത്തിലേക്ക് തള്ളിയിടും. വെള്ളം നമ്മുടെ ശരീരത്തിന്റെ അരവരേയേകാണൂ. കണ്ണാടി ബോട്ട് എന്നുപറഞ്ഞാൽ കടലിലൂടെ ദൂരെ വരെ നമ്മളെ കൊണ്ടുപോകും. ബോട്ടിൻ്റെ അടിയിൽഗ്ലാസായിരിക്കും. അടിയിലുള്ള പവിഴപ്പുറ്റ്, മീൻ, ആമ ഇവയെല്ലാം നമുക്ക് കാണാം. പിന്നെ നമ്മളെ ഓക്സിജൻ മാക്സ് വെച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോകുന്ന സ്‌കൂബ ഡൈവിംഗ് ഇവയൊക്കെ ഉണ്ടായിരുന്നു.

പിന്നെ നല്ല ഉച്ചഭക്ഷണമായിരുന്നു. വെജിറ്റബ്ൾസ് റൈസ്, ചപ്പാത്തി, പായസം, ചിക്കൻ, സോയ പൊരിച്ചത് ഒക്കെയായി രുചിയേറുന്ന ഭക്ഷണം. പിന്നെ ആദ്യം വന്ന പോലെ മിനി ബസിൽ മനോഹരമായ കാഴ്ച്ചകൾ കണ്ട് ‘വില്ലേജ് പര്യടനം’. ചായയും പരിപ്പുവട പുതിയ ഒരുതരം ഗോതമ്പടയും ഉണ്ടായിരുന്നു. യാത്രക്കിടെ കഴിക്കാൻ. അതിനു ശേഷം അതേബസിൽ ബോട്ടുജെട്ടിയിൽ പോയി ബോട്ടിൽ കയറി. ബോട്ട് ശരം വിട്ട പോലെ നടുക്കടലിലേക്ക് പാഞ്ഞു. അവിടെ നമ്മുടെ ഷിപ്പ് കാത്ത് നിൽപുണ്ടായിരുന്ന ബോട്ടിൽ നിന്നും ഷിപ്പിലേക്ക് കയറിയത് സാഹസികമായിരുന്നു. പിന്നെ കുറേ റസ്റ്റെടുത്തു. എട്ട്മണി ആയപ്പോൾ ഭക്ഷണത്തിനുള്ള അനൗൺസ്‌റ്റ്മെൻ്റ് കേട്ടു. ചപ്പാത്തി, റൈസ്, പച്ചക്കറികൾ, സൂപ്പ്, മധുരം തുടങ്ങി വിഭവ സമൃദ്ധമായിരുന്നു ഭക്ഷണം. നാളെരാവിലെ കല്പേനിയിലേക്കാണ് അതൊക്കെ നാളെ പറയാം… ഗുഡ് നൈറ്റ്.
പിറ്റേന്ന് വെളുപ്പിന്അഞ്ച് മണിക്ക് തന്നെ എഴുന്നേറ്റ് എല്ലാവരും ധൃതിയിൽ ഒരുങ്ങി. അപ്പോഴേക്കും പ്രാതലിനുള്ള വിളി വന്നു. പഴം, മുട്ട, ഉപ്പുമാവ്, ബ്രെഡ് ഐറ്റംസ്, ചോക്കോസ് പാൽ തുടങ്ങിയ പ്രാതൽ. വളരെ പെട്ടെന്ന് തന്നെ ഷിപ്പിൽ നിന്നുംവളരെ സാഹസികമായിത്തന്നെ ബോട്ടിൽ കയറി. ബോട്ടിൽ നിന്നും ഇറങ്ങുമ്പോൾ മിനി ബസ് ജീപ്പ് എല്ലാം അവിടെ റെഡിയായിരുന്നു. ബീച്ചിലെത്തി വെൽക്കം ചെയ്യാൻ ഇളനീരും കൊണ്ട് ആളുകൾ നിന്നിരുന്നു. നല്ല വൃത്തിയുള്ള ബീച്ചായിരുന്നു. ഇവിടെ നിന്നും ‘പെറ്റി’ എന്നു പറയുന്ന ചെറിയ ദ്വീപിലേക്കായിരുന്നു യാത്ര.
പെറ്റി ദ്വീപ് നന്നെ ചെറുതായിരുന്നു. എല്ലാവരും സ്വിമ്മിംഗ് ഡ്രസ്സിട്ടിട്ടായിരുന്നുഅവിടേക്ക് യാത്രയായത്. കുടിക്കുവാൻ ജ്യൂസും വെള്ളവും ഇഷ്ടം പോലെ റെഡിയാക്കി വെച്ചിരുന്നു അവിടെ. വാട്ടർ പ്ലെയിൻ സർവീസ് നാളെ മുതൽ തുടങ്ങുമെന്നാണ് അറിയാൻകഴിഞ്ഞത്. ഇവിടെത്തെ വസ്ത്രധാരണം കേരളത്തിലെ പോലെത്തന്നെയാണ്. ലേബർ ചാർജ് നമ്മുടെ തിൻ്റെ പകുതിയേ വരൂ. എല്ലാവരും കടൽ വെള്ളത്തിൽ ആർമാദിച്ചു. ലവണം നമ്മുടേതിനേക്കാൾ കൂടുതലാണോ എന്ന് സംശയമുണ്ട്. നല്ല ആൾക്കാരാണ്. എല്ലാവരും ഓരോ ദ്വീപിലും നാലായിരത്തിൽ കൂടുതൽആൾക്കാരില്ല. ഇവിടെ ‘സ്നോർക്കലിംഗ്’ നല്ലരസമായിരുന്നു. കടലിനടിയിലുള്ള മീനിനെയൊക്കെ നമ്മൾക്ക് തൊടാം. ആഴം തീരെയില്ല, തിരമാലയും ഇല്ല…
ഇനി ലഞ്ച് ടൈമാണ്. നോക്കട്ടെ പിന്നെക്കാണാം.
പഴയമോഡൽ വീടാണധികവും ഷോപ്പുകൾ കുറവാണ്. ബനിയൻ്റെ പഴയ ഫാക്ടറി കാണാൻ പോയി ഇപ്പോൾ ടീഷർട്ട് മേക്കിംഗ് ആണ് അവിടെ നടക്കുന്നത് ആകെ 4,5 സ്റ്റാഫുണ്ട്. അവിടെ നിന്നുംകുറേ ആളുകൾ ടീഷർട്ടുകൾ വാങ്ങി. തിരിച്ച് ഞങ്ങൾ ബീച്ചിലേക്ക് യാത്രയായി. അവിടെ ചായ റെഡിയായിരുന്നു. നിസ്കാരമൊക്കെ കഴിഞ്ഞ് ചായയും സമൂസയും വെല്ലത്തിൻ്റെ ഇലയടയും കഴിച്ചു. തുടർന്ന് ദ്വീപ് നിവാസികളുടെ കോൽക്കളിയും പാട്ടുമുണ്ടായിരുന്നു. ഉപ്പ കുറേ ആൾക്കാരെ പരിചയപ്പെട്ടു. സാധനങ്ങൾക്കൊകെ നമ്മുടെ നാട്ടിനേക്കാൾ ആറിരട്ടിവിലയുണ്ട്. മിക്ക സാധനങ്ങളുംഎറണാകുളത്ത് നിന്നും മറ്റും കൊണ്ടുവരുന്നതല്ലേ, പിന്നെ വീണ്ടും മിനി ബസിലും ജീപ്പിലുമായി ബോട്ട് ജെട്ടിയിലേക്കുള്ള യാത്ര. അപ്പോഴേക്കും ഷിപ്പ് അങ്ങ്ദൂരെ വന്ന് നിന്നിട്ടുണ്ടായിരുന്നു. പിന്നേയും സാഹസികമായി ബോട്ടിൽ നിന്നും ഷിപ്പിലേക്കൊരു എടുത്തു ചാട്ടം. നേരം വൈകുന്നേരമായപ്പോഴേക്കും നല്ല ക്ഷീണവും തളർച്ചയുമൊക്കെ തോന്നി. ഇനി അല്പനേരം റസ്റ്റെടുക്കട്ടെ.

രാത്രി
7.30 നാണ് രാത്രിഭക്ഷണം. അനൗൺസ്മെൻ്റ് കേൾക്കുമ്പോഴേക്കും ഞങ്ങളുടെ ഗ്രൂപ്പ്കാ ൻ്റീനിൽ റെഡിയാവും. ചിക്കൻ ബിരിയാണി ഇല്ലാഞ്ഞിട്ട് മുഖം വാടിയവരുടെ മുഖം സന്തോഷം കൊണ്ട് പൂപോലെ വിടർന്നു. എനിക്ക് പ്രത്യേകിച്ച് വെജ് ബിരിയാണിയുടായിരുന്നു താല്പര്യം. കൂടെ പായസവും സാധാരണ ഞാൻ പായസം വല്ലപ്പോഴുമേ കഴിക്കാറുള്ളൂ. എല്ലാവർക്കും ഷിപ്പിലെ ലാസ്റ്റ് ഡിന്നർ ആയത് കൊണ്ട് ഒരു വിഷമം ഉണ്ടായിരുന്നു. നല്ല ക്ഷീണമുള്ളത് കൊണ്ട് ഡക്കിലെ DJ പാർട്ടി ഞാനും ഫാമിലിയും ഒഴിവാക്കി.
പിറ്റേന്ന് കാലത്ത് 5 മണിക്ക് തന്നെ എഴുന്നേറ്റ് ഫ്രഷായി. നിസ്കരിച്ചു ഡ്രസ്സ് മാറ്റി 7 മണിക്ക് തന്നെ അടിപൊളി ഇഡ്ഢലിയും സാമ്പാറും ചട്നിയും നന്നായി കഴിച്ചു എല്ലാവരും. ഇനി മടക്ക യാത്രയാണ്. തമ്മിൽ തമ്മിൽ കെട്ടിപ്പിടിച്ച് ഞങ്ങൾ യാത്ര ചോദിച്ചു. തിരിമാലകൾക്കിടയിലൂടെ ഞങ്ങളുടെ കപ്പൽ മുമ്പോട്ട് നീങ്ങി.
